
യോഗാ ഗുരുവും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ തോമസ് ജെ. കൂവള്ളൂരിന്റെ ജീവിത കഥ 'ഗുരു കൂവള്ളൂർ: നീതിയുടെ ജ്വാല' എന്ന പുസ്തകം ഇ-മലയാളി പ്രസിദ്ധീകരിക്കുന്നു.
വ്യത്യസ്ഥ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് കൂവള്ളൂർ, യോഗാചാര്യനെന്ന നിലയിലും സമൂഹത്തിലെ അനീതികൾക്ക് എതിരെ പോരാടുന്ന വിപ്ലവകാരി എന്ന നിലയിലും ശ്രദ്ധേയനാണ്.
ചെറുപ്പകാലം മുതൽ തെറ്റെന്നു തോന്നുന്ന കാര്യങ്ങൾക്ക് എതിരെ പ്രതിഷേധിക്കാനും പോരാടാനും മടി കാട്ടാത്ത തോമസ് കൂവള്ളൂർ അമേരിക്കയിലെത്തിയിട്ടും നിലപാടുകളിൽ മാറ്റം വരുത്തുകയുണ്ടായില്ല. നിലപാടുകളുടെ പേരിൽ വീട് വിട്ടിറങ്ങേണ്ടി വന്ന യൗവന കാലത്തെ വിപ്ലവവീര്യം വാർദ്ധക്യത്തിന്റെ പടിവാതിൽക്കലും കൈമോശം വന്നിട്ടില്ല.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി.വി. ആൽബി ആണ് ശ്രദ്ധേയമായ ഈ ജീവിത കഥ വായനക്കാർക്കായി ഒരുക്കിയത്. കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി പുസ്തകരചന, വിവര്‍ത്തനം, എഡിറ്റിംഗ്. പത്രപ്രവര്‍ത്തനം എന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ആൽബി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ 'അഗ്‌നിച്ചിറകുകള്‍' ഉള്‍പ്പെടെ ഇരുന്നൂറില്‍പ്പരം ഇംഗ്ലീഷ് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, 'എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക' എന്നിവയുടെ വിവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്, മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ തുടങ്ങി നിരവധി പേരുടെ ജീവചരിത്രങ്ങള്‍ എഴുതി. പലപ്രമുഖരുടെയും ആത്മകഥയുടെ സഹരചയിതാവാണ്. 'ധനം' ബിസിനസ്സ് ദ്വൈവാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരിക്കേ 1997 ല്‍ വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
ശാലോം മീഡിയ ജനറല്‍ എഡിറ്ററും സണ്‍ഡേ ശാലോം യു എസ് എഡിഷന്റെ ആദ്യ എഡിറ്ററുമായിരുന്നു. കൊച്ചിയിലെ കുമ്പളങ്ങിയില്‍ 1969 ല്‍ ജനനം. ഫിസിക്‌സില്‍ എം.എസ്സിയും പത്രപ്രവര്‍ത്തനത്തില്‍ പി.ജി ഡിപ്ലോമയും നേടി.

ഗുരു കൂവള്ളൂര്‍ - എന്റെ ഗുരുനാഥന്‍: ഡോ. വിക്രം മെനാരിയ എഴുതിയ അവതാരിക
സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഞാന്‍ തോമസ് ജെ. കൂവള്ളൂര്‍ എന്ന വ്യക്തിയെ പരിചയപ്പെട്ടത്. ഈ അമേരിക്കന്‍ മലയാളി, യോഗയില്‍ വളരെ വൈദഗ്ധ്യം ഉള്ളയാളും നിയമത്തിന്റെ വ്യത്യസ്തവശങ്ങളില്‍ ആഴമേറിയ അറിവ് നേടിയ വ്യക്തിയുമാണെന്ന് കാലക്രമേണ എനിക്കു മനസ്സിലായി. യോഗയില്‍ സാമാന്യം അറിവുനേടി യോഗ പരിശീലിപ്പിക്കുകയും സൗഖ്യത്തിനായി പ്രയോഗിക്കുകയും ചെയ്യുന്ന എനിക്ക് ഇദ്ദേഹത്തില്‍നിന്ന് നിരവധി കാര്യങ്ങള്‍ അധികമായി പഠിക്കാന്‍ കഴിഞ്ഞു. അതോടെ, ശരിക്കും ഒരു ഗുരുവിനെയാണ് ഞാന്‍ കണ്ടെത്തിയതെന്ന് മനസ്സിലായി. അന്നുമുതല്‍ ഗുരു കൂവള്ളൂരില്‍നിന്ന് വളരെ വിലപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഞാന്‍ സ്വീകരിക്കാനാരംഭിച്ചു.
യോഗയുടെ മേഖല വളരെ വിശാലവും അഗാധവുമാണ്. അതില്‍ത്തന്നെ ഒരാള്‍ക്ക് ഒരായുഷ്‌ക്കാലം മുഴുകാന്‍ സാധിക്കും. പക്ഷേ, ഗുരു കൂവള്ളൂര്‍ അതോടൊപ്പം, സമാന്യജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടങ്ങളിലും ഒരുപോലെ വ്യാപൃതനാണ് എന്ന വസ്തുത ആരിലും അത്ഭുതമുണര്‍ത്തും. 'ജസ്റ്റീസ് ഫോര്‍ ഓള്‍' എന്ന സംഘടനയിലൂടെ ഗുരുജി സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നിരവധി ജീവിതങ്ങളെക്കുറിച്ച് ഈ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ജീവിതസായാഹ്നത്തില്‍ സ്വന്തം മതാചാര്യന്മാരാല്‍ത്തന്നെ വഞ്ചിക്കപ്പെട്ട നൂറ്റമ്പത് അമേരിക്കന്‍ മലയാളികള്‍ക്കായി അദ്ദേഹം യു.എസിലെ പരമോന്നത കോടതികളിലും പോരാട്ടം തുടരുന്നു.
കേരളത്തിലെ ബ്രാഹ്മണപാരമ്പര്യമുള്ള ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച തോമസ് കൂവള്ളൂര്‍ജിയുടെ ജീവിതം ബാല്യം മുതല്‍ സംഭവബഹുലമാണ് എന്ന് ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും. സാമൂഹ്യനീതിക്കായുള്ള പോരാട്ടം, സംഘാടനശേഷി, വിദ്യാഭ്യാസത്തിലൂടെയുള്ള അധഃസ്ഥിതരുടെ വിമോചനം, യോഗയിലൂടെയുള്ള സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉയര്‍ച്ച ഒക്കെ ഈ ജീവചരിത്രത്തില്‍ വിശദമായി പരാമര്‍ശിക്കുന്നു. നമ്മുടെ രാജ്യത്തെ 'വികസിതഭാരതം' എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഒന്നാമത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മല്‍സരകാലം മുതല്‍ ഒപ്പമുള്ള വ്യക്തികൂടിയാണ് ഗുരു കൂവള്ളൂര്‍.
നീതി എന്നത് എല്ലാവര്‍ക്കും ലഭ്യമല്ലാത്ത നാട്ടില്‍, ആരോഗ്യം എന്നത് ഒരു അസുലഭകാര്യമായ ഈ കാലഘട്ടത്തില്‍ ഗുരു കൂവള്ളൂരിന്റെ പ്രസക്തി വളരെ വലുതാണ്. എന്നാല്‍, കേരളത്തിലെയും രാജ്യത്താകമാനവുമുള്ള രാഷ്ട്രീയ - സാമൂഹികപശ്ചാത്തലത്തില്‍ ഗുരുജി വേണ്ടവിധം അറിയപ്പെട്ടിട്ടില്ല. അതിനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് ഈ പുസ്തകം. ഇതില്‍നിന്ന് നമ്മുടെ സമൂഹത്തിന് പലതും പഠിക്കാനുണ്ട്. ഈ പുസ്തകം എല്ലാവീടുകളിലും എത്തിയാലേ അതു നടപ്പാകുകയുള്ളൂ. ആ ലക്ഷ്യം നടപ്പാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.
ഗുരു കൂവള്ളൂർ: നീതിയുടെ ജ്വാല: എല്ലാ തിങ്കളാഴ്ചയും വായിക്കുക