
മലയാളസിനിമയിലെ ചിരിക്കഴ്ചയുടെ കാരണവർ: എസ്.പി. ആശാൻ. അദ്ദേഹത്തിൻ്റെ 41-ാം ചരമവാർഷികമാണ്.
അരനൂറ്റാണ്ടിനുമപ്പുറം മലയാള സിനിമയിലെ 'അലയൊടുങ്ങാത്ത ചിരി'യുടെ മൂർത്ത ബിംബമായിരുന്നു എസ്.പി. പിള്ള. അന്നൊക്കെ മിക്ക സിനിമയിലും ഹാസ്യനടനു സർക്കസ് കോമാളിയുടെ മാത്രം സ്ഥാനമേ ഉണ്ടയിരുന്നുള്ളു. എന്നാൽ സിനിമയിലെ കഥപറച്ചിലിൽ ഒരു 'പാണനായി' എസ്.പി. പിള്ള നിറഞ്ഞാടി. മുതുകുളം രാഘവൻ പിള്ളയുടേയും മറ്റും തിരക്കഥയെഴുത്ത് കാലത്ത് മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചിതറിച്ച എസ്.പി. പിള്ള വെള്ളിത്തിരക്ക്, നാടക അരങ്ങിൽ നിന്നുള്ള ഒരു സംഭാവനയായിരുന്നു.
40 വർഷം കലാരംഗത്ത് നിറഞ്ഞുനിന്ന എസ്.പി പിള്ള നാടകങ്ങളിലും സിനിമയിലും മറക്കാനാകാത്ത നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്നു പോയി...
ആദ്യകാല ഹാസ്യനടന്മാരിൽ ഒരാളായായ, എസ്.പി., 'മലയാളത്തിന്റെ ചാർലി ചാപ്ലിൻ' എന്ന പേരും നേടി. ചാർലി ചാപ്ലിൻ്റെ വൈവിധ്യമാർന്ന പ്രതിഭാവിലാസങ്ങളുമായി താരതമ്യപ്പെടുത്താനായില്ലങ്കിലും എസ് പി ആശാൻ അന്നത്തെ കാലഘട്ടത്തിലെ 'ചിരി ആശാൻ' തന്നെയായിരുന്നു.
എസ്.പി. പിള്ളയുടെ യഥാർഥ നാമം പങ്കജാക്ഷൻ (പങ്കൻ) എന്നാണ്. ഹരിപ്പാടിനടുത്തു മുട്ടത്ത് പോലീസ് കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913-ൽ ആണ് പങ്കൻ്റെ ജനനം. ഏറ്റുമാനൂർ അമ്പലത്തിന്റെ കിഴക്കേ നടയിൽ പാമ്പടി പറമ്പ് എന്ന് വീട്ടിൽ ആണ് ജനിച്ചത്. ('പാമ്പാടിയിൽ ജനിച്ചു' എന്ന വിക്കിപീഡിയ പരാമർശംതെറ്റാണ്.) ഏറ്റുമാനൂരിൽ തന്നെയാണ് ജീവിതം നയിച്ചത്.
പങ്കജാക്ഷൻ പിള്ളയുടെ ബാല്യകാലം കഷ്ടപ്പാട്, പട്ടിണി, അനാഥത്വം എന്നിവയൊക്കെ നിറഞ്ഞതായൊരുന്നു: ഒന്നര വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഏഴു വയസ്സുള്ളപ്പോൾ അച്ഛനും. എസ്. പി. പിള്ളയും സഹോദരൻ ചന്ദ്രൻ പിള്ളയും അരപ്പട്ടിണിയിലൂടെയും മുഴുപ്പട്ടിണിയിലൂടെയും കൈകോർത്ത് നീങ്ങി. മാതാപിതാക്കളുടെ മരണശേഷം കോട്ടയം പട്ടണപ്രാന്തത്തിലെ തിരുവാതുക്കൽ എന്ന സ്ഥലത്ത് ബന്ധുവിൻ്റെ വീട്ടിലായിരുന്നു അക്കാലത്ത് കഴിഞ്ഞത്. ചങ്ങനാശ്ശേരി പട്ടണത്തിലും മറ്റും ഒരു പത്രവില്പനക്കാരനായിയാണ് ജീവിതം ആരംഭിച്ചു.
14–ാം വയസ്സിൽ പങ്കൻ കലാരംഗത്ത് എത്തി. വൈക്കം വാസുദേവാൻ നായർ, വിക്രമൻ നായർ തുടങ്ങിയവരുടെ കൂടെ നാടകം അഭിനയിച്ചു കൊണ്ട് തുടക്കമിട്ടു. അഭിനയത്തിനു പുറമേ ഹാസ്യാനുകരണം കൊണ്ടും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. ഏറ്റുമാനൂരിൽ, മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തെ അനുകരിച്ചതും മഹാകവി അത് കണ്ടതും പങ്കൻ്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. വള്ളത്തോളുമായുള്ള ഈ സമാഗമം പങ്കനെ കലാമണ്ഡലത്തിലേക്ക് നയിച്ചു. അവി മഹാകവിയുടെ പ്രിയശിഷ്യനായി; തുള്ളലിൽ കെങ്കേമനായി. പിന്നെ നാടകങ്ങളായി; അവിടന്ന് സിനിമയിലേക്ക്...
എസ്.പി. പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഒരു കണക്കു കേട്ടിട്ടുള്ളത്. 'അല്ലി റാണി'യായിരുന്നു ആദ്യ നാടകം.
അപ്പൻ തമ്പുരാന്റെ 'ഭൂതരായർ' ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ, അതു വെളിച്ചം കണ്ടില്ല. സി. മാധവൻ പിള്ളയുടെ 'ജ്ഞാനാംബിക' (1940) ആണ് എസ്.പി.യുടെ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്) സംവിധാനം ചെയ്ത 'നല്ലതങ്ക'യിലെ അഭിനയം എസ്പിയിലൂടെ നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. 'നല്ലതങ്ക '– മുക്കുവൻ; 'ജീവിതനൗക' – ശങ്കു; 'ഭാര്യ'- ഉതുപ്പ്; 'കാവാലം ചുണ്ടൻ' - മൂത്താശാരി തുടങ്ങിയ കഥാപാത്രങ്ങൾ എസ്. പി.-യെ ഹാസ്യരാജനാക്കി.
'ഡോക്ടർ' (1963) സിനിമയിൽ ഒരു സൈക്കിളില്‍ കാമുകിക്കു പിന്നാലെ "കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത്നൂറിൻ്റെ നോട്ടുകൊണ്ടാറാട്ട്...'' എന്ന് തലവെട്ടിച്ച് മുഖമൊന്ന് നീട്ടി പാട്ടുംപാടി നീങ്ങുന്ന ഹാസ്യകാമുകനെ (കമ്പൗണ്ടർ കേശവൻ) കാണുമ്പോൾ ഇന്നും നാം ചിരിച്ചുപോകും - നിർദോഷഫലിതം!
'ഉമ്മിണിത്തങ്ക' (1961) പാട്ടുരംഗത്തിൽ എസ്.പി.യും സുകുമാരിയും ചേർന്നുള്ള തമാശയും ഓർക്കുന്നു: ഈ രംഗങ്ങളുടെ യുട്യൂബ് ലിങ്ക് കമൻ്റ് ബോക്സിൽ.
ഉദയായുടെ വടക്കൻപാട്ടു സിനിമകളിൽ 'പാണനാർ' കഥാപാത്രം എസ്.പി. പിള്ള തന്നെ തുടർച്ചയായി ചെയ്തു. 'ചെമ്മീനി'ലെ അച്ചൻ കുഞ്ഞും വളരെ പ്രസിദ്ധമായ വേഷമാണ്. 'ടാക്സി ഡ്രൈവരി'ലെ (ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ) അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാർഡു ലഭിച്ചു (1977).
1982-ൽ പുറത്തിറങ്ങിയ, വി സാംബശിവൻ നായകനായി അഭിനയിച്ച, 'പല്ലാങ്കുഴി' ആയിരുന്നു ഇദ്ദേഹത്തിന്റെ അവസാനചിത്രം. 'മധുവിധു തീരും മുൻപേ' (1985) അവസാന ചിത്രം, എന്ന് ചില രേഖകൾ കാണുന്നുണ്ട്; പക്ഷെ, ആ സിനിമയിൽ എസ്. പി. ഉണ്ടായിരുന്നുവോ എന്ന് സംശയമാണ്.
എസ്. പി. പിള്ളയുടെ ആത്മകഥ എന്ന പേരിലുള്ള ആത്മകഥ 'ജനയുഗം' പ്രസിദ്ധീകരിച്ചു; അതു പുസ്തകരൂപത്തിൽ വന്നതായി അറിയില്ല.
1985 ജൂൺ 12-ന്, 72-ാം വയസ്സിൽ, എസ്.പി. പിള്ള അന്തരിച്ചു.
എസ്.പി.യുടെ ഭാര്യ: സരസ്വതി; മക്കൾ: ചന്ദ്രിക, സതീഷ്, കല, ശോഭന.
പ്രമുഖ ചലച്ചിത്ര-സീരിയൽ നടി മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരമകളാണ് - ( എസ്.പി. ആശാൻ്റെ മകൾ ശോഭനയുടെ പുത്രിയാണ്. ശോഭനയുടെ ഭർത്താവ് VSCC-യിൽ ജോലി ചെയ്തിരുന്നു; ഇവർ തിരുവന്തപുരത്താണ് താമസമുറപ്പിച്ചത്.)
