Image

പിന്നെയും കൃഷ്ണൻകുട്ടി (ഒരു കോടതിക്കഥ) : കുമാരി എൻ കൊട്ടാരം

Published on 13 June, 2026
പിന്നെയും കൃഷ്ണൻകുട്ടി (ഒരു കോടതിക്കഥ) : കുമാരി എൻ കൊട്ടാരം

ഞങ്ങളുടെ കോടതിയിലെ ഏറ്റവും പഴയ കേസുകളുടെ സ്റ്റേറ്റ്മെൻ്റെടുത്തു കൊടുക്കണമായിരുന്നു.

മറ്റു ജോലികളെല്ലാം വേഗം തീർത്ത് സ്റ്റേറ്റ്മെൻ്റെടുത്തു

കൊണ്ടിരിക്കുമ്പോഴാണു അയാൾ കയറി വന്നത്,..

വിചാരണ മുറിയിലിരുന്നു തന്നെയാണ് ഞാനെൻ്റെ ജോലികൾ ചെയ്യുന്നത്. മറ്റുള്ള കോടതികളിൽ നിന്നും വ്യത്യസ്തമായി കേസ് ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതും ഇവിടെ വിചാരണ മുറിയിൽത്തന്നെയാണ്. ബഞ്ച് ക്ലാർക്കായ ഞാനൊഴിച്ച് മറ്റുള്ളവരെല്ലാം ഓഫീസ് റൂമിലും..

വിചാരണ മുറിയിലേക്കു കയറി വരുന്നവർ ഇവിടെ വച്ചിരിക്കുന്ന രജിസ്റ്ററിൽ പേരും ഫോൺ നമ്പരും എഴുതണമെന്ന് വാതിലിൽ എഴുതിയൊട്ടിച്ചിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടാണിത്.

എനിക്കരികിലേയ്ക്ക് വരാൻ തുടങ്ങിയ അയാളെ ഞാൻ വിലക്കി.

"അവിടെ നിന്നാൽ മതി. എന്താ കാര്യമെന്നു പറഞ്ഞോളൂ' "

"ഒരു കേസിനേക്കുറിച്ചറിയാനാണ്."

"ഇന്നു വിളിച്ച കേസാണോ ?"

"അല്ല "

"പിന്നെ എന്നിരുന്നതാ ?"

"അറിയില്ല ''

"കേസ് നമ്പരറിയാമോ?"

"ഇല്ല "

ഇതൊന്നും അറിയാതെ എങ്ങനെ പറഞ്ഞു തരാനാ?കേസ് നമ്പരുമായിട്ടു വരൂ."

" ശരി"

"ആ പിന്നേ.. ആ ഡയറിയിൽ പേരും ഫോൺ നമ്പരും എഴുതണേ..... "

"ഫോണില്ല സാറേ.ഇനി ഒണ്ടാരുന്നേലും അവിടെങ്ങും റേഞ്ചില്ല സാറേ "

" ശരി ശരി.എന്നാ പേരും വീട്ടു പേരും സ്ഥലോം എഴുത് "

"ശരി സാറേ .''

ഞാൻ ജോലി തുടർന്നു. ഇടയ്ക്കൊന്നു തലയുയർത്തിയപ്പോൾ ജനാലയിലൂടെ എന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ടു നിൽക്കുന്നു അയാൾ.

'ഇയാളിനീം പോയില്ലേ..?. നാളെ കേസ് നമ്പരുമായി വന്നോളൂ എന്ന് പറഞ്ഞില്ലേ? ഇനി വേറെയെന്തെങ്കിലുഅറിയാനുണ്ടോ...?

"സാറിനെത്രവയസ്സായി?

" എൻ്റെ വയസ്സറിയാനാണോ ഇയാളു വന്നേ. "

എൻ്റെ ചോദ്യം കേട്ട് വല്ലാത്ത ഒരു ചിരി ചിരിച്ചു അയാൾ.

" ഇയാളൊന്നുപോയേ. മനുഷ്യനെ ചിരിച്ചു പേടിപ്പിക്കാതെ."

പ്രായത്തെ മാനിക്കാമെന്നു കരുതിയപ്പം എൻ്റെ വയസ്സറിയണം പോലും.

" അല്ലേലും എനിക്കിവിടെ അധികനേരം

നിക്കാനോക്കത്തില്ല. ഞാൻ പോകുവാ"

അയാൾ പോയി.

ഓഫീസിൽ നിന്നു തിരിച്ചു പോരുമ്പോൾ വീടെത്തുന്നതു വരെ ബസ്സിലിരുന്ന് ഉറങ്ങാറാണ് പതിവ്. മുമ്പായിരുന്നെങ്കിൽ സൈഡ് സീറ്റ് പിടിച്ചിരിക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മൂന്നു പേർ ഒരുമിച്ച്, ഒരു സീറ്റിലിരിക്കും.. സ്റ്റാൻഡിങ്ങ് ഇല്ലാത്തതു കൊണ്ട് തട്ടലും മുട്ടലും, കമ്പിയിൽ ചാരിനില്ക്കലുമൊന്നുമില്ല.

ഒരു മയക്കത്തിലേക്ക്

വഴുതിവീഴാൻ തുടങ്ങുമ്പോഴാണ്

"നിങ്ങളോടല്ലേ സീറ്റില്ലെന്നു പറഞ്ഞേ. നിന്നു പോകാൻ കഴിയില്ല . ഇറങ്ങ്'"

കണ്ടക്ടർ ആരോടോ കയർക്കുന്നു.

"ഞാൻ ഇറങ്ങിക്കോളാം...

"ഇന്നും മരണമുണ്ടോ സാറേ ? കോവിഡും, രാജമലയും കരിപ്പൂരും, ഒക്കെയായി പരലോകത്തും സ്ഥലമില്ലാതാകുമോ സാറേ?

പക്ഷേ, അവിടുന്നാരേം ഇതു പോലെ ഇറക്കി വിടത്തില്ല കേട്ടോ."

" വട്ടാണെന്നു തോന്നുന്നു." കണ്ടക്ടർ പറഞ്ഞു.

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ബസ്സിൽ നിന്നിറങ്ങുന്ന അയാളുടെ പാതി മുഖം കണ്ടു.

വയസ്സായ ആളാണെന്നു തോന്നുന്നു. പാവം..

പിറ്റേന്ന്, എനിക്ക് ഓഫീസിൽ പോകേണ്ടായിരുന്നു.

സ്റ്റാഫ് സ്ട്രെങ്ത്ത് പകുതിയാക്കിയതുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ പോയാൽ മതി.

ഉച്ചകഴിഞ്ഞപ്പോൾ കോടതിയിൽ നിന്നും എൻ്റെ അസ്സിസ്റ്റൻ്റ് വിളിച്ചു.

"ഒരാൾ ഒരു കേസിൻ്റെ കാര്യം അറിയണംന്ന് പറഞ്ഞു വന്നു. നമുക്കില്ലാത്ത കേസാണെന്നു തോന്നുന്നു. എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല. ഇന്ന് പറഞ്ഞു തരാമെന്ന് ഇന്നലത്തെ സാറു പറഞ്ഞു .ആ സാറിനെ കാണണംന്ന് പറഞ്ഞ് ഒറ്റ നില്പാണ്."

"ഇന്നലത്തെ സാറ് നാളയേ

വരൂ, നാളെ വരാൻ പറഞ്ഞു വിട്, "

ചിലരങ്ങനെയാ, എങ്ങനെ പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാവില്ല.

സംശയം തീരുകയുമില്ല.

ചിലപ്പോൾ പണ്ടെങ്ങോ തീർന്നു പോയൊരു കേസാകാം .അല്ലെങ്കിൽ മറ്റേതെങ്കിലും കോടതിയിലെ കേസുമാകാം.

പിറ്റേന്ന് രണ്ടു മണിയായപ്പോഴാണ് കോടതിയിറങ്ങിയത്..

ഒരു അക്ബാരി കേസിൻ്റെ വിസ്താരമുണ്ടായിരുന്നു'

ഏഴു പേരെ വിസ്തരിച്ചു. തൊണ്ടിമുതലെല്ലാം മാർക്കു ചെയ്ത് ഒപ്പിടുവിക്കുന്ന ജോലികൾ മുഴുവൻ തീർത്ത ശേഷമാണ്

ഊണുപോലും കഴിച്ചത്...

അത്യാവശ്യ ജോലികൾ തീർത്ത്, അടുത്ത ദിവസത്തെ കേസ് ഫയലുകൾ നോക്കുകയായിരുന്നു.

കുറേ അധികം കേസുകളുണ്ട്. ഓ ആ കുത്തു കേസും നാളെയാണ് .സംശയ രോഗിയായ ഭർത്താവ് ഭാര്യയെ കുത്തിയ കേസാണ്. അതിപ്പോൾ ഒത്തുതീർപ്പായിരിക്കയാണ് . വയറിനേറ്റ മുറിവ് തല ചുറ്റി വീണപ്പോൾ കൂർത്ത കല്ല് കൊണ്ടുണ്ടായതാത്രെ! പെണ്ണിൻ്റെ അമ്മയും അച്ഛനും അത് ശരിവച്ചു.

ഒരിക്കൽ കുത്തിയ അവനോടൊപ്പം എന്തു വിശ്വാസത്തിലാണാവോ മകളെ പറഞ്ഞു വിടുന്നത്.

കളക്ടേറ്റിലേക്ക് വരുന്ന പതിവു ബസ്സും ഇന്നില്ല.. ഓട്ടോയ്ക്ക് സ്റ്റാൻഡിൽ പോയിട്ടു വേണം ബസ്സിൽ കയറാൻ .

കുറച്ചു നേരത്തെ ഇറങ്ങണം. അതിനുമുമ്പെല്ലാം നോക്കിത്തീർക്കണം

അപ്പോഴാണ് ഒ.എ. പറഞ്ഞത്.

"ദേ സാറേ ആ ആളാ ഇന്നലെ വന്ന് ബഹളമുണ്ടാക്കിയത്."

ഒരു പാവത്താനേപ്പോലെ കയറി വന്നു അയാൾ. മാസ്ക്ക് താടിയിലാണ്.

" ആ മാസ്ക്ക് നേരെ വയ്ക്ക് "ഞാൻ പറഞ്ഞു.

" അതു കൊണ്ടൊന്നും കാര്യമില്ല സാറേ. മനസ്സമാധാനത്തിനു വേണ്ടി വയ്ക്കാമെന്നു മാത്രം. മരിച്ചവരും രോഗം ബാധിച്ചവരും മാസ്ക്ക് വയ്ക്കാത്തവരല്ല."

കൊള്ളാമല്ലോ വയസ്സൻ്റെ കാഴ്ചപ്പാട്.

അയാൾ ഒരു തുണ്ടു പേപ്പർ നീട്ടി.

"ഇതാ സാറേ കേസ് നമ്പർ. ഇന്നലെ ഞാൻ വന്നിരുന്നു. ഇവിടുത്തെ കേസല്ലെന്നും പറഞ്ഞ് എന്നെ ഓടിച്ചുവിട്ടു. സാറ് നോക്കിക്കേ."

" കയ്യിൽ തരേണ്ട അവിടെ വച്ചോളൂ ഞാൻ നോക്കിക്കോളാം"

"കൊവിഡിനെ അത്ര പേടിയാണോ സാറേ?

ഓ ഇവിടുത്തേക്കാൾ സുഖമാന്നേ...അവിടെ. എന്തിനാ പേടിക്കുന്നെ?"

"എൻ്റെ ചേട്ടാ എങ്ങുമെത്താത്ത രണ്ടു കുഞ്ഞുങ്ങളുണ്ടേ.

ചേട്ടൻ്റെ ഒരുതമാശ...

" മക്കള് ആണോ പെണ്ണോ. ആണാണേ ആരേം വിളിച്ചോണ്ടു വരാതേം പെണ്ണാണേ ആരുടേം കൂടെ എറങ്ങിപ്പോകാതേം നോക്കണേ സാറേ "

ഞാനയാതെ തറപ്പിച്ചൊന്നു നോക്കി.

ഞാനൊന്നും പറഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നു അയാൾ.

"ഇത് എസ് .സി കേസാണല്ലോ ചേട്ടാ...പക്ഷേ ഈ നമ്പർ ഇവിടെയില്ലാത്തതാ...

ഇവിടെ ഈ കേസ് നിലവിലില്ല"

" നിലവിലില്ല എന്ന് പറഞ്ഞാൽ."

"ചേട്ടാ ഈ നമ്പറിലുള്ള കേസ് ഇപ്പോൾ ഈ കോടതിയിൽ ഇല്ല.

മുമ്പ് ഉണ്ടായിരുന്നോ, തീർന്നു പോയതാണോ എന്നറിയണമെങ്കിൽ പഴയ രജിസ്റ്ററുകൾ നോക്കണം. അതിന് സമയം വേണം' ചേട്ടൻ പോയിട്ടു പിന്നെ വന്നാൽ മതി. ഇത്രേം പ്രായമുള്ള ചേട്ടൻ ഈ സമയത്ത് പുറത്തിറങ്ങി നടക്കുന്നതും ശരിയല്ല' "

" അല്ലേലും എനിക്ക് എന്നും ഇവിടെ ചുറ്റിത്തിരിയാൻ കഴിയില്ല."

"അത് തന്നെയാ ഞാനും പറഞ്ഞത്. നമ്പർ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്. മറ്റാരെയെങ്കിലും പറഞ്ഞു വിട്ടാലും മതി."' -

"ഞാൻ പുറത്തു കാത്തിരിക്കാം സാറേ ."

"ആ രജിസ്റ്ററിൽ പേരും ഫോൺ നമ്പരും എഴുതണേ"

"അതിലെൻ്റെ പേരുണ്ട് - കഴിഞ്ഞ ദിവസം വന്നപ്പോൾ എഴുതിയതാ."

" .ഓരോ ദിവസവും വരുന്നവരുടെ പേരുകൾ അതാതു ദിവസത്തെ രജിസ്റ്ററിൽ വരണം എഴുതിക്കോളൂ, "

ഫയലിങ്ങ് സെക്ഷനിൽ ചെന്ന് ആ കേസിനേക്കുറിച്ച് തിരക്കാൻ ഞാൻ ആളെ വിട്ടു..

"ഈ കോടതിയിൽ അങ്ങനെയൊരു കേസ് വന്നിട്ടില്ല."

അയാളെ അറിയിച്ചു.

" എന്ത് കേസാണെന്നറിയാമോ?"'

"കൊലക്കേസാ സാറേ ... "

"ഓ...കൊലക്കേസുകൾ... ഇവിടെയുണ്ട്.

കേസ് നമ്പർ ഇതു തന്നെയാണോ ?.

നിങ്ങൾ വാദിയാണോ പ്രതിയാണോ ? "

"ഞാനെന്നെ വാദീന്നു വിളിക്കും, അവരെന്നെ പ്രതീന്നും പറയും "

'"നിങ്ങൾക്കു വക്കീലുണ്ടോ? "

" വക്കീലിനെ വയ്ക്കാൻ പാങ്ങില്ലാഞ്ഞിട്ട് ഒരു വക്കീലിനെ കോടതി വച്ചു തന്നാരുന്നു."

"ഓ.. നിങ്ങൾ കസ്റ്റഡി പ്രതിയാരുന്നു. ജാമ്യത്തിലിറങ്ങി അല്ലേ, "

" ഇപ്പോ എനിക്കിറങ്ങി നടക്കാൻ ജാമ്യോന്നും വേണ്ട സാറെ.."

"ഉം ...ശരി ശരി, നിങ്ങൾ മറ്റു കോടതിയിലും കൂടി അന്വേഷിക്ക് '--

"ഈ കോടതി തന്നെയാ എനിക്കുറപ്പാ-

" ഇത് വലിയ ശല്യമായല്ലോ."

"അങ്ങനെ പറയരുത് സാറേ .എല്ലാരും ചത്തു കെട്ടു പോകാനുള്ളതല്ലേ --- ഭൂമീന്നു പോയിക്കഴിഞ്ഞാ ആർക്ക് ആരാ ശല്യം -- എന്തായാലും ഞാനിപ്പം പോകുവാ- എന്നെ തെരക്കുന്നുണ്ടാവും -- "

അതാ നല്ലത്

ഞാൻ മനസ്സിൽ പറഞ്ഞു.

കുറച്ചു ദിവസം കഴിഞ്ഞപ്പോഴറിയുന്നു കോടതിയിൽ വന്നിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു മൂന്ന് തവണ അയാൾ കോടതിയിൽ വന്നിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കോടതിയിലും വന്നിരുന്നത്രെ!

അയാൾ വന്ന ദിവസം കോടതിയിൽ ഉണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകണം.

പൊലീസുകാരും ആരോഗ്യ പ്രവർത്തകരും വന്നു.

അന്നേ ദിവസം കോടതിയിൽ വന്നവരാരൊക്കെ എന്നറിയണം.

ഞങ്ങൾ രജിസ്റ്റർ സൂക്ഷിച്ചത് നന്നായി, അവരതിൽ നോക്കി പേരും ഫോൺ നമ്പരും എഴുതിയെടുത്തു കൊണ്ടിരിക്കെ -

പിന്നെയും കൃഷ്ണൻകുട്ടി ,ദേവലോകം, പി.ഒ, ഫോൺ നമ്പരില്ല,

ഇതെന്താ പിന്നെയും കൃഷ്ണൻകുട്ടി?

ഫോൺ നമ്പരില്ല എന്നെഴുതിയിട്ടുണ്ട്.

പിറകോട്ട് നോക്കിയപ്പോൾ ഒരിടത്ത് അതേ പേരു കണ്ടു'

"അതാ വയസ്സായ ആളായിരിക്കും "

ഞാൻ പറഞ്ഞു.

"ഏത്?

" ഒരു കേസിനേക്കുറിച്ചറിയാൻ ഒരാൾ വന്നിരുന്നില്ലേ... ഫോൺ നമ്പരില്ലയെന്നു പറഞ്ഞിരുന്നു.

അയാളാകും അങ്ങനെ എഴുതിയത്."

" ഒരു കാര്യം ചെയ്യൂ ഫോൺ നമ്പരുള്ളവരെയെല്ലാം വിളിച്ച് ഇൻഫോം ചെയ്യ്.നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്ക്.

ദേവലോകം പോസ്റ്റൽ അതിർത്തിയിലുള്ള എല്ലാ കൃഷ്ണൻകുട്ടിമാരേയും കണ്ടു പിടിക്ക് '

' സാറേ പിന്നെയും കൃഷ്ണൻകുട്ടി ആരാന്നു തെരക്കിയാൽ പോരേ --?

ഒരു

പൊലീസുകാരന് സംശയം.

"എടോ ആദ്യം ഒരു ദിവസം പേരെഴുതിയിട്ട്,

വീണ്ടും എഴുതിയപ്പോൾ അയാളങ്ങനെ എഴുതിയതായിരിക്കും.

അയാളും കൊള്ളാം താനും കൊള്ളാം."

ദേവലോകം പോസ്റ്റൽ അതിർത്തിയിൽ ആറ് കൃഷ്ണൻകുട്ടിമാരുണ്ട്. പക്ഷേ അവരാരും കോടതിയിൽ വന്നിട്ടില്ല.

"അയാളെ എങ്ങനെയും കണ്ടു പിടിക്കണമല്ലോ ഒരു വയസ്സായ ആളാണ്.

വീട്ടു പേരും എഴുതിയിട്ടില്ലല്ലോ.

കൊവിഡ് സ്ഥിരീകരിച്ച ആൾ പേരെഴുതിയതിൻ്റെ തൊട്ടു താഴെയാണ് കൃഷ്ണൻകുട്ടി എഴുതിയിരിക്കുന്നത്.

അപ്പോഴാണ് ഞാനോർത്തത് അന്ന് ഞങ്ങളുടെ ബസ്സിൽ കയറിയത് അയാളായിരിക്കുമോ --

അയാളെ മുമ്പു കണ്ടതുപോലെ തോന്നുകയും ചെയ്തതാണ്. പക്ഷേ അയാളെന്തിന് ആ ബസ്സിൽ കയറി -

ഞാനിതു പറഞ്ഞപ്പോൾ മറ്റു രണ്ടുപേർ പറഞ്ഞു ഒരു ദിവസം അവരുടെ വണ്ടിയിലും കയറിപോലും. ടിക്കറ്റെടുക്കാൻ പൈസയില്ലായിരുന്നു. കണ്ടക്ടർ ഇറക്കി വിട്ടു.

"ടിക്കറ്റില്ലാതെ ആർക്കും പോകാവുന്ന വണ്ടിയിൽ പോയവനാ ഞാൻ.

ഞാൻ മാത്രല്ല എൻ്റെ ഭാര്യേം. നിങ്ങൾക്കും പോകാം ഒരു ദിവസം --" എന്നൊക്കെ പറഞ്ഞിട്ടാത്രെ ഇറങ്ങിപ്പോയത്.

"എന്തോ ഇത്തിരി വട്ടുള്ള ആളാന്നാ തോന്നുന്നെ"

അവർ പറഞ്ഞു.

ഞാൻ ജോലി ചെയ്തിട്ടുള്ള എല്ലാ കോടതികളിലുമുണ്ടായിരുന്നു ഇത്തരം നിർദ്ദോഷ ശല്യക്കാർ. അതു കൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.

കോടതി അണുവിമുക്തമാക്കി വീണ്ടും പ്രവർത്തനം തുടങ്ങി.

വേറെ ആർക്കും രോഗം വന്നില്ല.

അങ്ങനെയിരിക്കെ അതേ കേസ് നമ്പരുമായി ഒരു സ്ത്രീ വന്നു.

അയാൾ ഭാര്യയെ പറഞ്ഞു വിട്ടതാവും .

ഞാൻ പറഞ്ഞതൊന്നും അയാൾ വിശ്വസിച്ചിട്ടില്ലായെന്ന് തോന്നുന്നു .

പക്ഷേ അവർ തന്ന നമ്പറിലെ വർഷം വേറെയായിരുന്നു.

"നിങ്ങളുടെ ഭർത്താവ് വന്നിരുന്നു, കേസ് നമ്പറുമായി. പക്ഷേ വർഷം തെറ്റായിരുന്നു.

ഇത് കൊലക്കേസാ അല്ലേ?

"ങ് ഹാ. മകൻ ഒന്നാം പ്രതി .അച്ഛൻ രണ്ടാം പ്രതി. ഞാൻ മൂന്നാം പ്രതിയാരുന്നു. കള്ളക്കേസാ സാറേ .കുടുക്കിയതാ.. മകൻ വല്യ വീട്ടിലെ പെൺകൊച്ചിനെ സ്നേഹിച്ചു. വേറെ കല്യാണം തീരുമാനിച്ചപ്പോൾ അവൾ വീടുവിട്ട് അവൻ്റടുത്തേയ്ക്കു പോന്നു. .അവർ

ഗുണ്ടകളെ വിട്ടു. വീട്ടിലേക്ക്.. അവനെ ആക്രമിച്ചപ്പോൾ തടസ്സം പിടിക്കാൻ ചെന്ന പെൺകൊച്ച് അവരുടെ കൈ കൊണ്ടാ കൊല്ലപ്പെട്ടത്...പക്ഷേ ..

"ഞാനിവിടെ പുതിയതായി വന്നേയുള്ളൂ കേസിൻ്റെ ചരിത്രമൊന്നുമറിയില്ല. അച്ഛനും അമ്മയും ജാമ്യത്തിലിറങ്ങി. അല്ലേ. മകനിപ്പോഴും ജയിലിൽ തന്നെയാണോ ?"

"അതേ സാറേ .നേർച്ചേം കാഴ്ച്ചേംവച്ചു കിട്ടിയ ഒറ്റ മോനാ. അവനെത്ര പാവമാണെന്ന് ഞങ്ങക്കേ അറിയൂ. പിന്നെയാ പെങ്കൊച്ചിനും"

ഞാനവരുടെ കേസിൻ്റെ അടുത്ത അവധി പറഞ്ഞു കൊടുത്തു.

"വല്യ ഉപകാരം സാറേ .പോട്ടെ, അങ്ങേര് കാത്തിരിക്കും."

"ആ രജിസ്റ്ററിൽ പേരും ഫോൺ നമ്പരും എഴുതിയിട്ടു പോണം... കൃഷ്ണൻകുട്ടി സ്ഥലം തെറ്റായിട്ടാ എഴുതിയിരുന്നത്. നിങ്ങൾ ശരിയായിട്ടെഴുതിയേക്കണേ.കൃഷ്ണൻകുട്ടിയ്ക്ക് കുഴപ്പോന്നുമില്ലല്ലോ

അല്ലേ ?"

"ഞങ്ങക്ക് എന്തു കുഴപ്പം സാറേ? കുഴപ്പമൊക്കെ ഇവിടല്ലേ "

അതു പറഞ്ഞ് അവർ ചിരിച്ചു.

രണ്ടാഴ്ച കഴിഞ്ഞു കാണും. ഒരു കസ്റ്റഡി പ്രതിയുടെ കേസുണ്ടായിരുന്നു. വീഡിയോ കോൺഫറൻസിലൂടെയാണിപ്പോൾ കസ്റ്റഡി പ്രതികളെ ഹാജരാക്കുന്നത്.

കേസ് നമ്പർ വിളിച്ചു. പ്രതികളുടെ പേരും വിളിച്ചു. ഒന്നാം പ്രതി സുനിൽ, രണ്ടാം പ്രതി കൃഷ്ണൻകുട്ടി

മൂന്നാം പ്രതി ഭാർഗ്ഗവി .

"സർ, രണ്ടും മൂന്നും പ്രതികൾ ജീവിച്ചിരിപ്പില്ല. "

പ്രതികളുടെ വക്കീൽ പറഞ്ഞു.

'ജാമ്യത്തിലിറങ്ങിയ അവർ ഒരപകടത്തിൽ പെട്ട് മരിച്ചു. സത്യത്തിൽ അത് അപകട മരണമല്ല യുവറോണർ... ."

പക്ഷേ ജയിലിൽ കൈകൂപ്പി നിൽക്കുന്ന ഒന്നാം പ്രതിയുടെ ഇടതും വലതുമായി രണ്ടും മൂന്നും പ്രതികളെ ഞാൻ കാണുന്നുണ്ടായിരുന്നു..

പെരുവിരലിൽനിന്നും ഒരു തരിപ്പ് അരിച്ചു കയറി ഉച്ചിവരെയെത്തി. കേസിൻ്റെ അടുത്ത അവധി പറഞ്ഞു കൊടുത്തപ്പോൾ എൻ്റെ ശബ്ദം വിറച്ചുവെന്നു തോന്നി. കോടതി പിരിഞ്ഞപ്പോഴും സ്ക്രീനിൽ നോക്കി അന്തം വിട്ടുനില്ക്കുന്ന എന്നോട് പബ്ലിക് പ്രോസിക്യൂട്ടർ... . "എന്തു പറ്റി ബി.സീ.? സുഖമില്ലേ ?"

"ഏയ് ഒന്നുമില്ല."

ഞാൻ തിടുക്കത്തിൽ ആ രജിസ്റ്റർ പരിശോധിക്കാൻ തുടങ്ങി.

"എന്താ പിന്നെയും കോവിഡുകാര് വല്ലോരും വന്നോ?"

പി.പി വീണ്ടും...

"ഏയ് ഇല്ല' "

ആ സ്ത്രീ രജിസ്റ്ററിൽ എഴു തുന്നത് ഞാൻ കണ്ടതാണ്. പക്ഷേ അവരുടെ പേരും മേൽവിലാസവും ഒന്നുമില്ലല്ലോ.

"എൻ്റെ സാറേ അവൾക്ക് എഴുതാനൊന്നുമറിയില്ല. അവൾ എഴുതുന്നതായി കാണിച്ചതാ."

ശബ്ദം വന്നിടത്തേയ്ക്ക് നോക്കി . ആരുമില്ല. രജിസ്റ്റർ മടക്കി വച്ച് ഞാൻ തിടുക്കത്തിൽ

പുറത്തിറങ്ങി .

കോടതി വരാന്തയിലൂടെ വക്കീലന്മാർക്കും കക്ഷികൾക്കുമിടയിലൂടെ തോളോടുതോൾ ചേർന്ന് നടന്നു പോകുന്നു അവർ.കൃഷ്ണൻകുട്ടിയും ഭാർഗ്ഗവിയും. രണ്ടാളും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയോ.

അതോ എൻ്റെ തോന്നലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക