Image

അളവുതൂക്കങ്ങൾ (കവിത / അൻവർ കാരേപറമ്പ്)

Published on 14 June, 2026
അളവുതൂക്കങ്ങൾ (കവിത / അൻവർ കാരേപറമ്പ്)

ഭൂപടത്തിന്റെ നെടുകെയുള്ള വരയിൽ
വിദ്യയുടെ തോട്ടം
പകുത്തെടുത്തു.

ഒരു വശത്ത്
ചുമരുകൾ പാകിയ അക്ഷരപ്പുരകൾ
കുട്ടികളെക്കാൾ കൂടുതൽ
ബെഞ്ചുകളിട്ട് കാത്തിരുന്നു.
ശൂന്യമായ ഇടനാഴികളിൽ
ചോക്കുകൾ വെറുതെ പൊടിഞ്ഞുപോയി.

മറുവശത്തോ,
പെരുമഴയത്ത് ചോരുന്ന
പന്തലുകൾക്കു കീഴിൽ
ഒരു ബെഞ്ചിൽ അഞ്ചും ആറും
കുഞ്ഞുങ്ങൾ ശ്വാസം മുട്ടിയിരുന്നു.

അവർ 
ഒരേ പുസ്തകം തുറന്നു,
ഒരേ പരീക്ഷാഹാളിലിരുന്നു,
ഒരേ വിജയപ്പട്ടികയിൽ ചിരിച്ചുനിന്നു.

പുലർച്ചെ
അടുത്ത ക്ലാസ്സിലേക്കുള്ള
വാതിൽ തുറന്ന നേരം
ഒരറ്റം ഒഴിഞ്ഞുകിടന്നു;
മറ്റേ അറ്റത്ത്
നീണ്ട വരിയുടെ ശ്വാസം മുട്ടൽ!

നോക്കൂ,
അക്ഷരങ്ങൾക്കു വേണ്ടി
ഭൂപടത്തിന്റെ വടക്കേ കോൺ
കടൽ പോലെ
തിങ്ങിക്കിടക്കുകയാണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക