
ഓസ്ട്രേലിയക്ക് പിന്നാലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് കാനഡ. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ
നിരോധിക്കുന്നതിനായുള്ള പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ കനേഡിയൻ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചില പ്ലാറ്റ്ഫോമുകൾക്ക് മാത്രം ഇളവുകൾ നൽകിക്കൊണ്ടാണ് ഈ ബിൽ വരുന്നത്. സോഷ്യൽ മീഡിയകൾക്ക് പുറമെ നിർമ്മിത ബുദ്ധി അഥവാ എഐ
അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾക്കും പുതിയ ബില്ലിൽ കർശന നിയന്ത്രണങ്ങളുണ്ട്. ലോകത്താദ്യമായി ഓസ്ട്രേലിയ കഴിഞ്ഞ ഡിസംബറിൽ സമാനമായ നിയമം പാസാക്കിയതിന് പിന്നാലെയാണ് കാനഡയുടെ ഈ നിർണ്ണായക നീക്കം.
നിയമം ലംഘിക്കുന്ന ടെക് കമ്പനികൾക്ക് വൻ തുക പിഴയൊടുക്കേണ്ടി വരും. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ മൂന്ന് ശതമാനമോ അല്ലെങ്കിൽ പത്ത് ദശലക്ഷം കനേഡിയൻ ഡോളറോ (ഏതാണോ കൂടുതൽ അത്) പിഴയായി നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കുട്ടികളുടെ മാനസികാരോഗ്യത്തെ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് കനേഡിയൻ സാംസ്കാരിക മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും എഐ ചാറ്റ്ബോട്ടുകളും കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അവ കുട്ടികളിൽ ഉത്കണ്ഠ, ഏകാന്തത, വിഷാദരോഗം ലോകവുമായി കൂടുതൽ ഇടപഴകാനും മികച്ച സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും എന്നിവ വർദ്ധിപ്പിക്കുന്നുണ്ടെന്നും, പുതിയ നിയമം കുട്ടികളെ യഥാർത്ഥ
സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ കാനഡയിലുണ്ടായ ദാരുണമായ ഒരു വെടിവെപ്പുമായി ബന്ധപ്പെട്ട് ഓപ്പൺഎഐക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിയമം പ്രാധാന്യമർഹിക്കുന്നത്. പ്രതി ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും, കമ്പനി അത് പൊലീസിനെ അറിയിച്ചില്ലെന്നും കാണിച്ച് ഇരകളുടെ കുടുംബങ്ങൾ നിയമപോരാട്ടത്തിലാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കൃത്രിമ ബുദ്ധി കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഒരു ഡിജിറ്റൽ റെഗുലേറ്ററെ നിയമിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ബിൽ നിയമമായി മാറാൻ ഒരു വർഷത്തോളം സമയമെടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ നിയമത്തോട് പ്രതികരിച്ച് ടെക് ഭീമന്മാരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അനുഭവം നൽകാൻ സർക്കാരുമായി സഹകരിക്കുമെന്ന് ഗൂഗിളും മെറ്റയും വ്യക്തമാക്കി. എന്നാൽ ഇലോൺ മസ്കിന്റെ എക്സ്, സ്ലാപ്ലാറ്റ് എന്നിവർ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാനഡയ്ക്ക് പുറമെ ഫ്രാൻസ്, ഡെന്മാർക്ക്, പോളണ്ട് എന്നീ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.
2027 ജനുവരിയോടെ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ഗ്രീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. വെറുതെ പ്രവേശനം തടയുന്ന ഓസ്ട്രേലിയൻ നിയമത്തേക്കാൾ, എഐയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ ഇക്കോസിസ്റ്റം തന്നെ സുരക്ഷിതമാക്കാൻ ലക്ഷ്യമിടുന്ന കാനഡയുടെ നിയമം കൂടുതൽ സമഗ്രമാണെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.