
അനശ്വര നടൻ സത്യന്റെ 55-ാം ഓർമ്മദിനം, ഇന്ന്
മലയാളികളെല്ലാം, ഈ ദിവസം ഒരാളുടെ സമരണക്കുമുന്നിൽ കൈകൂപ്പുകയാണ്!
നടൻ സത്യൻ...
വേർപാടിന്റെ അമ്പത്തിയഞ്ചു വർഷങ്ങൾ: സ്മരണാഞ്ജലികൾ!
'എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാൾ' എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന അഭിനയ പ്രതിഭ.... ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളികളിൽ ദീപ്തസ്മരണയായി ഇന്നും നിലനിൽക്കുന്ന നടൻ.... സത്യൻ.
ആ വേർപാടിന്റെ രംഗങ്ങൾ:
ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ഈ സത്യം വളരെ അടുപ്പമുള്ള ചിലരിൽ ഒതുങ്ങി നിന്നു... അല്ലങ്കിൽ രക്താർബുദം എന്ന രോഗാവസ്ഥ അത്രമേൽ ഗുരുതരമാണെന്ന് അധികമാരും കരുതിയില്ല.
'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് 'എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59-വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കത്തിനിൽക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി. ജെ. ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.
ദൃശ്യ മാധ്യമങ്ങൾ ഇല്ലാത്ത അക്കാലത്തു നാം (ഞങ്ങൾ) സത്യൻറെ സംസ്ക്കാര ചടങ്ങുകൾ കാണാൻ അവസരം ലഭിച്ചു: മരണശേഷമുള്ള രംഗങ്ങൾ മഞ്ഞിലാസ് മൂവി ക്യാമറയിൽ പകർത്തി; 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയോടൊപ്പം പ്രദർശിപ്പിക്കുകയും ചെയ്തു.
മഞ്ഞിലാസ്സിൻ്റെ ആ ദൃശ്യ റിപ്പോർട്ട് ശബ്ദ വിവരണം ഇങ്ങനെയാണ് തുടങ്ങിയത്: " സത്യൻ ഞങ്ങളുടെ ശക്തിയായിരുന്നു..." അതെ, അന്നത്തെ മലയാള സിനിമയുടെ ഒരു ശക്തികേന്ദ്രം തന്നെയായിരുന്നു ആ അനശ്വര നടൻ!
നതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും താൻ അവതരിപ്പിച്ച കഥാപാത്ര പൊലിമകൊണ്ടും സത്യൻ മലയാളസിനിമയിൽ ഒരു സിംഹാസനം നേടി. അനേകം മികച്ച (ഒരു അർഥത്തിൽ സത്യനേക്കാൾ തികവുള്ള) നടൻമാർ വന്നിട്ടും സത്യൻറെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു.
നായക സങ്കല്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.
സത്യന്റെ അഭിനയത്തെപ്പറ്റി ഒരിക്കൽ തകഴി എഴുതിയത് ഇങ്ങനെ, "കഥാപാത്രത്തെ മനസ്സിലാക്കി ആ കഥാപാത്രം ജീവിച്ചിരുന്ന ചുറ്റുപാടുകൾ മനസ്സിലാക്കി അയാളുടെ വൈകാരിക ഭാവങ്ങൾ ഉൾക്കൊണ്ടഭിനയിക്കുന്ന ഒരു നടൻ വേറെ ഇല്ല." സത്യന്റെ നിര്യാണത്തിൽ പി.കേശവദേവ് അനുശോചിച്ചപ്പോൾ പറഞ്ഞത്, "എന്റെ എല്ലാമെല്ലാമായ പപ്പു പോയി!" എന്നാണ്. കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്ന കഥയിലെ പപ്പു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതുപോലെ വയലാർ രാമവർമ്മ പറഞ്ഞത്, ''എണ്ണ കറുപ്പ് നിറവും നീളം കുറഞ്ഞ കൈവിരലുകളും എന്നാൽ തികഞ്ഞ പൗരുഷവുമുണ്ടായിരുന്ന, ആ കുറിയ മനുഷ്യൻ ചലച്ചിത്ര രംഗത്തേയ്ക്ക് കയറി വന്നപ്പോൾ ഗതാനു ഗതികത്വത്തിന്റെ ഫോർമുലകളുമായി നിന്ന പടം പിടിത്തക്കാർ അമ്പരന്നിരിക്കണം. നായക സങ്കൽപ്പത്തിന്റെ മുൻധാരണകളുടെ കോട്ടകൊത്തളങ്ങൾ ആ ഭാവാഭിനയത്തിന്റെ ശക്തിയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുണ്ടായി."
സാഹിത്യ നിരൂപകനായ കെ.പി. അപ്പൻ ഒരിക്കൽ എഴുതി: "സത്യനേശൻ നാടാർ എന്ന പോലീസ് സബ് ഇൻസ്‌പെക്ടർ എതിരാളികളെ നടുറോഡിലിട്ട് നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് സിനിമയിൽക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. 'ഓടയിൽനിന്നുള്ള' പപ്പുവിനേയും' അനുഭവങ്ങൾ പാളിച്ചകളിലെ' ചെല്ലപ്പനെയും ചെമ്മീനിലെ 'പളനി'യെയും കണ്ടു. പോലീസുകാരനിൽ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു."
യഥാർത്ഥപേര്: 'മാനുവേൽ സത്യനേശൻ നാടാർ' എന്നാണ്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തുള്ള തൃക്കണ്ണാപുരം കുന്നപുഴ ആറാമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും എമിലിയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടീ. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941-ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. പുന്നപ്ര വെടിവെപ്പിൽ പങ്കെടുത്തതായും പറയപ്പെടുന്നു.
അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സംഗീത സംവിധായകൻ വഴി പല സിനിമ പ്രവർത്തകരേയും സത്യൻ കണ്ടു. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല. അക്കാലത്ത് കെ. ബാലകൃഷ്ണൻ 'കൗമുദി' എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ്, സത്യൻ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1951-ൽ സത്യന് 'ത്യാഗസീമ' എന്ന സിനിമയിൽ അവസരം ലഭിച്ചു. തന്റെ പേർ ചുരുക്കി 'സത്യൻ' എന്നാക്കുകയും ചെയ്തു. പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.
പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്കും സത്യൻ കാല്‍വെച്ചത്. ത്യാഗസീമയടക്കമുള്ള ആദ്യകാലസിനിമകള്‍ വെളിച്ചം കാണാതെ വന്നപ്പോൾ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു: അതിനുശേഷം, സത്യൻ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
1952-ലാണ് സത്യൻ്റെ (വെളിച്ചം കണ്ട) ആദ്യ സിനിമ പുറത്തിറങ്ങിയത്. 'ആത്മസഖി' എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ, സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954-ൽ ഇറങ്ങിയ 'നീലക്കുയിൽ' ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ('നീലക്കുയിൽ': രചന: ഉറൂബ്; സംവിധാനം: രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം. നീലക്കുയിലില്‍ ശ്രീധരൻ പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു സത്യൻ അഭിനയിച്ചത്. നായിക മിസ് കുമാരി. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി.) കേന്ദ്ര സർക്കാറിന്റെ 'രജത കമലം' അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു 'നീലക്കുയിൽ'. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.
'ചെമ്മീൻ' എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. അതു പോലെ 'കടൽപ്പാലം' എന്ന സിനിമയിലെ ഇരട്ട വേഷവും.
'സത്യൻ' ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലെ പപ്പു, 'ദാഹം' എന്ന ചിത്രത്തിലെ 'ജയരാജൻ', 'യക്ഷി' , എന്നീ ചിത്രത്തിലെ ശ്രീനി, 'അടിമകൾ' എന്ന ചിത്രത്തിലെ അപ്പുക്കുട്ടൻപിള്ള (കള്ളസന്യാസിമാരെയും, കപടവേഷധാരികളെയും വെറുത്തിരുന്ന പിള്ള) എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ 'സ്നേഹസീമ', 'നായർ പിടിച്ച പുലിവാ'ൽ, 'മുടിയനായ പുത്രൻ', 'ഭാര്യ', 'കായംകുളം കൊച്ചുണ്ണി', 'അടിമകൾ', 'കരകാണാകടൽ' എന്നിവയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. മലയാളത്തിൽ സത്യൻ 150-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ തമിഴിലും 2 ചിത്രങ്ങൾ അഭിനയിച്ചു.
'അരനാഴിക നേരം' മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി (കുഞ്ഞോനാച്ചൻ) അഭിനയിക്കാൻ സത്യനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കൊട്ടാരക്കര ശ്രീധരൻ നായരെ നിർദ്ദേശിക്കുകയും താൻ അല്പം പ്രധാന്യം കുറഞ്ഞ ഒരു വേഷം (കുഞ്ഞോനാച്ചൻറെ മകൻ മാത്തുക്കുട്ടി) സ്വീകരിക്കുകയും ചെയ്തു. (നസീർ അതിൽ സത്യൻറെ മകൻ രാജൻ.)
1969-ൽ ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോഴും തിളങ്ങിയത് സത്യന്റെ പേരായിരുന്നു. 'കടല്‍പ്പാലം' എന്ന സിനിമയിലെ ഇരട്ട വേഷ അഭിനയത്തിനാണ് സത്യൻ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. അതിനു ശേഷം 1971-ൽ 'കരകാണാക്കടൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാർഡ് ലഭിച്ചു.
സത്യന്റെ ഭാര്യ: ജെസി സത്യൻ - മൂന്ന് ആൺമക്കൾ: പ്രകാശ് സത്യൻ, സതീശ് സത്യൻ, ജീവൻ സത്യൻ