Image

മാസ്റ്റര്‍പീസ്! (സാഹിത്യം: പി എസ് ജോസഫ്‌)

Published on 12 June, 2026
മാസ്റ്റര്‍പീസ്! (സാഹിത്യം: പി എസ് ജോസഫ്‌)

വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ നാലക്ഷരം കൂട്ടിയെഴുതാന്‍ കഴിയുന്നവന്‍ ഇന്ന് എഴുത്തുകാരാണ് .സമൂഹ  മാധ്യമങ്ങളുടെ പ്രചാരവും ആധുനിക പ്രചാരണ തന്ത്രങ്ങളുമാണ് ഇതിനു പിന്നില്‍ .സംഗീതത്തിന് പൂര്‍ണ്ണത നല്‍കുന്നത് സഹൃദയരായ ശ്രോതാക്കള്‍  ആണ് എന്നത് പോലെ സാഹിത്യത്തിനു ജീവന്‍ നല്‍കുന്നത് വായനക്കാര്‍ ആണ്.ആല്മാവിഷ്ക്കാരമാണ് സാഹിത്യം എന്ന് വീമ്പ്‌ പറയാമെങ്കിലും എഴുത്തുകാരനും പ്രസാധകനും  പണം മുടക്കുന്ന വായനക്കാരനും ചേരുന്ന ഒരു ട്രോയിക്ക ആണ് സാഹിത്യത്തിന്‍റെ ആധാരശില  . ഫേസ് ബുക്കിന്‍റെയും യൂടുബിന്റെയും മറ്റു സമൂഹ മാധ്യമങ്ങളുടെയും  കടന്നു വരവോടെ കോലാഹലം ഉണ്ടാക്കുന്ന ആര്‍ക്കും നിരവധി  ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ കഴിയും എന്നത് കൊണ്ടു  ഒരു ശരാശരി എഴുത്തുകാരന് പോലും ആരാധക ബാഹുല്യം കൊണ്ടു ലബ്ദപ്രതിഷ്ഠ നേടാന്‍ അധിക സമയം വേണ്ട.ശത്രുക്കള്‍ പോലും ലൈക്‌ അടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന  മാധ്യമത്തില്‍ എന്തെഴുതിയാലും ആര്‍പ്പു വിളിക്കാന്‍ വൈതാളികര്‍ തയ്യാറായി നില്പാണ് ..ഇത്തിരി ഉന്നത പദവിയില്‍  ആണ് നിങ്ങളെങ്കില്‍ നിങ്ങളുടെ പുസ്തകവും ചൂടപ്പം പോലെ വിറ്റു പോകും .പല പല വില്പനകൂട്ടായ്മകളും കങ്കാണിമാരെപ്പോലെ നില്‍ക്കുന്നതിനാല്‍ അനര്‍ഹര്‍ക്കും കുശാലായി പുസ്തകങ്ങള്‍ വിറ്റഴിക്കാം .അതിനു വഴിയില്ലാത്തവരും ഇപ്പോള്‍ സംഘടിച്ചു തുടങ്ങിയിരിക്കുന്നു .പക്ഷേ ,ഈ പുസ്തകങ്ങള്‍  ആരെങ്കിലും  വായിക്കണം  എന്ന് ശഠിക്കരുത് .പ്രശംസാവചനങ്ങള്‍ പോലും  വായിക്കാത്ത ഒരു പറ്റം ആസ്വാദകര്‍ നിങ്ങളുടെ സൃഷ്ടിയെ പറ്റി വാചാലമായി സംസാരിച്ചു കൂടെന്നില്ല .കുറ്റപ്പെടുത്തരുത്‌ .അവര്‍ സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്ന അമ്മമാരെപോലെ നിഷ്ക്കളങ്കരാണ് . ലക്ഷം കോടി ജി ബി സെര്‍വറുകള്‍ കൂറ്റന്‍ മരുഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന സൈബര്‍ ഭീമന്മാര്‍ നിങ്ങളിലെ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കാന്‍ സദാ തയ്യാര്‍  .ഇനി നിങ്ങള്‍ക്ക് വേണ്ടത് ഇത്തിരി ചങ്കൂറ്റമാണ് എന്തും എഴുതാനുള്ള ധൈര്യം . മിടുക്കനാണെങ്കില്‍ ഇത്തിരി മോഷ്ടിക്കാനുള്ള വൈഭവം  .  അനുഭവസമ്പന്നനാണെങ്കില്‍ ഇത്തിരി പൊലിപ്പിച്ചു എഴുതാനുള്ള കഴിവ്  .    

