Image

എട്ടിലൊരാൾ (ചെറുകഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 14 June, 2026
എട്ടിലൊരാൾ (ചെറുകഥ: ശ്രീകുമാർ ഭാസ്കരൻ)

“അവർ എട്ടു പേരായിരുന്നു. പ്ലസ് ടു വിദ്യാർഥികൾ. അന്ന് അവർ പതിനാലു   കിലോമീറ്റർ അകലെയുള്ള പറേലിക്കാവ് ക്ഷേത്രത്തിൽ മിമിക്രി അവതരിപ്പിക്കാൻ പോയതായിരുന്നു. ഒരു ടൈം ഫില്ലർ. അത് കഴിഞ്ഞു ആ ക്ഷേത്രത്തിൽ പത്തുമണി മുതൽ ഒരു നാടകം ഉണ്ടായിരുന്നു. അതുവരെ ആളുകളെ പിടിച്ചിരിത്താനുള്ള ഒരു പരിപാടി.   പരിപാടികഴിഞ്ഞ് അവർ തിരിച്ചു വരവേ വഴിയരുകിലെ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ എല്ലാവരും വീട്ടിലേക്കു പോയി. അതിലൊരുത്തൻ പിറ്റേന്ന് രാവിലെ മരിച്ചു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്. അതാണ് കേസ്.”

മാദ്ധ്യമ പ്രവർത്തകനായ ഞാൻ സ്വന്തമായി ചെയ്യുന്ന പംക്തിയായിരുന്നു ‘അപൂർവ്വാനുഭവം’. ആ പംക്തിക്ക് കുറഞ്ഞ കാലത്തിനകം നല്ല വായനക്കാരുണ്ടായി. വാരികയുടെ നല്ല വിഭവങ്ങളിൽ ഒന്നായി മാറി ‘അപൂർവ്വാനുഭവം’. അതിൽ ഞാൻ  പലരുടേയും അനുഭവം വായനക്കാരുമായി പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു അനുഭവ കഥനത്തിനായിട്ടാണ് അന്ന് ഞാൻ രഘുരാമനെ കണ്ടത്.

രഘുരാമൻ  ട്രിപ്പിൾ ഫൈവ് സാവകാശം വലിച്ച് പുക മൂക്കിൽക്കൂടി പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു. പിന്നെ സ്മിർനോഫിന്റെ ഒരു സിപ്പ്. ഒരു സിപ്പ് ഒരു പഫ്. അതാണ് രഘുവിന്റെ രീതി.

“വൈശാഖ്, എന്താ നിന്റെ പ്ലാൻ?. നീ എന്നെ വിറ്റ് കാശുണ്ടാക്കാനാണോ?.” പകുതി കളിയായും പകുതി കാര്യമായും അവൻ എന്നോടു ചോദിച്ചു.

“അല്ല നിന്നെ പ്രശസ്തനാക്കാൻ” അതേ നാണയത്തിൽ ഞാൻ തിരിച്ചടിച്ചു.

“പ്രശസ്തി”. അവൻ ചിറി കോട്ടി ഒന്നു ചിരിച്ചു. പിന്നെ പതുക്കെ തുടർന്നു.

“പട്ടര് പൊലീസായാൽ എങ്ങനെ? എന്നൊരു ചോദ്യം ഉണ്ടായിരുന്നു സഹപ്രവർ ത്തകരുടെ ഇടയിൽ. ആദ്യം. അത് വളരെ പെട്ടെന്ന് ഞാൻ മാറ്റിയെടുത്തു. മൂന്നാംമുറ പ്രയോഗത്തിലൂടെ. ഒരു പട്ടർക്ക് സ്ത്രൈണമന:സ്ഥിതിയല്ല എന്ന് എനിക്കു തെളിയിക്കേണ്ടതായിട്ടുണ്ടായിരുന്നു. അങ്ങനെ പുല്ലുതിന്നുന്ന പുലി എന്ന വിളിപ്പേര്  എല്ലു തിന്നുന്ന പുലി എന്നായി. ഞാനാകെ മാറി.

അല്പനേരത്തെ മൌനം. പിന്നെ അവൻ തുടർന്നു.


വര:പി ആര്‍ രാജന്‍


“പണ്ട് അഞ്ചാം ക്ലാസ്സിൽ വെച്ച് സുഗമഹിന്ദി പരീക്ഷയ്ക്ക് എന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന രഘുരാമൻ എന്നേ മരിച്ചു പോയി. ഞാൻ തന്നെ കൊന്നു. ഇല്ലെങ്കിൽ പോലീസ് ഫോർസിൽ ഞാൻ വെറുമൊരു കോമാളിയായി തഴയപ്പെട്ടേനേം. പാമ്പ് പടം കൊഴിച്ചു കളഞ്ഞു പോകുന്നത് പോലെ എന്നിലെ എന്നെ ഞാൻ  എന്നേ കൊഴിച്ചു കളഞ്ഞു. ഇപ്പോൾ പാമ്പില്ല. പടം മാത്രമേയുളളു. കേവലം പടം മാത്രം.”

രഘു വീണ്ടും ഒരു പഫ് എടുത്തു. പിന്നെ വിദൂരതയിലേക്ക് നോക്കിയിരുന്നു. സംസാരിക്കുമ്പോൾ അവൻ എന്റെ മുഖത്തേക്ക് നോക്കിയതേയില്ല. ഒരിക്കൽപ്പോലും. എനിക്കു മുഖം തരാതിരിക്കാൻ അവൻ മന:പൂർവ്വം ശ്രമിക്കുന്നതായി തോന്നി.

അവന്റെ വടുക്കലയുള്ള മുഖത്ത് ഞാൻ ആ പഴയ രഘുരാമനെ തിരയുകയായിരുന്നു. അവന്റെ മുഖത്തെ സഹജമായ സൌമ്യത എന്നോ അവന്        കൈമോശം വന്നിരുന്നു. പ്രതിയോഗികളുടെ സമ്മാനമാവണം അവന്റെ മുഖത്തെ വടുക്കല.

ഞങ്ങൾ ആ സായാഹ്നത്തിൽ ഒത്തുകൂടിയതായിരുന്നു വൈഖരിയിൽ. അതിന്റെ ശീതളഛായയിൽ ഇരുന്ന് അവൻ ആ സംഭവം പറഞ്ഞു. വിശദമായി.

“മരിച്ച പയ്യൻ ഒരു ഹരിജനായിരുന്നു. ആ ഒറ്റക്കാരണം തന്നെ ധാരാളം. വലിയ തലവേദന ഉണ്ടാക്കിയ കേസാണത്.  ഹരിജനായതുകൊണ്ട് മീഡിയ ശക്തമായി രംഗത്ത് വന്നു. അവർക്ക്  ആഘോഷിക്കാൻ ഒരു ഇരയായി. പിന്നെ രാഷ്ട്രീയം, ആക്ഷൻ കമ്മിറ്റി, സാമുദായിക സംഘടന അങ്ങനെ ചപ്പുചവറെല്ലാം ഒന്നിച്ചു കൂടി.”

ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ തുടർന്നു.  

“ബാക്കി എഴുപേരും സവർണ്ണവിഭാഗം എന്നു പറയാവുന്ന തലത്തിലുള്ളവർ. പോരേ പൂരം.

ആ രാത്രി അവരെല്ലാവരും ആഹാരം ഷെയർ ചെയ്തു കഴിച്ചിരുന്നു. അതിൽ ഒരാൾ  മാത്രം മരിച്ചു. അപ്പോൾ ഫുഡ് പോയ്സണല്ല മരണകാരണം.  പിന്നെയുള്ള ഒരു സാധ്യത, ആഹാരത്തിന് ശേഷം അവരിൽ ഒരുത്തൻ എല്ലാവർക്കുമായി കൊടുത്ത കപ്പലണ്ടി മിഠായിയാണ്.

‘കപ്പലണ്ടി മിഠായി സംശയാസ്പദവും ദുരൂഹവുമാണ്. അതാണ് മരണകാരണം. ഇതൊരു പ്ലാൻഡ് മർഡർ ആണ്’. അത് ആദ്യം തന്നെ മീഡിയ കുറ്റാന്വേഷകർ സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു.

എല്ലാവരുടേയും താല്പര്യം ഇത് ഒരു കൊലപാതകമായി കാണാനായിരുന്നു. പിന്നെ പ്രതികളെന്നാരോപിച്ച്  ആ ഏഴു പേരേയും പൊക്കുക. ഇടിച്ചു പഴുപ്പിച്ചു കുറ്റം സമ്മതിപ്പിക്കുക. പിന്നെ കോടതിയിലെ അങ്കം. റിമാൻഡ്, തുടരന്വേഷണം. ഭാഗ്യമുണ്ടെങ്കിൽ അവർ രക്ഷപ്പെടും. ഇല്ലെങ്കിൽ ഇപ്പോൾ പലരും കിടക്കുന്നതുപോലെ അവരും ജയിലിൽ ദീർഘകാലം. പിന്നെ അവരുടെ കുടുംബത്തിന്റെ മാനക്കേട്. സാമൂഹിക ഒറ്റപ്പെടുത്തൽ. അങ്ങനെ പോകും കാര്യങ്ങൾ. എനിക്കോ ഇൻക്രിമെന്റ്, പ്രൊമോഷൻ. കൂടാതെ എന്റെ കിരീടത്തിൽ ഒരു പൊന്തൂവൽ കൂടി. സമർത്ഥനായ പോലീസ് ഓഫീസർ എന്ന ഖ്യാതി.

ഞാനതൊക്കെ നന്നായി ആസ്വദിച്ചിട്ടുള്ളതുമാണ്. പണ്ട്. അതുകൊണ്ടാണ് ഈ ചെറുപ്രായത്തിൽ ഞാൻ ഒരു ഡി. വൈ. എസ്. പി. യായത്. പക്ഷേ ഇപ്പോൾ...  

കൈക്കൂലിയായി കിട്ടിയ ബൈക്കിൽ സർക്കസ്സുകാണിച്ചു വീണ് നട്ടെല്ല് തകർന്ന് എന്നന്നേക്കുമായി കിടപ്പിലായിപ്പോയ ഒരു പ്ലസ് ടു കാരന്റെ തന്ത കൂടിയാണല്ലോ  ഞാൻ. അതുകൊണ്ട് ഞാൻ കർമ്മത്തേയും കർമ്മഫലത്തേയും പറ്റിയൊക്കെ ചിന്തിച്ചു  തുടങ്ങിയിരുന്നു. എത്ര പേരുടെ മന:പ്രാക്കാണ് ഞാൻ വാങ്ങിക്കൂട്ടിയിട്ടുള്ളത്. നിസ്സഹായരായ പവങ്ങൾക്ക്  അതല്ലേ ചെയ്യാൻ പറ്റൂ.”

രഘുരാമൻ ഒരു നിമിഷം മൌനിയായി. ഒരു സിപ്പെടുത്തു. പിന്നെ തുടർന്നു.



വര:പി ആര്‍ രാജന്‍

“മീഡിയയുടെ ആവേശം ഞാൻ പരിഗണിച്ചില്ല. ആ കാലഘട്ടത്തിൽ ഒരു മാസത്തോളം ഞാൻ പത്രം വായിച്ചില്ല. ആർക്കും സ്കൂപ്പ് കൊടുത്തില്ല. അഭിമുഖത്തിന് ഇരുന്നുകൊടുത്തില്ല.  

അന്നാണ് ജീവിതത്തിൽ ആദ്യമായി വളരെ സിൻസിയറായി ഞാൻ ഒരു കേസ് അന്വേഷിക്കുന്നത്.

മരിച്ച പയ്യന്റെ ബോഡി പോസ്റ്റുമോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടർ വേലായുധ കൈമൾ പറഞ്ഞത് പയ്യൻ നന്നായി ഭക്ഷണം കഴിച്ചിരുന്നു. പക്ഷേ ആഹാരത്തിൽ  വിഷാംശം കണ്ടില്ല എന്നാണ്.

പിന്നെ എന്ത്?

ആ ചോദ്യം ബാക്കിയായി.

പയ്യന് സ്ഥായിയായ ഒരു അസുഖവും ഉണ്ടായിരുന്നില്ല.  

പിന്നെ എന്ത്?  

അതൊരു കുഴങ്ങുന്ന ചോദ്യമായിരുന്നു.

അവന്റെ കൂട്ടുകാരെ പല പ്രാവശ്യം ഞാൻ ചോദ്യം ചെയ്തു. ഇണങ്ങിയും പിണങ്ങിയും. ഒരു തുമ്പും കിട്ടിയില്ല.

കുന്തം പോയാൽ കുടത്തിലും തപ്പണമല്ലൊ.

ഞാൻ എന്റെ ഗുരുവിന്റെ വാക്കുകൾ ഓർത്തു.

‘സത്യത്തിന്റെ ഒരംശം ഏത് ഇരുട്ടിലും മിന്നും. ഇടയ്ക്കിടയ്ക്ക്. കാർമേഘം മൂടിയ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ. അത് കണ്ടു പിടിക്കാൻ കഴിയണം. അതാണ് സിദ്ധി. അന്വേഷകന്റെ സിദ്ധി. അതിനു ബുദ്ധിമാത്രം. പോരാ. പിന്നെ.... ‘ശ്രദ്ധാവാൻ ലഭതേ ജ്ഞാനം.’

പോലീസ് ട്രെയിനിങ് കോളേജിൽ ക്ലാസ്സ് എടുക്കുമ്പോൾ എന്റെ ഗുരു തോമസ് എബ്രഹാം ഇടയ്ക്കിടയ്ക്ക് ഞങ്ങളോട് പറയുമായിരുന്നു.  

തന്റെ ശിഷ്യഗണങ്ങൾ മൂന്നാംമുറയുടെ ആരാധകരാകരുതെന്ന് അദ്ദേഹത്തിന്  എന്നും നിർബദ്ധമായിരുന്നു. എന്നിട്ടും ഞങ്ങളിൽ പലരും...

എന്റെ മകൻ തകർന്നു വീണ അന്ന്, മാനസികമായി ഞാൻ മരിച്ച അന്ന്, ഞാൻ    ആ മനുഷ്യന്റെ കാൽക്കലിരുന്നു കരഞ്ഞു. പച്ചമുള വലിച്ചുകീറുന്നതുപോലെ. ഒരുപാട് നേരം. ചെയ്തുപോയ എല്ലാ തെറ്റിനും ഞാൻ ക്ഷമ ചോദിച്ചു. ഒരായിരം വട്ടം. ആ സമയം അത്രയും അദ്ദേഹം എന്റെ തലയിൽ തലോടിക്കൊണ്ട് മൌനിയായിരുന്നു. എന്റെ ദു:ഖം ആവാഹിച്ചെടുത്ത് ആ മനുഷ്യൻ ശിലയായിപ്പോയി.

എത്രയോ പ്രാവശ്യം കാള വലിക്കുന്ന വണ്ടിയുടെ ചക്രംപോലെ നിങ്ങളുടെ കർമ്മഫലം നിങ്ങളുടെ പിന്നാലെയുണ്ടാകുമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞിരിക്കുന്നു.  

ശരിയായ കർമ്മമല്ലെങ്കിൽ ഒരിക്കൽ ആ കർമ്മഫലം നിങ്ങളുടെ ശരീരത്തിൽക്കൂടി ഉരുണ്ടിറങ്ങിപ്പോകും, നിങ്ങളെ നിലംപരിശാക്കിക്കൊണ്ടെന്ന് എത്ര പ്രാവശ്യം അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിച്ചിരിക്കുന്നു.

പക്ഷേ അന്നൊക്കെ കാലംകഴിഞ്ഞ ഒരു കിളവന്റെ ജല്പനം എന്നതിനപ്പുറം ഞങ്ങളിൽ പലരും ആ മനുഷ്യന്റെ വാക്കുകളെ മുഖവിലയ്ക്കെടുത്തില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ എനിക്ക് എന്റെ മകന്റെ ജീവിതം ഹോമിക്കേണ്ടി വന്നു.”

ഒരു നിമിഷം  രഘുരാമൻ മൌനത്തിന്റെ വാത്മീകത്തിലേക്ക് ആണ്ടുപോയി.


വര:പി ആര്‍ രാജന്‍

പിന്നെ എന്നോടു പറഞ്ഞു “ ഈഫ് യു ഡോണ്ട് മൈൻഡ് ഞാൻ ഒരു ഡ്രിങ്ക്  കൂടി      ഫിക്സ് ചെയ്യട്ടെ.”

അപ്പോൾ തന്നെ അവൻ മൂന്നെണ്ണം കഴിഞ്ഞിരുന്നു.

എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കൌണ്ടറിലേക്ക് പോയി. ഒരു പെഗ്ഗുമായി തിരിച്ചു വന്നു. പിന്നെ രണ്ടു സിപ്പ് സാവകാശം എടുത്തതിന് ശേഷം അവൻ  തുടർന്നു.    

“ഒരു കാര്യവുമില്ല. എന്നിട്ടും മരിച്ച ആ പയ്യന്റെ അച്ഛനെ കാണാൻ ഞാൻ വീണ്ടും പോയി. രണ്ടു മാസത്തിന് ശേഷം. അതിനു മുൻപും ഞാൻ ആ മനുഷ്യനെ നേരിൽകണ്ട്  സംസാരിച്ചുണ്ട്. പലതവണ. അപ്പോഴെല്ലാം ആ മനുഷ്യൻ ഒരുകാര്യം അവർത്തിച്ചുകൊണ്ടിരുന്നു.

‘അവന്റെ കൂട്ടുകാരെ സംശയിക്കരുത്. അവർ നിരപരാധികളാണ്. അവരും എനിക്ക് അവനെപ്പോലെയാണ്’.

അന്നും ആ മനുഷ്യനിൽ നിന്നും കൂടുതൽ ഒന്നും എനിക്ക് കിട്ടാനുണ്ടാവില്ല എന്ന്  എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാൻ വീണ്ടും ആ മനുഷ്യനെ കാണാൻ അയാളുടെ വീട്ടിൽ ചെന്നു.

അയാൾ തികച്ചും ക്ഷീണിതനായിരുന്നു. ആസ്ത്മ രോഗി. പണിക്കൊന്നും പോകാൻ  വയ്യ. അയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ആ വീട്ടിൽ അവർ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഒരാൾ. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഒരു ചെറ്റക്കുടിൽ.

മിക്കവാറും സമയം അയാൾ കരയുക തന്നെയായിരുന്നു. അപ്പോഴും അയാൾ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. ‘അവന്റെ കൂട്ടുകാരെ ഉപദ്രവിക്കരുത്. അവർ ഒന്നും ചെയ്യില്ല. അവർക്ക്  അവനെ വലിയ ഇഷ്ടമായിരുന്നു’.

പതിവു പല്ലവി. അത് അയാൾ തുടരെ അവർത്തിച്ചു കൊണ്ടിരുന്നു.

പിന്നെ അയാൾ പറഞ്ഞു. “ഏറെ നാളുകൾക്ക് ശേഷമാണ് എന്റെ കുഞ്ഞ് വയറു നിറച്ച് ആഹാരം കഴിച്ചത്. അന്ന്. അതുമതി. മരിക്കുന്ന സമയത്തെങ്കിലും അവൻ പട്ടിണിയായിരുന്നില്ലല്ലോ.” എന്നിട്ടയാൾ വിങ്ങിക്കരഞ്ഞു. എനിക്കാ കരച്ചിൽ  പരിചിതമാണ്.

കൂടുതൽ അയാളെ ബുദ്ധിമുട്ടിക്കാൻ എനിക്കു തോന്നിയില്ല. ഞാൻ പെട്ടെന്നു തന്നെ തിരിച്ചു പോന്നു. പിന്നെ  നേരെ പോയത് ആ പയ്യന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ വേലായുധ കൈമളെ കാണാനാണ്.

എന്റെ മുന്നിൽ ആകെ ഇരുട്ടായിരുന്നു. കാർമേഘം മൂടിയ ആകാശത്തിലേക്ക് ഞാൻ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. ഒരു ചെറുതരി വെളിച്ചത്തിനായി. ഇടയ്ക്കിടയ്ക്ക് മിന്നിമറയുന്ന ആ ഒരു തരി പ്രകാശത്തിനായി.

ഡോക്ടറോട് ആഹാരത്തിലെ വിഷാംശത്തിന്റെ സാദ്ധ്യതയേപ്പറ്റി ഒരു തരുമ്പെങ്കിലും സംശയമുണ്ടോ എന്ന് ഞാൻ അവർത്തിച്ചു ചോദിച്ചു. പക്ഷേ അപ്പോഴും കൈമൾ സർ എന്റെ സംശയം പൂർണമായി തള്ളിക്കളഞ്ഞു.

പിന്നെ എന്ത്?.

എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഞാൻ തിരിച്ചു പോന്നു.

മടങ്ങി വരവേ, പുറംകാഴ്ചകൾ കണ്ട് വണ്ടി സാവധാനം ഓടിക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ  ഒരു മിന്നാലാട്ടം. ഒരു ഷോക്കോടെ ഞാൻ വണ്ടി നിർത്തി. പുറത്തിറങ്ങി ഒന്നു പുകച്ചു.

പിന്നെ വണ്ടി തിരിച്ചു വിട്ടു. ഡോക്ടർ വേലായുധ കൈമളിന്റെ അടുത്തേക്ക്.

എന്നെ കണ്ട ഡോക്ടർ എന്നോടു പറഞ്ഞു. “നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കറിയാമായിരുന്നു. നിങ്ങളുടെ ഗുരു തോമസ് എബ്രഹാം എന്നെ ഇപ്പോൾ വിളിച്ചു വിവരം അന്വേഷിച്ചിട്ടു ഫോൺ വെച്ചതേയുള്ളൂ.”

ഞാൻ എന്റെ മനസ്സിൽ ഉദിച്ച മിന്നലാട്ടത്തെപ്പറ്റി ഡോക്ടറോട് പറഞ്ഞു.

“യെസ്.  റീഫീഡിങ് സിൻഡ്രോം. നിങ്ങളുടെ സംശയം ശരിയാണ്. എനിക്കാ സംശയം നേരത്തേ ഉണ്ടായിരുന്നു. അവന്റെ ശരീരഘടനയിൽ നിന്ന് ഞാനത് ഊഹിച്ചതുമാണ്. എങ്കിലും ഉറപ്പിച്ചു പറയണമെങ്കിൽ അവന്റെ ദരിദ്രപശ്ചാത്തലം കൂടി അറിയണമായിരുന്നു”.

കൈമൾ സർ വിശദീകരിച്ചു.


“ഏറെ നാൾ സ്ഥിരമായി പട്ടിണി കിടക്കുന്നവരിൽ പോഷകക്കുറവ് ഉണ്ടാകും. അതിനനുസരിച്ച് ഹൃദയം അതിന്റെ പ്രവർത്തനം ക്രമീകരിക്കും. ബ്രാഡികാർഡിയ. പിന്നെ പെട്ടെന്ന് പോഷക സമൃദ്ധമായ ആഹാരം വയറ്റിൽ ചെല്ലുമ്പോൾ രക്തത്തിലെ   ഗ്ലൂക്കോ സിന്റെയും എലെക്ട്രോലൈട്സിന്റെയും നിലയിൽ പെട്ടെന്ന് വൻവർദ്ധന ഉണ്ടാകും. അതിനനുസരിച്ച് പെട്ടെന്ന് ഹൃദയത്തിന്റെ പ്രവർത്തനം വർധിപ്പിക്കാൻ ക്ഷീണിതമായ ഹൃദയത്തിന് കഴിയാതെ വരും. അപ്പോൾ ഹൃദയം അതിന്റെ പണി നിർത്തും. അതാണ് ചുരുക്കിപ്പറഞ്ഞാൽ റീഫീഡിങ് സിൻഡ്രോം”.

“ഈ കേസിലും അതുതന്നെ കാരണം. ഇതൊരു സ്വാഭാവിക ഹൃദയ സ്തംഭനമാണ്. ദാരിദ്ര്യം വരുത്തി വെച്ച വിന. പുവർ മാൻ.” കൈമൾ സർ പറഞ്ഞവസാനിപ്പിച്ചു.

“ഇരുട്ടിലെ ആ മിന്നൽ ഫലവത്തായി.”

“ഏഴു യുവാക്കളുടെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന നിന്റെ കൂട്ടരെ  എനിക്ക് നിരാശപ്പെടുത്തേണ്ടി വന്നു.”

മാധ്യമ പ്രവർത്തനത്തിന്റെ അധാർമികതയിൽ അവൻ ആത്മരോക്ഷം പൂണ്ടു. എനിക്കൊരു കുത്തു തന്നുകൊണ്ട്.  

“ഞാൻ ആ കേസ് ആ ഫൈൻഡിങ്ങിൽ ക്ലോസ് ചെയ്തു. ഒരു പക്ഷേ എന്റെ കിരീടത്തിൽ എനിക്ക് ചില പൊന്തൂവലുകൾ  കൂട്ടിച്ചേർക്കാൻ കഴിയുമായിരുന്നു. ദരിദ്രരായ ആ ഏഴു പയ്യന്മാരെ പ്രതികളാക്കിയിരുന്നു എങ്കിൽ”.

ഒരു നിമിഷം കഴിഞ്ഞു രഘുരാമൻ പറഞ്ഞു.

“അതു വേണ്ടാന്നു വെച്ചു. അല്ലെങ്കിൽതന്നെ ഇനി അർക്കു വേണ്ടി. ഇനിയെങ്കിലും ഞാൻ തോമസ് സർ പറഞ്ഞതിന്റെ പൊരുൾ ഉൾക്കൊണ്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതം”. അവൻ തനിയെ ഇരുന്ന് പിറുപിറുത്തു.  

“പിന്നെ ഞാൻ തോമസ് സാറിനെ കാണാൻ പോയി.

അപ്പോഴും മാധ്യമങ്ങൾ  എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അവർ എന്നെ വെറുതെ വിട്ടില്ല. കൈക്കൂലി വാങ്ങി ഞാൻ കേസ് ഒതുക്കി എന്ന് പുരപ്പുറത്തുകയറി നിന്ന് അവർ വിളിച്ചു കൂവി. ഞാൻ അത് കാര്യമാക്കിയില്ല. ആദ്യമായി ധീരത എന്താണെന്ന്  എനിക്കു മനസ്സിലായി.”

‘ധീ’ യുടെ ആവിഷ്കാരമാണ് ധീരത. ‘ധീ’ എന്താണെന്ന് അറിയാമോ?”. തോമസ് സർ ഒരിക്കൽ എന്നോടു ചോദിച്ചു.

“ബുദ്ധി. ബുദ്ധിയുള്ളവന് മാത്രമേ ധീരനാകാൻ പറ്റൂ.” തോമസ് സർ തുടർന്നു.  

“ധീരനു മാത്രമേ ധാർമ്മികനാകാൻ പറ്റൂ. എന്തുകൊണ്ടാണ് ‘യതോ ധർമ്മസ്തതോ ജയഃ’ എന്ന് പറയുന്നതെന്നറിയാമോ?”

ഞാൻ അദ്ദേഹത്തെ സാകൂതം നോക്കി.

“ധർമ്മികൾക്കെ സിദ്ധിയുണ്ടാവു. അവർക്കേ ശ്രദ്ധയുണ്ടാവു”.  

അവസാനമായി അദ്ദേഹം കൂട്ടിച്ചേർത്തു.

“ശ്രദ്ധാവാൻ ലഭതേ ജ്ഞാനം’. ശ്രദ്ധയുള്ളവനെ ജ്ഞാനമുണ്ടാവൂ.  ജ്ഞാനമുള്ളവനെ വിജയമുള്ളൂ.”

“അതെ. ശ്രദ്ധ വേണം. ശ്രദ്ധ. അതെനിക്ക് ഇടയ്ക്ക് വെച്ചു കൈമോശം വന്നുപോയി.  കിരീടത്തിൽ പൊന്തൂവൽ കൂട്ടിച്ചേർക്കുന്ന തിരക്കിൽ നഷ്ടപ്പെട്ട പല നന്മകളുടെ കൂടെ           ശ്രദ്ധയും ഇറങ്ങിപ്പോയി”.

വിദൂരതയിലേക്ക് നോക്കിക്കൊണ്ട് രഘുരാമൻ പറഞ്ഞു.

“അങ്ങനെ എട്ടിലൊരുവനു വേണ്ടി ബലിയാടുകൾ ആകുമായിരുന്ന ആ ഏഴുപേർ  രക്ഷപ്പെട്ടു”.

ഒരു നിമിഷം രഘുരാമൻ മൌനിയായി. പിന്നെ ഒരു പുകകൂടി എടുത്തിട്ട് അടുത്ത പെഗ്ഗിനായി കൌണ്ടറിലേക്ക് നടന്നു.

തിരിച്ചുവന്ന അവൻ ആത്മഗതം എന്നോണം പതുക്കെപ്പറഞ്ഞു.

“പിന്നീട് മൂന്നാഴ്ച കൂടി കഴിഞ്ഞപ്പോൾ അവർ എന്നെ കാണാൻ വന്നു. ആ ഏഴ് പയ്യന്മാൻ. ഒരു പൊതിയുമായി. മുൻപും കേസുകൾ ക്ലോസ് ചെയ്യുമ്പോൾ പലരും എന്നെ കാണാൻ വന്നിട്ടുണ്ട്. അവരുടെ പാരിതോഷികങ്ങൾ ഞാൻ വാങ്ങിയിട്ടുമുണ്ട്. അത് എനിക്ക് പുതുമയല്ല”.

“ചില പരിപാടികൾ കിട്ടിയിരുന്നു. അതിന്റെ തിരക്കിലായതു കൊണ്ടാണ് വരാൻ  വൈകിയതെന്ന് അവർ ക്ഷമാപണത്തോടെ എന്നോടു പറഞ്ഞു.”

“അവർ നല്കിയ പൊതി ഞാൻ തുറന്നു നോക്കി. പതിനേഴായിരത്തി മുന്നൂറ്. ഇരുപത് തികച്ചില്ല.”

“ഞാൻ അവരെ ഒന്നു നോക്കി. അവർ നിന്ന് പരുങ്ങുകയാണ്. മൂന്നാഴ്ച എന്നെ കാണാൻ വരാൻ അവർ താമസിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് അപ്പോൾ മനസിലായി. പരിപാടികൾ അവർക്ക് കിട്ടിയതല്ല. അവർ ചോദിച്ചു വാങ്ങിയതാണ്. കിട്ടാൻ  സാദ്ധ്യതയുളള ആയിരത്തിയഞ്ഞൂറിനും രണ്ടായിരത്തിനുമൊക്കെയായിട്ട്”.

“ആ തുക പ്രതിഫലമെന്നാണവർ പറഞ്ഞത്. കൈക്കൂലിയാണെന്ന് ഞാൻ  തെറ്റിദ്ധരിച്ചെങ്കിലോ.” രഘുരാമൻ ചിറികോട്ടി ഒന്നു ചിരിച്ചു. അത്മപുച്ഛം കലർന്ന ചിരി.

“അവരുടെ ജീവിതം എച്ചിലാക്കാൻ കഴിയുമായിരിന്നിട്ടും അത് ചെയ്യാതിരുന്നതിനുള്ള പ്രതിഫലം. എന്റെ മഹാമനസ്കതയ്ക്കുള്ള പ്രതിഫലം”.

“അന്ന് ആദ്യമായിട്ട് എനിക്ക് എന്നോടു പുച്ഛം തോന്നി. എന്റെ അപ്പോഴത്തെ നിലവാരം ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ ആ പൊതി ബലമായി അവരെ തിരിച്ചേല്പിച്ചിട്ട് അവരെ വിളിച്ചുകൊണ്ട് എന്റെ മകൻ കിടക്കുന്ന മുറിയിലെത്തി.

ഏതാനം വർഷങ്ങളായി എന്റെ മകൻ എന്നെ മാത്രമേ അവന്റെ മുറിയിൽ  കണ്ടിരുന്നുള്ളൂ. എന്നേ അവന്റെ പണക്കാരായ കൂട്ടുകാർ അവനെ കൈയ്യൊഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക്  ശേഷം ആദ്യമായി ഒരുകൂട്ടം ആളുകളെ കണ്ടതിന്റെ സന്തോഷം കൊണ്ടാവാം അവന്റെ മുഖത്ത് ഒരു നിറകൺ പുഞ്ചിരി വിടർന്നു”.  

കവിളിലൂടെ ഉരുണ്ടിറങ്ങുന്ന കണ്ണുനീർ വകവെക്കാതെ രഘുരാമൻ ചിലമ്പിച്ച ശബ്ദത്തിൽ  തുടർന്നു.

“പിന്നീട് ഞാൻ അവരോടു പറഞ്ഞു. സത്യം മറച്ചു വെച്ചതിന് എനിക്ക് ഒരുപാട് പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെല്ലാം രക്തത്തിന്റെ കറയുണ്ടായിരുന്നു. അന്ന് കിട്ടിയ ഒരു വലിയ പ്രതിഫലം കൈപ്പറ്റിയതിന്റെ അനന്തര ഫലമാണ് നിങ്ങൾ ഇപ്പോൾ കണ്ട എന്റെ മകന്റെ ഈ അവസ്ഥ.”

“എന്റെ മകൻ വീണ അന്ന് അവനെ എല്ലാവരും കൈയ്യൊഴിഞ്ഞു. നിങ്ങൾ എനിക്കു നല്കിയ വലിയ പ്രതിഫലം എന്താണെന്നറിയാമോ. നിങ്ങൾ ഇവിടെ വന്നത്. എന്റെ മകനെ കണ്ടത്. അവന് നിങ്ങളെ കാണാൻ പറ്റിയത്. കുറേ  വർഷങ്ങളായി അവൻ എന്റെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ. ഒരുപാട് കാലം  കഴിഞ്ഞ് ഒരുകൂട്ടം ആളുകളെ  അവന്റെ മുറിയിൽ അവൻ കാണുന്നത് ഇന്നാണ്.”

ഒരു നിമിഷം രഘുരാമൻ ആ പശ്ചാത്തലത്തിലേക്ക് തിരിച്ചു പോയി. പിന്നെ അവൻ ടേബിളിലേക്ക് തല താഴ്ത്തിവെച്ച് വിങ്ങിക്കരഞ്ഞു. ഒരു പുരുഷന്റെ കരച്ചിലാണ് ലോകത്തിലെ ഏറ്റവും വലിയ വൃത്തികെട്ട കാഴ്ചകളിൽ ഒന്ന് എന്ന തിരിച്ചറിവ് അപ്പോൾ അവൻ മറന്നു പോയി.

ഞാൻ പതുക്കെ ഏണീറ്റു. ഇനി അവൻ മുഖമുയർത്തി നോക്കുമ്പോൾ എന്നെ കാണണ്ട എന്ന് ഞാൻ തീരുമാനിച്ചു. വിങ്ങിക്കരയുന്ന അവനെ ഒറ്റയ്ക്ക് വിട്ടിട്ട്, ഒരു യാത്ര പോലും പറയാതെ ഞാൻ പുറത്തേക്ക് നടന്നു.

പിന്നെ എന്റെ മകൻ കളിക്കുന്ന സ്ഥലത്തേക്ക് ഞാൻ വണ്ടി ഓടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക