
പൊതുപ്രവർത്തനത്തിന്റെ ഗരിമയും അതിനെ പ്രിയതരമാക്കുന്ന ആർദ്രതയും മനസിലേക്ക് ഇഷ്ടത്തോടെ കൂട്ടിവച്ച അക്കങ്ങളുടെ കൃത്യതയും പേരിലെ 'ഷൈനിംഗി'നൊപ്പം കൂട്ടിയിണക്കിയ പ്രതിഭ- ഡോ. ഷൈനി രാജു. നിലപാടുകളിലെ ഇന്റഗ്രിറ്റിയും പ്രതിഭയുടെ തിളക്കവുമായി ഫൊക്കാന വിമൻസ് ഫോറം ചെയർ ആയി ഡോ. ഷൈനി രാജു മത്സരിക്കുമ്പോൾ പ്രതീക്ഷകളേറെ. പ്രൊഫഷണൽ രംഗത്തും പൊതുരംഗത്തും ഒരേ പോലെ പേരിലെ മികവ് പുലർത്തുന്ന വ്യക്തിത്വം. ഫൊക്കാനയുടെ ഭാവി ഡോ. ഷൈനി രാജു അടങ്ങുന്ന ഇന്റഗ്രിറ്റി പാനലിന്റെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്നതിന് നാളിതുവരെയുള്ള പ്രവർത്തനങ്ങൾ സാക്ഷി .
വിമെൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബർ , റീജണൽ വിമെൻസ് ഫോം കോർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെംബർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.

അവതാരക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക , അദ്ധ്യാപിക , ഹെൽത്ത് കെയർ പ്രോഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഡോ. ഷൈനി രാജു. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു.
ന്യൂ ജേഴ്‌സിയിലെ എസക്സ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ് അദ്ധ്യാപികയായി സേവനം ചെയ്യുന്ന ഡോ. ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ കുടിയാണ് . എസക്സ് കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയാണ് അവർ.

കേരളത്തിൽ നിന്നും മത്തമാറ്റിസിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ ഡോ.ഷൈനി ന്യൂ ജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും , അതിന് ശേഷം PHD യും കാരസ്ഥമാക്കി. മത്തമാറ്റിസിൽ പി എച് ഡി യുള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ . ഭർത്താവ് അറിയപ്പെടുന്ന ഗായകൻ കൂടിയായ രാജു ജോയി ഇപ്പോൾ മഞ്ചിന്റെ പ്രസിഡന്റ് ആണ്.
ഒരു ഗണിതശാസ്ത്ര പ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടങ്ങൾക്കിടയിലും കരിയറിലും സംഘടനാ രംഗത്തും ഹെൽത്ത് കെയർ രംഗത്തും മാധ്യമമേഖലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന ഡോ. ഷൈനി രാജു മലയാളി സമൂഹത്തിന് അഭിമാനമാണ്. വ്യത്യസ്തങ്ങളായ ഈ മേഖലകളിലെല്ലാം ഒരുപോലെ തിളങ്ങാൻ അനിതരസാധാരണമായ പ്രതിഭയുള്ളൊരാൾക്ക് മാത്രമേ കഴിയൂ.

ഫൊക്കാനയുടെ 2026-2028 ഭരണസമിതിയുടെ വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എന്തൊക്കെയാണ് പ്രധാന ലക്ഷ്യങ്ങളായി കാണുന്നത്?.
സത്യസന്ധതയോടും കരുണയോടും സമർപ്പണബോധത്തോടും കൂടി പ്രവർത്തിച്ച് ഓരോ സ്ത്രീക്കും വളരാനും സമൂഹത്തിനു സംഭാവന ചെയ്യാനും പഠിക്കുവാനും വിജയിക്കാനുമുള്ള വേദിയായി വനിതാഫോറത്തെ മാറ്റുക എന്നതാണ് എന്റെ പ്രധാന ലക്‌ഷ്യം.
ചെറുപ്പം മുതലേ മാത്തമാറ്റിക്സ് ഇഷ്ടപ്പെട്ടിരുന്നുവോ? ഗണിതത്തിന്റെ ലോകത്തു നിന്നും ഹെൽത് കെയറിലും സംഘടനാ രംഗത്തുമൊക്കെ തിളങ്ങാൻ എന്താണ് പ്രചോദനമായത്?
അതെ , ആ ഒരു വിഷയം മാത്രമേ എനിക്ക് അറിയുകയുള്ളു എന്ന് പറയുന്നതായിരിക്കും ശരി. ഗണിതത്തിലെ യുക്തിചിന്തയും പ്രശ്‌നപരിഹാരത്തിന്റെ സന്തോഷവുമാണ് പല മേഖലകളിൽ തിളങ്ങാൻ എനിക്ക് പ്രചോദനമായത്.

അമേരിക്കയിലെ മലയാളി വനിതകൾ തൊഴിൽ രംഗത്തും സാമൂഹികമായും വെല്ലുവിളികളെ നേരിടുന്നു എന്ന് കരുതുന്നുണ്ടോ? ഫൊക്കാന വിമൻസ് ഫോറത്തിലൂടെ വനിതകൾക്കായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്?
തീർച്ചയായും. കരിയർ ഡെവലപ്മെന്റ്, ലീഡർഷിപ് ട്രെയിനിങ് , സ്‌കിൽ ബിൽഡിംഗ് വർക് ഷോപ്‌സ്, മാനസികാരോഗ്യവും കുടുംബ സമത്വവും മുൻനിർത്തിയുള്ള ബോധവത്കരണക്ലാസുകൾ, യുവ വനിതകൾക്ക് മെന്റർഷിപ് അവസരങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ഒരുമിപ്പിച്ച് നെറ്റ്വർക് രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങൾ മനസിലുണ്ട് .
മാത്തമാറ്റിക്‌സിൽ പി.എച്ച്.ഡി നേടിയ വ്യക്തിയാണ് താങ്കൾ. ഒപ്പം പ്രൊഫസറും. ഹെൽത്ത് കെയർ പ്രൊഫഷണലുമാണ്. ഇത്രയും തിരക്കേറിയ ഒരു പ്രൊഫഷണൽ ജീവിതവും പൊതുപ്രവർത്തനവും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നത്? ഇതിന്റെ ടൈം മാനേജ്മെന്റ് എങ്ങനെ സാധ്യമാകുന്നു?

ശരിയായ രീതിയിലുള്ള പ്ലാനിംഗും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ടൈം മാനേജ്‌മെന്റിന്റെ അടിസ്ഥാനം പ്രയോറിറ്റൈസേഷൻ (മുൻഗണനാക്രമത്തിൽ കാര്യങ്ങൾ ചെയ്യുക) ആണ് . ഏറ്റവും പ്രധാനമായതും അടിയന്തിരമായി ചെയ്യേണ്ടതും മനസിലാക്കി പ്രവർത്തിക്കുക. ഓരോ ജോലിയിലും പൂർണ ശ്രദ്ധ കൊടുത്ത് പ്രവർത്തിച്ചാൽ കാര്യക്ഷമത വർധിക്കും.
മാത്ത് പോലെ അക്കങ്ങളുടെ ലോകത്ത് നിന്നുള്ള വൈദഗ്ധ്യവും കണക്കുകൂട്ടലുകളും, ഒരു സംഘടനയെ നയിക്കുമ്പോൾ എത്രത്തോളം സഹായിക്കാറുണ്ട്?
ടീം വർക്ക് വളരെ പ്രധാനമാണ്. എല്ലാം ഒറ്റയ്ക്ക് ശ്രമിക്കുന്നതിന് പകരം ഉത്തരവാദിത്വങ്ങൾ പങ്കുവച്ച് പ്രവർത്തിക്കുക. കൃത്യത, വിശകലന ശേഷി എന്നിവ ഞാൻ മനസിലാക്കിയത് അക്കങ്ങളുടെ ലോകത്ത് നിന്നാണ്. ഒരു തീരുമാനം എടുക്കുമ്പോൾ വികാരത്തിന് അപ്പുറം സാഹചര്യം മനസിലാക്കി പ്രവർത്തിക്കുവാൻ സാധ്യമാകുന്നു.
മഞ്ചിന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിൽ വലിയ മാറ്റങ്ങളും നിരവധി ചാരിറ്റി പ്രവർത്തനങ്ങളും താങ്കൾ കൊണ്ടുവരികയുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സംതൃപ്തി നൽകിയ നേട്ടം എന്താണ്?

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ഉൾപ്പെടുത്തി സംഘടനയെ സജീവമാക്കാൻ സാധിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനം. പുതിയ തലമുറയെയും പുതിയ അംഗങ്ങളെയും കൂടുതൽ സജീവമാക്കാൻ സാധിച്ചു. ചാരിറ്റി പ്രവർത്തനത്തിലൂടെ സഹായം ആവശ്യമുള്ള ആളുകളിൽ എത്തിക്കുവാൻ സാധിച്ചു.
ഷൈനിയുടെ ഭർത്താവ് രാജു ജോയി ആണ് മഞ്ചിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഒരേ പ്രവർത്തന വഴികളിൽ തിളങ്ങുന്ന പങ്കാളിയുടെ സാന്നിധ്യം താങ്കളുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് എത്രത്തോളം കരുത്തുപകരുന്നുണ്ട്?
ഒരേ പ്രവർത്തന വഴികളിൽ പ്രവർത്തിക്കുന്ന രണ്ട് പേരുണ്ടെങ്കിൽ പരസ്പരം മനസിലാക്കിയും ആശയങ്ങൾ പങ്കു വെച്ചും തീരുമാനങ്ങൾ ചർച്ച ചെയ്തും മുന്നോട്ടു പോകുവാൻ സാധ്യത കൂടും. ഒരേ മൂല്യങ്ങളും സമൂഹ സേവനത്തിനുള്ള മനോഭാവവും പങ്കിടുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കുന്നു.
ഒരു മികച്ച സംഘാടക എന്നതിലുപരി താങ്കളൊരു ടിവി അവതാരക കൂടിയാണ്. ഈ മാധ്യമപ്രവർത്തന പരിചയം ജനങ്ങളിലേക്കും പ്രവർത്തകരിലേക്കും കൂടുതൽ ഇറങ്ങിച്ചെല്ലാൻ സഹായകമാകുന്നുണ്ടോ?
തീർച്ചയായും. ആശയം ജനങ്ങളിൽ പകരുവാൻ മാധ്യമ രംഗത്തെ പരിചയം സഹായകമായി.
പുതിയ തലമുറയിലെ മലയാളി കുട്ടികളെ മലയാളീ സംസ്കാരത്തോടും സംഘടനകളോടും അടുപ്പിച്ചു നിർത്താൻ വിമൻസ് ഫോറത്തിന് എന്ത് ചെയ്യാൻ സാധിക്കും?
കുട്ടികൾക്ക് നമ്മുടെ ഭാഷ, കല, സംഗീതം, നൃത്തം എന്നിവ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക പരിപാടികളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതിന് മുൻതൂക്കം നൽകും.

കരിയർ, കുടുംബം, സാമൂഹ്യസേവനം എന്നിവയിലെല്ലാം ഒരുപോലെ വിജയം കൈവരിച്ച വ്യക്തിയെന്ന നിലയിൽ, മറ്റു മലയാളി സ്ത്രീകൾക്ക് ഡോ. ഷൈനി രാജുവിന് നൽകാനുള്ള സന്ദേശം എന്താണ്?
Together we Rise - Together we thrive ഒരുമിച്ചുയരാം , ഒരുമിച്ച് വളരാം.
പ്രധാന സന്ദേശം; നിങ്ങളുടെ സ്വപ്നങ്ങളെ മാറ്റിവെക്കരുത്. കുടുംബ ഉത്തരവാദിത്വങ്ങൾ എത്രത്തോളം പ്രധാനമാണോ അത്‌പോലെ തന്നെ നിങ്ങളുടെ വ്യക്തിപരമായ വളർച്ചയും പ്രൊഫഷനൽ ജീവിതവും പ്രധാനമാണ്. രണ്ടിനെയും വിരുദ്ധമായി കാണാതെ ഒരുമിച്ച് കൊണ്ടുപോകാനുള്ള മനോഭാവം സൃഷ്ടിക്കുക, പ്രവർത്തിക്കുക.
അതുപോലെ ഫൊക്കാനയിൽ പ്രവർത്തിക്കാൻ മികച്ച അവസരങ്ങൾ നൽകിയ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, ജോയ് ചാക്കപ്പൻ ടീമിനോട് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഇത്രയും മികച്ച ഒരു ടീമിനൊപ്പം പ്രവർത്തിക്കാനും പൊതുവായ കാഴ്ചപ്പാടും ലക്ഷ്യങ്ങളും കൈവരിക്കാൻ സംഭാവന നൽകാനും അവസരം നൽകിയത് ഈ ടീമാണ്.
ടീം ഇന്റെഗ്രിറ്റി പാനലിൽ മികവുറ്റ സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി( ട്രെസ്സുറെർ ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസ്സോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസ്സോസിയേറ്റ് ട്രെസ്സുറെർ), അജു ഉമ്മൻ (അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി, ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ), തുടങ്ങിയവർ പരിചയസമ്പന്നരും സംഘടനയെ പുതിയ തലത്തിലേക്ക് നയിക്കാൻ പ്രാപ്തരുമാണ്.
നിലപാടുകളിലെ ഇന്റഗ്രിറ്റിയും പ്രതിഭയും പ്രവർത്തനങ്ങളിലെ 'ഷൈനി'ങും സഹപ്രവർത്തകരിലും സമൂഹത്തിലും ഫൊക്കാനയുടെ വരുംവർഷങ്ങളിലെ വനിതാ മുന്നേറ്റങ്ങളിൽ പുതിയൊരു തലത്തിലേക്ക് ഉയർത്താൻ ഡോ. ഷൈനി രാജുവിന് ഊർജ്ജമാകട്ടെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും തുടർപ്രവർത്തനങ്ങളിലും ഡോ. ഷൈനി രാജുവിന് എല്ലാവിധ ആശംസകളും നേരുന്നു.