
ചെന്നൈ: നടി ഗൗതമി അണ്ണാ ഡി.എം.കെ.യില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയില്‍നിന്നും രാജിവെക്കുന്നതായി അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച രാജിക്കത്തില്‍ ഗൗതമി അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജിക്കത്തിന്റെ വിശദാംശങ്ങള്‍ ഗൗതമി എക്സിലൂടെ പുറത്തുവിട്ടു. കടുത്തവേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍സമയം ചെലവഴിക്കുമെന്നും ഗൗതമി അറിയിച്ചു. തനിക്ക് എല്ലാവിധപിന്തുണയും സഹകരണവും നല്‍കിയ അണ്ണാ ഡി.എം.കെ.യിലെ മുന്‍ മന്ത്രിമാര്‍, ഭാരവാഹികള്‍, പോഷക സംഘടനകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നന്ദിയും അറിയിച്ചു.
അണ്ണാ ഡി.എം.കെ.യിലെ മുന്‍ മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിനിടയിലാണ് ഗൗതമിയുടെയും രാജി. ബി.ജെ.പി.യുമായുള്ള കാല്‍നൂറ്റാണ്ട് കാലത്തെ ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് ഗൗതമി അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നത്. കോടിക്കണക്കിന് രൂപയുടെ തന്റെ സ്വത്തുക്കള്‍ വ്യാജരേഖകളിലൂടെ തട്ടിയെടുത്ത അഴകപ്പന്‍ എന്നയാളെ ചില മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പരസ്യമായി പിന്തുണച്ചു എന്നാരോപിച്ചായിരുന്നു പാര്‍ട്ടി വിട്ടത്.
അണ്ണാ ഡി.എം.കെ.യില്‍ എത്തിയതിനു തൊട്ടുപിന്നാലെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയായി ഗൗതമിയെ നിയമിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജപാളയത്തുനിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും പാര്‍ട്ടി നേതൃത്വം ഗൗതമിക്കു സീറ്റ് നല്‍കിയില്ല. എങ്കിലും പ്രചാരണ രംഗത്ത് അവര്‍ സജീവമായിരുന്നു