Image

ഫൊക്കാന സമ്മേളനത്തില്‍ പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുക്കുന്നു

കോരസണ്‍ വര്‍ഗീസ് Published on 13 June, 2026
ഫൊക്കാന  സമ്മേളനത്തില്‍  പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുക്കുന്നു

പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ 2026 ആഗസ്റ്റ് 6 മുതല്‍ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. മലയാളികളുടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ സാമൂഹിക-സാംസ്‌കാരിക സംഘടനകളിലൊന്നായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സാഹിത്യത്തിനും ഭാഷയ്ക്കും ലഭിക്കുന്ന പ്രാധാന്യത്തിന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം.

നോര്‍ത്ത് അമേരിക്കയില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതില്‍ ഫൊക്കാന വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ സാഹിത്യവേദികളിലൊന്നായി ഈ സമ്മേളനം മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കണ്‍വെന്‍ഷന്റെ പ്രധാന വേദികളിലൊന്നില്‍ തന്നെയായിരിക്കും സാഹിത്യസമ്മേളനം അരങ്ങേറുക.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ  ഫാൽക്കെ അവാർഡ് ജേതാവുമായ സംവിധായകനും എഴുത്തുകാരനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, സമകാലിക മലയാള സാഹിത്യത്തിലെ ശക്തമായ ശബ്ദവും ഫ്രാന്‍സിസ് ഇട്ടിക്കോര ഉള്‍പ്പെടെയുള്ള ശ്രദ്ധേയ കൃതികളുടെ രചയിതാവുമായ ടി.ഡി. രാമകൃഷ്ണന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത നോവലിസ്റ്റും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.വി. മോഹന്‍കുമാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, ശ്രദ്ധേയ നോവലിസ്റ്റും സാഹിത്യകാരനുമായ പി.പി. ജെയിംസ്, നാടക- സാഹിത്യകാരിയും ഗവേഷകയുമായ ഡോ. പ്രമീളാദേവി തുടങ്ങിയ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതികള്‍ വിലയിരുത്തി പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടാതെ നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് പ്രത്യേക അംഗീകാരങ്ങളും നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, സമകാലിക സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

സാഹിത്യസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ. നായര്‍ (കോ-ചെയര്‍മാന്‍), ഗീത ജോര്‍ജ് (കോര്‍ഡിനേറ്റര്‍), ബെന്നി നെച്ചൂര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, വേണുഗോപാലന്‍ കൊക്കോടന്‍, അഭിലാഷ് തുണ്ടുമണ്ണില്‍, സന്തോഷ് പാല എന്നിവര്‍ ഉള്‍പ്പെട്ട സംഘാടകസമിതിയെ ഫൊക്കാന നേതൃത്വം നിയോഗിച്ചു.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ (മാര്‍ച്ച് 2024 ന് ശേഷം ) പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കപ്പെടും.കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), സന്തോഷ് പാലാ  എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള  എഴുത്തുകാരുടെ സമിതി ആയിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക.

പുസ്തകത്തിന്റെ രണ്ട് കോപ്പികള്‍ 2026 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ചെയര്‍മാന്‍ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803.

മലയാള ഭാഷയെയും സാഹിത്യത്തെയും ആഗോള മലയാളി സമൂഹവുമായി കൂടുതല്‍ ശക്തമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ വേദിയായി ഫൊക്കാന 2026 സാഹിത്യസമ്മേളനം മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Join WhatsApp News
Sudhir Panikkaveetil 2026-06-13 13:11:48
ഇവിടത്തെ പത്രങ്ങളിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയിൽ മലയാളി എഴുത്തുകാർ എഴുതിത്തുടങ്ങിയത് 1990 മുതലാണ്. അതിനെ അമേരിക്കൻ മലയാള സാഹിത്യം എന്ന് വിളിക്കാൻ ആരും തയ്യാറല്ലെന്ന് കാണുന്നു. അതല്ല കാര്യം.. മേല്പറഞ്ഞ കണക്ക് പ്രകാരം 36 വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെയുള്ള എഴുത്തുകാർക്ക് ബാലാരിഷ്ടം തീരാതെ അവരെ പരിപാലിക്കാൻ നാട്ടിൽ നിന്നും പോറ്റമ്മമാരേ കൊണ്ടുവരേണ്ട ഗതികേട് ലജ്ജാവഹം.. എഴുത്തുകാർ ആരും തന്നെ പ്രതികരിക്കാത്തതുകൊണ്ട് ഇങ്ങനെ പലതും നടക്കുന്നു. പിന്നെ സമഗ്ര സംഭാവന എന്ന തട്ടിപ്പും. എന്താണ് സമഗ്ര സംഭാവന എന്ന് വ്യക്തമാക്കുന്നില്ല. നരച്ച തലയാണ് ഒരു യോഗ്യതയായി പലരും കാണുന്നത്. അപ്പോൾ കഷണ്ടികളുടെ കാര്യം കട്ടപ്പൊക ഹാ..ഹാ.. എന്തായാലും ഫൊക്കാന ഇത്രയൊക്കെ ചെയ്യുന്നതിൽ അവരോട് നന്ദി പറയുക. പരിപാടിക്ക് എല്ലാ വിജയങ്ങളും നേരുന്നു. പരിപാടികളുടെ ചെയർമാനായി പ്രവർത്തിക്കുന്ന ശ്രീ കോരസൺ വർഗീസ് ശേഷിയും ശേമുഷിയുമുള്ള സംഘാടകനാണ്. അദ്ദേഹം പരിപാടികൾ ഉജ്ജ്വലമാക്കുമെന്ന് വിശ്വാസമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക