Image

'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്...' നീലക്കുയില്‍ -ജാനമ്മ ഡേവിഡ് (എന്‍റെ സംഗീത വഴികള്‍ -6: എസ് രാജേന്ദ്ര ബാബു)

Published on 12 June, 2026
'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്...' നീലക്കുയില്‍  -ജാനമ്മ ഡേവിഡ് (എന്‍റെ സംഗീത വഴികള്‍ -6: എസ് രാജേന്ദ്ര ബാബു)

മലയാളത്തിലെ ആദ്യ ജന പ്രിയ ഗായിക.ഇന്നും നമ്മെ വശീകരിക്കുന്ന ചില  പാട്ടുകള്‍.നല്ല തങ്കയില്‍ തുടക്കം .നീലക്കുയിലിലെ മാസ്മരിക  ഗായിക.കാക്കോത്തി കാവിലെ മാന്ത്രിക സ്പര്‍ശം  

 

പിന്നണി ഗായകന്‍ പി ജയചന്ദ്രന് തബല ബാലന്‍ സഹോദര തുല്യനായിരുന്നു.
മദിരാശിയില്‍ മഹാലിംഗപുരത്തെ അയ്യപ്പന്‍ കോവിലിനു സമീപമുള്ള ലേഡി മാധവന്‍
നായര്‍ കോളനിയിലെ പി ജയചന്ദ്രന്‍റെ വീട് ദിവസം ഒരു നേരമെങ്കിലും ബാലന്‍
സന്ദര്‍ശിക്കാതിരിക്കില്ല. ജയചന്ദ്രന്‍ സ്വന്തമായി കാര്‍ വാങ്ങിയപ്പോള്‍ അദ്ദേഹം
ഉപയോഗിച്ചിരുന്ന സ്പോര്‍ട്ട്സ് സൈക്കിള്‍ ബാലനു നല്‍കി. പില്‍ക്കാലത്ത്
ജോണ്‍സണ്‍, രവീന്ദ്രന്‍, എഡിറ്റര്‍ ജി മുരളി, ബ്രഹ്മാനന്ദന്‍, ചിറയന്‍കീഴ് മനോഹരന്‍
തുടങ്ങി ബാലന്‍റെ മിക്ക സുഹൃത്തുക്കളും കോടമ്പാക്കത്തെ തെരുവുകളില്‍ ആ
സൈക്കിളില്‍ ചുറ്റിനടക്കുമായിരുന്നു. പിന്നീട് ബാലന്‍റെ സൈക്കിളിലെ പതിവുകാരന്‍
ഞാനായി. എന്നെ മുന്നിലിരുത്തി സൈക്കിള്‍ ചവിട്ടാനാണ് ബാലന് കൂടുതല്‍ ഇഷ്ടം.
കോടമ്പാക്കത്ത് ഞങ്ങള്‍ സൈക്കിള്‍യാത്ര ചെയ്യാത്ത തെരുവുകളില്ല.
ബാലനോടൊപ്പം സൈക്കിളില്‍ ചുറ്റിനടന്നാണ് വണ്ണിയാര്‍ സ്ട്രീറ്റില്‍ എനിക്കൊരു
വാടകവീട് തരപ്പെടുത്താനായത്. ഞാനും അമ്മയും ലതികയുമായി എണ്‍പതുകളുടെ
തുടക്കത്തില്‍ അവിടെ താമസവുമായി.

ജാനമ്മ  ഡേവിഡ് 

ഒരിക്കല്‍ വണ്ണിയാര്‍ സ്ട്രീറ്റിലെ വീട്ടില്‍ നിന്ന് ഹോളിവുഡ് ഹോട്ടലിലേക്കുള്ള
ഞങ്ങളുടെ സൈക്കിള്‍ യാത്രയില്‍ തനി കേരള സ്റ്റൈലില്‍ മുണ്ടും നേരിയതും വെള്ള
ജാക്കറ്റുമണിഞ്ഞ്, നെറ്റിയില്‍ ഭസ്മക്കുറിയും സിന്ദൂരവുമൊക്കെ അണിഞ്ഞ്, കറുത്ത്
പൊക്കം കുറഞ്ഞ ഒരമ്മ അകലെനിന്ന് വരുന്നതു കണ്ടു. ബാലന്‍ അമ്മയുടെ മുന്നില്‍
സൈക്കിള്‍ നിറുത്തി. "എന്താ ബാലാ, നിന്നെ ഈയിടെയായി കാണാനില്ലല്ലോ.
ജോലിത്തിരക്കായിരിക്കും. അല്ലേ?" വായ നിറച്ച് വെറ്റിലയും പുകയിലയും തിരുകി
മടിക്കുത്തില്‍ നിന്ന് പാക്ക് കഷണം തെരഞ്ഞെടുത്ത് വായിലിട്ട് മലര്‍ക്കെ
ചിരിച്ചുകൊണ്ട് ആ അമ്മ ചോദിച്ചു. എന്നെ നോക്കിയായിരുന്നു അടുത്ത ചോദ്യം,
"ഇദ്ദേഹം ആരാ."; ബാലന്‍ എന്നെ പരിചയപ്പെടുത്തി. "രണ്ടുപേരും കൂടി സൗകര്യം
പോലെ വീട്ടിലേക്കു വാ.."; അമ്മ മെല്ലെ നടന്നകന്നു."ആളെ മനസ്സിലായോ" ബാലന്‍
എന്നോടു ചോദിച്ചു. "ജാനമ്മാ ഡേവിഡ്, എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്.."
ഞാന്‍ അന്തം വിട്ടു നോക്കിനിന്നു"എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് കല്ലാണീ
നെഞ്ചിലെന്ന്...", "കുയിലിനെത്തേടി, കുയിലിനെത്തേടി കുതിച്ചുപായും മാരാ..."ഈ
പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ! ഒരുകാലത്ത് മലയാളി
മനസ്സുകളെ മുഴുവന്‍ കൈവെള്ളയിലിട്ട് അമ്മാനമാടിയ"നീലക്കുയില്‍"
കോടമ്പാക്കത്തെ തെരുവിലൂടെ തനി നാടന്‍ സ്റ്റൈലില്‍ നടന്നു നീങ്ങുകയാണ്.
അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബിരുദം നേടിയ
ജാനമ്മ ആദ്യം തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തില്‍ ജോലി നോക്കി. പിന്നീട് മദിരാശി
റേഡിയോ നിലയത്തില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോഴാണ് ഡേവിഡ് വി ജോര്‍ജും
ജാനമ്മയും തമ്മിലുള്ള വിപ്ലവകരമായ വിവാഹം നടന്നത്. സ്വാതന്ത്ര്യസമര
സേനാനിയായിരുന്ന ഡേവിഡും ജാനമ്മയുമായുള്ള വിവാഹം 1943 സെപ്തംബര്‍
അഞ്ചാം തീയതി ഗാന്ധിയന്‍ വി രാമചന്ദ്രന്‍റെ കാര്‍മ്മികത്വത്തില്‍ നടന്നു. തികഞ്ഞ
ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഡേവിഡ് സെയ്ദാപ്പേട്ടിലെ സെന്‍റ് മേരീസ്
മെട്രിക്കുലേഷന്‍ ഹൈസ്കൂളിന്‍റെ സ്ഥാപകനാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിനു
ശേഷം മകന്‍ ഡിടി മോഹന്‍ സ്കൂളിന്‍റെ നിര്‍വഹണച്ചുമതല ഏറ്റെടുത്തു. മോഹന്‍റെ
താല്‍പര്യപ്രകാരം കുറച്ചുകാലം ഞാന്‍ ആ സ്കൂളില്‍ സംഗീതാധ്യാപകനായി ജോലി
നോക്കിയിട്ടുണ്ട്.

ജാനമ്മ ഡേവിഡ് ,ലതിക ,സംഗീതജ്ഞര്‍

ഭാസ്കരന്‍ മാസ്റ്ററും രാഘവന്‍ മാസ്റ്ററും റേഡിയോ നിലയത്തില്‍ ജാനമ്മ
ഡേവിഡിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. രണ്ടുപേരുടെയും
സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ്";നീലക്കുയിലില്‍ "ആ അമ്മ
പാടിയത്. മലയാള ചലച്ചിത്രഗാന സംസ്കാരത്തിന് വഴിമരുന്നിട്ട ചിത്രമാണ്
"നീലക്കുയില്‍" അതിനു മുമ്പുവരെ മലയാളത്തില്‍ നാനൂറ്റി അമ്പതിലധികം
ഗാനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവയെല്ലാം ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തുവന്ന
ഗാനങ്ങളുടെ ഈണം കടമെടുത്ത് സൃഷ്ടിക്കപ്പെട്ടവയായിരുന്നു. മലയാളത്തിന്‍റെ
സ്വന്തം ഗാനങ്ങള്‍ പിറന്നത് നീലക്കുയിലിലൂടെ ആയിരുന്നല്ലോ. ഭാസ്കരന്‍ മാസ്റ്ററും
രാഘവന്‍ മാസ്റ്ററും ചേര്‍ന്ന് എട്ടു ഗാനങ്ങള്‍ ആ ചിത്രത്തിനായി ഒരുക്കി. എല്ലാം ഹിറ്റ്
ആയിരുന്നെങ്കിലും "എല്ലാരും ചൊല്ലണ്"കുയിലിനെത്തേടി" തുടങ്ങിയ ഗാനങ്ങളാണ്
ആസ്വാദക മനസ്സില്‍ ആദ്യം ഓടിയെത്തുക. അതുകൊണ്ടുതന്നെ മലയാളത്തിന്‍റെ
പ്രഥമ ജനപ്രിയ ഗായികയായി ജാനമ്മാ ഡേവിഡിനെ വിശേഷിപ്പിക്കാം.
നീലക്കുയില്‍ പുറത്തു വരുന്നതു വരെ സിനിമാപ്പാട്ടുകള്‍ക്ക് യാതൊരു പ്രസക്തിയും
ഉണ്ടായിരുന്നില്ല. ശാസ്ത്രീയ സംഗീതത്തിലായിരുന്നു ജാനമ്മാ ഡേവിഡിനു കൂടുതല്‍
താല്‍പര്യവും പ്രാവീണ്യവും. "നീലക്കുയിലിലെ "ഗാനങ്ങള്‍ക്കു ശേഷം സിനിമയില്‍
പാടാന്‍ നിരവധി അവസരങ്ങള്‍ വന്നെങ്കിലും റേഡിയോ നിലയത്തിലെ ജോലിയും
കുടുംബജീവിതവും കൊണ്ട് തിരക്കിലായപ്പോള്‍ സിനിമയില്‍ പാടാനൊന്നും സമയം
കിട്ടിയില്ലെന്നതാണ് വസ്തുത. യേശുദാസിന്‍റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പം
ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ഒരു യുഗ്മഗാനം പാടിക്കൊണ്ട്
നല്ലതങ്കയിലായിരുന്നു ജാനമ്മാ ഡേവിഡിന്‍റെ തുടക്കം. ദക്ഷിണാമൂര്‍ത്തിയുടെ
ആദ്യചിത്രം കൂടിയാണ് നല്ലതങ്ക. ആത്മശാന്തി, അമ്മ, കരുണ, ജനോവ, പ്രേമലേഖ,
മിന്നുന്നതെല്ലാം പൊന്നല്ല തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍."നീലക്കുയിലിലെ
പാട്ടുകളാകട്ടെ മലയാളിയുടെ ആസ്വാദനക്ഷമതയോടിഴചേര്‍ന്ന് ചലച്ചിത്രസംഗീത
ചരിത്രത്തിന്‍റെ നാഴികക്കല്ലായി മാറുകയായിരുന്നു.

ദേവരാജന്‍ 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ അമ്പതാം
വാര്‍ഷികം ആഘോഷിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ തീരുമാനിച്ചപ്പോള്‍ മദിരാശിയില്‍
വസിച്ചിരുന്ന ഗായകര്‍, ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍,
വാദ്യോപകരണക്കാര്‍ തുടങ്ങിയ കലാകാരന്മാരെ സംഘടിപ്പിക്കുന്ന ചുമതല മാസ്റ്റര്‍
എന്നെയാണ് ഏല്‍പിച്ചത്. ഇന്ത്യാ ടുഡേ ഓഫീസില്‍ നിന്ന് ഞാനിറങ്ങുന്ന
വൈകുന്നേരങ്ങളില്‍ മാസ്റ്ററുടെ വീട്ടില്‍ കൂടിയാലോചനകളും മറ്റു നടപടികളുമായി
മുന്നോട്ടു പോകുന്നതിനിടയില്‍ മദിരാശിയില്‍ നിന്ന് പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ്
തയാറാക്കുന്ന ഘട്ടം വന്നു. ജാനമ്മാ ഡേവിഡിനെക്കുറിച്ചു ഞാന്‍ പറഞ്ഞപ്പോള്‍,
അവര്‍ ഇവിടെത്തന്നെയുണ്ടോ?" എന്ന് മാസ്റ്റര്‍ ആശ്ചര്യപ്പെട്ടു. എന്‍റെ
അയല്‍ക്കാരിയാണെന്നു കൂടിയറിഞ്ഞപ്പോള്‍ മാസ്റ്റര്‍ക്ക് ഉടന്‍ അവരെ
കാണണമെന്നായി. അധികം വൈകാതെ ഒരുദിവസം മാസ്റ്റര്‍ എന്നോടൊപ്പം
കോടമ്പാക്കത്തെ അവരുടെ വീട്ടിലെത്തി. ദേവരാജന്‍ മാസ്റ്ററെ അവര്‍ക്ക് ആദ്യം
മനസ്സിലായില്ല. ഞാന്‍ പരിചയപ്പെടുത്തി. മാസ്റ്ററെ തിരിച്ചറിഞ്ഞപ്പോള്‍ ആ അമ്മ
സന്തോഷവും ആശ്ചര്യവും കൊണ്ട് വീര്‍പ്പുമുട്ടി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം
അമ്പതാം വര്‍ഷത്തെ പരിപാടികളില്‍ പങ്കെടുക്കാമെന്ന് അതീവ സന്തോഷത്തോടെ
അവര്‍ മാസ്റ്റര്‍ക്ക് ഉറപ്പും നല്‍കി.

കെ രാഘവന്‍ 

അമ്പതു വര്‍ഷത്തെ ഗാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറു ഗാനങ്ങള്‍
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ 1994 ഓഗസ്റ്റ് 20, 21, 22
തീയതികളില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായ നൗഷാദ് അലിയുടെ
സാന്നിധ്യത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക കലാകാരന്മാരെയും
പങ്കെടുപ്പിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു. ഗാനങ്ങള്‍ അതാതു
ഗായകരെക്കൊണ്ട് അതാതു സംഗീത സംവിധായകരുടെയും ഗാനരചയിതാവിന്‍റെയും
നേതൃത്വത്തില്‍ വേദിയില്‍ അവതരിപ്പിച്ചതായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ
പ്രത്യേകത. മദിരാശിയിലെ സ്റ്റുഡിയോകളില്‍ ആ ഗാനങ്ങള്‍ക്കു വാദ്യോപകരണങ്ങള്‍
കൈകാര്യം ചെയ്ത ഒട്ടുമിക്ക കലാകാരന്മാരെയും പങ്കെടുപ്പിക്കാനായതാണ് മറ്റൊരു
പ്രത്യേകത. അമ്പതു വര്‍ഷത്തെ ഗാനങ്ങളുടെ വിശദാംശങ്ങളും അവയുടെ പിന്നില്‍
പ്രവര്‍ത്തിച്ചവരുടെ ലഘു ജീവിതരേഖയും അടങ്ങുന്ന ബൃഹത്തായ "ചലച്ചിത്രഗാന
സ്മരണിക"യുടെ പ്രകാശനവും അതോടൊപ്പം നടന്നു. സംഗീതാസ്വാദകര്‍ക്കും
ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് ആ പുസ്തകം ഒരു അമൂല്യഗ്രന്ഥമാണ്.

സ്മരണികയുടെ പ്രസാധനത്തിനു വേണ്ട രേഖകളും ചിത്രങ്ങളും സമാഹരിക്കുക,
അവ പകര്‍ത്തിയെഴുതുക, തെറ്റു തിരുത്തുക തുടങ്ങിയ ചുമതലകളിലൊക്കെ
എനിക്കു കൂടി പങ്കെടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. അലംഭാവം
കൊണ്ടു മാത്രം അന്ന് ആ സംരംഭവുമായി സഹകരിക്കാതിരുന്ന അപൂര്‍വം ചില
കലാകാരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ സ്മരണികയിലെ സൂചനകളിലൊതുങ്ങി.
ഉദ്ഘാടന ദിവസം യേശുദാസിന്‍റെ കൈപിടിച്ച് വേദിയിലെത്തി ദീപം തെളിയിച്ച
വൃദ്ധയെ സദസ്സിലാരും ആദ്യം തിരിച്ചറിഞ്ഞില്ല. പക്ഷേ പാടാനുള്ള ഊഴം വന്നപ്പോള്‍
ജാനമ്മാ ഡേവിഡ് വേദിയും സദസ്സും തന്‍റെ കൈപ്പിടിയിലാക്കി. "എല്ലാരും ചൊല്ലണ്"
പാടിക്കഴിഞ്ഞപ്പോഴാകട്ടെ, ഓഡിറ്റോറിയമാകെ കരഘോഷത്തിന്‍റെ ഇടിമുഴക്കം! മൂന്നു
ദിവസത്തെ പരിപാടികളില്‍ ഏറ്റവും തിളങ്ങിയത് ജാനമ്മാ ഡേവിഡ്
തന്നെയായിരുന്നു. പ്രായാധിക്യത്തെ വെല്ലുവിളിച്ചുകൊണ്ട് വേദിയില്‍ മനോഹരമായ
ഗാനങ്ങള്‍ അവതരിപ്പിച്ച ജാനമ്മാ ഡേവിഡിനെയും മൂന്നു ദിവസത്തെ ഓര്‍ക്കസ്ട്ര
സമര്‍ത്ഥമായി കണ്ടക്ട് ചെയ്ത ജോണ്‍സനെയും സമാപനച്ചടങ്ങില്‍ നൗഷാദ് അലി
പ്രത്യേകം അഭിനന്ദിച്ചു. അച്ചടിമാധ്യമങ്ങള്‍ എല്ലാ ദിവസവും സംഗീതോത്സവത്തെയും
ജാനമ്മാ ഡേവിഡിനെയും ആഘോഷിച്ചു. പിന്നീട് കേരളമൊട്ടാകെ
പൊതുപരിപാടികളിലെല്ലാം ഉച്ചഭാഷിണിയിലൂടെ ജാനമ്മാ ഡേവിഡിന്‍റെ പഴയ
ഗാനങ്ങള്‍ വീണ്ടും ഒഴുകിപ്പരക്കുകയായി.

നൌഷാദ്

മദിരാശിയിലെ ഒരു ഓണാഘോഷത്തോടനുബന്ധിച്ച് മൗണ്ട് റോഡിലെ റാണി സീതാ
ഹാളില്‍ ഗാനമേള നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ അതുവരെ
വിസ്മൃതിയിലായിരുന്ന ജാനമ്മാ ഡേവിഡിനെ വീണ്ടും ഗായികയായി വേദിയില്‍
അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതീവ സന്തോഷത്തോടെ എന്‍റെ ക്ഷണം ആ
അമ്മ സ്വീകരിച്ചു. കോടമ്പാക്കത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ഓര്‍ക്കസ്ട്രയുടെ
അകമ്പടിയോടെ ലതികയും നടേഷ് ശങ്കറും റാഫിയും ഞാനുമടങ്ങുന്ന
ഗായകസംഘത്തിലെ മുഖ്യ ഗായിക ജാനമ്മ ഡേവിഡ് ആയിരുന്നു. പില്‍ക്കാലത്ത്
ജോണ്‍സണ്‍, രാജാമണി, എം ജയചന്ദ്രന്‍, ശരത്ത് തുടങ്ങിയവരുടെ പ്രിയപ്പെട്ട കീ
ബോഡ് വാദകനായി മാറിയ ബിജു പൗലോസ് മദിരാശിയിലെത്തിയ ശേഷം തന്‍റെ
സംഗീത സപര്യക്ക് തുടക്കം കുറിച്ച പരിപാടി. ദേവരാജന്‍ മാസ്റ്ററാണ് ബിജുവിനെ
എനിക്കു പരിചയപ്പെടുത്തിയത്. മദിരാശിയിലെ ഓണാഘോഷ പരിപാടിക്ക് അങ്ങനെ
"നീലക്കുയില്‍" ഗായികയുടെ ഗാനങ്ങള്‍ പുത്തന്‍ ഉണര്‍വായി.

തബല ബാലന്‍

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഒരിക്കല്‍ തൃശൂരില്‍ സംഘടിപ്പിച്ച
ഗാനമേളയില്‍ പാടാന്‍ ജാനമ്മാ ഡേവിഡിനെ ക്ഷണിച്ചപ്പോള്‍";ബാബു
കൂടിയുണ്ടെങ്കില്‍ വരാം" എന്നായിരുന്നു ആ അമ്മയുടെ പ്രതികരണം. ഔസേപ്പച്ചന്‍
എന്‍റെ സുഹൃത്താണെന്നും അമ്മയുടെ സുരക്ഷിതത്വം ഉറപ്പാണെന്നുമുള്ള എന്‍റെ
വാഗ്ദാനത്തില്‍ പ്രോഗ്രാമിന് അവര്‍ പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹം തന്‍റെ
"കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍" എന്ന ചിത്രത്തില്‍ പാടാനും ജാനമ്മാ
ഡേവിഡിന് അവസരം നല്‍കി. പി ലീല, സിഒ ആന്‍റോ എന്നിവരെ ഉള്‍പ്പെടുത്തി കെപി
ഉദയഭാനു നയിച്ചിരുന്ന "ഓള്‍ഡ് ഈസ് ഗോള്‍ഡ്"; എന്ന ഗാനസംഘത്തില്‍ ജാനമ്മാ
ഡേവിഡിനെ പങ്കെടുപ്പിക്കാനും എന്‍റെ ഇടപെടല്‍ വേണ്ടി വന്നു. ദേവരാജന്‍
മാസ്റ്ററെയും യേശുദാസിനെയും ഉള്‍പ്പെടെ ധാരാളം കലാകാരന്മാരെ നേരിട്ടു കാണാന്‍
അവസരം ഉണ്ടാക്കിയതിനും പരിപാടിയിലുടനീളം സ്വന്തം മകനെപ്പോലെ തന്‍റെ
സംരക്ഷണച്ചുമതല നിര്‍വഹിച്ചതിനും നന്ദിപൂര്‍വം ആ അമ്മ എന്നെ
ഓര്‍മ്മിച്ചപ്പോഴൊക്കെ മലയാള സിനിമയുടെ ആദ്യനാളുകളില്‍ ഗാനാസ്വാദകരുടെ
മനസ്സില്‍ ആവേശത്തിരമാലകള്‍ ഉയര്‍ത്തിയ ഗായികയെ വീണ്ടും അവതരിപ്പിക്കാന്‍
കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു ഞാന്‍. 1997 മാര്‍ച്ച് 23-ന് ആ നീലക്കുയില്‍
നമ്മെ വിട്ട് പറന്നകന്നു. എങ്കിലും മലയാള സംഗീതം ഉള്ളിടത്തോളം കാലം ആ
കുയിലിന്‍റെ നാദം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും -"എല്ലാരും ചൊല്ലണ്, എല്ലാരും
ചൊല്ലണ്..." 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക