Image

കേരളത്തിലെങ്ങും ലോകകപ്പ് ആവേശം (സനില്‍ പി. തോമസ്)

Published on 11 June, 2026
കേരളത്തിലെങ്ങും ലോകകപ്പ് ആവേശം (സനില്‍ പി. തോമസ്)

ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.30 ന് മെക്‌സിക്കോയില്‍ ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മെക്‌സിക്കോ സിറ്റിയിലാണു മത്സരം.നാളെ രാവിലെ 7.30ന് ഗ്വാഡ ലജാരയില്‍ ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. കാനഡയുടെ ആദ്യമത്സരം നാളെ രാത്രി 12.30ന് ബോസ്‌നിയയ്‌ക്കെതിരെ ടൊറന്റോയില്‍ ആണ്. 13നുരാവിലെ 6.30ന് യു.എസ്- പാരഗ്വായ് മത്സരം ലൊസാഞ്ചസില്‍ നടക്കും.

മലയാളികളുടെ ഇഷ്ട ടീമുകള്‍ അര്‍ജന്റീനയും ബ്രസീലും തന്നെ. യുവാക്കള്‍ക്കിടയില്‍ പോര്‍ച്ചുഗലിന് വലിയ പിന്തുണയുണ്ട്. കഴിഞ്ഞ തവണ ഖത്തറില്‍ ലയണല്‍ മെസി കപ്പ് ഉയര്‍ത്തിയെങ്കില്‍ ഇക്കുറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പ് ഏറ്റുവാങ്ങുന്നതു കാണാന്‍ ആഗ്രഹിക്കുന്നവരാണ് യുവ ആരാധകരില്‍ വലിയ വിഭാഗം. സ്‌പെയിനിനും നെതര്‍ലന്‍ഡ്‌സിനും പിന്തുണക്കാര്‍ ഉണ്ട്.

മൂന്നാമതും ലോകകപ്പ് വേദിയാകുന്ന ആദ്യ രാജ്യമെന്ന ഖ്യാതി മെക്‌സിക്കോയ്ക്ക് കൈവരും. അതിലുപരി 1986 ലെ മെക്‌സിക്കോ ലോകകപ്പ് മുതല്‍ക്കാണ് കേരളത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ കൂടിയെന്ന വാദം ശ്കതമാണ്. ഒരു പക്ഷേ, 1986ല്‍ അര്‍ജന്റീന കപ്പ് നേടുന്നതും കണ്ടതുകൊണ്ടാകാം അവര്‍ക്ക് കേരളത്തില്‍ ഇത്രയേറെ ആരാധകര്‍ ഉണ്ടായത്.
ഇതുവരെ എല്ലാ ലോകകപ്പിലും കളിച്ച ഏക ടീമാണ് ബ്രസീല്‍. അഞ്ചു തവണ അവര്‍ കപ്പ് നേടി. പതിവുപോലെ ഇക്കുറിയും ബ്രസീലിനെ പിന്തുടരുന്നവര്‍ ഏറെ. പക്ഷേ, അവര്‍ അവസാനം ലോകകപ്പ് നേടിയത് 2002 ല്‍ ആണ്. കഴിഞ്ഞ രണ്ടു തവണയും നിരാശപ്പെടുത്തിയ ജര്‍മ്മനി ഇത്തവണ ഉജ്ജ്വലമായി മടങ്ങിവരുമെന്നും ജേതാക്കളാകാന്‍ സാധ്യതയുണ്ടെന്നും കരുതുന്നവരും കുറവല്ല. ജര്‍മ്മനിക്കൊപ്പം നാലു തവണ  ലോക ചാമ്പ്യന്‍മാരായ ഇറ്റലിക്കാകട്ടെ തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനല്‍ റൗണ്ടില്‍ ബെര്‍ത്ത് കിട്ടിയില്ല.

ഇറാന്‍ പിന്‍വാങ്ങിയാല്‍ പകരം ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന നിര്‍ദ്ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഭാഗത്തുനിന്നു വന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഫിഫ യോജിച്ചില്ലെന്നു മാത്രമല്ല, ഇറ്റലിതന്നെ തങ്ങള്‍ മത്സരത്തിനില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. മെക്‌സിക്കോയില്‍ താമസിച്ചാണ് അവര്‍ യു.എസില്‍ കളിക്കാനെത്തുക. ജൂണ്‍ 16ന് ലൊസാഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍.

ഇതുവരെ നടന്ന 22 ലോകകപ്പുകളില്‍ ഏട്ടു രാജ്യങ്ങള്‍ മാത്രമാണ് ചാമ്പ്യന്‍മാരായത്. ഇക്കുറി ടീമുകളുടെ എണ്ണം 48 ആയി. മത്സരങ്ങള്‍ 104 ആയി. 2022നെ അപേക്ഷിച്ച് 16 ടീമുകള്‍ കൂടുതല്‍. 40 മത്സരങ്ങളും അധികമുണ്ട്. പക്ഷേ, നാലുടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളുടെ മത്സരം കഴിഞ്ഞാല്‍ റൗണ്ട് ഓഫ് 32 മുതല്‍ മത്സരം നോക്കൗട്ടാണ്. ഇഷ്ട ടീമുകള്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്.

കേരളത്തില്‍ പക്ഷേ, ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. അവര്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കൂറ്റന്‍ ഫ്‌ളക്‌സുകള്‍ വയ്ക്കുന്നതില്‍ മത്സരിക്കുകയാണ്. താരാരാധനയില്‍ മെസിയും റൊണാള്‍ഡോയും തന്നെ മുന്നില്‍. മറ്റു താരങ്ങളും അവിടവിടെയുണ്ട്. ടീഷര്‍ട്ടുകള്‍ കൂടുതലും ബ്രസീലിന്റെയും അര്‍ജന്റീനയുടെയുമാണ്. ജേഴ്‌സി നമ്പര്‍ പത്തും ഏഴുമാണ് കൂടുതല്‍. ഗ്രാമങ്ങളിലാണ് ഫുട്‌ബോള്‍ ആവേശം കൂടുതലെന്നു പറയാം. നാട്ടിലെവിടെയും മെസിയെയും റൊണാള്‍ഡോയെയും നെയ്മറിനെയും എംബാപ്പയെയുമൊക്കെ കാണാം. ഖത്തര്‍ ടീമില്‍ മലയാളിതാരം തഹ്‌സീന്‍ മുഹന്മദ് ജംഷീദ് എന്ന പത്തൊമ്പതുകാരനുണ്ട്. ഇനി അറിയേണ്ടത് തഹ്‌സീന് കളിക്കാന്‍ അവസരം കിട്ടുമോയെന്നാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക