
1.ലോക്ക് ഡൗൺ
മൂന്നാഴ്ച്ചയായി ഞാനും, ഭാര്യ റോസിലിയും പുറംലോകം കാണാതെ വീട്ടിൽ കഴിയുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുവാൻ മാർച്ച് 21 ശനിയാഴ്ച്ച ദേശീയ അവധി പ്രഖ്യാപിക്കപ്പെട്ടു. ഞായറാഴ്ച്ച കർഫ്യു. തിങ്കൾ, ചൊവ്വ വാഹനങ്ങൾ ഓടിയില്ല. 2020 മാർച്ച് 25 ബുധനാഴ്ച്ച മുതൽ ലോക്ക് ഡൗൺ. അത്യാവശ്യം മരുന്ന്, പലചരക്ക്, പച്ചക്കറി, പഴം സാധനങ്ങൾ വീടിനടുത്തുള്ള കടകളിൽ നിന്ന് വാങ്ങുവാൻ ഒരു ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും അതും ഓട്ടോക്കാരനാൽ സാധിച്ചു വരുന്നു.
ഇപ്പോൾ ആകെ കാണാറുള്ളത് വീടിനു മുന്നിലെ ആലുവ - മൂന്നാർ റോഡു മാത്രം. രാത്രി പകൽ വ്യത്യാസമില്ലാതെ, ഇടതടവില്ലാതെ വാഹനങ്ങൾ ഓടിക്കൊണ്ടിരുന്ന നിരത്തിൽ അഞ്ചു മിനിറ്റിൽ ഒരു കാറോ, ബൈക്കോ പോയെങ്കിലായി. എതിരെയുള്ള അടച്ചിട്ടിരിക്കുന്ന ഫർണിച്ചർ കെട്ടിടത്തിൻ്റെ വരാന്തയിലെ സിമൻ്റു ബഞ്ചിൽ പോലീസ് ഉദ്യോഗസ്ഥൻ മാസ്ക് ധരിച്ച് രാവിലെ എട്ടു മണി മുതൽ ഡ്യൂട്ടിയിലുണ്ടാകും. സ്പീഡ് ബാരിയർ കണ്ട് വണ്ടികൾ നിറുത്തുകയും, യാത്ര ചെയ്യുന്നവരിലെ പ്രധാനി കൈവശം വച്ചിരിക്കുന്ന സാക്ഷ്യപത്രം നോക്കി വണ്ടി നമ്പർ, ആളെണ്ണം, യാത്ര പോകുന്ന സമയം, ഇടം, തിരിച്ചെത്തുന്ന സമയം തുടങ്ങിയവ പരിശോധിക്കുന്നു.
അരിയും അത്യാവശ്യം പലചരക്കും വാങ്ങുവാൻ വീട്ടിൽ നിന്നിറങ്ങിയ അമ്മിണി ചേച്ചിയെ 'മാസ്ക് ഇല്ലല്ലൊ', എന്നു പറഞ്ഞ് രണ്ടാം ദിവസവും പോലീസുകാരൻ തിരിച്ചയക്കുവാൻ തുടങ്ങിയപ്പോൾ റോസിലിയെ വിട്ട് ചേച്ചിക്ക് ഒരു മാസ്ക് കൊടുത്തു. അങ്ങനെ, അമ്മിണി ചേച്ചിയെ കടയിലേക്ക് പോകുവാൻ പോലീസുകാരൻ അനുവദിച്ചു. ദിവസവും മൂന്നുമണി നേരത്ത് റോഡിലൂടെ രണ്ടു ബക്കറ്റ് തുണികളുമായി കനാലിൽ അലക്കുവാനും, കുളിക്കുവാനും പോയി വന്നിരുന്ന നബീസയുടെ യാത്ര ഇപ്പോൾ റോഡിൽ നിന്നും 200 മീറ്റർ അകലത്തിൽ പാടവക്കത്തെ പുല്ലു പിടിച്ചു കിടക്കുന്ന റോഡിനു സമാന്തരമായ വരമ്പിലൂടെയാക്കിയിരിക്കുന്നു.
പത്രം വരുത്തുന്നത് നിർത്തിച്ചതോടെ ടിവിയിലെ, മൊബൈലിലെ, വാർത്തകളും, നവമാധ്യമങ്ങളിലെ ആശങ്കപ്പെടുത്തുന്ന പോസ്റ്റുകളും ആണ് ഈ ദിവസങ്ങളിൽ വായിച്ചത്. ഇപ്പോൾ മുറ്റവും, പറമ്പും, ചക്കയും, മാങ്ങയും കൂടാതെ മാസ്കും, സോപ്പും, സാനിറ്റെസറും ഒക്കെ തന്നെ കൂട്ടുകാർ. റോസിലി വീടിനെ മറയാക്കി, ആളനക്കം കേൾപ്പിക്കാതെ, താഴെ വീടുകളിലെ രണ്ടു പണിക്കാരെ കൂട്ടി, പിന്നാമ്പുറത്ത് കുറെ പച്ചക്കറി കൃഷികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അവർ മാസ്ക് ധരിച്ചും അകലം പാലിച്ചുമാണ് പണി ചെയ്തത്. ഭക്ഷണം വീട്ടിൽ നിന്നു തന്നെ കൊണ്ടുവരണമെന്ന നിർദ്ദേശത്തോട് പണിക്കാർ പൂർണമായി സഹകരിച്ചു. അതുപോലെ, പണി ഇല്ലാതിരുന്നപ്പോൾ തൊഴിൽ കൊടുത്തതിൻ്റെ സന്തോഷം അവർ ഞങ്ങളോട് പങ്കുവയ്ക്കുകയുണ്ടായി. വീട്ടിലെ പച്ചക്കറി കൃഷി എന്നൊക്കെ പ്രോത്സാഹനാർത്ഥം പറയാമെങ്കിലും, അതൊരു നിയമ ലംഘനം അല്ലാതാകുന്നില്ല.
പലപ്പോഴും രാത്രിയെ പകലാക്കിയും, പകലിനെ രാത്രിയാക്കിയും മുന്നോട്ടു പോകുമ്പോൾ ദിവസം ഏതെന്നതു പോലും മറന്നു പോകുന്നു. ഉററവർ മരണപ്പെട്ടിട്ടും കാണുവാൻ പോകാനാവാത്ത അവസ്ഥ. ഇതിനിടയിൽ കുറെ വായിച്ചു. ഒരു ചെറിയ നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ സന്തോഷം തരുന്നത് ഇത്രമാത്രം. നമുക്കും ലോകത്തിനും വേണ്ടി ആയതിനാൽ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ക്ഷമയോടെ അനുസരിക്കുക. സാധാരണ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ദുരവസ്ഥയുടെ ഈ കാലം എന്നെങ്കിലും അവസാനിക്കും എന്ന പ്രതീക്ഷ പുലർത്തുക. അങ്ങനെ, ലോക്ക് ഡൗൺ കാലത്തെ ഒരു വൈകിട്ട് ചായ കുടി കഴിഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു ഞാൻ.

വര: മറിയം ജാസ്മിന്‍
2. അഴകൊഴ
ഗേറ്റ് തുറക്കുന്നതിൻ്റെ, ഓട്ടോറിക്ഷ മുറ്റത്തെ മെറ്റലിലൂടെ ഓടി നിന്നതിൻ്റെ, കോളിങ്ങ് ബെല്ലിൻ്റെ മൂന്നു ശബ്ദങ്ങളും ക്രമത്തിൽ കാതിലെത്തി. ക്ലോക്കിൽ നോക്കിയപ്പോൾ സമയം ആറ് ആയിരിക്കുന്നു. റോസിലി വീടിനു പുറത്തെവിടെയെങ്കിലും എന്തെങ്കിലും ജോലികളിൽ ആയിരിക്കണം. ഉറക്കം ദീർഘിച്ചു പോയെന്നറിഞ്ഞ ഞാൻ ധൃതിയിൽ കട്ടിലിൽ നിന്നും എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.
കവി വിൽസ് തോമസ് ആണ്. മാസ്ക് ധരിക്കാത്തതിൻ്റെ നീരസത്താലും, മദ്യത്തിൻ്റെ രൂക്ഷ ഗന്ധത്താലും എൻ്റെ മുഖം പൊടുന്നനെ മ്ലാനമായി. ഓട്ടോയിൽ നിന്നിറങ്ങിയ കവി കോവിഡ് പ്രോട്ടോക്കോളുകളെ വെട്ടിനിരത്തി, ശാരീരിക അകലം പാലിക്കാതെ സിറ്റൗട്ടിൽ നിന്ന എന്നെ ആണ്ടുപൂണ്ട് കെട്ടിപ്പിടിക്കുകയും, വെളുത്തതാടി നിറഞ്ഞ മുഖം നെറ്റിയിൽ അമർത്തുകയും, പുറത്ത് വലതു കൈപ്പത്തി കൊണ്ട് സാമാന്യം ശക്തിയിലും ഉച്ചത്തിലും രണ്ടു മൂന്ന് സ്നേഹത്തല്ലുകൾ തരികയും ചെയ്തു. ഒറ്റ നിമിഷം കൊണ്ട് സങ്കടവും ഭയവും എന്നെ വരിഞ്ഞുമുറുക്കി. ഈ ലോക്ക് ഡൗൺ കാലത്ത് മറ്റുള്ളവരെല്ലാം വീട്ടിലിരിക്കുമ്പോൾ കവിക്ക് എങ്ങനെ ഇങ്ങനെ സ്വതന്ത്രനായി സഞ്ചരിക്കാനാകുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. തോൾസഞ്ചി ഡ്രോയിങ്ങ് റൂമിലെ സെറ്റിയിലേക്ക് വയ്ക്കുന്നതിനിടയിൽ കുഴച്ചിലോടെ വിൽസ് തോമസ് പറഞ്ഞു.
'ഒരു 130 രൂപ കൊടുത്തേരെ ജോൺസാറെ. ഇന്നലെ സന്ധ്യക്ക ആലുവായില് ട്രെയിനിറങ്ങിയെ. അവിടന്ന് ഒരു ഓട്ടോ പിടിച്ച് മേക്കപ്പാല അനിയൻ്റെ വീട്ടിലേക്ക് പോന്നു. കഴിഞ്ഞ രണ്ടാഴ്ച്ച കോഴിക്കോട് ജാൻസീടെ അടുത്തായിരുന്നൂട്ടൊ. അവർക്ക് പത്രമാഫീസീ പോണോലൊ. ഇനീം നിന്നാ ബുദ്ധിമുട്ടായാലോന്ന് കരുതി ഞാനിങ്ങ് പോന്നു. ഞാനൊന്ന് കക്കൂസി പോട്ടേട്ടൊ.'
കവിക്ക് ടോയ്ലറ്റ് കാണിച്ചിട്ട്, 130 രൂപയുമെടുത്ത് തിരികെ സിറ്റൗട്ടിൽ വന്നപ്പോഴേക്കും ഓട്ടോയുടെ പിൻഭാഗത്തു നിന്ന് പുസ്തകം നിറച്ച ഒരു വലിയ തുണിസഞ്ചി ഓട്ടോക്കാരൻ എടുത്തു വച്ചിരുന്നു. രൂപ കൊടുത്ത് ഓട്ടോക്കാരനെ പറഞ്ഞയച്ച ശേഷം പുസ്തക സഞ്ചി ഡ്രോയിങ്ങ് റൂമിലേക്ക് എടുത്തു വച്ചു. ബെഡ് റൂമിലെ ടോയ്ലറ്റിൽ കയറി സോപ്പു പതപ്പിച്ച് ഒരു കാക്കക്കുളി നടത്തി, പുതിയ വസ്ത്രങ്ങൾ ധരിച്ച് ഞാൻ ഡ്രോയിങ്ങ് റൂമിലെ സെറ്റിയിൽ വന്നിരുന്നു.
മാസങ്ങൾ കൂടുമ്പോഴോ, വർഷത്തിലൊരിക്കലോ മാത്രമാണ് കവി തൊടുപുഴ കുടുംബത്തിലേക്ക് ചെല്ലുക എന്നാണ് കേട്ടിട്ടുളളത്. സഞ്ചാരിയായ വിൽസിന് മലയാളക്കരയിൽ എവിടെ ചെന്നാലും ആൺപെൺ വ്യത്യാസമില്ലാതെ, പ്രായഭേദമന്യേ സുഹൃത്തുക്കളുണ്ട്. അല്ലെങ്കിൽ പരിചയപ്പെടുന്നവരെയെല്ലാം സുഹൃത്തുക്കളാക്കി മാറ്റുവാനുള്ള കഴിവ് അവരുടെ പ്രിയപ്പെട്ട കവിക്കുണ്ട്. താമസം മാറ്റുമ്പോഴെല്ലാം വില്പനക്കായി കരുതുന്ന പുസ്തകങ്ങളും കൂടെ കൊണ്ടു പോകും. പുറത്തു പോകുന്ന സന്ദർഭങ്ങളിലെല്ലാം പ്രസിദ്ധീകരിച്ച 11 കവിതാ പുസ്തകങ്ങളിൽ ലഭ്യമായ ആറു സമാഹാരങ്ങളുടെ രണ്ടു കോപ്പി വീതം തോൾ സഞ്ചിയിലാക്കിയാണ് സഞ്ചാരം. അപ്പോൾ കവി ഇനിയുള്ള കുറെ ദിവസം ഇവിടെ ഉണ്ടാകുമെന്ന് ഞാനുറപ്പിച്ചു.
എഴുത്തുകാർ ആയതു കൊണ്ട് 20 വർഷത്തിനു മേൽ പരിചയം വിൽസുമായിട്ടുണ്ട്. വിൽസിൻ്റെ ഭാര്യ അന്ന ചിത്രകാരി ആയതിനാൽ കുറെ വർങ്ങളായി അവരേയും അറിയാം. എൻ്റെ കൃതികൾക്കായും അവർ വരച്ചിട്ടുണ്ട്. ഇങ്ങേരുടെ കുസൃതികളെയും, തോന്ന്യാസങ്ങളെയും കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ള കഥകൾ നിരവധിയാണ്. എനിക്ക് അനുഭവിക്കേണ്ടി വന്നത് എത്രയോ കുറച്ചു മാത്രം. കവിയുടെ പേര് കേട്ടിട്ടുണ്ടെങ്കിലും 20 കൊല്ലം മുൻപ് ആലുവ - പെരുമ്പാവൂർ ബസ് യാത്രക്കിടെ രണ്ടു സീറ്റു പിറകിലിരുന്നിരുന്ന സഹയാത്രികർ തമ്മിലുള്ള ബഹളം കേട്ടപ്പോൾ പിന്തിരിഞ്ഞു നോക്കിയതാണ്. അതിലൊരാളായ കവി ഉച്ചത്തിൽ എന്നെ നോക്കി പറഞ്ഞു. 'ജോൺ സാറെ, വിൽസ് തോമസ'. അന്ന് പെരുമ്പാവൂര് ബസിറങ്ങി വിശദമായി പരിചയപ്പെട്ടതാണ്. കനമുള്ള പോക്കറ്റ് പെരിയാർ ബാറിൽ നിന്നിറങ്ങുമ്പോൾ കാലിയായിരുന്നു.
കോതമംഗലത്ത് എൻ്റെ ഒരു പുസ്തക പ്രകാശന ചടങ്ങിന് ആശംസ പറയുവാൻ ക്ഷണിച്ചപ്പോൾ തൃശൂരിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചാണ് വന്നത്. പോകാൻ നേരം 'ഓട്ടോ കൂലിയല്ലെ കൊടുത്തൊള്ളു. ഈ മോതിരം ഞാനിങ്ങെടുക്കുവ', എന്നു പറഞ്ഞെങ്കിലും വിരലിൽ നിന്നും വിവാഹമോതിരം ഊരിയെടുക്കുവാൻ ഞാൻ സമ്മതിച്ചില്ല. ഒരു വർഷം എറണാകുളം പുസ്തകോത്സവത്തിന് ഞാനങ്ങനെ സ്റ്റാളുകൾ കയറിയിറങ്ങി നടക്കവെ ഒരു പ്രസാധകനോട് പുസ്തകം സൗജന്യമായി വാങ്ങുന്നത് കണ്ടതാണ്. രണ്ടു സ്റ്റാൾ കൂടി മുന്നോട്ടു പോയ എൻ്റെ പിന്നാലെ കൂടിയ കവി ആ വലിയ പുസ്തകം 450 രൂപക്ക് എന്നെ കെട്ടി ഏൽപ്പിച്ചിട്ട് 500 രൂപ കൊടുത്തതിൻ്റെ ബാക്കി തരാതെ അപ്പോൾ തന്നെ സ്ഥലം വിട്ടതും ഓർമ്മയിലുണ്ട്.
തൃശൂര് സാഹിത്യ അക്കാദമിയിൽ പോകുന്ന അവസരങ്ങളിൽ ചിലപ്പോഴെങ്കിലും കുറെ ചെറുപ്പക്കാർക്കൊപ്പം വിൽസ് തോമസിനെ കണ്ടുവന്നു. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവെലിൽ ഉൾപ്പെടെ ഭക്ഷണം കഴിക്കുവാനും, സിഗരറ്റു വാങ്ങുവാനും പണം ചോദിച്ചപ്പോഴൊക്കെ കൊടുക്കുവാൻ മടിച്ചില്ല. ഒരു വേനൽക്കാലത്ത് കാസർഗോഡ് മധൂർ ക്ഷേത്രത്തിൽ പോയപ്പോൾ അമ്പലത്തിൻ്റെ പിന്നിലുള്ള വലിയ തോടിൻ്റെ വെള്ളം ഒഴുകാത്ത മണൽ തെളിഞ്ഞു നിന്ന ഭാഗത്ത് തോൾസഞ്ചി തലയിണയാക്കി വച്ച് കവി ഉച്ചമയക്കത്തിലായിരുന്നു. തുഞ്ചൻ പറമ്പിൽ സാഹിത്യോത്സവത്തിന് പോയപ്പോൾ അതാ അവിടെയൊരു ബുക്ക്സ്റ്റാളിൽ കവി ഇരിക്കുന്നു.
അന്നയുടെ ചിത്ര പ്രദർശനം കോട്ടയത്ത് നടക്കുമ്പോഴാണ് വിൽസുമായി പരിചയപ്പെടുന്നതെന്നാണ് അന്ന എന്നോട് പറഞ്ഞിട്ടുള്ളത്. അന്ന് വിൽസ് മലയാളത്തിലെ ശ്രദ്ധേയനായ യുവപത്രപ്രവർത്തകനും, കവിയുമാണ്. വിൽസ് അന്നും നന്നായി മദ്യപിക്കുമെന്ന് അന്നക്ക് അറിയാമായിരുന്നു. പരിചയം പ്രണയമായി പടർന്ന് വിവാഹത്തിലെത്തി. വിവാഹ ദിവസം രാത്രിതന്നെ വിൽസിൻ്റെ മാനസിക ചാഞ്ചാട്ടങ്ങൾ അന്നക്ക് ബോദ്ധ്യപ്പെട്ടു. മദ്യപാനം കാണെക്കാണെ വഷളായതോടെ മാനേജ്‌മെൻ്റ് കവിയെ മുംബൈയിലേക്ക് പറിച്ചു നട്ടു. അന്നയും മക്കളുമായി അവിടെ എത്തി താമസം തുടങ്ങിയ ആദ്യ നാളുകൾ നന്നായി പോയി. രണ്ടുമാസത്തിനുള്ളിൽ മദ്യപാനത്തിനു പുറമെ, ചൂതാട്ടത്തിലേക്കും കടന്ന വിൽസ് ജോലിയിൽ ശ്രദ്ധിക്കാതെയായി. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ശേഷമാണ് വീടുവിട്ടുള്ള യാത്രകൾ തുടങ്ങിയതെന്നാണ് അന്ന പറഞ്ഞിട്ടുള്ളത്. ആദ്യ യാത്ര ഒരാഴ്ച്ച നീണ്ടു. പിന്നീടത് മാസങ്ങളും വർഷങ്ങളുമായി. വീട് നോക്കാതായി. ഫോൺ വിളികൾ തന്നെ വല്ലപ്പോഴുമായി. അങ്ങനെ ഇന്നത്തെ വിൽസ് തോമസ് ഉണ്ടായി.
വിൽസ് എൻ്റെ വീട്ടിൽ വരുന്നത് ഇത് മൂന്നാം തവണയാണ്. ആറു മാസം മുൻപാണ് കവി ആദ്യമായി വീട്ടിൽ വന്നത് 'ഞാനിനി കേരളത്തിലേക്കില്ല. ഏർക്കാട് സ്ഥിരതാമസമാക്കുന്നു. 1000 രൂപ തരണം', എന്നു പറഞ്ഞാണ്. തുക ഞാനെടുത്ത് കൊടുത്തു. സംഭവം നടന്ന് രണ്ടാഴ്ച്ചകഴിഞ്ഞ് ഒരു ദിവസം സന്ധ്യക്ക് ഓട്ടോറിക്ഷയിൽ കവി വീണ്ടും വന്നു. 'ഓടക്കാലീന്ന വരണെ. ഓട്ടോക്കൂലി 40 രൂപ കൊടുത്തേരെ . എനിക്കൊരു അഞ്ഞൂറും', എന്നു പറഞ്ഞപ്പോൾ ഞാൻ ഒടക്കി. അവസാനം ഓട്ടോക്കൂലി മാത്രം കൊടുത്തതിൻ്റെ കലിപ്പിൽ 'ജോൺ സാറെ, എന്നെ നിങ്ങൾക്കറിയില്ല' എന്ന വെല്ലുവിളിയോടെ ഇറങ്ങിപ്പോയ ആളാണ്. ലോക്ക് ഡൗൺ കാലമല്ലെ. സന്ധ്യക്ക് കയറി വന്ന കവിയെ പറഞ്ഞയക്കുവാൻ സാഹിത്യകാരൻ കൂടി ആയതിനാലാകണം എനിക്ക് മനസുവന്നില്ല.
നോവലിന്റെ അടുത്ത അദ്ധ്യായം എഴുതുവാനുള്ള വെമ്പലില്‍ ആയിരുന്നു ഞാന്‍. പക്ഷെ അറിയാതെ എന്‍റെ ചിന്തകള്‍ വിൽസ് തോമസിൽ തന്നെ നിറഞ്ഞു നിന്നു. ഒരു കാലത്ത് വലിയ പേരെടുക്കുമെന്നു ചില ആസ്വാദകര്‍ വിശേഷിപ്പിച്ച കവിയാണ്, ഇന്ന് ഈ കോവിഡ് കാലത്തെ എന്‍റെ അതിഥി. 'ചെന്നേടം കൂടും', എന്ന രീതിയില്‍ ജീവിക്കുന്ന ആ മനുഷ്യനെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പറഞ്ഞു വിടണം എന്നത് മാത്രമാണ് ഇന്നത്തെ ചിന്ത. പക്ഷെ, പുറമേ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകൾ ഒന്നും ശുഭകരമല്ല. എന്നാൽ, കവിക്ക് ഒരു കുലുക്കവുമില്ല. മരണം എത്ര കണ്ടതാണ് എന്നതാണ് വിൽസിൻ്റെ ഭാവം. മരണത്തിന്‍റെ നിഴലില്‍ ആണ് ഇന്ന് എല്ലാവരും എന്ന് അയാള്‍ ഓര്‍ക്കുന്നില്ല എന്ന് തോന്നിച്ചു. എന്തിന് കുടുംബം പോലും അയാളുടെ ചിന്തയില്‍ ഇല്ല. ശരിക്കും അവദൂതന്‍ തന്നെ!

വര: മറിയം ജാസ്മിന്‍
3. രണ്ടുപെട
കുറെ സമയമെടുത്ത് കക്കൂസിൽ പോയി വന്ന ശേഷം ഡ്രോയിങ്ങ് റൂമിലെ എതിർവശമുള്ള സെറ്റികളിൽ ഞങ്ങളിരുന്ന് വർത്തമാനം പറയുവാൻ തുടങ്ങിയപ്പോൾ കവി നന്നായി വലിച്ചു കയറ്റിയിട്ടുണ്ടെന്ന് എനിക്ക് ഒന്നുകൂടി ഉറപ്പായി. ഞാനൊരു പുതിയ മാസ്ക് എടുത്തു കൊണ്ടുപോയി കൊടുത്തെങ്കിലും അത് ധരിക്കുവാൻ വകവയ്ക്കാതെ വിൽസ് മാസ്ക് തോൾ സഞ്ചിയിലേക്ക് നിക്ഷേപിച്ചു. ഇതിനിടെ മാസ്ക് വച്ച റോസിലി അടുക്കളയിൽ നിന്നും വന്ന് 'കുടിക്കാൻ ചായ എടുക്കാം. മധുരം?', എന്നു പറഞ്ഞെങ്കിലും, ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം മതിയെന്നായി കവി. മുൻപ് രണ്ടു തവണ വീട്ടിൽ വന്നിട്ടുള്ളതിനാലും, കവിയുടെ ചില വിശേഷങ്ങൾ പങ്കുവെച്ചിട്ടുളളതിനാലും റോസിലിക്ക് വിൽസിനെ കുറെയൊക്കെ അറിയാം. വെള്ളം കൊണ്ടുവന്ന് കൊടുത്ത ശേഷം റോസിലി അടുക്കളയിലേക്ക് മടങ്ങി. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ് വാങ്ങി അടുക്കളയിലെ വാഷ്ബേസിനടുത്ത് വച്ചിട്ട് തിരികെ നടന്നപ്പോൾ ഭാര്യ എന്നോട് ചോദിച്ചു.
'ഇത്തവണ വിൽസ് താമസിക്കാൻ വന്ന മട്ടുണ്ടല്ലൊ. കവിക്ക് ഭക്ഷണം വിളമ്പുമ്പെ ഒന്നൂല്ലാന്ന് വച്ചാ മോശല്ലെ ചേട്ട, ഇറച്ചീം മീനുമൊന്നും കിട്ടൂല്ലാത്ത കാലം. നമുക്കാ പൂവനെയങ്ങ് കൊന്നാലോ? അതാണെങ്കി കൂട്ടിലും കേറൂല്ല. തേങ്ങാപ്പാലൊഴിച്ച വറുത്തര കറീം, കൊറച്ച് പിടീം ഒണ്ടാക്കാം. ഷീലയോട് സന്ധ്യകഴിഞ്ഞ് വരാൻ വിളിച്ചു പറയട്ടെ.' ഞാൻ തലയാട്ടിയ പാടെ ഭാര്യ ഷീലയെ വിളിച്ചു പറഞ്ഞ് ഏർപ്പാടാക്കി.
കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ പൂവൻകോഴിയെ ഓടിച്ചിട്ട് പിടിക്കാനുള്ള ആസൂത്രണത്തിലായി. അതിരിൽ പിടക്കോഴികൾക്കൊപ്പം ചികഞ്ഞു നടന്നിരുന്ന പൂവനെ ഞാനും റോസിലിയും കൂടി ഓടിക്കുവാൻ തുടങ്ങി. അതു കണ്ട് വിൽസും കൂടെ ചേർന്നു. മൂന്നു വശത്തു നിന്നും ഞങ്ങൾ നടത്തിയ നീക്കം ഫലം കണ്ടു. വിൽസിൻ്റെ കൈപ്പിടിയിൽ നിന്ന് ചുവന്ന പൂവൻകോഴി ആർത്തലച്ച് പിടഞ്ഞ് രക്ഷപെടാനുള്ള അവസാന ശ്രമവും നടത്തി.
വിൽസ് ആവശ്യപ്പെട്ട പ്രകാരം ഭാര്യ അരിവാൾ എടുത്തു കൊടുത്തു. വീടിൻ്റെ പിൻഭാഗത്തെ അലക്കുകല്ലിൽ കോഴിയെ ഇരുത്തി അതിനോട് കുറച്ചു നേരം വിശേഷം പറഞ്ഞു. അപ്പോഴും വിൽസിൻ്റെ ഇടതുകൈ കോഴിയുടെ കഴുത്തിൽ അമർത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. കോഴിയുടെ കഴുത്തിനടിയിലെ പൂടയാകെ പറിച്ചു കളഞ്ഞ ശേഷം മൂർച്ചയുള്ള അരിവാൾ കഴുത്തിലേക്ക് ചേർത്തതോടെ ചോര ചീറ്റി. കൈയ്യിൽ നിന്നുവിട്ട കോഴി നിലത്തു കിടന്ന് രണ്ടുപെട പെടച്ചു. തിളച്ച വെള്ളത്തിൽ മുക്കിയെടുത്ത ശേഷം പപ്പും പൂടയും പറിച്ചതും, പരമ്പരാഗത രീതിയിൽ തോലുരിഞ്ഞ് കോഴിയെ ഡ്രസു ചെയ്തതും, ചെറുകഷണങ്ങളാക്കി പാത്രത്തിലേക്കിട്ടതും വിൽസ് ഒറ്റക്കായിരുന്നു. കവിയുടെ പ്രവർത്തികൾ ഞാൻ ചെയ്യാത്തവയായതിനാൽ അവയെല്ലാം റോസിലിക്ക് ഇഷ്ടപ്പെട്ടെന്ന് തോന്നി.
തെക്കേമുറ്റത്തിനു പുറത്തു നിന്നിരുന്ന വലിയ കപ്ളത്തിലെ ഒരു കുഞ്ഞൻ പപ്പായ പറിച്ചു കൊണ്ടുവന്ന് അതിൻ്റെ ഒരു ഭാഗം കഷണങ്ങളാക്കി റോസിലിയെ ഏൽപ്പിച്ച ശേഷം 'നാടൻ കോഴി നന്നായി വേവാൻ ഇതു വേണ',മെന്ന് വിൽസ് സമർത്ഥിക്കുന്നതു കേട്ടു. പൊതിച്ചതേങ്ങ ഇരിക്കുന്നിടം കണ്ടു പിടിച്ച് അതിലൊന്ന് പൊട്ടിച്ച്, അതിൽ ഒരു മുറിയെടുത്ത് വട്ടത്തിൽ അടർത്തിമാറ്റി ഇറച്ചിയിൽ ഇടുവാനുള്ള നീളൻ തേങ്ങാക്കൊത്തുകൾ തയ്യാറാക്കിയതും വിൽസ് തോമസ് തന്നെയാണ്. 'വറുത്തരകറിക്ക് രുചിയുണ്ടാകണോങ്കി തേങ്ങ ചുട്ടെടുക്കണ',മെന്നു പറഞ്ഞ് അടുത്ത തേങ്ങമുറിയിലെ ചിരട്ടപൊട്ടിച്ച് മാറ്റി അര മുറി തേങ്ങ അപ്പാടെ ആലുവാ പുകയടുപ്പിലെ തീക്കനലിൽ കറുക്കെ ചുട്ടെടുത്ത് അമ്മിക്കല്ലിൽ വച്ച് അരപ്പാക്കി കൊടുത്തതും വിൽസ്.
വിൽസിനെ രാത്രി വീട്ടിൽ താമസിപ്പിച്ചാൽ ശരിയാകില്ലെന്ന നിഗമനത്താൽ കുറെ വർഷങ്ങളായി ആസ്ട്രേലിയയിൽ കുടുംബസമേതം താമസിക്കുന്ന കസിൻ്റെ ആളൊഴിഞ്ഞ അടുത്ത വീട്ടിലാക്കാമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കവി കുടുംബവുമായി അകൽച്ചയിലാണ്, തൊടുപുഴയിലെ സ്വന്തം വീട്ടിൽ വല്ല കാലത്തുമേ ചെല്ലാറൊള്ളു, യാതൊരു സഹായവും വീട്ടിൽ ചെയ്യാറില്ല. എങ്കിലും, വല്ല കാലത്തും വീട്ടിൽ ചെന്നാൽ മൂന്നു പെൺമക്കളോടും ഭാര്യയോടും അസാധാരണമായ സ്നേഹം കൂടും എന്നതൊക്കെ അറിയാം. എങ്കിലും, വിൽസിൻ്റെ ഭാര്യ അന്നയെ വിളിച്ച് അഭിപ്രായം ചോദിച്ചേക്കാമെന്ന് കരുതി കിടപ്പുമുറിയുടെ കതകടച്ചിരുന്ന് ഞാനവരെ മൊബൈലിൽ വിളിച്ചു. അടുത്തറിഞ്ഞവർക്കല്ലെ കൂടുതൽ പറയാനാകുക.
'ജോണേട്ട, എപ്പഴാ വിൽസ് വന്നത്, നന്നായി കഴിച്ചിട്ടുണ്ടെങ്കിൽ വീട്ടിൽ താമസിപ്പിക്കണ്ടാട്ടൊ. ചെലപ്പെ നിങ്ങള് രണ്ടുമായിട്ട് എന്തെങ്കിലും വിഷയത്തില് കോർക്കും. അങ്ങനെ സംഭവിച്ചാ പിന്നെ ദുരന്താ. നല്ലത് അടുത്ത് എവിടേക്കെങ്കിലും മാറ്റി പാർപ്പിക്കണത. ചെലപ്പെ ഒരാഴ്ച്ച, അല്ലെങ്കി ഒരു മാസം നിങ്ങള് സഹിക്കേണ്ടി വരൂട്ടൊ. ആയിരോ, രണ്ടായിരോ കൊടുത്ത് പറഞ്ഞയക്കുന്നത അതിലും ബുദ്ധി. അതാവുമ്പെ വേറെ എങ്ങോട്ടെങ്കിലും വിൽസ് പൊക്കോളും'.
അടുപ്പിൽ നിന്നും ഇറച്ചിയുടെ മണം മെല്ലെ പരക്കാൻ തുടങ്ങിയിരുന്നു. ലുങ്കി, ഹാഫ്ഷർട്ട്, തോർത്ത് ഇവ ഉപയോഗിക്കാത്തത് ഒരോന്ന് അലമാരയിൽ നിന്ന് ഒരു കിറ്റിലാക്കി. അപ്പുറത്തെ വീടിൻ്റെ താക്കോൽ കൂട്ടവും കിറ്റിലിട്ടു. 'എന്നാ നമുക്ക് അപ്പുറത്തെ വീട്ടിലേക്ക് പോയേക്കാം', എന്ന് പറഞ്ഞതോടെ എന്തിനെന്നറിയാതെ നിന്ന വിൽസിനോട് 'താമസം പടിഞ്ഞാറെ വീട്ടില്', എന്ന് ഞാൻ അറിയിച്ചു. 'ഈ സൗകര്യമൊക്കെ മതിയായിരുന്നു', എന്നു പറഞ്ഞ കവി സഞ്ചി തോളിൽ തൂക്കി നടന്നതിനു പിന്നാലെ അകലം പാലിച്ച് ഞാൻ അപ്പുറത്തെ വീട്ടിലേക്ക് നടന്നു.
അയൽപക്കത്തെ വീടിൻ്റെ പിന്നിലെ സിമൻ്റു ഗോവണി കയറി ചെല്ലുന്നത് വാർക്കപ്പുറത്തേക്കാണ്. വാർക്കയുടെ ഒരു മൂലയിലായിട്ടാണ് ആ ഒറ്റമുറി. സ്റ്റോർ സൗകര്യം ഉദ്ദേശിച്ച് പണിതിട്ടുള്ളതാണെങ്കിലും കട്ടിലും, കിടക്കയും, തലയിണയും, മേശയും, കസേരയും ഒക്കെ മുറിയിലുണ്ട്. ടോയ്ലറ്റ് കൂടി ഉള്ളതിനാൽ കിടപ്പുമുറിയുടെ പൂർണ ഉപയോഗമുണ്ട്. മാസത്തിൽ ഒരിക്കൽ ഷീലയെക്കൊണ്ട് താഴെ നിലയിലെയും, ഈ മുറിയിലെയും പൊടിയൊക്കെ തൂത്തു തുടച്ച് അടിച്ചുവാരിക്കുന്നതിനാൽ മുറി ക്ലീനാണ്. മുറി കണ്ടതോടെ വിൽസ് തോമസിന് സന്തോഷമായെന്ന് ആ ചിരിയും ഭാവങ്ങളും, താടി കൈകൊണ്ട് തടവുന്നതും കണ്ടപ്പോൾ ഉറപ്പിച്ചു. ലൈറ്റിട്ടശേഷം കൈയ്യിലിരുന്ന വസ്ത്രങ്ങളുടെ കിറ്റ് ഞാൻ വിൽസിന് കൊടുത്തു.
'ഷർട്ടും മുണ്ടും ആകെ മുഷിഞ്ഞു. ഇതൊന്നു മാറ്റി അലക്കാലൊ. എന്നിട്ടൊന്ന് കുളിക്കണം. മാഷ് പൊക്കോ. ഞാൻ വീട്ടിലോട്ട് വന്നേക്കാം', എന്നായി കവി.
ഞാൻ വീട്ടിലെത്തുമ്പോൾ വറുത്തരച്ച നാടൻ കോഴിക്കറി റെഡിയായിരുന്നു. ഒത്തിരി നാളായി ആഗ്രഹിക്കുന്നതാണ്. മകളും കൊച്ചു മക്കളും വന്നാൽ അവർക്കാർക്കും നാടൻ കോഴി വേണ്ട. ഷീല എത്തിയിട്ടില്ല. എന്നിട്ടേ പിടി ഉണ്ടാക്കുന്ന പണിതുടങ്ങൂ. കയിലിൽ ഒരു കഷണം ഇറച്ചിയും, അൽപ്പം ചാറുമെടുത്ത്, ചാറ് ഉള്ളം കയ്യിലേക്ക് ഒഴിച്ച് മാസ്ക് മാറ്റി രുചി നോക്കവെ റോസിലി അടുക്കളയിലെത്തി.
'അതേ. ഈ പണി പറ്റൂല്ല. ഉപ്പു നോക്കാനാണെങ്കി ഒരു പിഞ്ഞാണത്തിലെടുത്ത് മേശപ്പുറത്ത് പോയിരുന്ന് നോക്ക്'.
ഞാൻ സ്റ്റീൽതവി ഇറച്ചി പാത്രത്തിലേക്ക് തിരികെ വച്ചു. ഫ്രിഡ്ജിൽ റിസർവായി രണ്ടു മാസമായി കാത്തു സൂക്ഷിച്ചിരുന്ന വോഡ്കയുടെ പൈൻ്റ്, ഒരു കുപ്പി തണുത്ത വെള്ളം, രണ്ടു നാരങ്ങ, നാലു പച്ചമുളക് കൂടാതെ പെരുമ്പാവൂർ ശർമ്മാസിൽ നിന്നും വാങ്ങിയ കായവറുത്തതും, മിക്ച്ചറും, രണ്ടു ചില്ലു ഗ്ലാസും, ഒരു പേനാക്കത്തിയും കൂടി ഒരു കിററിലാക്കി അപ്പുറത്തെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ വിൽസിന് കുളിക്കാനുള്ള സോപ്പുണ്ടാകില്ലല്ലോ എന്നോർത്ത് ഒരു പിയേഴ്സ് കൂടി കിറ്റിലേക്കിട്ടു.

വര: മറിയം ജാസ്മിന്‍
4. തനിക്കൊണം
വീണ്ടും ചെല്ലുമ്പോൾ, വിൽസ് തോമസ് തോർത്തുടുത്ത് ഡബിൾ മുണ്ട് അലക്കു കല്ലിലേക്ക് ആഞ്ഞടിക്കുകയാണ്. ഉണങ്ങിയ ഒരു ബാർ സോപ്പിൻ്റെ കഷണവും, ദ്രവിച്ചു തുടങ്ങിയ ബ്രഷും അലക്കു കല്ലിൽ ഇരുന്നിരുന്നത് നന്നായി. നല്ലഇരുട്ടു പരന്നു തുടങ്ങിയതിനാൽ പിൻവശത്തെ ലൈറ്റിട്ടു. മുകളിലെ റൂമിൽ സാധനങ്ങൾ വച്ച്, അവിടത്തെ ലൈറ്റിട്ട് പിയേഴ്സ് സോപ്പുമായി തിരികെ എത്തുമ്പോൾ അതുവഴി വന്ന ഷീലയുമായി വിൽസ് സംസാരിക്കുന്നതാണ് കണ്ടത്. കഴുത്തിൽ ഇട്ടിരുന്ന ഷാളിൽ ഒട്ടിച്ചിരുന്ന ചെറു കണ്ണാടി കഷണത്തിലൊരെണ്ണം വിൽസ് ചോദിക്കുന്നത് ഞാൻ കേട്ടു. ഒരു മിഠായി ഷീല കയ്യിൽ പിടിച്ചിട്ടുണ്ട്.
'ഈ ചേട്ടൻ കൊള്ളാലൊ. കണ്ടപാടെ അലക്കാൻ തുടങ്ങിയ ഷർട്ടിൻ്റെ പോക്കറ്റിന്ന് എനിക്കീ മൊട്ടായി തന്നു. എന്നിട്ട് അടുത്ത ചോദ്യം മാസ്ക് ഒന്നു മാറ്റാമോന്ന്. പിന്നേംണ്ട് ആവശ്യം. ഷാളില് പതിപ്പിച്ചേക്കണ ഗ്ലാസുകഷണത്തിൽ ഒരെണ്ണം കൊടുക്കാവോന്ന്. ഏത ഈ ചേട്ടൻ!
'ഷീലേ, ഇത് വിൽസ് തോമസ്. വല്യ കവിയാ. ഒരു ഡസൻ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് യൂട്യൂബില് ഒത്തിരി കവിതകളുണ്ട്. നാടുനീളെ പുസ്തകങ്ങൾ വിറ്റ് നടക്കുന്ന, വായനക്കാരനെ തേടിച്ചെല്ലുന്ന എഴുത്തുകാരന. കൊറെ ദിവസം ഇവിടുണ്ടാകും. വിട്ടുകള. ചെലവൊള്ളതല്ലല്ലൊ. ഒരു കണ്ണാടി കഷണം അങ്ങു പറിച്ചു കൊടുത്തേരെ'.
എൻ്റെ വിശദീകരണത്തോടെ, ഷീലയുടെ കോപം അടങ്ങി. ഷാളിൻ്റെ അരികിൽ നിന്ന് ഒരു ഗ്ലാസുകഷണം പറിച്ചെടുത്ത് തുണിയലക്കുന്ന കല്ലിൽ വച്ചു കൊടുത്തു. പൊതിയഴിച്ച മിഠായി വായിലിട്ട് ഒരു മധുരച്ചിരിയോടെ അതിൻ്റെ കവറ് കയ്യിലിട്ട് തിരുമ്മിക്കൊണ്ട് നിലാവെളിച്ചത്തിൽ ഷീല എൻ്റെ വീട്ടിലേക്ക് നടന്നു പോയി.
'എന്തിനാ ആവശ്യല്ലാത്ത പണിക്ക് പോണെ. അതിൻ്റെ കെട്ട്യോൻ മരിച്ചിട്ട് ഒരു കൊല്ലായിട്ടില്ല'.
'ജോൺസാറെ, പണ്ടുതൊട്ടേ ഞാനിങ്ങനാ. എനിക്ക് ഇത്തരം കുറെ കളക്ഷനുണ്ട്. എല്ലാം വീട്ടില് മക്കള് സൂക്ഷിച്ചിരിക്വ. എന്നെങ്കിലും പോകുമ്പെ ഇതും കൊണ്ടോയി വെക്കാന'.
എത്ര നിഷ്ക്കളങ്കമായ മറുപടി! ഇങ്ങേർക്ക് രണ്ടു തല്ലിൻ്റെ കുറവുണ്ടെന്ന് എനിക്കു തോന്നി. അതിഥിയല്ലെ. നിശബ്ദത ശീലമാക്കിയതിനാൽ ഒന്നും പ്രതികരിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചു. മുറ്റത്തെ പ്ലാസ്റ്റിക്ക് അഴയിൽ ഷർട്ടും മുണ്ടും കുടഞ്ഞ് നിവർത്തി തോരാനിടുന്ന വിൽസ് തോമസിനെ ഞാൻ നോക്കി നിന്നു.
വിൽസ് ഇപ്പോൾ കുഴ ഇല്ലാത്ത മഞ്ഞ പ്ലാസ്റ്റിക്ക് ബക്കറ്റിലേക്ക് വെള്ളം നിറക്കുകയാണ്. കുളിക്കാനുള്ള പുറപ്പാടാകാം എന്നു തോന്നിയതിനാൽ 'കുളി മോളിലെ ബാത്ത് റൂമിലാകാം', എന്ന് ഞാൻ പറഞ്ഞതും, ബക്കറ്റിലെ വെള്ളം തല വഴി ഒറ്റഒഴിപ്പിൽ തീർത്തതും ഒരേ സമയത്തായിരുന്നു. ബാറസോപ്പ് പൊടിഞ്ഞതെടുത്ത് ദേഹത്താകമാനം പുരട്ടുവാൻ തുടങ്ങുമ്പോഴാണ് കൈയ്യിലിരുന്ന പിയേഴ്സ് സോപ്പ് ഞാൻ എടുത്തു കൊടുത്തത്.
അതിൻ്റെ പാക്കറ്റ് പൊട്ടിച്ച് പ്ലാസ്റ്റിക്ക് കവർ മാറ്റി ദേഹമാകെ തേച്ച് പതപ്പിച്ച് നിൽക്കുന്നതിനിടയിൽ കണ്ണിലെ സോപ്പ് പത കൈവിരൽ കൊണ്ട് മാറ്റി 'രാത്രി രണ്ടെണ്ണം അടിച്ചാൽ കൊള്ളാമായിരുന്നു', എന്ന ആഗ്രഹം കവിയിൽ നിന്നും പുറത്തേക്ക് വന്നു. വീണ്ടും രണ്ടു തവണ ബക്കറ്റിൽ വെള്ളം നിറക്കുകയും, തലവഴി വെള്ളമൊഴിച്ച് ദേഹമാസകലം വെള്ളപുതപ്പിച്ചിരുന്ന സോപ്പു പതയെ മുറ്റത്തെ മണ്ണിലേക്ക് ഊർത്തി വിടുകയും ചെയ്തു. പൊടുന്നനെ വിൽസ് അരയിൽ ചുറ്റിയിരുന്ന തോർത്ത് അഴിച്ചെടുത്ത് ദേഹമാകെ തുടക്കുകയും, വീണ്ടും തോർത്ത് അരയിൽ ചുറ്റുകയും ചെയ്തു.
'ഡ്രസ് ചെയ്തിട്ട് നമുക്ക് വീട്ടീപോയി ഭക്ഷണം കഴിക്കാം. പിടി ഉരുട്ടും മുമ്പ് ഭക്ഷണം കഴിക്കാന്ന റോസിലി പറയണെ.'
വിൽസിൻ്റെ പിന്നാലെ സ്റ്റെപ്പ് കയറി മുറിയിലെത്തിയപ്പോൾ മേശപ്പുറത്തെ കിറ്റിൽ നിന്നും കുപ്പി ഞാൻ പുറത്തെടുത്തിട്ട് പറഞ്ഞു. 'ദാ സാധനം. അൻസാരികളുമുണ്ട്. തിരിച്ചുവന്നിട്ട് കഴിച്ചോളു'. ഭക്ഷണം കഴിച്ചിട്ട് അടിക്കുന്ന കൂട്ടത്തിലാണ് വിൽസ് എന്നാണ് കേട്ടിട്ടുള്ളത്. കവി താടി തടവി ഒരിക്കൽക്കൂടി എന്നെയാകെ ഉഴിഞ്ഞിട്ടൊന്ന് ചിരിച്ചു. തോർത്ത് മാറ്റി കൈലി ഉടുത്ത്, ഹാഫ്കൈ ഷർട്ടിട്ട്, മുടി ചീകി വിൽസ് തോമസ് റെഡിയായി.
ചോറും കറികളും ഡൈനിങ്ങ് ടേബിളിൽ നിരന്നിരുന്നു. വിൽസും, ഞാനും ഡൈനിങ്ങ് ടേബിളിൽ ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ഷീലയും, റോസിലിയും വർക്ക് ഏരിയയിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. നാടൻ കോഴിയിറച്ചി കുറച്ചെടുത്ത് പെരളനാക്കിയത് 'സൂപ്പറായിട്ടുണ്ടെന്ന്', കവിയുടെ പ്ലേറ്റിലെ ഒരു കഷണം ഇറച്ചി കൈകൊണ്ട് എൻ്റെ പ്ലേറ്റിലേക്കിട്ടു കൊണ്ട് വിൽസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്ന വിരലുകൾ കൊണ്ടിട്ട ആ ഇറച്ചി കഷണം ഞാൻ കഴിച്ചില്ലാട്ടൊ. അങ്കമാലി മാങ്ങാക്കറിയും, ചാമ്പങ്ങ അച്ചാറും, പൈനാപ്പിൾമോരുകറിയും വിൽസിന് ഇഷ്ടപ്പെട്ടു. സിറ്റൗട്ടിലെ കസേരകളിലിരുന്ന് ഞാനും വിൽസും കുറച്ചു നേരം പഴയ അനുഭവങ്ങൾ സംസാരിച്ചിരുന്നു. മുല്ലനേഴിയും, ജോണും, വിനയചന്ദ്രനും അപ്പോൾ തൊട്ടടുത്ത് നിൽക്കുന്നതു പോലെ തോന്നി. വിൽസിൻ്റെ താൽപ്പര്യ പ്രകാരം മുകളിലത്തെ നിലയിലെ പുസ്തക മുറിയുടെ താക്കോലെടുത്ത് ഹോം ലൈബ്രറി കാണിച്ചു കൊടുത്തു. 12 റാക്കുകളിലെ എൻ്റെ പുസ്തക കളക്ഷൻ കണ്ട് കവി ഞെട്ടിയെന്ന് തോന്നുന്നു.
അപ്പോഴേക്കും റോസിലിയുടെ വിളി വന്നു. 'പിടി ഉരുട്ടാൻ കൂടുകയല്ലേ?' പുട്ടിൻ്റെ അരിപ്പൊടിയും, പിടിയുടെ ചേരുവകളും, ആവശ്യത്തിന് വെള്ളം ചേർത്ത് റോസിലി കുഴച്ച് പരുവമാക്കിയത് വലിയ ചതുരൻ അരിമാവിൻ കഷണമായി ഉരുളിയിൽ നിറഞ്ഞു നിന്നു. മാവിൻ്റ ഒരരികിൽ നിന്നും അരിയാസുകായയുടെ അത്ര വലുപ്പത്തിൽ മാവെടുത്ത് അത് വലതു കൈവിരൽ കൊണ്ട് വലത് ഉള്ളംകൈയ്യിൽ വച്ച് ഇടത് ഉള്ളം കൈയ്യുടെ സഹായത്താൽ ഉരുട്ടി അരിപ്പൊടി വിതറിയിരുന്ന മുറത്തിലേക്ക് എറിഞ്ഞ് ഞാൻ പിടി ഉരുട്ടലിന് തുടക്കം കുറിച്ചു. അങ്ങനെ, ഞങ്ങൾ നാലും നാലിടത്തിരുന്ന് ഉരുട്ടിയ പിടി ഉരുളകൾ അവസാനം രണ്ടു മുറങ്ങളിലാക്കി. അപ്പോൾ ഷീലക്കൊരു ഫോൺ വന്നു.
'ചേച്ചി, മാധവൻ ചേട്ടൻ മരിച്ചൂന്ന്. രണ്ടു ദെവസായിട്ട് ആശുപത്രീലായിരുന്നു. കൊണ്ടു വന്നാലും കാണാൻ പോകാനാകൂന്ന് തോന്നണില്ല'.
നിയന്ത്രണങ്ങള്‍ മൂലം എത്രയോ അടുപ്പക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല. മരിച്ചവരോടുള്ള സ്നേഹവും, ആദരവും അറിയിക്കുവാൻ ആകുന്നില്ല എന്നോർത്ത് ഞാൻ ആകുലപ്പെട്ടു.
'ഷീലേനെ വീട്ടിലേക്ക് വിട്ടേരെ', എന്ന് ഭാര്യ റോസിലി പറഞ്ഞതും, വിൽസ്
'ഞാ കൊണ്ടോയി വിട്ടിട്ടു വരാം', എന്നു പ്രതികരിച്ച് മുറ്റത്തുകൂടി നടന്നു തുടങ്ങിയ ഷീലയുടെ പിന്നാലെ കൂടി. ഞാൻ ഓടിപ്പോയി അടുക്കളയിലിരുന്ന ടോർച്ച് എടുത്തു കൊടുത്തെങ്കിലും 'നിലാവുണ്ടല്ലോ, മൊബൈലല്ലെ കൈയ്യിലുള്ളത്', എന്നു പറഞ്ഞ്, ടോർച്ച് വാങ്ങുവാൻ വിൽസ് തയ്യാറായില്ല. വീടിൻ്റെ താഴെയുള്ള പറമ്പിലെ പുല്ലു വളർന്നുതുടങ്ങിയ വഴിയിലൂടെ അവർ നടന്നു. മൊബൈലിലെ വെളിച്ചം ഇടക്ക് മിന്നിയപ്പോൾ ഷീലയുടെ ഷാൾ വിൽസിൻ്റെ കഴുത്തിലുണ്ടായിരുന്നു. അവരങ്ങനെ നടപ്പു വഴിയിലൂടെ താഴെ പറമ്പിലെ ഇരുളിലേക്ക് മറയുന്നത് നോക്കി നിന്ന എന്നോട് 'ഏട്ടനും കൂടി പോവാമായിരുന്നില്ലെ. കവിയെ അറിയാവുന്നതല്ലെ?', എന്നൊക്കെ ഭാര്യ പറഞ്ഞതിന് എനിക്ക് മറുപടി ഉണ്ടായില്ല.
ഉരുളി അടുപ്പത്തുവെച്ച് വെള്ളമൊഴിച്ച് പിടിപാചകം ചെയ്യുവാൻ തുടങ്ങുന്ന റോസിലിയെ സഹായിക്കുവാൻ മനസു വരാത്തതിനാൽ കുറച്ചു നേരം കിടക്കാമെന്ന് കരുതി ഞാൻ ബെഡ് റൂമിലേക്ക് പോയി. കുറെ കഴിഞ്ഞ് പടിഞ്ഞാറെ വീട്ടിലെ ഗോവണി കയറിപ്പോകുന്ന വിൽസിനെ കണ്ണടക്കാതെ കിടന്നിരുന്ന ഞാൻ ജനാലയിലൂടെ കണ്ടു. പിന്നെ, ഇനിയുള്ള പണി റോസിലി ചെയ്യട്ടേ എന്ന് മനസിൽ കുറിച്ച് ചെറുതായൊന്ന് മയങ്ങുവാൻ തുടങ്ങി.
ടോയ്ലറ്റിൽ പോകുവാൻ എഴുന്നേറ്റ ഞാൻ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു. അടുക്കളയിൽ വെളിച്ചമുണ്ട്. വലിയ അടുപ്പിൽ ഓട്ട് ഉരുളിയിൽ പിടിയുടെ ലെവലിൽ നിൽക്കുന്ന കുറുക്കിൽ നിന്നും കുമിളകൾ പൊട്ടി ആവി മേലോട്ട് ഉയരുന്നു. ചെറിയ അടുപ്പിൽ വശം ചാരി നിന്ന് വിൽസ് വലിയ അടുപ്പിലെ ഉരുളിയിലുള്ള പിടി അടിയിൽ പിടിക്കാതെ ഇളക്കുകയാണ്. ഇയാളിത് എപ്പോൾ വന്നിട്ടുണ്ടാകും. ഇടക്ക് വേവ് നോക്കുവാനായി ചെറിയ സ്റ്റീൽ പിഞ്ഞാണത്തിലേക്ക് ഒരുരുള ഇടുകയും, ചൂടോടെ അത് വായിലേക്കിടുകയും ചെയ്യുകയാണ്.
എന്നെ കണ്ടപാടെ കവി പറഞ്ഞു. 'ചേച്ചി കുളിക്കണു'. വിൽസ് ഇളക്കു നിറുത്തി പിടി ഉരുളിപ്പാടെ തീകത്തിക്കാത്ത അടുപ്പിലേക്ക് മാറ്റി. ഭാര്യ എടുത്തു വച്ചിട്ടു പോയ, രണ്ടു വലിയ അലുമീനിയം ട്രേകളിലേക്ക് പിടിചൂടോടെ കോരിയിട്ട് നികക്കെ പരത്തി. ഉരുളിയിൽ ബാക്കി ഉണ്ടായിരുന്ന കുറച്ചു പിടി തവി കൊണ്ട് വടിച്ചെടുത്ത് ഞാൻ രണ്ട് സ്റ്റീൽ പിഞ്ഞാണങ്ങളിലാക്കി അതിലേക്ക് കോഴിവറുത്തരച്ചതിൻ്റെ ചാറ് കുറേശ്ശെ ഒഴിച്ചു. ഞാൻ ഒരു പിഞ്ഞാണത്തിൽ നിന്നും കഴിച്ചു തുടങ്ങവേ, വിൽസിനോട് പിടിയെടുത്ത് കഴിക്കുവാൻ പറഞ്ഞെങ്കിലും 'വേണ്ട. ചേച്ചി വരുമ്പം കഴിച്ചോട്ടെ', എന്നു പറഞ്ഞ് വർക്ക് ഏരിയയിലെ വാതിൽ തുറന്ന് പിന്നാമ്പുറത്തു കൂടി പടിഞ്ഞാറെ വീട് ലക്ഷ്യമാക്കി നടന്നു. ഞാൻ വാതിലടച്ചു വന്നു കിടക്കുമ്പോഴും മുൻ വശത്തെ കിടപ്പുമുറിയുടെ കുളിമുറിയിൽ വെള്ളം വീഴുന്നതിൻ്റെ ശബ്ദം കേൾക്കാമായിരുന്നു.

വര: മറിയം ജാസ്മിന്‍
5. ഊരാക്കുടുക്ക്
എന്നും രാവിലെ അഞ്ചിന് എഴുന്നേൽക്കുന്ന ഞാൻ ഉണരുവാൻ പതിവിലും വൈകി. ലോക്ക് ഡൗൺ ആയതോടെ റോഡിൽ രാത്രി സമയം വാഹനങ്ങളുടെ ശബ്ദം
അപൂർവമായെ ഒള്ളു. അതു കൊണ്ട് ഉറക്കം നന്നായി കിട്ടും. എഴുന്നേറ്റയുടൻ വിൽസ് തോമസിനെ കാണുവാൻ ഞാൻ അയൽവീട്ടിലേക്ക് നടന്നു. ഗോവണി കയറി ഒന്നാം നിലയിലെ മുറിയിലെത്തി. തുറന്നു കിടക്കുന്ന മുറിയിലോ, ടോയ്ലറ്റിലോ വിൽസ് ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് മൊബൈലും, തുറന്നു വച്ച ഡയറിയും, പേനയും. ഡയറിയിൽ ഇന്നത്തെ തീയതി കുറിച്ച പേജിൽ 'സ്മൃതി' എന്ന പുതിയ കവിതയുണ്ട്.
'വെട്ടിപ്പഴത്തിൻ്റെ
മധുരം നുണഞ്ഞതും,
കാരപ്പഴത്തിൻ്റെ
കയ്പു രുചിച്ചതും,
മാമ്പഴച്ചാറു നീ
ഈമ്പിക്കുടിച്ചതും,
തേൻവരിക്കച്ചക്ക
ആർത്തിയാൽ
തിന്നതും
ഇന്നെന്നപോൽ
ഞാനോർക്കുന്നു
എൻ്റെ പൊന്നോമനേ...'
എന്നു തുടങ്ങുന്നതാണ് കവിയുടെ പുതിയ സൃഷ്ടി.
വിൽസിനെ അന്വേഷിച്ചു നടക്കവെ, എൻ്റെ വീടിൻ്റെ താഴെ ഭാഗത്ത് കിണറ്റിൻകരയിൽ കപ്പി കരയുന്നതിൻ്റെ ശബ്ദം കേട്ടു. ഞാൻ ചെല്ലുമ്പോൾ കവി വായിൽ ബ്രഷ് കടിച്ചു പിടിച്ചിരിക്കുകയാണ്. വായനിറച്ചും ചുവപ്പൻ പത. പത ഇറ്റും പുറത്തേക്ക് ചാടാതെകൊണ്ട് കിണറ്റിൽ നിന്നും അലുമീനിയം ബക്കറ്റിൽ വെള്ളം കോരുകയാണ്. വായും മുഖവും കഴുകി തീരും വരെ ക്ഷമയോടെ അറടി അകലത്തിൽ കാത്തു നിന്ന എനിക്ക് പേസ്റ്റും, ബ്രഷും വച്ചു നീട്ടിക്കൊണ്ട് വിൽസ് തോമസ് പറഞ്ഞു.
സാറിൻ്റെ ബ്രഷ. ചേച്ചി എടുത്തു തന്നത. പൊക്കോട്ടൊ. ഞാൻ തോട്ടവും, പച്ചക്കറി കൃഷിയും കണ്ടിട്ടു വരാം.'
വിൽസ് എന്നെ തിരികെ ഏൽപ്പിച്ച പേസ്റ്റും ബ്രഷുമായി വീട്ടിലേക്ക് നടക്കുമ്പോൾ 'ഇയാള് എന്തോന്ന് സാധനം', എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. മറ്റൊരാൾ കുളിക്കുന്ന സോപ്പും തോർത്തും ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗിക്കാത്ത എനിക്ക് കിട്ടിയ പണി. ബ്രഷ് വാങ്ങാൻ പോയിട്ട് പലചരക്കോ, മരുന്നോ വാങ്ങുവാൻ പോയാൽ പോലും ചോദ്യം ചെയ്യപ്പെടുന്ന കോവിഡ് കാലമെങ്കിലും, ബ്രഷ് ഞാൻ പിൻവശത്തെ ഔട്ട് ഹൗസിൻ്റെ വരാന്തയിൽ വച്ചിരിക്കുന്ന വെയിസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. വീടിൻ്റെ പിൻവാതിൽ കടന്ന് അടുക്കളയിലേക്ക് ചെന്ന ഞാൻ റോസിലിയോട് ചോദിച്ചു.
'മോളെന്ത ചെയ്തെ. എൻ്റെ ബ്രഷും കൊണ്ടാ അയാള് പല്ലുതേച്ചെ.'
'എന്നോട് ചേട്ടൻ്റെ ബ്രഷും പേസ്റ്റും ചോദിച്ചപ്പം പറഞ്ഞു വിട്ടതാരിക്കൂന്ന് കരുതി ഞാനെടുത്തു കൊടുത്തു. അങ്ങേരടെ പല്ലു തേക്കാനാർന്നൂന്ന് എനിക്കറിയില്ലല്ലോ.'
മനപ്രയാസത്താൽ പത്തു മിനിറ്റ് സമയം സിറ്റൗട്ടിലെ കസേരയിൽ നിരാശപ്പെട്ട് ഞാൻ ഇരുന്നു. അപ്പോഴേക്കും വിൽസ് വന്നു. രാജേഷ്, അക്ബർ തുടങ്ങിയ എൻ്റെ നാട്ടുകാരായ
പുതുകവികളെക്കുറിച്ച്, അവരുടെ അടുത്തിടെ പ്രസിദ്ധീകരിച്ച കവിതകളെക്കുറിച്ച്, പുസ്തകങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. കവിയോടുള്ള നീരസം പ്രകടിപ്പിക്കാതെ നല്ലൊരു അതിഥിയാകുവാൻ ഞാൻ ഒത്തിരി ശ്രദ്ധിച്ചു. കുറെ കഴിഞ്ഞ് റോസിലി വന്ന് 'എന്നാ ചായ കുടിക്കാം', എന്ന് പറഞ്ഞു പോയി. ഡൈനിങ്ങ് ടേബിളിൽ പാത്രങ്ങൾ നിരത്തുന്നതിൻ്റെ ശബ്ദം കേൾക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ വാഷ്ബേസിനടുത്തുള്ള ചെറിയ സ്റ്റാൻഡിൽ വച്ച പേസ്റ്റിൽ നിന്നും അൽപ്പമെടുത്ത് പല്ലുതേച്ചെന്നു വരുത്തി, വിൽസിനൊപ്പം ചായ കുടിക്കുവാൻ ഇരുന്നു.
നല്ല ഡ്രൈ ആയിരുന്ന പിടിയുടെ പീസുകളിൽ ഒരോന്ന് പ്ലേറ്റിലേക്കെടുത്ത് നാടൻ കോഴി വറുത്തരച്ച കുറുകിയ കറി അതിനു മീതേക്കൊഴിച്ച് ഞങ്ങൾ കഴിക്കുവാൻ തുടങ്ങി. കഴിച്ചു കൊണ്ടിരിക്കെ റോസിലി രണ്ടു പേർക്കുമായി കപ്പുകളിൽ ചായ പകർന്നു വച്ചു. കഴിച്ച് തീരാറാകവെ 'ഒരു കാര്യം ജോൺസാറിനോട് പറയാനൊണ്ട്. ചോദിക്കാതെ ഞാനത് ചെയ്തു. ദേഷ്യപ്പെടരുത്. സാറിനും ഗുണമുള്ളതാണ്', എന്നൊക്കെ ഇടതു കൈ കൊണ്ട് താടി തടവി പറയുവാൻ തുടങ്ങി. ഈ മനുഷ്യൻ എന്ത് ദ്രോഹം കഴിഞ്ഞ രാത്രി ചെയ്തുവച്ചു എന്നറിയാതെ ഞാൻ ഒരു നിമിഷം ചിന്തിക്കുകയും, പ്രയാസപ്പെട്ട് ചായകുടി അവസാനിപ്പിക്കുകയും ചെയ്തു.
കൈകഴുകി സിറ്റൗട്ടിൽ പോയിരുന്ന ഞാൻ, കവി ഇന്നലെ ഷീലയുമായി എന്തെങ്കിലും വിഷയം ഒപ്പിച്ചു കാണും എന്നൊക്കെ ചിന്തിച്ചു വശായി. വേറെ എന്തെങ്കിലും ഗുലുമാലുകൾ ആകാമെന്നോർത്ത്, വിവിധങ്ങളായ സാദ്ധ്യതകളെകുറിച്ച് ചിന്തിച്ച് മനസ് നീറി ഞാൻ ദയനീയ അവസ്ഥയിലായി. റോസിലിയെ വിളിച്ച് ഒരു ഗ്ലാസ് വെള്ളം എടുപ്പിച്ച് കുടിച്ചു. കൈ കഴുകി, ടോയ്ലറ്റിൽ പോയി വന്ന വിൽസ് എനിക്കരികിലെത്തി കുറച്ച് പരുഷമായി സംസാരിക്കുവാൻ തുടങ്ങി.
' ചെയ്തത് ചെയ്തു. നിങ്ങള് ബഹളം വച്ചാലും കാര്യോല്യ. നമുക്ക് അപ്പുറത്തെ വീടു വരെ ഒന്നു പോണം'.
വിൽസ് എന്നെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ടുപോയി. അപ്പുറത്തെ വീട്ടിലേക്കുള്ള നടപ്പുവഴിയിലൂടെ നടക്കവെ 'ആ എന്തെങ്കിലുമാകട്ടെ, വരുന്നിടത്തു വച്ചു കാണാം', എന്ന് മനസിലുറച്ച് ഊർജം സംഭരിച്ച് വീടിൻ്റെ രണ്ടാം നിലയിലേക്ക് വിൽസിൽ നിന്നും അകലം പാലിച്ച് ഗോവണി കയറവെ ചെറുത്തു നിന്ന ആ പെണ്ണിനെ ഇയാളെങ്ങാനും ഉപദ്രവിച്ചു കാണുമോ എന്നുവരെ ചിന്തിച്ചു.
മുറിയിലെ മേശപ്പുറത്ത് 500ൻ്റെ ഒരു നോട്ടുകെട്ടിരുന്നതിൽ നിന്നും മൂന്നുനോട്ടുകൾ വലിച്ചൂരി 'ഞാനിതെടുക്കുവാ', എന്നു പറഞ്ഞ് വിൽസ് നോട്ടുകൾ തൻ്റെ തോൾ സഞ്ചിയിലേക്ക് ഇട്ടു. അനന്തരം നോട്ടുകെട്ട് എൻ്റെ കൈവെള്ളയിലേക്ക് നിർബന്ധിച്ച് വച്ചു തരുമ്പോൾ 'ഇതെന്തിൻ്റെ പൈസയാന്ന് അറിയാതെ ഞാനെങ്ങനെയ വാങ്ങിക്കണെ', എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും വിൽസിന് ഞാൻ കീഴ്പ്പെട്ടു. മൂന്ന് നോട്ടുകൾ എടുത്തത് കമ്മീഷൻ ആയിട്ടാണെന്ന് മനസിലായെങ്കിലും, എന്തിൻ്റെ പണമെന്ന് പറയാത്തതിനാൽ ദേഷ്യം പ്രകടിപ്പിച്ചു നിന്ന എന്നെ വിൽസ് വീണ്ടും പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുപോയി.
എൻ്റെയോ കസിൻ്റെയോ പറമ്പിലെ മരങ്ങളോ, മണ്ണോ, അതോ ഭൂമി തന്നെയോ വിൽക്കുവാൻ കരാറാക്കിക്കാണാം എന്ന ചിന്തയാൽ എൻ്റെ ഉള്ളിൽ നിന്നും തീ ആളുവാൻ തുടങ്ങി. കസിൻ്റെ ആണെങ്കിൽ എന്നെ വിശ്വസിച്ച്, വീടും പറമ്പും ഏൽപ്പിച്ചിട്ടു പോയിരിക്കുന്നതല്ലെ? മുന്നിൽ നടന്ന വിൽസ് കസിൻ്റ വീടിൻ്റെ മുൻവശത്ത് എത്തി കോളിങ്ങ് ബെല്ലടിച്ചു. ഞങ്ങൾ കാത്തു നിന്നിട്ടും വാതിലാരും തുറക്കാതിരിക്കെ വിൽസ് പറഞ്ഞു.
'മൂന്നുമാസത്തെ വാടക 50000 ആണ് അഡ്വാൻസായി തന്നത്. പരിചയപ്പെട്ടാൽ സാറിനും പുതിയ താമസക്കാരെ ഇഷ്ടമാകും. അർച്ചനേം, ഞാനും ആലുവായിലെ പഴേ പരിചയക്കാര. ഇന്നലെ രാത്രി രണ്ടിന അവള് വിളിക്കുന്നെ. അത്യാവശ്യമായി വീടുമാറുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ഞാനീ വീടിൻ്റെ മുകളിലത്തെ മുറിയിലാണ് താമസിക്കുന്നതെന്നും, താഴെവീട് ഒഴിഞ്ഞുകിടക്കുകയാണെന്നും, താക്കോൽ കൈവശമുണ്ടെന്നും പറഞ്ഞത്. അവര് ലൊക്കേഷൻ ഇട്ടു കൊടുക്കാൻ പറഞ്ഞു. കമ്പനിപ്പടി സുനീഷിൻ്റെ സഹായം ലഭിച്ചതിനാൽ രാവിലെ നാലു മണിയോടെ സാധനങ്ങളുമായി അവരെത്തി'.
ഈ മനുഷ്യനെ പോലെയുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും, ഇന്നലെ സന്ധ്യക്ക് വന്നപ്പോൾ ഇവിടെ താമസിപ്പിച്ചതാണ് എൻ്റെ തെറ്റെന്നും ഞാൻ ഉറപ്പിച്ചു. ഞാനങ്ങനെ വിഷാദിച്ചു നിൽക്കവേ, ഗേറ്റു തുറന്ന് ഒരു കാറു വന്ന് പോർച്ചിൽ നിർത്തി. തത്സമയം തന്നെ വീടിൻ്റെ വാതിൽ തുറക്കപ്പെടുകയും, മോഡേൺലുക്കിലുള്ള, മാസ്ക് ധരിച്ച സ്ത്രീ, അർച്ചനയാകണം ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു. 'എത്തിയോ', എന്നു ചോദിച്ച് ഒരു 30കാരിയും, അതിനു പിന്നാലെ മെല്ലിച്ചൊരു 25കാരിയും വാതിൽക്കൽ വരെ വന്നു. 'എൻ്റെ ആങ്ങളേട മോന വിൽസേട്ട', എന്ന് കാറിൽ നിന്നും ഇറങ്ങി വന്ന ചെറുപ്പക്കാരനെ നോക്കി അർച്ചന പറയുകയും, ഇത്രയും ആളുകളെ പ്രതീക്ഷിക്കാത്തതിനാൽ നാണത്തോടെ സിറ്റൗട്ടിലേക്ക് കാലെടുത്തു വച്ച അയാളെ വാതിൽക്കൽ നിന്നവർ പുറത്തേക്ക് വന്ന് കൈപിടിച്ച് വലിച്ച് കൊണ്ടു പോകുകയും ചെയ്തു.
അർച്ചന വിൽസിനോട് പറയുന്നു, 'വിൽസേട്ട, വീടൊക്കെ ഇഷ്ടപ്പെട്ടു. ബെഡ് റൂമിൻ്റെ ഭിത്തി സൂപ്പർ. ഞാനിത്രേം കരുതീല്ല. അടിയന്തിര ഘട്ടത്തിൽ പ്രയോജനപ്പെടും.'
ഒന്നുമല്ലാത്തവനെപ്പോലെ, ഒന്നും പറയുവാൻ പറ്റാതെ ഞാനങ്ങനെ നിന്നു. അർച്ചന, വിൽസ് തോമസിനെ അരികിലേക്ക് വിളിച്ച് ചെവിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. സംസാരം കഴിഞ്ഞയുടൻ അവർ എന്നോടായി പറഞ്ഞു 'തെരക്കായിട്ട. ചേട്ട, നമുക്ക് കാണാട്ടൊ'. വിൽസിനെ ഒപ്പം കൂട്ടാതെ ഞാനെൻ്റെ വീട്ടിലേക്ക് നടന്നു. ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞാൽ ആരാലൊക്കെ വിളിക്കപ്പെടുമെന്നോ, എവിടെയൊക്കെ പോകേണ്ടി വരുമെന്നോ എന്നതിലായിരുന്നില്ല, വിൽസ് നല്ലവനായ ഒരു ദുഷ്ടനാണല്ലോ, അയാൾ ചുരുങ്ങിയ സമയം കൊണ്ട് ഇത്രമാത്രം ഒപ്പിച്ചല്ലോ എന്നോർത്താണ് എനിക്ക് സങ്കടം വന്നത്. വീട്ടുടമയായ കസിനെ വീട് വാടകയ്ക്ക് കൊടുത്ത വിവരം അറിയിക്കാതെ വയ്യല്ലോ. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ, കസിൻ ഇതിനകം തന്നെ മറ്റാരെങ്കിലും വിളിച്ചു പറഞ്ഞ് വിവരങ്ങൾ അറിഞ്ഞശേഷം, എന്നെ വിളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
വീടിൻ്റെ മുൻവശത്തെ മുറ്റത്തുകൂടി ഉലാത്തവെ എൻ്റെ പിന്നാലെ കൂടിയ വിൽസിനെ ഞാൻ അവഗണിച്ചു. ഇതിനിടയിൽ കവി തലവേദന എടുക്കുന്നെന്നു പറഞ്ഞ് റോസിലിയോട് വിക്സിൻ്റെ കുപ്പി വാങ്ങി നെറ്റിയിലാകെ ക്രീം പുരട്ടി. വിൽസ് മൂക്ക് ചീറ്റുന്നതിനൊപ്പം, മൂക്കൊലിപ്പിക്കുവാനും ചുമക്കുവാനും തുടങ്ങിയിരിക്കുന്നു. പ്രശ്നമായെന്ന് എനിക്ക് ഉറപ്പായി.
വര: മറിയം ജാസ്മിന്‍
6. സ്മരണാഞ്ജലി
വിൽസ് അപ്പുറത്തെ വീട്ടിലേക്ക് പൊറുപൊറുത്തു കൊണ്ട് നടന്നു പോയിട്ട്, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയാളെ എത്തിച്ചിട്ട്, കോവിഡ് ബാധിച്ച് ലോകമെങ്ങുമുള്ള ആയിരങ്ങൾക്കൊപ്പം കവിയും ഓർമ്മയായിട്ട്, ഓട്ടോക്കാരൻ ഇറക്കി വച്ച പുസ്തകപ്പൊതി ലൈബ്രറികൾക്ക് സൗജന്യമായി വിതരണം ചെയ്തിട്ട്, സ്നേഹസ്മരണയുടെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ആ ദിനങ്ങളുടെ ഓര്‍മ്മകള്‍ മാത്രം വല്ലാത്ത ഭീതിയായി നിറഞ്ഞു നില്‍ക്കുന്നു. വല്ലാത്ത ഒരു കാലമായിരുന്നു. ഒന്നിനും വഴങ്ങാത്തവനായിരുന്നു കവി. ഇപ്പോൾ കവിയുടെ ആരാധകർ ഉൾപ്പെടെ ആരെങ്കിലും ആ കവിതകള്‍ വായിക്കുന്നുണ്ടാകുമോ? ആ അരാജക ജീവിതം കുടുംബം പോലും ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ, ഏറെ നാളുകള്‍ വേണ്ടി വന്നു എനിക്ക് ആ ആഘാതത്തില്‍ നിന്ന് മോചിതനാകുവാൻ. ഇതിനിടെ ഞാന്‍ ആ നോവല്‍ പോലും ഉപേക്ഷിച്ചു. മനുഷ്യന്‍ എന്താണെന്ന്, ഒരോരുത്തരും ഇത്രയോ ഉള്ളൂ എന്ന് സ്വന്തം ജീവിതം കൊണ്ടു തന്നെ എന്നെ പഠിപ്പിക്കുകയായിരുന്നല്ലോ വില്‍സ് തോമസ്! ഒരിക്കലും താങ്കളെ മറക്കില്ല വില്‍സ് ...