Image

ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം (മധുശാലയിൽ -3: എസ് സുന്ദര്‍ദാസ്‌)

Published on 12 June, 2026
 ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം  (മധുശാലയിൽ -3: എസ് സുന്ദര്‍ദാസ്‌)

അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന് വിളിക്കുന്ന  മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ, എതിരിലിരിക്കുന്ന   അപരിചിതൻ ഒരു തുറന്ന പുസ്തകമായി തന്റെ ജീവിതം എന്റെ മുന്നിൽ നിവർത്തിവെക്കുന്നു; വിസ്മയത്തോടെ ഞാനത് വായിക്കുന്നു. അത്തരക്കാരിൽ ചിലരെ വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു. ഒരു തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങൾ. കൊച്ചിയിലെയും ചെന്നൈയിലെയും മദ്യശാലകളിലെ അനുഭവങ്ങളാണ് ഇവയിലേറെയും. ചെന്നൈയിലെ തിരക്കേറിയ അനധികൃത ബാറുകളിൽപോലും (അവ മിക്കതും രാഷ്ട്രീയക്കാർ നടത്തുന്നവയോ അവരുടെ ഒത്താശയോടെ നടത്തപ്പെടുന്നവയോ ആണ്) ഇത്തരം ‘അഭിമുഖങ്ങൾ’ സാധ്യമായിട്ടുണ്ട്. അത്തരം മദ്യശാലകളുടെ പുറത്ത് കുടിയന്മാരെ ഉദ്ദേശിച്ച് ചെറിയ കടകൾ നടത്തുന്നവരിൽ ചിലരും ഈ കുറിപ്പുകളിലെ  കഥാപാത്രങ്ങളാണ്. അവയിൽ ചിലതാണ് ഇവിടെ  പങ്കുവെയ്ക്കുന്നത്....

 

ഏറ്റവും  വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് തമിഴ്‌നാട്ടിൽ പൊതുവെയും ചെന്നൈയിൽ പ്രത്യേകിച്ചും വിദേശമദ്യവില്പനശാലകൾ നടത്തുന്നത്. ടാസ്മാക്ക് (തമിഴ്‌നാട് മാർക്കറ്റിങ് കോർപറേഷൻ ) എന്ന സർക്കാർ സ്ഥാപനത്തിനാണ്  ഈ വില്പനശാലകൾ നടത്തുന്നതിന്റെ ചുമതല. ഇവിടെനിന്നും വാങ്ങുന്ന മദ്യത്തിന് ബില്ലൊന്നും ലഭിക്കുകയില്ല. വില്പനശാലകളോടൊപ്പം തന്നെ വൃത്തിഹീനമായി നടത്തിപ്പോരുന്ന ചായ്പുകളിലിരുന്ന് മദ്യം കഴിക്കാം; അവിടെ കുപ്പിവെള്ളം സോഡാ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ എന്നിവ  അധികാവിലയിൽ ല ഭയമാണ്. കൂടാതെ  ഓംലറ്റ് തുടങ്ങിയ ഭക്ഷണ സാധനങ്ങളും ലഭ്യമാണ്.

ചെന്നൈയിലെ ഇത്തരം ഒരു ബാറിൽ ഞാനും ഒരു സുഹൃത്തും  രാത്രിയിൽ ഓഫിസിൽനിന്ന് മടങ്ങുമ്പോൾ കയറുമായിരുന്നു. മദ്യം എങ്ങിനെയും അകത്താക്കി അതിനുള്ളിലെ ഭക്ഷണമൊന്നും കഴിക്കാതെ പുറത്തിറങ്ങും. പുറത്ത് മദ്യഷാപ്പിൽനിന്ന് അധികമൊന്നും അകലെയല്ലാതെ മദ്യപന്മാരെ ലക്ഷ്യമിട്ടുകൊണ്ട് ഒരു സ്ത്രീ ഒരു തട്ടുകട നടത്തിയിരുന്നു, നല്ല വൃത്തിയിൽത്തന്നെ. ഓംലറ്റ് , ദോശ, ഇഡ്ഡലി എന്നിവയൊക്കെ അവിടെ കിട്ടും-എരിവുകൂടിയ ചമ്മന്തിയും. നല്ലെണ്ണയിൽ ദോശ മൊരിച്ചെടുക്കുന്നതിന്റെ മണം ആരെയും ആകർഷിക്കും.

വര : പി ആര്‍ രാജന്‍

 
മദ്യഷാപ്പിൽനിന്ന് പൂസ്സായി ഇറങ്ങുന്നവരുടെയെല്ലാം അഭിനിവേശമായിരുന്നു ആആ തട്ടുകട. തട്ടുകടക്കാരി സീതമ്മ (യാഥാർത്ഥപേരല്ല) ചമ്മന്തിയും സാമ്പാറുമെല്ലാം വീട്ടിൽ തയാറാക്കി കൊണ്ടുവരും . ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നത് ലൈവ് ഷോ ആണ്. ആളുകൾ അവർക്ക് ഷീറ്റും നിൽക്കും. ഓർഡർ അനുസരിച്ച് ക്രമപ്രകാരം ദോശയോ ഇഡ്ഡലിയോ ലഭിക്കും. സീതമ്മയെ സഹായിക്കാൻ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവരുടെ മകൾതന്നെയായിരുന്നു അത്. കറുത്ത് സുന്ദരിയായ, ഇരുപത് വയസ്സുതോന്നിക്കുന്ന  ആ  പെൺകുട്ടിയെ  മദ്യപന്മാർ ഒളിഞ്ഞുനോക്കും. ആരുടെയെങ്കിലും നോട്ടം അസാധ്യമോ അതിരുകടന്നതോ അയാൾ സീതമ്മ ഒന്ന് മൂളും.പിന്നെ ചോദിക്കും : സാപ്പിട്ട്  മുടിച്ചാൽ ഇങ്കെ ഇന്ന വേലൈ?   പോയിട്ടേയിരിക്കണം." മകൾ ഇതൊന്നും അറിയാത്തപോലെ പ്ളേറ്റുകൾ കഴുകുകയും അതിൽ പുതിയ വാഴയില തുണ്ട് വെച്ച് അമ്മയുടെ മുന്നിൽ നിരത്തും. 'അമ്മ അതിൽ ദോശയോ ഇഡ്ഡലിയോ വെച്ച് ചമ്മന്തിയും സാമ്പാറുമൊഴിച്ച് ആവശ്യക്കാർക്ക് നീട്ടും.  ഞാനും സുഹൃത്തും പല ദിവസങ്ങളിലും സീതമ്മയുടെ ദോശയുടെ രുചി ആഘോഷിച്ചിട്ടുണ്ട്.

ഒരു ദിവസം ആ തട്ടുകടയിൽ ചെല്ലുമ്പോൾ മകളെ അവിടെ കാണുന്നില്ല. ഒരു ദിവസമല്ല, പലദിവസങ്ങളായിട്ടും അവളെ കാണുന്നില്ല. മദ്യപരിൽ ഒരാൾ സീതമ്മയോട് ചോദിച്ചു: “ഉങ്ക മകളെ കാണോ. എന്ന ആച്ച്”.

സീതമ്മ അയാളെ ഒന്ന് രൂക്ഷമായി നോക്കി.എന്നിട്ട്  പറഞ്ഞു:   ഉങ്കളുക്ക് എതുക്ക് അന്ത കവലൈ. സാപ്പിട്ട് മുടിച്ചാ പോയിട്ടേ ഇരി."

അമ്മയുടെ അനുസരണയുള്ള, ചുറ്റും നിൽക്കുന്ന ആളുകളെ ശ്രദ്ധിക്കാത്ത, മുഖം ശരിക്കൊന്ന് ഉയർത്തി ആരെയും നോക്കാത്ത ആ കറുത്ത സുന്ദരി എവിടെ? മകൾ എവിടെ എന്നറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരും സീതമ്മയോട് അതിനെപ്പറ്റി ചോദിച്ചില്ല. അവൾക്ക് വല്ല അസുഖവുമായിരിക്കുമോ? അതോ കല്യാണം കഴിഞ്ഞ് പോയിരിക്കുമോ? ഇങ്ങനെയൊക്കെ മദ്യപന്മാർ തമ്മിൽത്തമ്മിൽ സംശയങ്ങൾ കൈമാറി.

അങ്ങനെ ഏതാണ്ട് ഒരു മാസം കഴിഞ്ഞിരിക്കണം. സീതമ്മയുടെ ദോശ രുചിച്ചുകൊണ്ട് നിൽക്കുമ്പോൾ അറുത്തുനിന്നിരുന്ന ആൾ റോഡിന്റെ എതിർവശത്തേക്ക് ചൂണ്ടി  അതാ കണ്ടിട്ടില്ലേ എന്ന കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.  അവിടെ ഒരു ഇഡ്ഡലി പാത്രവുമായി സീതമ്മയുടെ  മകൾ . അവളുടെ പുതിയ തട്ടുകട! എന്തുപറ്റിയെന്ന സീതമ്മയോട് ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും അവരുടെ കനപ്പിച്ച മുഖം കണ്ടപ്പോൾ വാക്കുകൾ വിഴുങ്ങി.  

ഒരു കാര്യം  മനസ്സിലായി. മകളും അമ്മയും പിണക്കത്തിലാണ്. അമ്മയെ വെല്ലുവിളിക്കുന്ന മട്ടിലാണ് റോഡിന്റെ തൊട്ട് എതിർവശത്ത് മകളുടെ തട്ടുകട. അവിടെയാണ് ഇപ്പോൾ കൂടുതൽ ആൾക്കൂട്ടം. ഒരു ദിവസം ഞാൻ സീതമ്മയുടെ കടയുടെ അടുത്തെത്തിയപ്പോൾ അങ്ങോട്ട് നോക്കാതെ നേരെ റോഡിന്റെ എതിർവശത്തേക്ക് നടന്നു. സീതമ്മയുടെ മകൾ എന്നെക്കണ്ടപ്പോൾ ചിരപരിചിതനെന്നപോലെ ചിരിച്ചു: "വാങ്കോ, വാങ്കോ  സാർ," എന്ന് അവൾ വരവേറ്റു.  ഇത്രയും നാൾ ഒന്ന് ചിരിക്കുകയോ നോക്കുകയോ പോലും ചെയ്യാതിരുന്നവളാണ്. ഞാൻ രണ്ട് ഇഡ്ഡലി തരാൻ പറഞ്ഞു." സാമ്പാർ കിടയാത് സാർ, ചമ്മന്തി മട്ടും താൻ ഇരുക്ക്.." അവൾ പറഞ്ഞു. ഞാൻ സമ്മതിച്ചു. ആളുകളോട് അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. റോഡിന്റെ എതിർവശത്തുനിന്നും  സീതമ്മ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു .ഞാൻ ധൃതിയിൽ സ്ഥലം വിട്ടു.

വര : പി ആര്‍ രാജന്‍

രണ്ടുദിവസം കഴിഞ്ഞ്, അല്പം നേരത്തെ  ഓഫീസില്നിന്നിറങ്ങിയ ഞാൻ  സീതമ്മയുടെ മകളുടെ കടയിലെത്തുമ്പോൾ തിരക്കായി കഴിഞ്ഞിട്ടില്ല. ഇഡ്ഡലി പാത്രത്തിൽ ആദ്യത്തെ തട്ടുകൾ കയറ്റിയിട്ടേയുള്ളൂ. അത് പാകമാകാൻ കാത്തുനിക്കുന്നതിനിടയിൽ അവൾ പറഞ്ഞുതുടങ്ങി. അമ്മയുമായി പിണങ്ങി അവൾ കട തുടങ്ങിയതിന്റെ കാരണം. അവളെ അവളുടെ  'അമ്മ മാമനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. മാമൻ എന്നാൽ അമ്മയുടെ അനിയൻ. മദ്യപിച്ച്  തെരുവുകൾ തോറും അലമ്പുണ്ടാക്കി നടക്കുന്ന മാമനെ അവൾക്കിഷ്ടമല്ല. കല്യാണച്ചെറുക്കനായ മാമനുവേണ്ടി അവളുടെ 'അമ്മ കട്ടിലും അലമാരയും പാത്രങ്ങളും ഒക്കെ വാങ്ങിവെച്ചിരുന്നു. മാമനെ വേണ്ടെന്ന് മകൾ പറഞ്ഞത് സീതമ്മക്ക് വലിയ ആഘാതമായി. അനിയനോട് ഇനി എന്തുപറയും. ഉപദേശങ്ങളും ഭീഷണിയും ഒന്നും പഫലിക്കാതെ  വന്നപ്പോൾ അവർ മകളെ അടിക്കുകയും സാകാർഹിക്കുകയും ചെയ്തു. അഭിമാനിയായ മകൾ വീടുവിട്ടിറങ്ങി ഒരു ബന്ധുവീട്ടിൽ അഭയം തേടി. സീതമ്മയാകട്ടെ അവൾ ഇനി എന്തുചെയ്യുമെന്നറിയാൻ കാത്തുനിന്നു. അവൾ കണ്ടെത്തിയ സ്വാശ്രയത്തിന്റെ പാതയാണ് ആ തട്ടുകട.

അന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ ഓർത്തു. തമിഴ്‌നാട്ടിൽ മാമൻ പ്രഖ്യാപിത മുറച്ചെറുക്കനാണ്. ഒരു പെൺകുട്ടിയും അത്ര എളുപ്പം അതിനെ തള്ളിപ്പറയില്ല. കല്ലാനാലും  കണവൻ, പുല്ലാനാലും പുരുഷൻ   എന്നൊക്കെയാണ് പരമ്പരാഗത സങ്കൽപം. ഇവിടെ ഒരു പെൺകുട്ടി അതിനെയൊക്കെ ചോദ്യം ചെയ്യുന്നു. അവളുടെ സ്വാതന്ത്യപ്രഖ്യാപനത്തിന്റെ പ്രതീകമാണ് റോഡരുകിലെ  സ്ററൗവിനുമുകളെ തിളങ്ങുന്ന ഇഡ്ഡലിപാത്രം.

പിന്നീടൊരിക്കലും എന്തുകൊണ്ടോ ഞാൻ സീതമ്മയുടെയോ മകളുടെയോ തട്ടുകടകളിൽ പോയിട്ടില്ല. അവിടെ എത്തുമ്പോൾ ഇരുവശത്തേക്കും നോക്കാതെ വേഗത്തിൽ നടന്നുനീങ്ങും. എന്നാലും സ്വാതന്ത്ര്യത്തിന്റെ പാതയിൽ ആ പെൺകുട്ടി മുന്നേറട്ടെ എന്ന് ആശിച്ചിരുന്നു.     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക