
ഫോമായുടെ 2026-2028 ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ നയിക്കുന്ന 'ടീം വോയിസ് ഓഫ് ഫോമാ' എന്ന പാനലിൽ നിന്ന് മത്സരിക്കുന്ന ജോൺസൺ കണ്ണൂക്കാടൻ അമേരിക്കൻ മലയാളി സമൂഹത്തിൽ സുപരിചിതനായ സാമൂഹിക പ്രവർത്തകനാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റായും ഫോമാ റീജിയണൽ വൈസ് പ്രസിഡന്റായും ദേശീയ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം, കേരളത്തിലെ നിർധന കുടുംബങ്ങൾക്കായി നടപ്പാക്കിയ ഭവന പദ്ധതിയിലൂടെ ശ്രദ്ധേയനാണ്. സംഘടനാ പ്രവർത്തന പരിചയവും ചാരിറ്റി രംഗത്തെ സജീവ സാന്നിധ്യവും മുൻനിർത്തി ഫോമായുടെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു...

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം എന്താണ്?
ഫോമായുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതാണ് എന്നെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. ആർവിപി, ദേശീയ കമ്മിറ്റി അംഗം, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ ഒരു സംഘടനയുടെ വളർച്ചയ്ക്ക് ശക്തമായ സാമ്പത്തിക അടിത്തറ എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഫോമായുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനൊപ്പം യുവജന-ചാരിറ്റി പദ്ധതികൾക്ക് കൂടുതൽ പിന്തുണ നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിന്റെ ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. സഹായം ആവശ്യമുള്ള കൂടുതൽ ആളുകൾക്കുവേണ്ടി പ്രവർത്തിക്കാൻ ഫോമാ പോലൊരു വലിയ പ്രസ്ഥാനത്തിന്റെ ഭരണസമിതിയിൽ എത്തിയാൽ സാധിക്കുമെന്ന വിശ്വാസമാണ് മത്സരിക്കാൻ ധൈര്യം പകർന്നത്.

സാമൂഹിക പ്രവർത്തനങ്ങളിലേക്കുള്ള താങ്കളുടെ യാത്ര എങ്ങനെയായിരുന്നു? അതിൽ കുടുംബത്തിന്റെ പങ്ക്?
കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്ന് കണ്ടുപഠിച്ചതും മറ്റുള്ളവർക്ക് താങ്ങാവുക എന്ന വലിയ പാഠമാണ്. സമ്പത്ത് എന്നത് കൊടുക്കും തോറും ഏറിടുന്ന ഒന്നാണെന്ന് അമ്മച്ചി പറഞ്ഞുതന്നിട്ടുണ്ട്. ബൈബിൾ അധിഷ്ഠിതമാക്കി സ്നേഹത്തിന്റെയും കരുതലിന്റെയും വഴിയിലൂടെയാണ് ഞങ്ങൾ മക്കളെ അവർ നയിച്ചത്. അവസാന കാലത്ത് മാതാപിതാക്കളെ അമേരിക്കയിൽ കൊണ്ടുവരാനും പരിചരിക്കാനും സാധിച്ചതിൽ ദൈവത്തോട് നന്ദിയുണ്ട്. പ്രായമായവരെ ബാധ്യതയായി കാണുന്നവർ നമ്മളും അതിലൂടെ കടന്നുപോകേണ്ടവരാണെന്ന് ഓർക്കണം. നമ്മൾ ചെയ്യുന്നതാണ് വരുംതലമുറ കണ്ടുപഠിക്കുന്നത്.കേരളത്തിൽ നിന്ന് മുംബൈയിലേക്കും പിന്നീട് അമേരിക്കയിലേക്കുമുള്ള ജീവിതയാത്രയിൽ സംഘടനാപ്രവർത്തനങ്ങൾ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയിലെ ടെക്‌നോളജി വിഭാഗത്തിൽ ജോലി ചെയ്യുന്നതിനൊപ്പം നിരവധി പ്രൊഫഷണൽ, സാമൂഹിക, മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു.
എല്ലാ സാമൂഹിക-മതപര പ്രവർത്തനങ്ങളിലും കുടുംബം എന്റെ കൂടെയുണ്ട്. ഭാര്യ: ബീന ജോൺസൺ കണ്ണൂക്കാടൻ, മക്കൾ: ജോസഫ് & നയോമി കണ്ണൂക്കാടൻ, ജെറി & നിമ്മി കണ്ണൂക്കാടൻ, ജെന്നിഫർ & ഈതൻ റിക്ടർ. വിവാഹം കഴിഞ്ഞും മക്കൾ മൂന്നുപേരും അടുത്തുതന്നെയാണ് താമസമെന്നത് വലിയൊരു സന്തോഷമാണ്. ഏതാവശ്യത്തിനും അവർ ഓടിയെത്താറുണ്ട്.

സംഘടനാപ്രവർത്തനത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടം?
ഭവനപദ്ധതിയാണെന്ന് നിസ്സംശയം പറയാം.ഞാൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ആരംഭിച്ച പദ്ധതി വഴി ഇതുവരെ 32 വീടുകൾ നിർമിച്ച് നൽകാൻ കഴിഞ്ഞു. ഒരു വീട് നൽകുക എന്നാൽ ഒരു കെട്ടിടം നൽകുക എന്നുള്ളതല്ല; ഒരു കുടുംബത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ കുടുംബങ്ങളുടെ കണ്ണുകളിൽ കാണുന്ന സന്തോഷമാണ് കൂടുതൽ പ്രവർത്തിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നത്.
സിറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ നാഷണൽ ബോർഡ് സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്നു. 17 പള്ളികളുടെ എക്യുമിനിക്കൽ കൗൺസിലിന്റെ ട്രഷററായിരുന്നു. നിരവധി തവണ ഫോമായുടെ കൺവൻഷനുകളിൽ കലാമേളയുടെ ചെയർമാനായിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാഷണൽ ചെയർമാനായപ്പോൾ സ്പോൺസർമാരെ കണ്ടെത്തി മികച്ച പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ സാധിച്ചു. അതുപോലെ തന്നെ എല്ലാവരുടെയും കൂട്ടായ്മ കൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ എന്ന നോർത്ത് അമേരിക്കയിലെ വലിയ സംഘടനയിലേക്ക് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ കൊണ്ടുവന്ന വ്യക്തി എന്നതും സംതൃപ്തി നൽകുന്നു.അതിന്റെ പ്രസിഡന്റ് ആയിരിക്കെ അംഗങ്ങളെ കൂടുതൽ സജീവമായി സംഘടനയുമായി ബന്ധിപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. കുടുംബ സംഗമങ്ങൾ, യുവജന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ വിജയകരമായി നടപ്പാക്കി. സംഘടനയുടെ വളർച്ചയ്ക്കും അംഗ ഐക്യത്തിനും പ്രാധാന്യം നൽകിയാണ് ഞാൻ പ്രവർത്തിച്ചത്.

ആദ്യമായി വീട് നിർമിച്ചു നൽകിയ അനുഭവം ഓർമ്മയിലുണ്ടോ?
തീർച്ചയായും. തിരുവല്ലയിലെ ഒരു നിർധന കുടുംബത്തിനായിരുന്നു ആദ്യ വീട്. ടാർപോളിൻ മൂടിയ താൽക്കാലിക കുടിലിലായിരുന്നു അവർ താമസിച്ചിരുന്നത്. സുരക്ഷിതമായ താമസസൗകര്യമോ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത അവസ്ഥയായിരുന്നു. ആ കുടുംബത്തിന് വീട് കൈമാറിയ നിമിഷം ഇന്നും മനസ്സിലുണ്ട്. അന്ന് മുതൽ ഈ പദ്ധതിയുമായി കൂടുതൽ പ്രതിബദ്ധതയോടെ മുന്നോട്ടുപോകുകയാണ്. രാഷ്‌ട്രപതി അവാർഡ് നേടിയ ഡോ.സുനിൽ ടീച്ചറിനെപ്പോലുള്ളവരാണ് നാട്ടിലുള്ള അർഹരായവരെ കണ്ടെത്തി ഇത്തരം പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ സഹായിക്കുന്നത്.

ചാരിറ്റി പ്രവർത്തനങ്ങളിലും ഫോമാ നേതൃത്വത്തിലുമുള്ള താങ്കളുടെ അനുഭവങ്ങൾ?
സെന്റ് വിൻസന്റിപോൾ സൊസൈറ്റി എന്ന ചാരിറ്റി സംഘടനയുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ച അനുഭവം എന്റെ സാമൂഹിക സേവനപ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പകർന്നിട്ടുണ്ട്. വിവിധ കമ്മ്യൂണിറ്റി പള്ളികളിലൂടെ ഫണ്ട് റൈസിംഗ് നടത്തി സമാഹരിച്ച തുക കേരളത്തിലെ നിർധനർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും എത്തിക്കാൻ സാധിച്ചു. കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾക്ക് സഹായം എത്തിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ധനസഹായം, അടിയന്തര ചികിത്സാ സഹായങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു.
സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിൽ വിവിധ കമ്മ്യൂണിറ്റി പള്ളികളിൽ ഫണ്ട് റൈസിംഗ് പരിപാടികൾ സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക കേരളത്തിലെ നിർധനർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും എത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ സഹായങ്ങൾ എന്നിവയും നൽകാൻ സാധിച്ചു. ഈ സേവന പ്രവർത്തനങ്ങൾ ഇന്നും തുടരുകയാണ്.

നിലവിൽ ഫോമാ സെൻട്രൽ റീജിയന്റെ റീജിയണൽ വൈസ് പ്രസിഡന്റാണ് പ്രവർത്തിക്കുന്നതിനിടെ നിരവധി ശ്രദ്ധേയ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വയനാട് ദുരന്തബാധിതർക്കായി ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഒരു വീട് നിർമിച്ച് നൽകാൻ സാധിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണ്. അതോടൊപ്പം യുവജനങ്ങൾ, വനിതകൾ, സീനിയേഴ്സ് എന്നിവർക്ക് വേണ്ടി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു.
ഫോമാ സെൻട്രൽ റീജിയന്റെ കലാമേള, ദേശീയ ബിസിനസ് മീറ്റ്, വനിതാ ശാക്തീകരണ സെമിനാറുകൾ, കമ്മ്യൂണിറ്റി ചാരിറ്റി പ്രവർത്തനങ്ങൾ, ഫുഡ് പാക്കിംഗ് പദ്ധതികൾ, പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് 500-ലധികം രജിസ്ട്രേഷനുകൾ നേടിയ കലാമേളയും യുവ സംരംഭകരെ ഒരുമിപ്പിച്ച ദേശീയ ബിസിനസ് മീറ്റും വലിയ വിജയങ്ങളായിരുന്നു.
വിദ്യാഭ്യാസ മേഖലയിലും നിരവധി ഇടപെടലുകൾ നടത്താൻ കഴിഞ്ഞു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും, ഉയർന്ന വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കുമായി വിവിധ പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും സമൂഹസേവനത്തിലേക്ക് അവരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം.

അമേരിക്കൻ മലയാളി സംഘടനകൾ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്ന് താങ്കൾ കരുതുന്നു?
ആദ്യ തലമുറയും രണ്ടാം തലമുറയും തമ്മിലുള്ള അകലമാണ് പ്രധാന വെല്ലുവിളി. യുവതലമുറയെ സംഘടനകളുമായി കൂടുതൽ അടുപ്പിക്കുകയും അവരുടെ നേതൃത്വപങ്കാളിത്തം ഉറപ്പാക്കുകയും വേണം. ഈ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി ഫോമാ പ്രവർത്തിക്കണം. ഷിക്കാഗോ ട്രാൻസിറ്റ് മലയാളി അസോസിയേഷൻ എന്ന പ്രൊഫഷണൽ സംഘടനയുടെ ഒരു പ്രസിഡന്റ് കൂടിയാണ് ഞാൻ. പ്രൊഫഷണൽ സംഘടനകളിലായാലും സാമൂഹിക സംഘടനകളിലായാലും എല്ലാ തലമുറകളും തമ്മിൽ ശക്തമായ ബന്ധമുണ്ടായിരിക്കണം.
അപ്രതീക്ഷിത ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ഫോമായുടെ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാൻ എന്താണ് പദ്ധതി?
വോയിസ് ഓഫ് ഫോമ ടീമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് അതിവേഗ ദുരിതാശ്വാസ സംവിധാനം. മുൻകൂട്ടി തയ്യാറാക്കിയ എമർജൻസി റെസ്പോൺസ് ടീം, വേഗത്തിലുള്ള ഫണ്ട് വിനിയോഗം, പ്രാദേശിക സംഘടനകളുമായുള്ള സഹകരണം എന്നിവ ശക്തിപ്പെടുത്തും. സഹായം ആവശ്യമായ സമയത്ത് തന്നെ എത്തിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
ജോയിന്റ് ട്രഷറർ എന്ന നിലയിൽ ആദ്യ 100 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
സാമ്പത്തിക ഇടപാടുകളിൽ പരമാവധി സുതാര്യത ഉറപ്പാക്കും. ഡിജിറ്റൽ അക്കൗണ്ടിംഗ് സംവിധാനം, സമയബന്ധിത സാമ്പത്തിക റിപ്പോർട്ടുകൾ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തമായ സാമ്പത്തിക രൂപരേഖ എന്നിവ നടപ്പാക്കാൻ ശ്രമിക്കും. അംഗങ്ങൾക്ക് സാമ്പത്തിക വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന സംവിധാനവും ഒരുക്കും.

യുവജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?
യുവജനങ്ങളാണ് നമ്മുടെ ഭാവി. സ്വന്തം വേരുകളും സംസ്കാരവും മറക്കാതെ നേതൃത്വത്തിലേക്ക് മുന്നോട്ട് വരണം.ദേശീയതല സ്പോർട്സ് ടൂർണമെന്റുകൾ, കലാമേളകൾ, ലീഡർഷിപ്പ് പരിശീലന പരിപാടികൾ, മെന്റർഷിപ്പ് പദ്ധതികൾ, പ്രൊഫഷണൽ നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെ ഫോമയിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഞങ്ങൾക്ക് കഴിയും. വിവിധ റീജിയണുകളിലെ യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടികൾ ഞങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും.സമൂഹത്തിന് തിരികെ നൽകുന്ന മനോഭാവം യുവതലമുറ വളർത്തിയെടുക്കണം. താഴെത്തട്ടിൽ പ്രവർത്തിച്ച് പടിപടിയായി വേണം നേതൃസ്ഥാനങ്ങളിൽ എത്താൻ.
വോട്ടർമാരോട് അവസാനമായി പറയാനുള്ളത്?
വോയിസ് ഓഫ് ഫോമാ എന്നത് ഒരു തെരഞ്ഞെടുപ്പ് പാനൽ മാത്രമല്ല; സേവനത്തിന്റെയും ഐക്യത്തിന്റെയും നേതൃത്വത്തിന്റെയും വേദിയാണ്. സാമൂഹിക, സാംസ്കാരിക, മത, പ്രൊഫഷണൽ മേഖലകളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ളവരാണ് ഈ ടീമിലുള്ളത്. സംഘടനാ പ്രവർത്തനങ്ങളിൽ വിവിധ തലങ്ങളിൽ നേതൃത്വം വഹിച്ചവരും ദേശീയ, റീജിയണൽ തലങ്ങളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരുമാണ് ഞങ്ങളുടെ ടീം അംഗങ്ങൾ.
ടീമിലെ ഓരോരുത്തർക്കും തങ്ങളുടേതായ ശ്രദ്ധേയമായ പ്രവർത്തന പാരമ്പര്യമുണ്ട്. ബിജു തോണിക്കടവിൽ,പോൾ.പി.ജോസ്, പ്രദീപ് നായർ, സാമുവൽ മത്തായി,ഡോ.മഞ്ജു പിള്ള തുടങ്ങി എല്ലാവരും ഫോമായുടെ വിവിധ നേതൃത്വ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് സംഘടനയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ, യുവജന ശാക്തീകരണം, സാമ്പത്തിക കാര്യനിർവഹണം, കമ്മ്യൂണിറ്റി സേവനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് സമ്പന്നമായ അനുഭവസമ്പത്തുണ്ട്.
ബിജു തോണിക്കടവിൽ,പോൾ.പി,ജോസ്, പ്രദീപ് നായർ, സാമുവൽ മത്തായി തുടങ്ങിയവർ ദേശീയ തലത്തിലും റീജിയണൽ തലത്തിലും നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഡോ. മഞ്ജുവിന്റെ ആരോഗ്യ-സാമൂഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ സമൂഹത്തിന് സുപരിചിതമാണ്. അതുകൊണ്ടുതന്നെ പ്രവർത്തന പരിചയവും സേവന മനോഭാവവും ഒരുപോലെ ഒത്തുചേരുന്ന ശക്തമായ നേതൃത്വസംഘമാണ് വോയിസ് ഓഫ് ഫോമാ.
ഫോമായുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സമൂഹസേവനത്തോടുള്ള പ്രതിബദ്ധതയുമുള്ള ഒരു ടീമിനെയാണ് വോട്ടർമാർ തിരഞ്ഞെടുക്കേണ്ടത്. ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ വെറും വാഗ്ദാനങ്ങളല്ല; പ്രവർത്തിയിലൂടെ തെളിയിച്ച അനുഭവങ്ങളുടെ തുടർച്ചയാണ്. അംഗങ്ങൾ നൽകുന്ന പിന്തുണയോടെ ഫോമായെ കൂടുതൽ സജീവവും സേവനോന്മുഖവും സുതാര്യവുമായ സംഘടനയാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാനലിനെ വിജയിപ്പിക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.