
തിരുവനന്തപുരം മുന്‍ മേയറും സി.പി.എമ്മിന്റെ അരുമയുമായ ആര്യാ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക ഡ്രൈവര്‍ യദുവിന് നിയമസഭയിലെ ഡ്രൈവറായി വി.ഡി സതീശന്‍ സര്‍ക്കാരിന്റെ നിയമനം. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലാണ് യദുവിന് താല്‍ക്കാലിക ജോലി ലഭിച്ചിരിക്കുന്നത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്യയെ സംരക്ഷിച്ച പാര്‍ട്ടി ഈ ചെറുപ്പക്കാരനെ നിര്‍ദാക്ഷിണ്യം അവഗണിക്കുകയായിരുന്നു. ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടുറോഡില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ പിണറായി ഭരണത്തില്‍ യദുവിന് ജോലി നഷ്ടപ്പെടുന്നത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നത്. തുടര്‍ന്നാണ് യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്.
ഈ കേസില്‍, മേയറെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും (അന്ന് എം.എല്‍.എയായിരുന്ന സച്ചിന്‍ ഇക്കുറി എട്ടുനിലയില്‍ പൊട്ടി) കുറ്റപത്രത്തില്‍ നിന്നും പോലീസ് ഒഴിവാക്കിയിരുന്നു. അതേസമയം, മോശം ആംഗ്യം കാണിച്ചതിന് യദുവിനെതിരെ കുറ്റം ചുമത്തി. കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് യദു സര്‍ക്കാരിന് നഷ്ടപരിഹാര നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കിക്കൊണ്ട് കലിപ്പ് തീര്‍ത്തു. ബസിലെ സി.സി.ടി.വി മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്നും കേസ് അട്ടിമറിക്കപ്പെട്ടെന്നും ആരോപിച്ച് യദു സര്‍ക്കാരിന് നോട്ടീസ് അയച്ചു. മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സി.സി.ടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു.
റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് ആഗ്രഹം. തന്റെ നിരപരാധിത്വം കൂടുതല്‍ തെളിയാന്‍ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞിരുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ഫോണ്‍ വെച്ച് ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ ഗണേഷിന്റെ നിലപാട്. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്. യദു ഫോണില്‍ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു ഗണേഷ് പറഞ്ഞിരുന്നത്.
യദു അടുത്തിടെ ഐ.എന്‍.ടി.യുസിയില്‍ ചേര്‍ന്നിരുന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായി ജോലി ലഭിക്കുന്നതിനുള്ള അഭിമുഖ പരീക്ഷയിലും പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. അതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. അതേസമയം, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി നേരിട്ടവരെയെല്ലാം യു.ഡി.എഫ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന കാഴ്ചയാണിപ്പോള്‍. 2024 ഏപ്രില്‍ 27-നാണ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. തിരുവനന്തപുരം പാളയത്ത് വെച്ച് രാത്രിയില്‍ മേയര്‍ ആര്യയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും സഞ്ചരിച്ച സ്വകാര്യ കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും, തുടര്‍ന്ന് ഡ്രൈവര്‍ യദുവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ആദ്യം കേസെടുത്തു. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യയ്ക്കും സച്ചിന്‍ ദേവിനുമെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ കേസില്‍ പിന്നീട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, ആര്യയുടെ ബന്ധുവായ സ്ത്രീ എന്നിവരെ പൂര്‍ണ്ണമായി ഒഴിവാക്കി ആര്യയുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തടഞ്ഞു എന്ന കുറ്റം മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയത്. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകമാത്രമാണ് മേയറും എം.എല്‍.എയും ചെയ്തതെന്നും, ഒരു കുറ്റകൃത്യം തടയാന്‍ ശ്രമിച്ചതിനെ കുറ്റമായി കാണാനാകില്ലെന്നുമായിരുന്നു പൊലീസിന്റെ വിചിത്രമായ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറ്റപത്രം തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ആര്യ രാജേന്ദ്രനെതിരായ പൊതു വികാരം ശക്തിപ്പെടാന്‍ കാരണമായ സംഭവമായിരുന്നു യദുവിനെതിരായ നടപടി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി നേരിട്ട ഐ.എ.എസ് ഓഫീസര്‍മാര്‍ മുതല്‍ പോലീസുകാര്‍ക്ക് വരെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യത്തില്‍ നിയമനം നല്‍കുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. യു.ഡി.എഫുമായി ബന്ധമുള്ളവരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു. ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം', കണ്ണൂരിലെ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, കൊല്ലത്ത് ആരോഗ്യ വകുപ്പിന്റെ വീഴ്ച കാരണം ദുരന്തം ഏറ്റുവാങ്ങിയ കുടുംബം എന്നിവര്‍ക്കെല്ലാം യു.ഡി.എഫ് അധികാരത്തിലെത്തിയ പിന്നാലെ ആശ്വാസം ലഭിച്ചിരുന്നു. ഈ ഗണത്തില്‍ അവസാനത്തെ പേരാണ് യദുവിന്റേത്.
എന്നാല്‍ ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തനശൈലിയും സമീപകാലത്തുണ്ടായ ചില വിവാദങ്ങളും പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ആര്യ രാജേന്ദ്രന്‍ അധികാരമേറ്റത്. എന്നാല്‍, തുടര്‍ന്നങ്ങോട്ട് ഉണ്ടായ പല സംഭവങ്ങളും ആ പദവിക്ക് യോജിക്കാത്ത രീതിയിലുള്ള ധാര്‍ഷ്ട്യത്തിന്റെയും അധികാരപ്രമത്തതയുടെയും പ്രതിഫലനമായി പരക്കെ വിമര്‍ശിക്കപ്പെട്ടു. യദുവുമായി റോഡിലുണ്ടായ തര്‍ക്കവും അതിനെത്തുടര്‍ന്ന് ഔദ്യോഗിക വാഹനം തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ റോഡിന് നടുവില്‍ പാര്‍ക്ക് ചെയ്തതും ജനാധിപത്യ ബോധത്തിനും മര്യാദയ്ക്കും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും നിരക്കാത്തതായിരുന്നു. ഇത് പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തി.
ജനങ്ങളുടെ സേവകയാകേണ്ട വ്യക്തി പലപ്പോഴും വിമര്‍ശനങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന കാഴ്ചയാണ് കണ്ടത്. ചോദ്യം ചെയ്യുന്നവരെയും വിയോജിക്കുന്നവരെയും അധികാരബലത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഈ സംഭവത്തില്‍ ദൃശ്യമായി. ഇത് ഒരു യഥാര്‍ത്ഥ ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. ഭരണപരമായ കാര്യങ്ങളിലും പൊതു ഇടപെടലുകളിലും കാണിക്കേണ്ട പക്വതയ്ക്ക് പകരം, പലപ്പോഴും അന്ധമായ പാര്‍ട്ടി വിധേയത്വവും ''ഞാന്‍ പറയുന്നതാണ് നിയമം...'' എന്ന മട്ടിലുള്ള ധിക്കാരപരമായ പെരുമാറ്റവുമാണ് ഇവിടെ പ്രതിഫലിച്ചത്. ഇത് മേയര്‍ പദവിയുടെ അന്തസ്സിനെത്തന്നെ ഇടിച്ച് താഴ്ത്തുന്നതിന് കാരണമായി.
യുവത്വം എന്നത് ആവേശത്തിന് മാത്രമുള്ളതല്ല, മറിച്ച് പുതിയ ചിന്തകള്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അവസരമാണ്. നിര്‍ഭാഗ്യവശാല്‍, ആര്യ ാ രാജേന്ദ്രന്റെ ഭരണകാലം പക്വതയില്ലാത്ത പെരുമാറ്റങ്ങളുടെയും അധികാര ഗര്‍വ്വിന്റെയും പേരിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ജനപ്രതിനിധികള്‍ ഭരണാധികാരികളല്ല, ജനങ്ങളുടെ സേവകരാണെന്ന ബോധ്യം ഉണ്ടാകുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകൂ. ജനാഭിലാഷം നിറവേറ്റപ്പെടുകയുള്ളൂ.