Image

ജസ്പാൽ റാണയുടെ വേർപാട് ഇന്ത്യൻ ഷൂട്ടിങ്ങിന് തീരാനഷ്ടം (സനിൽ പി.തോമസ്)

Published on 12 June, 2026
ജസ്പാൽ റാണയുടെ വേർപാട് ഇന്ത്യൻ ഷൂട്ടിങ്ങിന് തീരാനഷ്ടം (സനിൽ പി.തോമസ്)

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഷൂട്ടറും ഒളിംപിക് മെഡൽ ജേത്രി മനു ഭാക്കറിൻ്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

1978ൽ രാജാ രൺധീർ സിങ് സ്വർണം നേടിയ ശേഷം ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം ലഭിച്ചത് 1994 ൽ ജസ്പാലിലൂടെയാണ്. 25 മീറ്റർ സെൻ്റർ ഫയർ പിസ്റ്റലിൽ ആണ് ജസ്പാൽ സ്വർണം കരസ്ഥമാക്കിയത്.കോമൺവെൽത്ത് ഗെയിംസിൽ സ്വർണക്കൊയ്ത്ത്.രാജ്യം പത്മശ്രീയും ആർജുനയും നൽകി ജസ്പാലിനെ ആദരിച്ചു. പിന്നീട് പരിശീലകനായി.


 ജസ്പാൽ റാണ

2024 ലെ പാരിസ് ഒളിംപിക്സിനു ശേഷം  ജസ്പാൽ റാണയുമായി   ഏറെ നേരം സംസാരിച്ചിരുന്നു. 2023 അവസാനം ഹാങ്ചോ ഏഷ്യൻ ഗെയിംസ് വേളയിൽ  മനു ഭാക്കറിനോട് സംസാരിച്ചതിൻ്റെ വിഡിയോ  ജസ്പാലിന് അയച്ചുകൊടുത്തിരുന്നു. ജസ്പാൽ കോച്ചായി കൂടെയുണ്ടെങ്കിൽ പാരിസിൽ മെഡൽ നേടുമെന്ന് അന്നു മനു പറഞ്ഞത് ശ്രദ്ധിച്ചെന്ന് ജസ്പാൽ പറഞ്ഞു. പാരിസിൽ മനു ഇരട്ട വെങ്കലം നേടിയതിൻ്റെ സന്തോഷത്തിലായിരുന്നു ജസ്പാൽ.
1990 കളിലെ മറവിക്കാരനായ ചെറുപ്പക്കാരൻ പക്വതയുള്ള പരിശീലകനായി മാറിയതിലെ സന്തോഷം ഞാൻ അറിയിച്ചു. പഴയ കഥകളൊക്കെ  പങ്കുവച്ചു.1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ജസ്പാൽ സ്വർണം നേടിയപ്പോഴും 2023 ൽ ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ മനു ഭാക്കർ സ്വർണം ( ടീം) നേടിയപ്പോഴും സാക്ഷിയാകാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. 1996 ൽ  തുക്ളക്കാബാദിലെ ഡോ.കാർണി സിങ് ഷൂട്ടിങ് റേഞ്ചിൽ പരിശീലനത്തിന് വന്നപ്പോൾ ബൈക്ക് എവിടെയാണ് പാർക്ക് ചെയ്തതെന്നു മറന്നു പോയതും കോച്ച് സണ്ണി തോമസ്  പിന്നിൽ വന്ന് ചെറിയൊരു തൊഴികൊടുത്തതും പറഞ്ഞപ്പോൾ ജസ്പാലിന് ചിരി. ജസ്പാൽ ആദ്യം കാർ വാങ്ങിയപ്പോൾ  ഡൽഹിയിൽ എന്നെയും കയറ്റി. സിഗ്നൽ കാണാതെ മുന്നോട്ട് പോയതും പിന്നോട്ടെടുത്ത് മറ്റൊരു കാറിൽ ഇടിച്ചത് അറിയാതെ അയാൾ ഇടിപ്പിച്ചെന്നു പറഞ്ഞ്   വഴക്കുണ്ടാക്കിയതും ജസ്പാൽ മറന്നിട്ടില്ല.
പാരിസിൽ മനു മെഡൽ നേടിയപ്പോൾ  സണ്ണി സാറിനൊപ്പമാണ് ഞാൻ കണ്ടതെന്ന് ഓർമിപ്പിച്ചു.

ജസ്പാലും മനു ഭാക്കറും

അശ്രദ്ധയ്ക്ക് പേരെടുത്ത യുവാവ് ആളാകെ മാറിയപ്പോൾ ശിഷ്യ ചെറുപ്പത്തിൽ തന്നെ ശ്രദ്ധയുടെ കാര്യത്തിൽ വളരെ മുന്നിലാണെന്ന് കേട്ടപ്പോൾ ജസ്പാലിന് സന്തോഷം.ഹാങ് ചോയിൽ മനു ഭാക്കറിനെ പൊതുസ്ഥലത്ത് കണ്ടപ്പോൾ, നമ്മൾ നേരത്തെ മിക്സ്ഡ് സോണിൽ സംസാരിച്ചതല്ലേയെന്ന് ചോദിച്ച കാര്യം ഉദാഹരണമായി പറഞ്ഞു.
2021ൽ ടോക്കിയോ ഒളിംപിക്സിന് അക്രഡിറ്റേഷൻ കിട്ടിയപ്പോൾ  ജസ്പാലിനെ വിളിച്ചിരുന്നു. ജസ്പാൽ  കോച്ചായി കാണുമെന്നു കരുതി വിളിച്ചതാണ്. കോവിഡ് തടസങ്ങൾ മൂലം അവസാന നിമിഷം യാത്ര റദ്ദാക്കിയത് പറയാൻ വിളിച്ചപ്പോൾ ഇന്ത്യൻ സംഘത്തിൽ നിന്നു തന്നെ തഴഞ്ഞതിൻ്റെ ദേഷ്യം ജസ്പാൽ മറച്ചുവച്ചില്ല.
ഒടുവിൽ ജസ്പാൽ കോച്ചായി ചരിത്രമെഴുതി. പാരിസിൽ കണ്ടത് ജസ്പാൽ _ മനു ഭാക്കർ ടീമിൻ്റെ വിജയമാണ്. പക്ഷേ, ജസ്പാൽ,  അകാലത്തിൽ വേർപിരിഞ്ഞല്ലോ? എൻ്റെ മനസ്സിലുള്ളത് നാല്പത്തൊമ്പതുകാരൻ ജസ്പാൽ അല്ല. 1994ലെ ആ കൗമാരക്കാരനാണ്. പ്രണാമം പ്രിയപ്പെട്ട ജസ്പാൽ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക