
വിരഹവേദന സഹിക്കാനാവാതെ
മൌനാരവത്തോടെ ഓടിയെത്തി
തിമിർത്തു പെയ്തു
നിന്നു പെയ്തു
പെയ്തൊഴിഞ്ഞു
സംസ്കാരത്തിന്
മൂത്ത വെയിലെത്തി
പുറത്ത് ചിരി
ഉള്ളിൽ വിങ്ങിപ്പൊട്ടലും!
2
കൊണ്ടാൽ പനിക്കും
പനി മാറിയില്ലെങ്കിൽ മരിക്കും
മരിച്ച് ദഹിച്ച് പുകയായാൽ
മഴമേഘത്തോടൊപ്പം ചേർന്ന് തള്ളാം
ദൈവക്കുടയെടുക്കാത്ത
ഒരു തോന്ന്യവാസിയെക്കൂടി
മരണപ്പായിലേക്ക്!
3
കുട മഴയുടെ ശത്രുവല്ല
മഴ കുടയുടെ അമ്മാവനുമല്ല
കുട നന്നാക്കാം
അമ്മാവനെ നന്നാക്കാമൊ
ഒരു വഴിക്കിറങ്ങുമ്പോൾ
കുടയും വേണ്ട മഴയും വേണ്ട
കുടയെങ്ങാനും മറന്നു പോയാലൊ
മഴ മണ്ടയിൽ തട്ടിയെങ്ങാനും
തകർന്നു പോയാലൊ
അതു കൊണ്ട് ഒരു വഴിക്കിറങ്ങുമ്പോൾ
വഴിയും വേണ്ട
വഴിയാത്രക്കാരനും വേണ്ട
കുടയും വേണ്ട മഴയും വേണ്ട!
4
തുറന്ന സ്ഥലത്ത് മോന്താവുന്ന
ഒരു രഹസ്യവീഞ്ഞല്ലേ മഴ!
അത് പങ്കിടാൻ ഈ നിമിഷം എന്നോടൊപ്പം
ആ പഴയ രഹസ്യക്കാരിയുണ്ടൊ?
അവളെക്കുറിച്ച് ഓർക്കുമ്പോൾ
കണ്ണിലും കരളിലും
മറ്റൊരു ഇടവപ്പാതി
ഞാൻ പാതി
അവൾ പാതി
പാതി പാതിയെ തേടി
പാതിര തോറും
ഒരലവലാതിയായി അലഞ്ഞാലും
ജീവിതം മുഴുപ്പാതി!!