
ഫിഫ 2026 വേൾഡ് കപ്പിൽ ബ്രസീലിന്റെ രംഗപ്രവേശം മെഗാസ്റ്റാർ നെയ്‌മർ ഇല്ലാതെയാവാം എന്നു കോച്ച് കാർലോ ആൻസെലോട്ടി. കാലിലെ പരുക്കാണ് കാരണം. എന്നാൽ പിന്നീടുള്ള മത്സരങ്ങൾക്കു നെയ്‌മർ എത്തുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
അഞ്ചു തവണ ആഫ്രിക്കൻ കിരീടം ചൂടിയ, 2022 വേൾഡ് കപ്പ് സെമിയിൽ എത്തിയ, മൊറോക്കോയുമായാണ് ശനിയാഴ്ച്ച ന്യൂ ജേഴ്സിയിൽ ബ്രസീൽ ഏറ്റു മുട്ടുക.
നെയ്മറിനു ചികിത്സയിൽ പുരോഗതി ഉണ്ടെന്നു ആൻസെലോട്ടി പറഞ്ഞു. എന്നാൽ കളിക്കാൻ കഴിയുന്ന നിലയിൽ ആയിട്ടില്ല.
"അടുത്തയാഴ്ച്ച ട്രെയ്‌നിങ്ങിനു എത്തുമെന്നാണ് എന്റെ പ്രതീക്ഷ."
എന്നാൽ ജൂൺ 19നു ഹെയ്തിയെയും 24നു സ്കോട്ലൻഡിനെയും ബ്രസീൽ ഗ്രൂപ്പ് എഫിൽ നേരിടുമ്പോൾ നെയ്‌മർ കളിക്കുമോ എന്ന് ഉറപ്പു പറയാൻ കോച്ച് തയ്യാറായില്ല.
വെള്ളിയാഴ്ച്ച ട്രെയ്‌നിങ്ങിനും 34കാരനായ നെയ്‌മർ എത്തിയില്ല. പാനമയ്ക്കും ഈജിപ്തിനും എതിരെയുള്ള പരിശീലന മത്സരങ്ങളിലും നെയ്‌മർ ഇറങ്ങിയില്ല.
എങ്കിലും നെയ്‌മർ യുവതാരങ്ങൾക്ക് ആവേശവും മാതൃകയും ആണെന്നു ഇറ്റലിക്കാരനായ ആൻസെലോട്ടി പറഞ്ഞു. "കളിക്കളത്തിനു പുറത്തും അദ്ദേഹത്തിനു സ്വാധീനമുണ്ട്."
അഞ്ചു തവണ വേൾഡ് കപ്പ് നേടിയ ബ്രസീലിന്റെ നാട്ടുകാരനല്ലാത്ത ആദ്യ കോച്ച് ആണ് ആൻസെലോട്ടി.
ബ്രസീലിന്റെ താരം വിനീസിയൂസ് ജൂനിയർ പറഞ്ഞു: "നെയ്‌മർ എനിക്ക് ഏറെ പ്രചോദനമാണ്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നു ആശംസിക്കുന്നു."
നെയ്‌മർ കളിച്ചില്ലെങ്കിലും മൊറോക്കോയുടെ തയ്യാറെടുപ്പിൽ മാറ്റമൊന്നും ഇല്ലെന്നു കോച്ച് മുഹമ്മദ് ഓബി പറഞ്ഞു.
എന്നാൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ നെയ്‌മർ ഇല്ലാതെ കളിക്കുമ്പോൾ ഒരു കുറവ് അനുഭവപ്പെടുമെന്നു മൊറോക്കോ ക്യാപ്റ്റൻ അച്ചറഫ് ഹക്കിമി പറഞ്ഞു. "ഏറ്റവും നല്ല കളിക്കാരെ നേരിടാനാണ് എന്റെ ആഗ്രഹം, നെയ്‌മർ അതിലൊരാളാണ്."
Neymar set to miss Brazil's opener