
മനുഷ്യരുടെ ചിന്തകളെ രൂപപ്പെടുത്തുകയും സമൂഹമനസ്സാക്ഷിയെ സ്വാധീനിക്കുകയും ചെയ്യുന്ന ഏറ്റവും ശക്തമായ ഉപാധിയാണ് മാധ്യമങ്ങൾ . മാധ്യമങ്ങളുടെ വളർച്ച ഇന്ന് മനുഷ്യ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സമൂഹത്തിലെ പല മാറ്റങ്ങൾക്കും ശക്തമായ ആയുധമായിരുന്നു മാധ്യമങ്ങൾ. ലോകത്ത് നടന്ന വിപ്ലവങ്ങളിലും ചരിത്ര സംഭവങ്ങളിലും മാധ്യമങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജനഹൃദയങ്ങളുടെ പ്രതിനിധികളായി മാറി മാധ്യമങ്ങൾ ഭരണകൂടങ്ങളെ പോലും മാറ്റി മറിക്കുന്നതിന് കാരണമായിട്ടുണ്ട്.
ലോകത്തിൻ്റെ ഒരു ഭാഗത്ത് സംഭവിക്കുന്നത് നിമിഷങ്ങൾക്കകം മറുഭാഗത്ത് നിഷ്‌പ്രയാസം ലഭിക്കുന്ന കാലമാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തെ നിയന്ത്രിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയൊരു പങ്കുണ്ട്. ജനാധിപത്യത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ നിയമ , നിർമ്മാണ , ഭരണ , നീതിന്യായ സംവിധാനങ്ങൾക്ക് പിന്നിലെ അധികാര വ്യവസ്ഥകളെ ചോദ്യം ചെയ്ത് ജനങ്ങളുടെ ശബ്‌ദമായി വർത്തിക്കുന്നതിനാൽ മാധ്യമങ്ങളെ ഫോർത്ത് എസ്റ്റേറ്റ് അഥവാ നാലാമത്തെ തൂൺ എന്ന് വിശേഷിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മാധ്യമങ്ങൾ ഇന്ത്യൻജനതയുടെ ആത്മാവായിരുന്നു . അന്ന് ബ്രിട്ടീഷുകാരുടെ അധികാരത്തെ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ ഭയപ്പെട്ടിരുന്നില്ല. ജനങ്ങളെ ബോധവത്കരിക്കുകയും അനീതിക്കെതിരെ ശബ്‌ദമുയർത്തുകയും ചെയ്തിരുന്ന വാക്കുകൾക്ക് പ്രതിഷേധത്തിൻ്റെ ജ്വാലയും വിപ്ലവത്തിൻ്റെ കരുത്തും ഉണ്ടായിരുന്നു.
മലയാളിക്ക് പത്രവായന എന്നും ദിനചര്യയുടെ ഭാഗമാണ്. ചായക്കടകളിലെ പത്രപാരായണങ്ങളും ചർച്ചകളും സാമൂഹികജീവിതത്തിൻ്റെ ഭാഗമായിരുന്നു. ഡിജിറ്റൽ ലോകത്തിലെ പുതിയ മാറ്റങ്ങളെ വിസ്മയത്തോടെ സ്വീകരിച്ച് വലിയൊരു വഴിത്തിരിവിലൂടെയാണിന്ന് ലോകം പുരോഗതിയിലേക്ക് മുന്നേറുന്നത്. ആശയവിനിമയങ്ങളും പഠനങ്ങളും ഡിജിറ്റൽ മാധ്യമങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നു.
മാധ്യമ സംസ്‌കാരത്തിന് ഇന്ന് നിരവധി ദോഷങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. മാധ്യമ രംഗത്ത് അസത്യമായ വാർത്തകൾ വ്യാപകമാകുന്നു ..വ്യാജ പ്രചരണങ്ങളും " ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള "തെറ്റായ വാർത്തകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. വാർത്തകൾ പലപ്പോഴും ലക്ഷ്യമാക്കുന്നത് സാമൂഹിക ഉത്തരവാദിത്വമല്ല. " രണ്ട് നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുവാനും , മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുവാനും " മാധ്യമ പ്രസ്ഥാനങ്ങൾക്കിന്ന് നിഷ്‌പ്രയാസം സാധിക്കും. വലിയൊരു കച്ചവട മേഖലയായി മാധ്യമരംഗം മാറിയിരിക്കുന്നു. വാർത്തകളെ സത്യത്തിൻ്റെ അടിസ്ഥാനത്തിലല്ല ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണത്തിൻ്റെ വ്ര്യൂസ്)അടിസ്ഥാനത്തിൽ സ്വകാര്യ ജീവിതങ്ങൾ പോലും പൊതുകാഴ്ചകളാക്കി മാറ്റുന്ന പ്രവണതകൾ വർദ്ധിച്ചു വരികയാണ്. അപകടങ്ങളും , വേദന നിറഞ്ഞ സന്ദർഭങ്ങളും ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ വ്യാപാര വസ്തുക്കളാകുന്നു. യുദ്ധങ്ങളും , ദുരന്തങ്ങളും മാധ്യമങ്ങൾക്കിന്ന് വെറും വിഷയങ്ങൾ (content )മാത്രമായി ചുരുങ്ങുന്നു. മനുഷ്യരെ വെറും ഉപഭോക്താക്കളായി മാറ്റുന്ന നിലയിലേക്കാണ് സമൂഹത്തെ തള്ളി വിടുന്നത്.
ശക്തരായ കോർപ്പറേറ്റുകളും രാഷ്‌ട്രീയ ശക്തികളും മാധ്യമങ്ങളെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നതും ഭയാനകമായ അവസ്ഥയാണ്. രാഷ്‌ട്രീയപ്പാർട്ടികളുടെ അധീനതയിൽ ഉള്ള പത്രങ്ങളും ചാനലുകളും സോഷ്യൽമീഡിയ ഗ്രൂപ്പുമൊക്കെ പലപ്പോഴും സത്യത്തെ വളച്ചൊടിച്ച് നിഷ്പക്ഷമായിഎതിർകക്ഷികൾക്കെതിരെ വ്യാജ വാർത്തകളും വിദ്വേഷപ്രചരണങ്ങളും നടത്തുന്നത് കാണാറുണ്ട്. "വൈറലാകുക" എന്ന ലക്ഷ്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക സാമുദായിക കലാപങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഹേതുവാകാറുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ വക്താക്കളായി പ്രവർത്തിക്കുന്ന ഇത്തരം മാധ്യമങ്ങൾ മാധ്യമസംസ്‌കാരത്തിന് അപമാനവും ജനാധിപത്യത്തിന് ആപത്തുമാണ്.
സോഷ്യൽ മീഡിയയുടെ വരവോടെ മൊബൈൽ ഫോണുകൾ വ്യക്തികളുടെ മാധ്യമ സ്ഥാപനങ്ങളായി മാറിയത് ഈ അവസ്ഥയെ കൂടുതൽ ദുഷ്കരമാക്കി. യു.ട്യൂബ് വ്ലോഗർമാരും ട്രോൾ പേജുകളുമാണ് ഇന്ന് സമൂഹത്തിൽ പുതിയ മാധ്യമ പ്രവണതകൾ സൃഷ്ടിക്കുന്നത്. ലോകത്തെവിടെ നടക്കുന്ന കാര്യങ്ങളും തമാശയും പരിഹാസവും കലർത്തി അവതരിപ്പിക്കുവാൻ ട്രോൾ ഗ്രൂപ്പുകൾക്ക് പ്രേത്യേക സാമർത്ഥ്യമുണ്ട് . സ്വകാര്യതാ ലംഘനവും , അശ്ലീലവും അക്രമങ്ങളും നിറഞ്ഞ ഉള്ളടക്കങ്ങളും സമൂഹത്തിൽ തെറ്റായ സ്വാധീനമാണ് ചെലുത്തുന്നത്. ഫേസ് ബുക്കും , യു. ട്യൂബും ഗൂഗിളുമൊക്കെയാണ് യുവതലമുറയുടെ പ്രധാന വഴികാട്ടികളും വിവര സ്ത്രോതസ്സുകളും .സമയം പാഴാക്കുന്നതും സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവും സമൂഹത്തിന് വലിയ വെല്ലുവിളികളായി മാറിയിട്ടുണ്ട്. വാസ്‌തവങ്ങൾക്കും വ്യക്തി മൂല്യങ്ങൾക്കും മാന്യമായ വില കൽപ്പിക്കാതെ എന്തും പടച്ച് വിടുന്ന വാർത്തകളും റീലുകളും മനുഷ്യരുടെ വേദനകളെ കാറ്റിൽ പറത്തിവിടുകയാണ് ചെയ്യുന്നത്. വിപണി മൂല്യം മാത്രം നോട്ടമിട്ട് പടച്ച് വിടുന്ന തെറ്റായ വാർത്തകൾ ആത്മഹത്യകൾക്കു പോലും കാരണമായിട്ടുണ്ട്. ചില സംഭവങ്ങൾ ദിവസങ്ങളോളം ചർച്ചയാക്കുമ്പോൾ സാമൂഹികപ്രസക്തമായ പല കാര്യങ്ങളും ഒരു സ്‌ക്രോളിൽ ഒതുക്കപ്പെടുന്നു. "വികാര പ്രേരിത വാർത്താവതരണത്തിനും , ടെലിവിഷൻ റേറ്റിംഗ് പോയിൻ്റിനും "പിന്നാലെ പായുമ്പോൾ ഗുരുതരമായ പല സാമൂഹിക വിഷയങ്ങളും ജനശ്രദ്ധ നേടാതെ പോകാറുണ്ട്. പല കാലിക സംഭവങ്ങളിലും മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ സാധിക്കും.
നമ്മുടെ മാധ്യമങ്ങൾ ലക്ഷ്യം മറന്ന് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യാന്വേഷണത്തിന് പകരം ലാഭക്കൊയ്ത്തുകൾക്ക് മുൻതൂക്കം നൽകുമ്പോൾ മാധ്യമങ്ങൾ അപചയത്തിൻ്റെ ആഴങ്ങളിലേക്കാണ് നീങ്ങുന്നത്.
സത്യവും , നൈതികതയും ഉത്തരവാദിത്വവും കാത്തു സൂക്ഷിക്കുന്ന മാധ്യമ പ്രസ്ഥാനങ്ങളാണ് സമൂഹത്തിന് എന്നും ആവശ്യം. അതു കൊണ്ട് തന്നെ മാധ്യമ രംഗത്തിൻ്റെ ശുദ്ധീകരണത്തിനും സമൂഹം ജാഗരൂകരാകേണ്ടതുണ്ട്. മുഴുവൻ മാധ്യമപ്രവർത്തകരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല.. ജീവൻ പോലും പണയപ്പെടുത്തി അഴിമതികൾ വെളിച്ചത്ത് കൊണ്ടു വന്ന് മാധ്യമധർമ്മം കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവർത്തകർ ഇന്നും ധാരാളം ഉണ്ട് . അനീതിക്കെതിരെ ശബ്‌ദമുയർത്തി സത്യത്തിൻ്റെ ജ്വാല അവർ കെടാതെ കാത്തുസൂക്ഷിക്കുന്നു. പക്ഷേ മാധ്യമവിപണിയുടെ കോലാഹലങ്ങളിലും രാഷ്ട്രീയ അധോലോക ഭീഷണികൾക്കിടയിലും ആ ശബ്‌ദങ്ങൾ മുങ്ങിപ്പോകുന്നു. അധികാരവർഗ്ഗത്തെ ഭയമില്ലാതെ ചോദ്യം ചെയ്ത് അഴിമതികളും അനീതികളും പുറത്ത് കൊണ്ടു വരികയും സാധാരണ പൗരൻ്റെ അവകാശങ്ങൾക്ക് വേണ്ടി ധൈര്യപൂർവ്വം പോരാടുന്ന ശബ്‌ദമാകുന്നവരുമാണ് മാധ്യമ സംസ്‌കാരത്തിൻ്റെ യഥാർത്ഥ കാവൽക്കാർ. "മാധ്യമങ്ങൾ സമൂഹത്തിൻ്റെ കണ്ണാടിയാണ്. " അത് സത്യം മാത്രം പ്രതിഫലിപ്പിക്കണം. " പേന വാളിനെക്കാൾ ശക്തമാണ് " ലിട്ടൻ്റെ പ്രസിദ്ധമായ വാക്കുകൾ എന്നും മാധ്യമങ്ങളുടെ യഥാർത്ഥ കരുത്തിനെ ഓർമ്മിപ്പിക്കുന്നു.
ഒരു സമൂഹത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ലോകം തിരിച്ചറിയുന്നത് അവിടെ അനീതിക്കെതിരെ ചലിക്കുന്ന പേനയിലൂടെയാണ്. അതിനാൽ മാധ്യമങ്ങൾ കാഴ്ചകളുടെ വിരുന്നു സത്കാരമാകാതെ മൂല്യങ്ങളുള്ള ബോധവത്കരണ പ്രചോദകശക്തി കൂടിയായി പരിണമിക്കണം. കാലം മാറുമ്പോൾ സാങ്കേതിക വിദ്യകളും , അവതരണങ്ങളുടെ രൂപങ്ങളും മാറാം. അപ്പോളും മാധ്യമങ്ങളുടെ യഥാർത്ഥ ദൗത്യം സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുക എന്നതാണ്. നിഷ്പക്ഷവും , സത്യസന്ധവുമായ മാധ്യമങ്ങൾക്ക് മാത്രമേ ജനവിശ്വാസം നേടാനും ചരിത്രത്തിൻ്റെ താളുകളിൽ ശാശ്വത സ്ഥാനം നിലനിർത്തുവാനും കഴിയുകയുള്ളൂ.
ശ്രേഷ്ഠമായ മാധ്യമ സംസ്‌കാരം നിലനിൽക്കാൻ സത്യവും മാനവികതയും മൂല്യബോധവും കൈവിടാത്ത മാധ്യമപ്രവർത്തനവും , വിവേകവും ചിന്താശേഷിയുമുള്ള പ്രേക്ഷകരും അനിവാര്യമാണ്. അറിവോടെയും ജാഗ്രതയോടെയും കാര്യങ്ങൾ വീക്ഷിക്കുന്നവരായിരിക്കണം നല്ല പ്രേക്ഷകർ. മാധ്യമങ്ങളെ അന്ധമായി പിൻതുടരാതെ തെറ്റായ വാർത്തകളെ തിരിച്ചറിയാനും അത് ചോദ്യം ചെയ്യാനും കഴിവുള്ളവരായിരിക്കണം . സമൂഹത്തെ നന്മയുടെ വഴിയിലേക്ക് കൈ പിടിച്ച് നടത്താൻ മാധ്യമപ്രവർത്തകരെ പോലെ പ്രേക്ഷകരും ബാധ്യസ്ഥരാണ്. ഇരുവരും ചേർന്നാണ് മാധ്യമ സംസ്‌കാരത്തിൻ്റെ അടിത്തറ പാകേണ്ടത്. ഉത്തരവാദിത്വബോധത്തോടെ മുന്നേറുന്ന മാധ്യമ സംസ്‌കാരമാണ് ഒരു പ്രബുദ്ധ മായ സമൂഹത്തിൻ്റെ യഥാർത്ഥ ശക്തി.