
ന്യൂയോർക്ക്: അമേരിക്കയിലെ ഗൂഗിളിൽ പ്രൊഡക്റ്റ് മാനേജരായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ടെക്‌നോളജി വിദഗ്ധൻ അഭിജയ് അറോറ വുയ്യൂരു, തന്റെ അമ്മയ്ക്കായി ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ഡിജിറ്റൽ ബിൽബോർഡിൽ ആദരവ് അർപ്പിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. ഹരിയാനയിലെ പഞ്ച്കുലയിൽ ഒറ്റയ്ക്ക് മകനെ വളർത്തിയ അമ്മയുടെ ത്യാഗങ്ങൾക്കുള്ള നന്ദി പ്രകടനമായാണ് അദ്ദേഹം ഈ അപൂർവ സമ്മാനം ഒരുക്കിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയിലുള്ള അമ്മയെ വീഡിയോ കോൾ ചെയ്ത ശേഷം ടൈംസ് സ്ക്വയറിലെ വൻ സ്ക്രീനിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് കാണുന്നത്. നിമിഷങ്ങൾക്കകം അമ്മയുടെ ചിത്രവും മകന്റെ ചിത്രവും ഭീമൻ ബിൽബോർഡിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വികാരനിർഭരമായ പ്രതികരണമാണ് അമ്മ പ്രകടിപ്പിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായി.
"എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിനമായിരുന്നു അത്. അമ്മ ചെയ്ത എല്ലാ ത്യാഗങ്ങൾക്കും നന്ദി അറിയിക്കാനാണ് ടൈംസ് സ്ക്വയർ ബിൽബോർഡിൽ അമ്മയെ അവതരിപ്പിച്ചത്," എന്നാണ് അഭിജയ് കുറിച്ചത്.
സാമ്പത്തിക പരിമിതികൾക്കിടയിലും മികച്ച വിദ്യാഭ്യാസം നൽകാൻ അമ്മ കഠിനമായി പരിശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു." മികച്ച സ്കൂളുകളിൽ പഠിപ്പിക്കാൻ അമ്മ ശ്രദ്ധിച്ചു. എന്നാൽ അമ്മ സ്വന്തമായി പഠിച്ചത് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ഉപയോഗിച്ചായിരുന്നു," അദ്ദേഹം പറഞ്ഞു.
2012-ൽ ഐഐടി-ജെഇഇ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടത് തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്ന് അഭിജയ് വെളിപ്പെടുത്തി. "അന്ന് അമ്മ കരയുന്നത് ഞാൻ കണ്ടു. ഒരുദിവസം സാഹചര്യം മാറുമെന്നും അമ്മയെ അഭിമാനിപ്പിക്കുമെന്നും ഞാൻ അന്ന് വാഗ്ദാനം ചെയ്തു," അദ്ദേഹം കുറിച്ചു.
തുടർന്നുള്ള വർഷങ്ങൾ വെല്ലുവിളികളുടേതായിരുന്നു. 2016-ൽ ജോലി ലഭിക്കാതെയാണ് ബിരുദം പൂർത്തിയാക്കിയത്. 2017-ൽ ഒരു ഹാക്കത്തോൺ വിജയിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുത്തു. 2016 മുതൽ 2020 വരെ വലിയ ടെക് കമ്പനികളിൽ ജോലി ചെയ്യാതെയായിരുന്നു ജിമാറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്. മൂന്ന് തവണ പരീക്ഷയെഴുതിയെങ്കിലും 2021-ൽ അപേക്ഷിച്ച എല്ലാ ബിസിനസ് സ്കൂളുകളും അദ്ദേഹത്തെ നിരസിച്ചു.
2022-ൽ ഹാർവാർഡ് സർവകലാശാലയിൽ പ്രവേശനം ലഭിക്കുകയും 2025-ൽ ഗൂഗിളിൽ ജോലി നേടാനും ആ മകന് സാധിച്ചു.
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മെ സഹായിച്ചവരുടെ ത്യാഗങ്ങളെ ഒരിക്കലും മറക്കരുതെന്ന സന്ദേശമാണ് തന്റെ വീഡിയോയിലൂടെ നൽകാൻ ആഗ്രഹിക്കുന്നതെന്ന് അഭിജയ് പറഞ്ഞു.