എഴുത്തിന്‍റെ അസാധാരണമായ വഴികളെ കുറിച്ചു നിരവധി പുസ്തകങ്ങള്‍ ഉണ്ട് .മരണാനന്തരം മറവിയുടെ കയങ്ങളില്‍ നിന്ന് ചില സഹൃദയര്‍ മുങ്ങിയുയര്‍ത്തിക്കൊണ്ടു വന്ന മഹത്തായ കൃതികളുമുണ്ട് .പില്‍ക്കാലത്ത് ക്ലാസ്സിക്‌ ആയ പല കൃതികളും ഒരു കാലത്ത് അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചവ ആയിരുന്നു .എഴുതിയത് ഒരു വരി പോലും കവിതയല്ലെന്നും ആശുപത്രിപ്പണിയിലേക്ക് മടങ്ങുകയാണ് അഭികാമ്യം എന്ന് വിധി കല്പ്പിച്ച നിരുപകര്‍ ആരെന്നു നമുക്കറിയില്ലെങ്കിലും കീറ്റ്സ് ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നു .ഇറ്റലിയിലെ തടാകത്തില്‍ മുങ്ങി മരിക്കുമ്പോള്‍ ഷെല്ലിയുടെ കയ്യില്‍ നിന്ന് വീണ്ടെടുത്തത് കീറ്റ്സിന്റെ കവിതകള്‍ എന്നത് മധുരിപ്പിക്കുന്ന മറ്റൊരു ഓര്‍മ .ഹോമറിനോടുള്ള ആദരസൂചകമായി തന്‍റെ കവിതയുടെ വൃത്തം തന്നെചുരുക്കിയ  കവിയാണ്‌ ഷെല്ലി .ജന്മനാട് അവഗണിച്ച  കവി . സ്വാതന്ത്ര്യത്തിന്റെ പതാകാവാഹകന്‍ .  ഇത് കവിതയോ എന്നായിരുന്നു ടി എസ് എലിയട്ടിന്റെ കവിതയെപ്പറ്റി അക്കാലത്തെ ഒരു നിരുപക കേസരി ചോദിച്ചത് .ആ കവിതകള്‍ ആകട്ടെ  പില്‍ക്കാലത്ത്  നമ്മുടെ ഭാവുകത്വത്തെ തന്നെ മാറ്റി മറിച്ചു .

   എന്നാല്‍ എഴുത്തുകാരന്‍റെ ഈ നല്ല കാലത്ത് പോലും നന്നായി വായിക്കപ്പെടുകയും ഒരു തലമുറ നെഞ്ചിലേറ്റുകയും ചെയ്ത എഴുത്തുകാര്‍ ആരാധക പീഠങ്ങളില്‍ നിന്ന് പുറത്താകുന്നു .ഒരുകാലത്ത്  ജനങ്ങളെ കോരിത്തരിപ്പിച്ച പല എഴുത്തുകാരും ജീവിച്ചിരിക്കുമ്പോഴെ വിസ്മൃതിയിലാകുന്നു  .ഒരു പക്ഷെ ഒരു കലാകാരനെ സംബന്ധിച്ചു ഉണ്ടാകുന്ന ക്രൂരമായ അവഗണന അതാകണം .ആ നിലക്ക് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്കാനും ആരാധകരുടെ രോമഹര്‍ഷങ്ങള്‍ ഏറ്റുവാങ്ങാനും ഏതു കടുംകൈക്കും മടിക്കാത്ത എഴുത്തുകാരനെ കുറ്റപ്പെടുത്തുന്നതില്‍ കഥയില്ല  .ഈ പുതുയുഗ അവനവനിസത്തിന്റെ വക്താവാണ്‌ ഫലത്തില്‍ ഈ സമൂഹ  മാധ്യമങ്ങള്‍ .അവിടെ എഴുത്തുകാരനാണ്‌ രാജാവ് വിമര്‍ശകരുടെ  നാവടപ്പിക്കാന്‍ ഇവിടെ വൈതാളികര്‍ വിമര്‍ശകരെ ക്ഷതമേല്‍ക്കുന്ന ട്ട്രോളുകളുമായി രംഗത്തുണ്ട്    വായിച്ചിട്ട് വേണ്ടെ വിമര്‍ശിക്കാന്‍ എന്ന ചോദ്യമൊന്നും അവരോടു വേണ്ട .വാട്ട്സാപ്പ് സര്‍വ്വകലാശാലയിലെ പുതിയ ഗവേഷകരാണ് അവര്‍. ആ നിലക്കായിരിക്കണം  ഫ്രാന്‍സിസ്  നോറോന   എഴുത്തുകാരനായി പേരെടുക്കാന്‍  ഇറച്ചിവെട്ടിലെ ചില പരുക്കന്‍കത്തികള്‍ പുറത്തെടുക്കുന്ന  ഒരു ഇറച്ചിവെട്ടുകാരന്റെ  കഥ തന്‍റെ മാസ്റ്റര്‍ പീസ്‌ എന്ന നോവലില്‍  ആവിഷ്ക്കരിക്കുന്നത്‌ .ഇറച്ചി വെട്ടാന്‍ പുലര്‍കാലത്ത് ആവേശപൂര്‍വ്വം കുടുംബാംഗങ്ങള്‍ക്കൊപ്പം പോയ തന്‍റെ ബാല്യകാലത്തെ പറ്റി കവി കുഴൂര്‍ വില്‍സണ്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു.ഇറച്ചി വെട്ടുകാരന്‍  എഴുത്തുകാരന്‍ ആയാല്‍ അത് വലിയ ഒരു  അനുഭവ മണ്ടലമല്ലേ  സൃഷ്ടിക്കുക ! .രക്തചൊരിച്ചിലില്‍ മനം നൊന്ത് വലിയ മാനസാന്തരം വന്ന മന്നന്മാരുടെ നാടാണിത് .ഇവിടെ ഏതായാലും  കണ്ണില്‍ ചോരയില്ലാതെ കൊലയും പിടിച്ചു പറിയും നടത്തുന്ന, ഇറച്ചിവെട്ടുകാരനായി മാറിയ എഴുത്തുകാരനാണ്‌  കഥാനായകന്‍ .ആ വ്യാപാരത്തിലെ കറുത്ത വഴികള്‍ പലതും പയറ്റിത്തെളിഞ്ഞ കച്ചവടക്കാരന്‍ ആണയാള്‍.ആടിനു വിലപേശുമ്പോള്‍ കൈകള്‍കൊണ്ടു നന്നായി പെരുമാറി ആടിനെ രോഗാവസ്ഥയില്‍ ആക്കി കുറഞ്ഞ വിലക്ക് വാങ്ങുന്ന ക്രൂരനായ ധനമോഹിയാണ് അയാള്‍ . ആ ക്രൂരത സാഹിത്യത്തിലും അയാള്‍ ഉപയോഗിക്കുന്നു .മറ്റുള്ളവരുടെ അനുഭവങ്ങള്‍ മുറിച്ചു മാറ്റാനും അടിച്ചു മാറ്റാനും ഒരു മുഴം മുന്‍പേ കയറു നീട്ടിയെറിയാനും കഴിയുന്ന അഭ്യാസിയാണ് അയാള്‍ .ഗുരുദത്തിന്‍റെ പ്യാസയിലെ വില്ലനാണ് ഇവിടെ നായകന്‍ .മോഷ്ടാവല്ല വലിയ ഒരു കള്ളന്‍.

.യഥാര്‍ത്ഥത്തില്‍ ആരെയെങ്കിലും  ഉദ്ദേശിച്ചാണോ ഈ  കഥ എന്ന് സംശയം തോന്നാം . ഒരു പക്ഷെ മോഷണം രക്തത്തില്‍ അലിഞ്ഞിരിക്കുന്ന എഴുത്തുകാര്‍ അത് തന്നെകുറിച്ചാണ് എന്ന്  സ്വയം തെറ്റിദ്ധരിച്ചിരിക്കാം ..അതാകാം അദ്ദേഹത്തിനെതിരെ ശക്തമായ ആക്രമണം ഉണ്ടാകുന്നത് .പക്ഷേ നല്ല ത്രസിപ്പിക്കുന്ന രചനയാണെങ്കിലും ,സര്‍ഗ്ഗാല്‍മകതയുടെ വിചിത്രമായ വഴികളിലേക്കുള്ള ഒരു അന്വേഷണമായി മാറുന്നില്ല ഈ നോവല്‍ എന്നത് ഒരു പോരായ്മയാണ് . സോള്‍ ബെല്ലോയുടെ ഹംബോള്‍ട്ട്സ് ഗിഫ്റ്റ് പോലെയുള്ള ഒരു രചന എന്നാണു നമുക്ക് ഉണ്ടാകുക ?.ആക്ഷേപഹാസ്യത്തില്‍ കുതിര്‍ന്ന ഒരു നിശിതമായ ആക്രമണം ?

   അടുത്തയിടെ മലയാളസാഹിത്യത്തിലെ ഒരു മുതിര്‍ന്ന എഴുത്തുകാരനോടു സാഹിത്യത്തിലെ ഏറ്റവും മികച്ച അഞ്ചു പേരുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍  അദ്ദേഹം ആദ്യം പറഞ്ഞത് തന്‍റെ പേര് തന്നെയായിരുന്നു .ഒ വി വിജയന്‍ ,മാധവിക്കുട്ടി ,എം പി നാരായണപിള്ള ,ബഷീര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ മലയാളത്തിലെ പ്രമുഖരായ  നാലുപേര്‍ .അപ്പോള്‍ താനാണ് ,താനാണ് മേലെ എന്ന് കൊട്ടിഘോഷിക്കുന്ന മറ്റു സാഹിത്യകാരന്മാരുടെ സ്ഥാനം എവിടെയാണ് ?ജീവിതകാലത്ത് തന്നെ തന്‍റെ സ്ഥാനവും ആശയങ്ങളും തിരസ്ക്കരിക്കപ്പെടുന്നത് കാണുന്ന ഒരു എഴുത്തുകാരന്‍റെ സങ്കടം എത്ര വലുതായിരിക്കും !പുനര്‍വായനയില്‍ പല എഴുത്തുകാരും ഇപ്പോഴേ താഴോട്ടു പോയിരിക്കുന്നു എന്ന് രണ്ടു സുഹൃത്തുക്കള്‍ വ്യത്യസ്തമായ അവസരങ്ങളില്‍ പറഞ്ഞത് എന്നെ ഏറെ ചിന്തിപ്പിച്ചു ഇടശേരിയും കുഞ്ഞിരാമന്‍ നായരും ഉറൂബും തകഴിയും തിരിച്ചു വരൂനൂ എന്നൊരു കൗതുകവും വായനയില്‍ കാണാനാകും .

ഏതായാലും ഇപ്പോള്‍ സാഹിത്യത്തിലെ വലിയ കൊടുംകാറ്റുകള്‍ ഫേസ്ബുക്കില്‍ ആണ് .അവിടെ ആരോഹണാവരോഹണത്തില്‍ അപദാനങ്ങള്‍ പാടുക  മാത്രമല്ല തനിയാവര്‍ത്തനങ്ങള്‍  കൊണ്ടു ശബ്ദമുഖരിതമാക്കുകയും  ചെയ്യുന്നു .പറ്റുമെങ്കില്‍ സ്വന്തം പേരില്‍  ഒരുത്സവം തന്നെ സംഘടിപ്പിക്കാനും അവര്‍ മുതിരും . .ഇങ്ങനെ പോയാല്‍ നാടൊട്ടുക്ക് ജീവനുള്ളവരുടെ  പ്രതിമ കൂടി  ഉണ്ടായെന്നു വരാം ജീവിച്ചിരിക്കെ സ്ഥാപിക്കപെട്ട ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ പ്രതിമ ഉടയ്ക്കുന്നതിനു ഞാന്‍ സാക്ഷിയാണ്  .മദിരാശിയില്‍ മൌണ്ട്  റോഡില്‍ 1987 ഇല്‍ ആയിരുന്നു ദൗര്‍ഭാഗ്യകരമായ ആ കാഴ്ച .ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ഒരു നേതാവായിരുന്നു അത് .സോവിയറ്റു യുണിയന്‍  തകര്‍ന്നപ്പോള്‍ സ്റാലിന്‍റെയും ലെനിന്റെയും എത്രയോ പ്രതിമകളാണ് തകര്‍ന്നു വീണത്‌ .അത് പോലെ വായനക്കാരും പ്രതികരിച്ചു കൂടെന്നില്ല

     പക്ഷെ വായനക്കാര്‍ ഇല്ലാതായിരിക്കുന്നു.എവിടെയാണ് ആ സമാനഹൃദയന്‍?പണം കൊടുത്തു പുസ്തകം  വാങ്ങുന്നവരുടെ എണ്ണം കൂടിയെങ്കിലും  അവര്‍ അവ  വായിക്കുന്നുണ്ടോ  എന്ന് ആര്‍ക്കുമറിയാന്‍ ആവാത്ത അവസ്ഥ.എല്ലാവരും സ്തുതിക്കുന്ന ഒന്നിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നവനെ മോബ് ലിഞ്ചിങ്ങിനു വിധേയനാക്കും  എന്നതിനാല്‍ ഇപ്പോള്‍ സത്യസന്ധമായ നിരുപണവും ഏതാണ്ട് ഇല്ലാതായി . അപ്പോള്‍ ഏറ്റവും കുടുതല്‍ ശബ്ദഘോഷം ഉയര്‍ത്തുന്നവന്‍ ആണ് മികച്ച എഴ്ത്തുകാരന്‍ .പണവും ആള്‍ബലവും ഉള്ളവര്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കുന്നത്  പോലെയുള്ള അവസ്ഥ.സാഹിത്യത്തിലും ഇത്തരം  മാഫിയ  രംഗത്ത്‌ വരുന്നു എന്നാണു നോറോണ പറയുന്നതെന്ന് തോന്നുന്നു .

പക്ഷെ കൌതുകകരമായ കാര്യം ചിലരെങ്കിലും ചില പ്രതിമകള്‍ തച്ചുടക്കാന്‍ മടിക്കുന്നില്ല  എന്നതാണ് .സാഹിത്യത്തിലെ വിലകുറഞ്ഞ അനുശോചനപ്രമേയങ്ങളെ അവഗണിക്കുന്നു എന്നതാണ് .പുനര്‍ വായനകളില്‍ പല എഴുത്തുകാരും പിന്തള്ളപെടുന്നു എന്നത് കാവ്യനീതിയാകം അതോടൊപ്പം  വിസ്മരിക്കപ്പെട കവികളും നോവലിസ്റ്റുകളും ശ്രദ്ധ നേടുകയും ചെയ്യുന്നു . കാലത്തിന്റെ ചുവരെഴുത്ത്  എന്നോ കാവ്യനീതി എന്നോ ഇതിനെ വിളിക്കാം

     ആര്‍ക്കും എഴുതാനും അംഗീകാരത്തിനു മുറവിളി കൂട്ടാനും പ്രശസ്തിക്കായി കള്ളത്രാസുകള്‍  സംഘടിപ്പിക്കാനും അതില്‍ സ്വയം പ്രതിഷ്ടിക്കാനും  അവകാശമുണ്ട്‌ പക്ഷെ ഇത്തരം ശബ്ദങ്ങള്‍ അല്ല യഥാര്‍ത്ഥ സാഹിത്യം എന്നാ തിരിച്ചറിവ് നമുക്ക് ഉണ്ടായേ തീരു .

  കലയുടെ അതിരുകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു ചൂണ്ടു പലകയാകട്ടെ ഈ ഇറച്ചിവെട്ടുകാരന്റെ തട്ട്  …

  .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക