
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂര്‍ മണ്ഡലം നിലനിര്‍ത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്തു. ഈ ഒഴിവിലേക്ക് രാഘവ ലോറന്‍സ് ടിവികെ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.