Image

ഇന്ത്യൻ വംശജനായ സാങ്കേതിക വിദഗ്ധന് കോൺഗ്രസിൽ ആദരം

Published on 13 June, 2026
ഇന്ത്യൻ വംശജനായ സാങ്കേതിക വിദഗ്ധന് കോൺഗ്രസിൽ ആദരം

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ പ്രമുഖ സാങ്കേതികവിദ്യാ വിദഗ്ധനും സംരംഭകനുമായ ശിവരാമകൃഷ്ണൻ സോമശേഖർ അമേരിക്കൻ കോൺഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ  ആദരിക്കപ്പെട്ടു. സാങ്കേതികവിദ്യ, സംരംഭകത്വം, സാമൂഹിക സേവനം എന്നീ മേഖലകളിൽ നൽകിയ വിശിഷ്ട സംഭാവനകളെ മാനിച്ചാണ് ഈ ബഹുമതി നൽകിയത്.
 

വാഷിംഗ്ടൺ സംസ്ഥാനത്തെ കോൺഗ്രസ് അംഗമായ സൂസൻ ഡെൽബെൻ ഹൗസിൽ നടത്തിയ അനുസ്മരണ പ്രസംഗത്തിൽ സോമശേഖറിനെ  'അതുല്യനായ സാങ്കേതിക വിദഗ്ധൻ, സംരംഭകൻ, നേതാവ്, സമൂഹത്തിന്റെ പ്രിയ സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ ജനിച്ച് വളർന്ന സോമശേഖർ ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ശേഷം 1989-ൽ മൈക്രോസോഫ്റ്റിൽ ചേർന്നു. കമ്പനിയുടെ ചരിത്രത്തിലെ നിർണായക ഉൽപ്പന്നങ്ങളിലൊന്നായ വിൻഡോസ് എൻ.ടി.യുടെ വികസനത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അസാമാന്യമായ മാനേജ്മെന്റ് കഴിവും അർപ്പണബോധവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ മൈക്രോസോഫ്റ്റിന്റെ സീനിയർ വൈസ് പ്രസിഡന്റായി ഉയർത്തിയതെന്ന് ഡെൽബെൻ പറഞ്ഞു.

2015-ൽ മൈക്രോസോഫ്റ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മഡ്രോണ വെഞ്ച്വർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി ചേർന്ന് നിരവധി സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക സംരംഭങ്ങൾക്കും മാർഗനിർദേശം നൽകി. അമേരിക്കൻ പസഫിക് നോർത്ത്‌വെസ്റ്റ് മേഖലയിലെ നവോത്ഥാന-സംരംഭക പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഡെൽബെൻ ചൂണ്ടിക്കാട്ടി. കൂടാതെ, സിയാറ്റിൽ ഓർക്കസ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ സഹസ്ഥാപകനെന്ന നിലയിൽ പ്രൊഫഷണൽ ക്രിക്കറ്റിനെ ആ മേഖലയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം നേതൃത്വം നൽകി.

സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച സംഘടനകൾക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന സോമശേഖർ സ്ത്രീകളുടെ മുന്നേറ്റത്തിനും തുല്യാവസരങ്ങൾക്കുമായി പ്രവർത്തിച്ചിരുന്നുവെന്നും കോൺഗ്രസ് അംഗം അനുസ്മരിച്ചു. ഭാര്യ അകിലയും രണ്ട് പെണ്മക്കളുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്നും കുടുംബത്തോടുള്ള സ്നേഹവും അഭിമാനവും എപ്പോഴും പ്രകടമാണെന്നും അവർ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് അമേരിക്കൻ സാങ്കേതിക ലോകത്തിന്റെ ഉന്നത പദവികളിലേക്കുള്ള സോമസേഗ റിന്റെ യാത്ര, അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വളർന്നുവരുന്ന സ്വാധീനത്തിന്റെ പ്രതീകമാണെന്ന് വിലയിരുത്തപ്പെടുന്നു. മൈക്രോസോഫ്റ്റിലെ നേതൃനിര, വെഞ്ച്വർ നിക്ഷേപ മേഖല, പ്രൊഫഷണൽ ക്രിക്കറ്റ്, സാമൂഹിക പ്രവർത്തനം എന്നിവയിലൂടെയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യത്തെയും വിജയഗാഥയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക