Image

കാതറിൻ (കഥ: അഷ്റഫ് കാളത്തോട്)

Published on 15 June, 2026
കാതറിൻ (കഥ: അഷ്റഫ് കാളത്തോട്)

ലണ്ടനിലെ കനത്ത മൂടൽമഞ്ഞിലൂടെ കറുത്ത ടാക്സി കാർ മുന്നോട്ട് നീങ്ങുമ്പോൾ കാതറിൻ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. കണ്ണാടിപ്പാലങ്ങളും ആകാശമുട്ടുന്ന കെട്ടിടങ്ങളും മഞ്ഞിൽ മുങ്ങിപ്പൊങ്ങുന്നുണ്ട്. കാതറിന്റെ ഫോൺ ദീർഘമായി വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. സ്ക്രീനിൽ 'അമ്മ' എന്ന പേര് തെളിഞ്ഞു നിൽക്കുന്നത് കണ്ടിട്ടും അവൾ ഇഗ്നോർ ചെയ്തു അത് പലവട്ടം ആവർത്തിച്ചു. അവൾ ഫോൺ സൈലന്റ് മോഡിലാക്കി ബാഗിലേക്ക് തിരുകി.

കഴിഞ്ഞ അഞ്ചുവർഷമായി ലണ്ടനിലെ കാനറി വാർഫിലുള്ള ഒരു പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റാണ് കാതറിൻ. നഗരത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ ഒരാൾ. പക്ഷേ, ആ ശമ്പളത്തിന്റെ ഓരോ പൗണ്ടിനും പകരമായി അവൾ നൽകുന്നത് സ്വന്തം സമാധാനമായിരുന്നു. അവളുടെ മാനേജർ ഡേവിഡ് നൽകുന്ന പ്രതിവാര ടാർഗെറ്റുകളും, കോർപ്പറേറ്റ് മീറ്റിംഗുകളിലെ കൃത്രിമമായ പുഞ്ചിരികളും അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.

അതിനിടയിലാണ് നാട്ടിൽ നിന്ന് അമ്മ മേരിയുടെ വക ജാതകങ്ങളുടെയും പ്രൊപ്പോസലുകളുടെയും പ്രവാഹം. യു.എസിലെ സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്, ദുബായിലെ വലിയ ബിസിനസുകാരൻ... അമ്മയ്ക്ക് വേണ്ടത് സമൂഹത്തിൽ കാണിക്കാൻ പറ്റിയ ഒരു വലിയ വിലാസമാണ് പക്ഷേ, ആ വിലാസങ്ങൾക്കിടയിൽ സ്വന്തം വ്യക്തിത്വം പണയം വെക്കാൻ കാതറിൻ തയ്യാറായിരുന്നില്ല.

അവൾ മലയാളത്തിൽ പിറുപിറുക്കന്നത് ഡ്രൈവർ ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

"വല്ലാതെ തണുപ്പുള്ള കാലാവസ്ഥയാണല്ലേ, മാഡം?" അയാൾ മലയാളത്തിൽ ചോദിക്കുന്നത് കേട്ട് അവൾ അമ്പരന്നു, "മലയാളിയാണല്ലേ എന്നവൾ ചോദിച്ചതിന് ഒരു ചെറുപുഞ്ചിരിയായിരുന്നു മറുപടി. 

"ഇവിടെ ഒത്തിരിനാളായോ ?"മുൻസീറ്റിലിരുന്ന് സ്റ്റിയറിംഗ് തിരിക്കുന്നതിനിടയിൽ ഡ്രൈവർ വളരെ മാന്യമായി ചോദിച്ചു. റേഡിയോയിൽ നേർത്ത ശബ്ദത്തിൽ ഒരു പഴയ ഇംഗ്ലീഷ് മെലഡി ഒഴുകുന്നുണ്ടായിരുന്നു. കണ്ണാടിയിലൂടെ നോക്കിയപ്പോൾ വെളുത്ത താടിയും പ്രശാന്തമായ കണ്ണുകളുമുള്ള ഒരു മധ്യവയസ്കൻ. ആ ശബ്ദത്തിലെ തനി മലയാളിത്തം കാതറിന്റെ ചിന്തകളെ പെട്ടെന്ന് മുറിച്ചു മാറ്റി.

"അതെ, ഈ വർഷത്തെ ഏറ്റവും കഠിനമായ തണുപ്പാണ്," കാതറിൻ  മറുപടി പറഞ്ഞു. സ്വന്തം ഭാഷ കേട്ടപ്പോൾ അയാളുടെ മുഖത്ത് ഒരു മനോഹരമായ ചിരി വിരിഞ്ഞു. "എറണാകുളം ആക്സന്റാണല്ലോ എന്റെ ഭാര്യയുടെ നാട്ടുകാരിയാണല്ലേ? സന്തോഷം," അയാൾ ബഹുമാനത്തോടെ പറഞ്ഞു.
"അതെ, എറണാകുളമാണ്. ഇവിടെ വന്നിട്ട് കുറച്ചുകാലമായി. ചേട്ടനോ?"
"ഞാൻ മാത്യു. കോട്ടയമാ. കഴിഞ്ഞ പത്തു വർഷമായി ലണ്ടനിൽ ഈ വണ്ടി ഓടിക്കുന്നു."

തന്റെ ജോലിയെക്കുറിച്ച് പറയുമ്പോൾ മാത്യുവിന്റെ വാക്കുകളിൽ മികച്ചൊരു പ്രൊഫഷണലിന്റെ അച്ചടക്കമുണ്ടായിരുന്നു.

യാത്ര നീളവേ അവർക്കിടയിൽ സംഭാഷണം തഴച്ചുവളർന്നു. കാതറിൻ തന്റെ കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങളെക്കുറിച്ചും, രാപ്പകലില്ലാത്ത അധ്വാനത്തെക്കുറിച്ചും സംസാരിച്ചു. ലക്ഷ്യസ്ഥാനമായ സൗത്ത് കെൻസിംഗ്ടണിലെ അപ്പാർട്ട്മെന്റിന് മുന്നിൽ വണ്ടി എത്താറായപ്പോൾ ടാക്സി മീറ്റർ 120 പൗണ്ട് കാണിച്ചു. പണം കാർഡിലൂടെ കൈമാറുന്നതിനിടയിൽ, ഒരു ഫിനാൻഷ്യൽ അനലിസ്റ്റിന്റെ സ്വാഭാവികമായ കൗതുകത്തോടെ കാതറിൻ ചോദിച്ചു:

"മാത്യൂച്ചാ, ഒരു ചോദ്യം ചോദിച്ചാൽ വിഷമം തോന്നരുത്. ഈ ലണ്ടൻ നഗരത്തിൽ ഒരു ടാക്സി ഓട്ടിച്ച് ഇത്രയും വലിയ ലിവിംഗ് കോസ്റ്റിൽ കുടുംബം കൊണ്ടുപോകാൻ ബുദ്ധിമുട്ടല്ലേ? എന്താണ് ഇതിലെ ഒരു ഇക്കണോമിക്സ്?"

മാത്യു വണ്ടി ഒതുക്കി നിർത്തി, ഹൃദ്യമായി ചിരിച്ചുകൊണ്ട് പുറകോട്ട് തിരിഞ്ഞു:
"മാഡം, ഇതിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ല. ആഴ്ചയിൽ അഞ്ചു ദിവസം, കൃത്യമായ സമയത്ത് ഞാൻ വണ്ടിയെടുക്കും. എല്ലാ ചെലവുകളും കഴിഞ്ഞ് മാസത്തിൽ എനിക്ക് അയ്യായിരത്തോളം പൗണ്ട് നെറ്റ് പ്രോഫിറ്റ് കിട്ടാറുണ്ട്. അതിലുപരി, ഞാൻ എന്റെ സ്വന്തം ബോസാണ് മാഡം. വലിയ കോർപ്പറേറ്റ് മാനേജർമാരുടെ ചീത്തവിളിയോ സമ്മർദ്ദങ്ങളോ എനിക്കില്ല. ടാർഗെറ്റുകൾ തികയ്ക്കാനുള്ള നെട്ടോട്ടമില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ഞാൻ വണ്ടി തൊടില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിക്കാറുണ്ട്.... മനുഷ്യന് സമാധാനവും സ്വയംഭരണവുമല്ലേ ഏറ്റവും പ്രധാനം?"

അയാളുടെ ആ വാക്കുകൾ കാതറിന്റെ ഉള്ളിൽ ഒരു വലിയ തിരമാലയിളക്കമായി മാറി. ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും വീക്കെൻഡുകളിൽ പോലും ലാപ്ടോപ്പിന് മുന്നിൽ തലപുകയ്ക്കുന്ന താനും, സ്വന്തം തൊഴിലിൽ പൂർണ്ണ തൃപ്തിയും ആത്മാഭിമാനവും കണ്ടെത്തുന്ന ഈ ടാക്സി ഡ്രൈവറും തമ്മിലുള്ള വ്യത്യാസം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. വലിയ കോർപ്പറേറ്റ് പദവികളും ടൈ കെട്ടിയ വേഷങ്ങളും മാന്യതയുടെ അളവുകോലുകളായി കാണിക്കുന്ന സമൂഹത്തിന്റെ പൊള്ളത്തരം അവളുടെ മനസ്സിന്റെ സ്ക്രീനിൽ തെളിഞ്ഞു വന്നു.

വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അവൾ മാത്യുവിനെ ഒരു ബിസിനസ് കാർഡ് നൽകി: "മാത്യൂച്ചാ, എനിക്ക് ഇടയ്ക്ക് എയർപോർട്ട് ട്രിപ്പുകൾ ഉണ്ടാകാറുണ്ട്. ഫ്രീ ആണെങ്കിൽ വരാൻ വേണ്ടി ഇതിലേക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്യുമല്ലോ."

ആ യാത്രയ്ക്ക് ശേഷം കാതറിന്റെ ചിന്താഗതികൾ മാറിമറിഞ്ഞു. പദവികളല്ല, സമാധാനമാണ് പ്രധാനം എന്നവൾ ഉറപ്പിച്ചു. അടുത്ത തവണ ഹീത്രൂ എയർപോർട്ടിലേക്ക് പോകാൻ അവൾ മാത്യുവിനെ വിളിച്ചപ്പോൾ, മാത്യുവിന് വരാൻ സാധിച്ചില്ല. പകരം അയാൾ തന്റെ മകനെ അയച്ചു.

"മാഡം, ഞാൻ ഡാനിയേൽ. പപ്പയ്ക്ക് ഇന്ന് ചെറിയൊരു അസ്വസ്ഥത ഉള്ളതുകൊണ്ട് ഞാൻ വന്നതാണ്," രൂപത്തിലും ഭാവത്തിലും മാത്യൂസ് തന്നെ എന്നാൽ അതീവ പ്രൊഫഷണലായ, വിനയമുള്ള ഒരു ഇരുപത്തിയേഴുകാരൻ കാറിന്റെ ഡോർ തുറന്നുതന്നു സംസാരിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റ് കഴിഞ്ഞ ശേഷം, അച്ഛന്റെ ടാക്സി സർവീസിനെ ഒരു വലിയ ആപ്പ് അധിഷ്ഠിത ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് ആയി വളർത്തിയെടുക്കുന്ന തിരക്കിലായിരുന്നു ഡാനിയേൽ.

ആ യാത്രയിലാണ് കാതറിൻ ഡാനിയേലിനെ ആദ്യമായി പരിചയപ്പെടുന്നത്. അച്ഛന്റെ തൊഴിലിനെ അഭിമാനത്തോടെ സ്വീകരിക്കുകയും, അതിനെ ആധുനിക സാങ്കേതികവിദ്യയിലൂടെ വലിയൊരു സംരംഭമാക്കി മാറ്റുകയും ചെയ്ത ഡാനിയേലിന്റെ കാഴ്ചപ്പാടുകൾ കാതറിനെ ആകർഷിച്ചു. ടൈ കെട്ടിയ കോർപ്പറേറ്റ് യുവാക്കളേക്കാൾ എത്രയോ മുകളിലായിരുന്നു സ്വന്തം അധ്വാനത്തിൽ വിശ്വസിക്കുന്ന ഡാനിയേലിന്റെ വ്യക്തത.

അടുത്ത ഏതാനും മാസങ്ങളിൽ അവർ നല്ല സുഹൃത്തുക്കളായി മാറി. കോർപ്പറേറ്റ് ലോകത്തെ ഫിനാൻഷ്യൽ തന്ത്രങ്ങളും ഡാനിയേലിന്റെ പ്രാക്ടിക്കൽ ബിസിനസ്സ് ആശയങ്ങളും പരസ്പരം പങ്കുവെച്ചപ്പോൾ അവർക്കിടയിൽ ഒരു നല്ല കെമിസ്ട്രി രൂപപ്പെട്ടു. ഒടുവിൽ, ഒരു കോഫി ഷോപ്പിൽ വെച്ച് ഡാനിയേൽ തന്റെ ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ, കാതറിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

തീരുമാനമെടുത്ത ശേഷം അവൾ നാട്ടിലേക്ക് ഫോൺ ചെയ്തു.

"എന്താ മോളേ, നീ നേരത്തെ ഫോൺ എടുത്തില്ലല്ലോ? ആ ന്യൂയോർക്കിലെ ആലോചനയുടെ കാര്യം സംസാരിക്കാനായിരുന്നു. പയ്യൻ വലിയൊരു മൾട്ടിനാഷണൽ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്!" മറുതലയ്ക്കൽ നിന്ന് അമ്മ മേരിയുടെ ആവേശത്തോടെയുള്ള ശബ്ദം കേട്ടു.

"അമ്മേ..." കാതറിന്റെ ശബ്ദത്തിൽ അപൂർവ്വമായൊരു ദൃഢതയുണ്ടായിരുന്നു. "അമ്മ എനിക്ക് വേണ്ടി ആ ന്യൂയോർക്കിലെ വി.പി (VP) യെ തിരയേണ്ടതില്ല. എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു."

അമ്മ ഒരു നിമിഷം സ്തംഭിച്ചുപോയി. "ആരാ അത്? നീ ആരോടും പറയാതെ..."

"ലണ്ടനിൽ സ്വന്തമായി ഒരു ടാക്സി നെറ്റ്‌വർക്ക് നടത്തുന്ന ഡാനിയേൽ. ഞങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി പരസ്പരം അറിയാം. പദവികളേക്കാൾ ആ വ്യക്തിത്വത്തിന്റെ സത്യസന്ധതയും അന്തസ്സുമാണ് ഞാൻ തിരഞ്ഞെടുത്തത്."

മകളുടെ വാക്കുകൾ പൂർണ്ണമായി കേട്ടുകഴിഞ്ഞപ്പോൾ മേരിയുടെ ശബ്ദത്തിൽ ഒരു പരിഭ്രമം പടർന്നു. അവർ എല്ലാം ശാന്തമായി കേട്ട ശേഷം ചോദിച്ചു:
"അല്ല മോളേ... നീ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ, അവർ ക്രിസ്ത്യാനികളല്ലേ? നമ്മൾ..." അമ്മ ബാക്കി പൂർത്തിയാക്കിയില്ല.

അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ കാതറിന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. അവൾ പറഞ്ഞു:

"അമ്മേ, സ്വന്തം പേര് 'മേരി' എന്നായതുകൊണ്ട് അമ്മ അത് മറന്നുപോയോ? അമ്മയുടെ ബാപ്പ അബ്ദുള്ള എന്ന മുസ്ലിമായിരുന്നു.  ഉമ്മ സുജാത എന്ന ഹിന്ദുവും! അവർ രണ്ടുപേരും തങ്ങളുടെ പ്രണയത്തിനും മനുഷ്യത്വത്തിനും മുകളിലാണ് അമ്മയ്ക്ക് 'മേരി' എന്ന പേരിട്ടത്. അങ്ങനെ ഒരു മതത്തിനും തളച്ചിടാൻ കഴിയാത്ത ഒരു പാരമ്പര്യമാണ് അമ്മയുടേത്.

നമ്മൾ ജനിച്ചുവളർന്ന ആർഷഭാരത സംസ്കാരം പഠിപ്പിക്കുന്നത് വൈവിധ്യമാണ് അമ്മേ. ആ വൈവിധ്യങ്ങൾക്കിടയിലെ ഏകത്വമുണ്ടല്ലോ, അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ... അതൊക്കെ മനുഷ്യൻ പുറത്തുണ്ടാക്കിയ മതിലുകളാണ് അമ്മേ, അതൊക്കെ മനസ്സിൽ മാത്രം മതി. ജീവിതത്തിലേക്ക് വരുമ്പോൾ മനസ്സിന്റെ ചേർച്ചയാണ് പ്രധാനം. മനുഷ്യത്വം തിരിച്ചറിയുന്ന ആ മനസ്സിന്റെ ചേർച്ച, അത് മാത്രം മതി എനിക്ക്. എന്റെ ഉപ്പാപ്പയും ഉമ്മൂമ്മയും അമ്മയെ പഠിപ്പിച്ചതും അതു തന്നെയല്ലേ?"

മകളുടെ ആ ചോദ്യത്തിന് മുന്നിൽ മേരിക്ക് മറുത്തുപറയാൻ വാക്കുകളുണ്ടായിരുന്നില്ല. സ്വന്തം മാതാപിതാക്കളുടെ പ്രണയവും അവർ തനിക്ക് പകർന്നുനൽകിയ മതമില്ലാത്ത മനുഷ്യത്വത്തിന്റെ വലിയ പാഠങ്ങളും മകൾ ലണ്ടനിലിരുന്നുകൊണ്ട് തന്നെ ഓർമ്മിപ്പിച്ചിരിക്കുന്നു.

പിറ്റേന്ന് ലണ്ടനിലെ ആകാശം പതുക്കെ തെളിഞ്ഞു വന്നു. കനത്ത മഞ്ഞിന്റെ ചാരനിറം ഭേദിച്ച്, ഒരു നേർത്ത സ്വർണ്ണരേഖ പോലെ വെളിച്ചം ടാക്സിയുടെ വിൻഡ്ഷീൽഡിലേക്ക് വീണു. കാതറിൻ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. തണുത്ത കാറ്റിനൊപ്പം നഗരത്തിന്റെ ഉണർവ്വും അവളുടെ മുഖത്തേക്ക് അടിച്ചുകയറി.

ലാപ്ടോപ്പിലെ അക്കങ്ങളുടെ ലോകത്തോട് വിടപറഞ്ഞ്, അവൾ ഡാനിയേലിന്റെ ലോഗിസ്റ്റിക്സ് സ്റ്റാർട്ടപ്പിന്റെ ഫിനാൻഷ്യൽ തന്ത്രങ്ങൾക്ക് രൂപം നൽകിത്തുടങ്ങിയിരുന്നു. വലിയ കോർപ്പറേറ്റുകൾക്ക് വേണ്ടി ജീവൻ കളയുന്നതിനേക്കാൾ, തങ്ങൾ വിതച്ച മണ്ണിൽ തങ്ങൾക്കായി വിളവെടുക്കുന്നതിന്റെ ആനന്ദം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

"നമുക്ക് നാട്ടിലേക്ക് വിളിക്കാം, പപ്പയും അമ്മയും കാത്തിരിക്കുകയാവും," കാബിന്റെ മുൻസീറ്റിലിരുന്ന് ഡാനിയേൽ ഓർമ്മിപ്പിച്ചു. അവന്റെ വിരലുകൾ ആപ്ലിക്കേഷന്റെ പുതിയ കോഡിംഗുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

കാതറിൻ അവളുടെ ഫോണെടുത്ത് മേരിയെ വീഡിയോ കോൾ ചെയ്തു. നാട്ടിൽ അപ്പോൾ രാവേറിയിരുന്നു. സ്ക്രീനിൽ അമ്മയുടെ മുഖം തെളിഞ്ഞപ്പോൾ, പശ്ചാത്തലത്തിൽ ഒരു പഴയ ഫ്രെയിമിൽ മുത്തശ്ശൻ അബ്ദുള്ളയുടെയും മുത്തശ്ശി സുജാതയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മങ്ങിക്കാണാമായിരുന്നു.

"അമ്മേ, ഇതാണ് ഞാൻ പറഞ്ഞ ഡാനിയേൽ. കൂടെ മാത്യൂച്ചനും ഉണ്ട്."

മാത്യൂച്ചൻ കൈകൾ കൂപ്പി സ്നേഹത്തോടെ സംസാരിച്ചു: "മേരീ, സുഖമാണോ? ചടങ്ങുകളൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം. കുട്ടികളുടെ സന്തോഷമല്ലേ പ്രധാനം?"

മറുതലയ്ക്കൽ മേരിയുടെ കണ്ണുകൾ ഇളം വെളിച്ചത്തിൽ തിളങ്ങി. മകൾ തനിക്ക് തിരിച്ചുനൽകിയ സാംസ്കാരികമായ ആത്മാഭിമാനത്തിന്റെ ആഴം അവരെ നിശബ്ദയാക്കിയിരുന്നു.

"എനിക്ക് പൂർണ്ണ സമ്മതമാണ് മാത്യൂച്ചാ," മേരിയുടെ ശബ്ദത്തിൽ ഉറച്ചൊരു പ്രശാന്തതയുണ്ടായിരുന്നു. "എന്റെ മകൾ തിരഞ്ഞെടുത്തത് ഒരു പദവിയെയോ വിലാസത്തെയോ അല്ല, മറിച്ച് ജീവനുള്ള ഒരു മനുഷ്യനെയാണ്. മനുഷ്യത്വമാണ് ഏറ്റവും വലിയ മതം എന്ന് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അവൾ ലണ്ടനിലും കാത്തുസൂക്ഷിച്ചല്ലോ. അതിൽപ്പരം എന്ത് വേണം!"

ഫോൺ സ്ക്രീൻ ഇരുണ്ടപ്പോഴും ആ മുറിയിൽ ഒരു വലിയ പ്രകാശം അവശേഷിച്ചിരുന്നു.

കാതറിൻ അപ്പാർട്ട്മെന്റിന്റെ വലിയ ഗ്ലാസ് ജാലകത്തിനരികിലേക്ക് നടന്നു. താഴെ തെരുവിൽ, ട്രാഫിക് സിഗ്നലുകളുടെ ചുവപ്പും പച്ചയും വെളിച്ചങ്ങൾക്കിടയിലൂടെ കറുത്ത ടാക്സികൾ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. 

മനുഷ്യൻ നിർമ്മിച്ച എല്ലാ അതിരുകളെയും മായ്ച്ചുകളഞ്ഞുകൊണ്ട് ലണ്ടനിലെ മഞ്ഞ് പൂർണ്ണമായും ഉരുകിത്തീർന്നിരുന്നു. ജീവിതത്തിന്റെ വലിയ കണക്കുപുസ്തകത്തിൽ, ലാഭവിഹിതങ്ങളുടെ അക്കങ്ങളേക്കാൾ പ്രധാനം മനസ്സുകളുടെ കൃത്യമായ ചേർച്ചയാണെന്ന് അവൾ അറിഞ്ഞു. അവൾ തിരിഞ്ഞുനോക്കി, അവിടെ ഡാനിയേലിന്റെ കണ്ണുകളിൽ അവൾ തിരഞ്ഞ ആകാശം പൂർണ്ണമായും തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക