
ഫ്ലോറിഡയിലെ ജാക്ക്സണ്‍ വില്ലില്‍ സെന്റ് ജോണ്‍സ് നദിമുഖത്തു നില്‍ക്കുമ്പോള്‍ സ്റ്റീഫന്‍ ക്രയിന്‍ എഴുതിയ ഓപ്പണ്‍ ബോട്ട് എന്ന ചെറുകഥയാണ് എന്‍റെ മനസ്സില്‍ വന്നത്.ഗോദാവരി പോലെ വിശാലമായ ആ നദി അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ഇവിടെ ഒരു വഞ്ചി അപകടത്തില്‍ പെട്ടതും അതിലകപ്പെട്ട യാത്രികരുടെ മനോവികാരങ്ങളുമാണ് ആ ചെറുകഥയില്‍ ഉള്ളത് .യഥാര്‍ത്ഥ സംഭവത്തിനു കഥയുടെ ആവരണം നല്‍കിയ എഴുത്ത് .പക്ഷേ അത് സ്ഥലകാലങ്ങളെ ഭേദിച്ചു ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .വിശാലമായ ഒരു ഭൂമികയില്‍ ചെറിയ ഒരു വഞ്ചിയില്‍ മരണത്തെ മുഖാമുഖം കാണുന്ന മനുഷ്യരുടെ വിഹ്വലതകള്‍ സ്റ്റീഫന്‍ ക്രയിന്‍ ഒപ്പിയെടുക്കുന്നു .ഇന്നേവരെ എഴുതപ്പെട്ട കഥകളില്‍ മികച്ച ഒന്നാണിതെന്ന് എല്ലാവരും തന്നെ സാക്ഷ്യപ്പെടുത്തുന്നു .ഇവിടെ കഥ ഒരു വികാരമാണ് വാക്കുകള്‍ കൊണ്ടു പടുത്തുയര്‍ത്തിയ ശില്‍പം .അസാധാരണ ശില്പ ഭംഗിയില്‍ സൃഷ്ടിക്കപ്പെട്ട നവീന കഥ . ഒരു പക്ഷേ ഹെമിങ്ങ് വേയുടെ കിഴവനും കടലിനും ഒപ്പം നിര്‍ത്താവുന്ന കഥ .കഥ നോവലിനെ പോലെ അല്ലെങ്കില്‍ അതിനെ വെല്ലുന്ന സാഹിത്യശാഖയായി മാറുകയാണ് ഇവിടെ .അനുഭവങ്ങളില്‍ നിന്ന് തന്നെയാണ് മര്ക്വേസും കഥകള്‍ എഴുതിയത് .താന്‍ അനുഭവിക്കാത്തതൊന്നും കഥകളോ നോവലോ ആയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു .പക്ഷേ അസാധാരണമായ ശില്പഭദ്രത അതിന്റെ മുഖമുദ്രയാണ് യാഥാര്‍ത്ഥ്യത്തിനും അപ്പുറം സാര്‍വജനീനമായ അനുഭവത്തില്‍ കൊത്തിയെടുത്ത കഥകള്‍ ആണവ .ചെറുകഥ എന്നാണു പേരെങ്കിലും പലപ്പോഴും നോവലിനെ വെല്ലുന്ന മനോഹാരിതയും ആര്‍ജവവുമാണ് അവയുടെ പ്രത്യേകത . കഥയുടെ ഈ അനന്തസാധ്യത മലയാളത്തില്‍ ഊന്നിപ്പറഞ്ഞത് മലയാളത്തില്‍ ലോകനിലവാരത്തിലുള്ള ചില കഥകള്‍ എഴുതിയ ടി പദ്മനാഭനാണ്.അദ്ദേഹം കഥയില്‍ തന്നെ ഉറച്ചു നിന്നു എന്നത് മറ്റൊരു കൌതുകം
മലയാളത്തില്‍ ഏറെ തിളക്കമാര്‍ന്ന സാഹിത്യ ശാഖയാണ് ചെറുകഥ .നൂറ്റാണ്ടു പിന്നിട്ട ഈ സാഹിത്യ ശാഖയില്‍ എല്ലാ തലമുറയിലും പെട്ടവരുടെ വലിയ സംഭാവനകള്‍ ഉണ്ട് . .വൈക്കം മുഹമ്മദ് ബഷീര്‍ ആയാലും തകഴി ശിവശങ്കരപ്പിള്ള ആയാലും കാരുരും ഉറൂബും ആയാലും അവരുടെ കഥകള്‍ ആധുനികവും കാലഘട്ടത്തിന്‍റെ സ്വഭാവം പേറുന്നതുമാണ് .അത് പുതിയ എഴുത്തുകാരില്‍ എത്തുമ്പോള്‍ പ്രമേയത്തിലും ഭാഷയിലും ആവിഷ്കാരത്തിലും ശില്പഭംഗിയിലും പുതിയ തലത്തില്‍ എത്തി നില്‍ക്കുന്നു .സ്ത്രീയുടെ ശബ്ദം ഉയര്‍ത്തിയ സരസ്വതിയമ്മ ഇവിടെ വേറിട്ട് നില്‍ക്കുന്നു .

ബഷീര്‍
ഓര്‍മ്മയില്‍ നില്‍ക്കുന്ന എത്രയോ കഥകള്‍ എന്‍റെ മുന്നില്‍ ഉണ്ട് .ചെറുകഥകളുടെ കുത്തൊഴുക്കിനു മുന്‍പ് വന്ന കാരുരിന്റെയും ബഷീറിന്റെയും കഥകള്‍ ഓരോന്നും ആര്‍ത്തിയോടെ വായിച്ച വായനാകാലങ്ങള്‍ . ചെറുകഥയില്‍ എം ടി യും പദ്മനാഭനും ഒ വി വിജയനും മുകുന്ദനും വി കെ എന്നും എം പി നാരായണപിള്ളയും സഖറിയയും സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എന്‍ എസ് മാധവനും മാധവിക്കുട്ടിയും സൃഷ്ടിച്ച കൊടുങ്കാറ്റുകള്‍ . അതിനെ ഭേദിച്ചു വന്ന ഒരു പിടി ചെറുകഥാകൃത്തുക്കള്‍ . എസ് .ഹരീഷും ഇ സന്തോഷ്കുമാറും എന്‍ പ്രഭാകരനും ഫ്രാന്‍സിസ് നോറോണയും വി ജെ ജെയിംസും .അവയില്‍ മഖന്‍സിംഗിന്റെ മരണവും ഷെര്‍ലക്കും പിഗ്മാനും പുത്രകാമേഷ്ടിയും പോലെ ചില കഥകള്‍ ചിന്തയില്‍ എപ്പോഴും കടന്നു വരുന്നു തൊട്ടപ്പന്‍ വായിച്ചപ്പോഴാണ് മലയാളിയുടെ പുതിയ അനുഭവതലങ്ങള്‍ എത്ര വൈവിധ്യമാര്‍ന്നതാണെന്നു മനസ്സിലാകുന്നത് .അനിയത്തി പ്രാവ് ആകട്ടെ ബന്ധങ്ങളെപറ്റിയുള്ള വലിയ സുവിശേഷവും ആയി.കൊല്‍ക്കൊത്ത തീസിസ് ആകട്ടെ നാട് വിട്ടു പോയിട്ടും മനസ്സില്‍ തികട്ടുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായി . അഷ്ടമൂര്‍ത്തിയുടെ വീട് വിട്ടിറങ്ങുന്നു എന്ന കഥയും രോഹിണി ഭട്ടും .കരുണാകരന്റെ ചന്ദ്ര ലേഖയും ഉണ്ണി ആറിന്റെ ലീലയും വിസ്മയങ്ങള്‍ സൃഷ്ടിച്ചു .എത്രയോ മഹത്തരമായ കഥകള്‍ ഇനിയുമേറെ.
കുടുംബവും ബന്ധങ്ങളും ഇന്നും വലിയ പ്രമേയമാണ് നമ്മുടെ കഥകളില്‍ . ഗ്രേസിയുടെ പാറ ആയാലും കെ രേഖയുടെ മനുഷ്യാലയ ചന്ദ്രിക ആയാലും സിതാരയുടെ പ്രണയ വൈറസ് ആയാലും എച്ചിക്കാനത്തിന്റെ കടുവ ആയാലും മലയാള കഥ പുതിയ ഉയരങ്ങളില്‍ എത്തുകയാണെന്നു സാക്ഷ്യപ്പെടുത്തുന്നു

എം ടി നയാഗ്രയില്‍
ഒ വി വിജയനില്‍ എത്തുമ്പോള്‍ രാഷ്ട്രീയവും വലിയ ത്രസിപ്പിക്കുന്ന അനുഭവമായി മാറുന്നു .അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു സിന്ദൂര പൊട്ടിന്‍റെ ഓര്‍മ്മക്ക് കാലം മാറിയിട്ടും പ്രസക്തമായി നില്‍ക്കുന്നു .എം സുകുമാരന്‍റെ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്കും മാര്‍ഗവും .എംടിയുടെ കഥകളില്‍ സൂക്ഷ്മ രാഷ്ട്രീയം കടന്നു വരുന്നു .എന്തു കൊണ്ടാണ് ആ വാക്കുകള്‍ ബോംബ് പോലെ രാഷ്ട്രീയ വിഗ്രഹങ്ങളെ ഭേദിക്കുന്നതെന്ന് അത് സൂചിപ്പിക്കുന്നു .ഷെര്‍ലക്കില്‍ യു എസ് രാഷ്ട്രീയത്തിന്റെ കണികകള്‍ ദര്ശിക്കാമെന്നു വി രാജകൃഷ്ണന്‍ നിരീക്ഷിക്കുന്നു എന്‍ എസ് മാധവന്‍റെ വന്മരങ്ങള്‍ കടപുഴകുമ്പോള്‍ സിക്ക്കൂട്ടക്കൊലയെ പറ്റിയുള്ള അസാധാരണ രചനയാണ്.അതിന്‍റെ ദൃശ്യാവിഷ്ക്കാരം ചലനം സൃഷ്ട്ടിച്ചില്ലെങ്കിലും.അദ്ദേഹത്തിന്‍റെ തിരുത്ത് പലപല തലങ്ങളില്‍ നിന്ന് വീക്ഷിക്കേണ്ട ചരിത്രം സൃസ്ട്ടിക്കുന്ന രാഷ്ട്രീയ രചനയാണ് . പി കെ ശ്രീനിവാസന്‍ ആകട്ടെ നമ്മുടെ കഥകളില്‍ അപൂര്‍വ്വമായ സിനിക്കല്‍ നിഹിലിസം കൊണ്ടു വരുന്നു .
2024 ഇലെ ഇ മലയാളി ലോക കഥാമത്സരത്തിലെ സമ്മാനം നേടിയ കഥകളിലൂടെ കടന്നു പോയപ്പോള്‍ ആ സാധ്യത കുടുതല്‍ വൈവിധ്യത്തോടെ ആവിഷ്ക്കരിക്കപ്പെടുന്നതായാണ് കാണുന്നത് .സ്ത്രീകളോടുള്ള ക്രൂരതകള്‍ സ്ത്രീകള്‍ കഥകളായി ആവിഷ്ക്കരിച്ചപ്പോള്‍ അനുഭവപൂര്‍വമാകുന്ന വായനാനുഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. ചെറിയ കഥയാണ് ലക്ഷ്മി എസ് നായരുടെ പാവ പക്ഷെ അത് എന്നെ വല്ലാതെ പ്രക്ഷുബ്ധനാക്കി . ഹൃദയം തകരുന്നപോലെ ഒരു വികാരമാണത് സൃഷ്ടിച്ചത് . .കാവ് തീണ്ടിയവളും മേക്കിംഗ് ബിലീവ്സും. എന്ന ചിത്ര സുരേന്ദ്രന്റെ കഥയാകട്ടെ വലിയ കുറ്റബോധം സൃഷ്ടിച്ചു .പ്രണയത്തിന്‍റെ കഥകള്‍ പറയേണ്ട പ്രായത്തില്‍ യുവ കഥാകാരി സ്വാതി കൃഷ്ണ ,കൂട്ട ബലാത്സംഗമാണ് തന്‍റെ കഥയുടെ പ്രമേയമാക്കിയത് .സബീന എം സാലിയാകട്ടെ ഹോമോ സെക്സുവാലിറ്റിയും ..ഇവയെല്ലാം നിത്യജീവിതത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമാണ് പക്ഷെ അവ എങ്ങനെ ഒരു എഴുത്തുകാരിയെ ഉലക്കുന്നു എന്നത് ഈ കഥകള്‍ വായിച്ചു തന്നെ അറിയണം .

ടി പദ്മനാഭനും ലേഖകനും
കഥ വലുതോ ചെറുതോ എന്നല്ല സിനിമ എത്ര വലിയ കാന്‍വാസില്‍ എന്നതുമല്ല അതിന്റെ മഹത്വം നിശ്ചയിക്കുന്നത് .അവ കാലത്തില്‍ കൊത്തിയ ശില്പങ്ങള്‍ ആണോ എന്നതാണ് പ്രധാനം .പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് നമുക്കറിയില്ല .പക്ഷെ ടി പദ്മനാഭന്റെ ആ കഥയ്ക്ക് വി എച്ച് നിഷാദ് പുതിയ ഭാഷ്യം സൃഷ്ടിക്കുമ്പോള്‍ ആ അനുഭവം പുതിയ തലമുറയിലേക്കു വലിയ അര്‍ത്ഥങ്ങളോടെ സംക്രമിക്കുന്നു .