Image

യുവതിയെ ആക്രമിച്ച കേസ്: ഇന്ത്യന്‍ യുവാവ് കോടതിയില്‍ കുറ്റം സമ്മതിച്ചു, നാട് കടത്തും

Published on 12 June, 2026
യുവതിയെ ആക്രമിച്ച കേസ്: ഇന്ത്യന്‍ യുവാവ് കോടതിയില്‍ കുറ്റം സമ്മതിച്ചു, നാട് കടത്തും

ടൊറന്റോ: ഒന്റാരിയോയില്‍ യുവതിയെ പാര്‍ക്കിങ് ഗാരേജില്‍ വെച്ച് ക്രൂരമായി ആക്രമിച്ച കേസില്‍ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ യുവാവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. സുഖ്പ്രീത് സിങ് (26) ആണ് ഒന്റാരിയോയിലെ ന്യൂമാര്‍ക്കറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2021 ഡിസംബറില്‍ റിച്ച്മണ്ട് ഹില്ലില്‍ വെച്ച് എല്‍നാസ് ഹജ്താമിരി എന്ന യുവതിയെ ആക്രമിച്ച കേസിലാണ് ഇയാള്‍ പ്രതിയായത്.

ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത ഇയാളെ കഴിഞ്ഞ വര്‍ഷമാണ് കാനഡയ്ക്ക് കൈമാറിയത്. കോടതി നടപടികള്‍ പൂര്‍ത്തിയായതോടെ ഇയാളെ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ വംശജയായ എല്‍നാസ് ഹജ്താമിരിയെ വധിക്കാന്‍ മുന്‍ കാമുകന്‍ മുഹമ്മദ് ലിലോ ക്രിമിനല്‍ സംഘത്തെ വാടകയ്ക്ക് എടുക്കുകയായിരുന്നു. കാറുകളും ട്രക്കുകളും മോഷ്ടിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ലിലോ. തന്റെ കള്ളക്കടത്ത് വിവരങ്ങള്‍ എല്‍നാസ് പുറത്തുവിടുമെന്ന ഭയത്താലാണ് ഇവരെ അപായപ്പെടുത്താന്‍ ലിലോ പദ്ധതിയിട്ടത്. 2021 ഡിസംബറിലെ പാര്‍ക്കിങ് ഗാരേജ് ആക്രമണത്തില്‍ എല്‍നാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇവര്‍ ബന്ധുക്കള്‍ക്കൊപ്പം വാസഗ ബീച്ചില്‍ ഒളിവില്‍ കഴിയുന്നതിനിടെ, 2022 ജനുവരി 12-ന് പോലീസ് ചമഞ്ഞെത്തിയ മൂന്നംഗ സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായി കൊലപ്പെടുത്തിയതായാണ് പൊലീസ് നിഗമനം.

കേസിന്റെ മുഖ്യസൂത്രധാരനായ മുന്‍ കാമുകന്‍ മുഹമ്മദ് ലിലോയ്ക്ക് എതിരെ കൊലക്കുറ്റം തെളിയിക്കാന്‍ സുഖ്പ്രീതിന്റെ മൊഴികള്‍ പോലീസിനെ സഹായിച്ചു. ഒടുവില്‍ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിച്ച ലിലോയ്ക്ക് കോടതി നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

2020ല്‍ ഷെറിഡന്‍ കോളേജില്‍ ബിസിനസ് മാര്‍ക്കറ്റിങ് പഠിക്കാനായി ഇന്ത്യയില്‍ നിന്നും കാനഡയിലെത്തിയതായിരുന്നു സുഖ്പ്രീത് സിങ്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പഠനം മുടങ്ങുകയും, നാട്ടിലെ കുടുംബത്തെ സഹായിക്കാന്‍ ഇയാള്‍ കുറ്റകൃത്യങ്ങളുടെ വഴി തിരഞ്ഞെടുക്കുകയുമായിരുന്നു. നിലവില്‍ 18 മാസത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ സുഖ്പ്രീതിനെ കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക