Image

ആരാധനയുടെ അടിസ്ഥാന ചോദനകൾ (ലേഖനം: ജയൻ വർഗീസ്)

Published on 12 June, 2026
ആരാധനയുടെ അടിസ്ഥാന ചോദനകൾ   (ലേഖനം:  ജയൻ വർഗീസ്)

ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ  നന്ദിയുടേതായ ഒരു പ്രചോദനം ഉണ്ടായിരിക്കും. തനിക്കു കടപ്പാടുള്ള എന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക് ഒഴുകുന്നതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്ഇതിലൂടെ അകത്ത് കെട്ടിക്കിടക്കുന്നവികാരത്തള്ളിച്ചകൾക്ക് പുറത്തേക്കുള്ള ഒരു വിസർജ്ജനം സാധ്യമാവുന്നു എന്നതിലൂടെ ആശ്വാസത്തിന്റെശീതള ഛായയിൽത്തന്നെ വ്യക്തി എത്തിപ്പെടുന്നു
 

ശാസ്ത്ര സാങ്കേതിക വളർച്ചകളുടെ ചോരാക്കുട ചൂടി നിൽക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളിൽപ്പോലും മനുഷ്യനിൽ നിന്ന് മാത്രമല്ലാ മൃഗങ്ങളിൽ നിന്ന് പോലും പുറപ്പെടുന്ന ഒരു സ്വാഭാവിക  വിസർജ്ജനത്തിന്റെ അനിവാര്യമായ പ്രകടനമായി ഇതിനെ കാണാവുന്നതാണ്. ഉദാഹരണമായി ഒരു മനുഷ്യനിൽ നിന്ന് ഒരിക്കൽ ഒരു തീറ്റ സ്വീകരിച്ചിട്ടുള്ള   നായ കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെ തിരിച്ചറിയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. മാംസം കടിച്ചു കീറാനുള്ള വെമ്പൽഅകത്തു സൂക്ഷിക്കുമ്പോളും അത് ചെയ്യാതെ തന്നെ സംരക്ഷിച്ചവനെ കരുതലോടെ കാത്തുസൂക്ഷിക്കുന്നതിലൂടെ നന്ദിയും അതിന്റെ ബാഹ്യ രൂപമായ ആരാധനയും ആണ് ഇവിടെ പ്രകടമാവുന്നത്.

ഒരു മൃഗമായ നായയിൽ രൂപപ്പെടുന്ന ഇതേ വികാരം തന്നെയാണ് വിശേഷ ബുദ്ധിയുള്ള മൃഗമായ മനുഷ്യനിലും പ്രകടമാവുന്നത്. തന്റേതായ യാതൊരു പങ്കുമില്ലാതെ തനിക്കു ലഭ്യമാവുന്ന പ്രാപഞ്ചിക സൗഭാഗ്യങ്ങളുടെ ആസ്വാദന നിറവിൽ തനിക്കു വേണ്ടി നിൽക്കുന്ന ഒന്ന് തന്റെ പിന്നിൽ ഉണ്ട് എന്ന ബോധ്യം തന്റെ സപ്ലയറോട് ഉണ്ടാക്കി വയ്ക്കുന്ന കടപ്പാടിന്റെ പ്രകട രൂപമാണ് നന്ദി എന്ന ഈ ആരാധന. 

തകഴിയോടും വിജയനോടും മുകുന്ദനോടും മാത്രമല്ലാ ആശാനോടും ചങ്ങമ്പുഴയോടും വയലാറിനോടും നമുക്ക് ആരാധനയുണ്ട്. നമ്മിൽ പലരും അവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവരെ അറിയാം. അവരുടെ മനസ്സുകൾ കോറിയിട്ട രചനകളിൽ നിന്ന് നമുക്ക് അനുഭവിക്കാനായ ആസ്വാദന മാധുര്യത്തിനുള്ള നന്ദിയാണ് അവരെ നമ്മുടെ ആരാധനാ മൂർത്തികളാക്കിയത്. 

പ്രപഞ്ചത്തോടൊപ്പം പ്രപഞ്ചമായി അദ്വൈതാവസ്ഥയിൽ നില നിൽക്കുന്ന പ്രപഞ്ച മനസ്സ് കോറിയിട്ട നമുക്കറിയുന്ന രചനയാണ്‌ പ്രകൃതി എന്നതിനാൽ ഈ പ്രകൃതിയിൽ ലഭ്യമാവുന്ന വായനാ സുഖം ആസ്വദിക്കുമ്പോൾ സ്വാഭാവികമായും ആ രചയിതാവിനോട്  നമ്മിൽ ആരാധന രൂപപ്പെടുന്നു ! 

( ശാസ്ത്ര സംജ്ഞയിൽ സിങ്കുലാരിറ്റി എന്ന് അടയാളപ്പെടുത്താവുന്ന ) അമ്മ ഭ്രൂണത്തിൽ നിതാന്ത നിദ്രയിലായിരുന്ന എന്നെയും നിങ്ങളെയും പന്ത്രണ്ടു ഘനയടിയിൽ ഇത് പോലെ രൂപപ്പെടുത്തുകയും ഇതിനുള്ളിൽ സ്ഥിതി ചെയ്തു കൊണ്ട് ഇതിനെ നില നിർത്തി എന്നെക്കൊണ്ട് ഇതെഴുതിക്കുകയും നിങ്ങളെക്കൊണ്ട് ഇത് വായിപ്പിക്കുകയും ചെയ്യുന്ന ബോസ് നിലവാരത്തിലുള്ള ഒരു സംവിധാനം നമുക്ക് തന്നെ അനുഭവേദ്യമായ സത്യമായിരിക്കുന്നത് നാം  അറിയുന്നുണ്ട് എന്നതിനാൽ 

അതേ അറിവിൽ പ്രപഞ്ചത്തെ മൊത്തത്തിൽ എടുത്ത് ചിന്തിക്കുമ്പോൾ ആനുപാതികമായി പ്രപഞ്ചത്തോളം വലിയ  ആ സത്യം പ്രപഞ്ച ബോസ്സായി പ്രപഞ്ചത്തിലുമുണ്ട് എന്നത് തന്നെയല്ലേ അടിസ്ഥാന സത്യം ? 

 പ്രപഞ്ചാത്മാവ് എന്നോ പ്രപഞ്ച ബോധാവസ്ഥ എന്നോ ഒക്കെ വിളിക്കാവുന്ന ഈ രചയിതാവിനോട്, നമ്മുടേതായ യാതൊരു പങ്കുമില്ലാതെ നമ്മുടേതെന്നു നാം വിളിക്കുന്ന നമ്മുടെ  ജീവിതം നമുക്ക് ലഭ്യമാവുന്നതിനു കാരണമായിത്തീരുന്നു 

എന്നതിനാൽത്തന്നെ ആ സംവിധാനത്തോടുള്ള നമ്മുടെ നന്ദി പ്രകടനങ്ങളാണ്  സാഹചര്യ സംബന്ധികളായിനമ്മൾ അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ഈ ആരാധനകൾ.

ഈ സത്യം തിരിച്ചറിയാതെ പോകുന്നവരെ ശാസ്ത്ര വക്താക്കൾ എന്നും സ്വതന്ത്ര ചിന്തകർ എന്നുമൊക്കെ വിളിച്ച് ആരാധിക്കുന്നവർക്ക് അടിസ്ഥാന ആണികളിൽ ചിലതെങ്കിലും ഇളകിയിട്ടുണ്ടാവാം എന്നതല്ലേ ശരി ? 

ഇതിലൂടെ ലഭ്യമാവുന്ന ആത്മ സംതൃപ്തിയുടെ അനശ്വര സംവേദനങ്ങൾ അത് അനുഭവിക്കുന്നവർക്ക് മാത്രം ലഭ്യമാവുന്ന പ്രത്യേകതയാണെന്നും, ആ സമ്പർക്ക മേഖലയ്ക്ക് പുറത്തുള്ളവർക്ക് അത് അനുഭവപ്പെടുന്നില്ലായിരിക്കാം  എന്നും നമുക്ക് സമ്മതിക്കേണ്ടതുണ്ട്. പവ്വർ സോഴ്സിൽ തൊട്ടിരിക്കുന്ന ബാറ്ററിയിൽ ചാർജ് നിറയുന്നത് അത് ഉപയോഗിക്കുന്നവർക്ക് മാത്രം തിരിച്ചറിയാനാവുന്ന പ്രത്യേകതയാണ്. എന്നതിനാൽ അല്ലാത്തവരുടെ കാഴ്ചയിൽ  എല്ലാ ബാറ്ററികളും ഒരുപോലെ ആണെന്നേ തോന്നുകയുള്ളൂ.

തയ്യൽക്കാരന്റെ ജീവന ഉപാധിയായ തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി ലൂബ്രിക്കന്റ് ഓയിലിട്ടു സൂക്ഷിക്കേണ്ടത് തയ്യൽക്കാരന്റെ ചുമതലയാണ്. എങ്കിലേ അയാൾക്ക്‌ വേഗത്തിൽ ആദായകരമായി ആ മെഷീനിൽ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളു. അതയാൾ ചെയ്യുന്നത് മെഷീന് വേണ്ടിയാണ് എന്ന് പറയുന്നതിലുപരി അയാൾക്ക് വേണ്ടിയാണ് എന്ന് പറയുന്നതല്ലേ കൂടുതൽ ശരി ? പവ്വർ സോഴ്‌സിൽ തൊട്ടിരുന്നു കൊണ്ട് ചാർജ് നിറച്ചെടുക്കേണ്ടത്  പവ്വർ സോഴ്‌സിനെക്കാളുപരി ബാറ്ററിക്കാരന്റെ ആവശ്യമാണല്ലോ ?

ഇതുപോലെ ഒക്കെത്തന്നെയാണ് പ്രപഞ്ചാത്മാവുമായി തൊട്ടിരിക്കുന്ന മനുഷ്യാത്മാവിന്റെ അവസ്ഥയും. ചാരായവും വെള്ളവും കാഴ്ച്ചയിൽ ഒരു പോലെ ആണെങ്കിലും ചാരായത്തിലെ വീര്യം അത് അനുഭവിക്കുന്നവനു മനസ്സിലാകുന്നു !  തന്റെ വലിയ ഭാവത്തിൽ തൊട്ടിരിക്കുന്ന ചെറിയ ഭാവത്തിനും വലിയതിൽ നിന്നുള്ള ശക്തിയും സ്റ്റാറ്റസ്സും ലഭ്യമാവുന്നു ! 

ലോകത്താകമാനം ( പ്രപഞ്ചാത്മാവായ ) ദൈവം എന്ന പവ്വർ സോഴ്സിൽ തൊട്ടിരുന്നു കൊണ്ട് പവ്വർ നേടിയെടുക്കുന്ന ( ബാറ്ററികളാകുന്ന ) ജീവികൾ ആത്മ സംതൃപ്തിയുടെ അനശ്വര തീരങ്ങളിൽ അഭിരമിക്കുന്നതിനുള്ള സാഹചര്യം ഇങ്ങനെ സംജാതമാവുന്നു. ചാരായവും വെള്ളവും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും ചാരായം കുടിക്കുന്നവന്  മാത്രമേ അതിലെ ലഹരി ആസ്വദിക്കാനാവുന്നുള്ളു എന്നത്പോലെ ! 

വ്യക്തി ജീവിതത്തിൽ ഓരോ മനുഷ്യനും നേടിയെടുക്കേണ്ട ഈ ഊർജ്ജ സ്വീകരണം അവന്റെ അവകാശമായതിനാൽ അവനു സ്വയം നേടിയെടുക്കാവുന്നതേയുള്ളു. അതിനായി കട നടത്തുന്നവരിൽ നിന്ന് വില കൊടുത്ത് വാങ്ങേണ്ടതില്ല. തന്നെ വിതരണം ചെയ്യുന്നതിനായി തീയോളജി ഷോപ്പ് നടത്താൻ ഒരുത്തനെയും ദൈവം ചുമതലപ്പെടുത്തിയിട്ടുമില്ല. 

തിളങ്ങുന്ന കളർഫുൾ അറബിക്കുപ്പായങ്ങളോ കറുത്ത സിൽക്കിൽ തുന്നിയെടുത്ത സവോളത്തൊപ്പികളോ ധരിക്കുന്നതു കൊണ്ട് നിന്നെക്കാൾ വലിയവനായി ഒരുത്തനെയും ദൈവം എണ്ണുന്നില്ല. അത് കൊണ്ട് തന്നെ ഒരുത്തന്റെയും കാലിൽ വീഴുവാനോ കൈ മുത്തുവാനോ നീ പോകാതിരിക്കുക. നിന്റ വിയർപ്പിന്റെ വിളയായ നിന്റെ സമ്പാദ്യം തട്ടിയെടുക്കുവാൻ വിയർക്കാതെ കാത്തിരിക്കുന്നവരെ ഒഴിവാക്കുക. നിന്റെ നെറ്റിയിൽ അവൻ ഒട്ടിച്ചു തരുന്ന വർഗ്ഗീകരണത്തിന്റെയും വിഭാഗീയതയുടെയും ലേബലുകൾ പറിച്ചെറിഞ്ഞ് വെറും പച്ചയായ മനുഷ്യനാവുക ! 

കല്ലും മുതിരയും ചേർത്ത് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് മുതിര വേർതിരിച്ചു ഭക്ഷിക്കുന്ന കുതിരയുടെ കഴിവ് പോലും പ്രകടിപ്പിക്കാതെ മനുഷ്യർ വെറുതേ കല്ല് കടിച്ച് പല്ല് കേടാക്കുകയാണ്. ഈ പല്ലു ചികിത്സക്കുള്ള ദന്താശുപത്രികളും സ്ഥാപിച്ചു കാത്തിരിക്കുകയാണ് യുക്തിവാദികളും സ്വതന്ത്ര ചിന്തകരുമായിട്ടുള്ള ശാസ്ത്രീയ ബുദ്ധി ജീവികൾ. 

മതത്തിന്റെ മണ്ടൻ വലകൾ പൊളിച്ച് പുറത്തു വരുന്ന  സാധുജീവികൾ തന്ത്രപരമായി വിരിച്ചിട്ടുള്ള ഇവരുടെ വലകളിൽ ലജ്‌ജാകരമായി വീണ്ടും വീണ്ടും  അകപ്പെടുന്നു ? മത ഗ്രന്ഥങ്ങളിലെ ലൈംഗിക കേളികൾ മുതൽ കഥയിലെ പാത്രങ്ങളുടെ അടിവസ്ത്രമഴിച്ച് പരിശോധിക്കുന്ന സർജിക്കൽ സ്ട്രൈക്ക് വരെയാണ് സംവാദ വേദികളിലെ പരിപാടികൾ. ഉദാഹരണമായി ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമ പരമ്പരയിലൂടെയാണ് മനുഷ്യൻ രൂപപ്പെട്ടത് എന്ന് ഇവരുടെ ഗുരുവായ ശാസ്ത്രം സമർത്ഥിക്കുമ്പോൾ  ആറായിരം വർഷങ്ങൾക്ക് മുൻപ് എന്ന് എഴുത്തുകാരൻ തന്നെ സമ്മതിക്കുന്ന ഏദൻ തോട്ടത്തിലെ ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ ആകൃഷ്ടരായി ഇവർ അവിടെ ദൈവത്തെ അന്വേഷിച്ചു നടന്നു നാണം  കെടുകയാണ്.

ആരാധന എന്ന പേരിൽ വട്ടു പിടിച്ച് ജന ദ്രോഹം നടത്തുന്ന മരപ്പൊട്ടന്മാരുടെ നാടാണ് ഭാരതവും ഭാരതത്തിന്റെ ഭാഗമായ കേരളവും എന്ന് സമ്മതിക്കുന്നു. ഡൽഹിയിലെ തെരുവുകളിൽ മുതുക്കിപ്പശുക്കൾക്ക് സമർപ്പിക്കാനായി റൊട്ടിയും മറ്റ്‌ ഭക്ഷ്യ വസ്തുക്കളുമായി നിര നിരയായി നീങ്ങുന്ന വല്യമ്മമാരെ കണ്ടിട്ടുണ്ട്. വൃദ്ധ മൃഗങ്ങളെ സംരക്ഷിക്കുന്നു എന്ന ഇതിലെ നന്മ അംഗീകരിക്കുന്നുവെങ്കിൽക്കൂടി അത് സ്വന്തം വീടുകളിലോ പൊതു തൊഴുത്തുകളിലോ ആവുന്നതല്ലേ കൂടുതൽ ശരി എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുമുണ്ട്. ? വാഹനങ്ങളും ജനങ്ങളും ഒഴുകുന്ന പൊതു നിരത്തുകളിൽ

 ചാണകാഭിഷേകം നടത്തിച്ച് വാഹനാപകടങ്ങളും മരണ ഭീതിയും സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണു ചോദ്യം ? 

കേരളത്തിലാണെങ്കിൽ അച്ചാടും  മുച്ചാടും അടിപൊളിയൻ ആനയെഴുന്നെള്ളത്തുകളാണ്. കഴുത്തും കാലുകളും ചങ്ങലകളിൽ കുരുക്കി നെറ്റിയുൾപ്പടെയുള്ള  ശരീര ഭാഗങ്ങളിൽ ലോഹ നിർമ്മിതങ്ങളായ തകിടുകളും ഘോര മണികളും കെട്ടിത്തൂക്കിയിട്ടിട്ടാണ് ആന മേക്കപ്പ്. തിടമ്പ് എന്ന പേരിലുള്ള ഒരു വികൃത ചിത്രം നാലാളുകൾ അള്ളിപ്പിടിച്ചിരിക്കുന്ന  ആനപ്പുറത്ത് പ്രദര്ശിപ്പിച്ചിട്ടാണ്  ആരാധന. 

ലോഹങ്ങളുടെ ചൊറിച്ചിലും മണികളുടെയും മനുഷ്യരുടെയും കിലുക്കങ്ങളും സഹിച്ച് ക്ഷമ കെട്ടിട്ടാണ്‌ ആന നിൽക്കുന്നത്. ഇതൊന്ന് കഴിഞ്ഞു കിട്ടിയാൽ കിട്ടാനിടയുള്ള പഴക്കുലയും ശർക്കരയും മാത്രമാണ് ആനയുടെ ലക്‌ഷ്യം. അസ്വസ്ഥ നിമിഷങ്ങളുടെ ആശ്വാസത്തിനായി ഒന്ന് തിരിഞ്ഞു പോയാൽ  പച്ച മാംസത്തിൽ തോട്ടി കൊളുത്തിയുള്ള ഭ്രാന്തൻ വലി. വേദനിച്ചോന്നു കരഞ്ഞു പോയാൽ. ( മദ ) ഭ്രാന്താരോപണത്തിൽ ക്രൂര മർദ്ദനം. ഏതൊരു ജന്തുവിനാണ് ഇവിടെ ദേഷ്യം വരാത്തത് ? 

ഭയന്ന് വിറയ്ക്കുന്ന ജനങ്ങളുടെ കൂട്ടയോട്ടം, പോലീസിന്റെ മയക്കു വേടി. ചങ്ങലകൾ പൊട്ടുന്നു, കാലിലും കൊമ്പിലും മനുഷ്യർ പിടഞ്ഞു മരിക്കുന്നു. വല്ല കാര്യവുമുണ്ടായിരുന്നോ ഒരു മൃഗത്തിന്റെ ക്ഷമയെ ഇപ്രകാരം പരീക്ഷിച്ചു ചത്തു മലയ്ക്കുവാൻ ? 

പള്ളിപ്പെരുന്നാളുകളുടെ ഇട വേളകളിൽ നാല് വാണം വിട്ടില്ലെങ്കിൽ , എന്ത് പെരുന്നാള് ? ഇവർ പറയുന്ന സ്വർഗ്ഗത്തിൽ ഒരു ദൈവമുണ്ടെങ്കിൽ അങ്ങേരുടെ ചെവിക്കല്ല് തകർത്തിട്ട് വേണം തങ്ങൾക്കതു കയ്യടക്കാൻ എന്നാണു ഭാവം. അത് കൊണ്ട് തന്നെ ഗർഭഛിദ്ര ഗുണ്ടുകളും ഹൃദയ സ്തംഭന അമിട്ടുകളും ഒക്കെയുണ്ടാവും. അറിഞ്ഞോ അറിയാതെയോ പറ്റുന്ന അബദ്ധങ്ങളിൽ അകപ്പെട്ട് അനേകായിരങ്ങൾക്കു ജീവൻ നഷ്ടപ്പെടുന്നു- വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് പള്ളി / ക്ഷേത്ര ഭക്ത ശിരോമണികൾ ചിന്തിക്കണം?

അടിസ്ഥാന പരമായി നന്ദിയുള്ളവരാണ് മനുഷ്യർ. അത് കൊണ്ട് തന്നെ അതിൽ നിന്നും ആരാധന ഉണ്ടാവുന്നു. ഈ ആരാധന അടുത്ത മനുഷ്യന് അസൗകര്യം സൃഷ്ടിക്കാതെ നിർവഹിക്കുക എന്നതായിരിക്കണം  ആധുനിക ജനാധിപത്യ ബോധത്തിന്റെ പ്രാക്ടിക്കൽ പെർഫോമൻസ്. അപരനെ ദോഷകരമായി ബാധിക്കാത്ത ഏതു ആരാധനയും അനുവദനീയവും അതൊരു സദ്സമൂഹ സൃഷ്ടിക്കുള്ള സംവേദനവുമാകുന്നു. 

ആരാധനാലയങ്ങൾ ചൂഷണ രഹിതമായ സോഷ്യൽ ക്ലബ്ബ്കളായി പരിണമിപ്പിക്കുകയും അവിടെ ലഭ്യമാക്കുന്നകൊള്ളലും കൊടുക്കലും കൊണ്ട് ആരെങ്കിലും ആത്മ സംതൃപ്തി 

അനുഭവിക്കുന്നുണ്ടെങ്കിൽആരെയെങ്കിലും അനുഭവിപ്പിക്കുന്നുണ്ടെങ്കിൽ അവരെ അവരുടെ വഴിക്കുവിടുകയാവും ഭംഗിപ്രത്യേകിച്ചുംപകരം വയ്ക്കാനുള്ള മറ്റൊരു സംവിധാനം സമ്മാനിക്കാൻ ശാസ്ത്രത്തിനോകലക്കോ അനുബന്ധ സംവിധാനങ്ങൾക്ക ഇതുവരെയും സാധിച്ചിട്ടില്ല എന്ന നഗ്ന സത്യം നില നിൽക്കുമ്പോൾ ?

സകല പ്രപഞ്ച വസ്തുക്കളിലും അത്യത്ഭുതകരമായി ഉൾച്ചേർന്നിരിക്കുന്ന നന്ദി എന്ന  വികാരം എപ്രകാരംഇങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ പ്രപഞ്ചം സ്നേഹത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നും സകലപ്രപഞ്ച വസ്‌തുക്കളിലും ആനുപാതികാവസ്ഥയിൽ സ്നേഹം  എന്ന  ഗുണം നില നിൽക്കുന്നുണ്ട് എന്നുംകണ്ടെത്താവുന്നതാണ് സ്നേഹം തന്നെയാണ് കടപ്പാടായും നന്ദിയായും ആരാധനയായുംഅനുഭവേധ്യമായി നമ്മോടൊപ്പമുള്ളത്.   അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ദൈവം സ്നേഹമാണ് എന്ന്  വിവരമുള്ളവർ മുന്നമേ പറഞ്ഞ് വച്ചത് !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക