
ഫോളറിൻ ബലോഗൺ അടിച്ച രണ്ടു മിന്നുന്ന ഗോളുകൾ നൽകിയ പിൻബലത്തിൽ ഫിഫ 2026 വേൾഡ് കപ്പിന്റെ രംഗപ്രവേശം യുഎസ്എ 4-1നു പാരഗ്വയെ തകർത്തു ആഘോഷമാക്കി.
കലിഫോർണിയ സോഫി സ്റ്റേഡിയത്തിൽ ഗ്രൂപ് ഡി മത്സരത്തിൽ ശനിയാഴ്ച്ച യുഎസ് ഇറങ്ങിയത് 1994നു ശേഷം ആദ്യമായി സ്വന്തം മണ്ണിൽ വിജയം കുറിക്കാനുള്ള ആവേശത്തിലാണ്. തുടക്കം മുതലേ അതിനുള്ള മേധാവിത്വം സ്ഥാപിക്കയും ചെയ്‌തു.
ഏഴാം മിനിറ്റിൽ പാരഗ്വയുടെ ഡേയ്മിയൻ ബോബാഡില്ല അടിച്ച സെൽഫ്-ഗോൾ യുഎസ്എയ്ക്കു ലീഡ് നൽകി ഉത്തേജനം പകർന്നു. ആദ്യ പകുതിയിൽ തന്നെ ബലോഗൺ 31, 45 മിനിറ്റുകളിൽ രണ്ടു ഗോളുകൾ കൂടി അടിച്ചതോടെ ലീഡ് 3-0 ആയി.
രണ്ടാം പകുതിയിൽ കൂടുതൽ ഉഷാറായ പാരഗ്വായ് 73ആം മിനിറ്റിൽ മൊറീഷ്യോ വഴി ഒരു മറുപടി നൽകി (3-1). പിന്നീട് കയറിയും ഇറങ്ങിയും നീങ്ങിയ കളിയിൽ നീട്ടിക്കൊടുത്ത ഏഴു മിനിറ്റിന്റെ അവസാനമാണ് 4-1 ആയി ഉയർത്തിയ ജിയോ റെയ്‌നയുടെ കിടിലൻ ഗോൾ വന്നത്.
അമേരിക്കൻ ആക്രമണങ്ങളുടെ മുനയൊടിക്കാൻ പാരഗ്വായ് പാട് പെടുകയായിരുന്നു മത്സരത്തിൽ ഉടനീളം. മിന്നൽ നീക്കങ്ങളും ഊർജസ്വലതയും കൊണ്ടു യുഎസ്എ ഉടനീളം മേധാവിത്വം സ്ഥാപിച്ചു.
ക്രിസ്റ്റിയൻ പുലിസ്റ്റിക് നയിച്ച അമേരിക്കൻ ആക്രമണങ്ങളിൽ പാരഗ്വായ് നിരകൾ ആകെ പതറി.
യുഎസ്എ ജൂൺ 19നു സിയാറ്റിലിൽ ഓസ്‌ട്രേലിയയെ നേരിടും. പാരഗ്വയ്ക്ക് അടുത്ത മത്സരം തുർക്കിയുമായാണ് -- അന്നു തന്നെ.
Balogun brace powers dominant USA to 4-1 victory over Paraguay