
ഹൂസ്റ്റൺ: ടെക്സാസിലെ ആരോഗ്യരംഗത്തിന് വൻ പിന്തുണയുമായി ഇന്ത്യൻ-അമേരിക്കൻ വ്യവസായിയായ ബ്രിജ് അഗർവാളും ഭാര്യ സുനിത അഗർവാളും. ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള സെന്റ് ലൂക്സ് ഹെൽത്ത്–ഷുഗർ ലാൻഡ് ആശുപത്രിയുടെ ആരോഗ്യസേവനങ്ങൾ വിപുലീകരിക്കുന്നതിനായി ദമ്പതികൾ 5.5 മില്യൺ ഡോളർ (ഏകദേശം 47 കോടി രൂപ) സംഭാവനയായി നൽകി. ആശുപത്രിയുടെ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ സംഭാവനയാണിത്.
ചത്തീസ്ഗഡിൽ ജനിച്ച ബ്രിജ് അഗർവാൾ 1979-ൽ 17-ാം വയസ്സിലാണ് അമേരിക്കയിലെ ഹൂസ്റ്റണിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നൈറ്റ് ക്ലാസുകളിൽ പഠിക്കവേ മുഴുവൻ സമയ ജോലി ചെയ്തുകൊണ്ട് അദ്ദേഹം മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. തുടർന്ന് വ്യവസായ രംഗത്ത് ശ്രദ്ധേയമായ വിജയങ്ങൾ കൈവരിക്കുകയും നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഹൂസ്റ്റണിന് സമീപമുള്ള ഷുഗർ ലാൻഡ് നഗരത്തിൽ വർഷങ്ങളായി താമസിക്കുന്ന അഗർവാൾ കുടുംബം, ആശുപത്രിയിലെ ക്ലിനിക്കൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ പ്രൈമറി കെയർ കമ്മ്യൂണിറ്റി ക്ലിനിക്ക് സ്ഥാപിക്കുന്നതിനുമാണ് ഈ തുക നൽകിയത്. പ്രദേശത്തെ സാധാരണക്കാർക്കും പ്രത്യേകിച്ച് ആരോഗ്യപരിചരണ സേവനങ്ങൾ ലഭ്യമാകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന പിന്നാക്ക വിഭാഗങ്ങൾക്കും കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഈ സംഭാവന സഹായകരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോമൺസ്പിരിറ്റ് ഹെൽത്ത് ഫിലാന്ത്രോപ്പിയും സെന്റ് ലൂക്സ് ഫൗണ്ടേഷനും ചേർന്നാണ് സംഭാവന പ്രഖ്യാപിച്ചത്. ഹൂസ്റ്റൺ മേഖലയിലെ ആരോഗ്യരംഗത്തിന് നിർണായക ഘട്ടത്തിലാണ് ഈ സംഭാവന ലഭിച്ചതെന്ന് കോമൺസ്പിരിറ്റ് സൗത്ത് റീജിയൻ ഫിലാന്ത്രോപ്പി വൈസ് പ്രസിഡന്റ് ജെന്നിഫർ നൈസ്ലി പറഞ്ഞു. ടെക്സാസിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ സംഭാവന വലിയ കരുത്താകുമെന്നും അവർ കൂട്ടിച്ചേർത്തു.
ബെയ്‌ലർ സെന്റ് ലൂക്സ് മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് അൽ സെമിൻസ്കി, അഗർവാൾ കുടുംബത്തിന്റെ സംഭാവന 'ചരിത്രപരവും അഭൂതപൂർവവുമാണ്' എന്ന് വിശേഷിപ്പിച്ചു. ഷുഗർ ലാൻഡ് മേഖലയിലെ രോഗി പരിചരണ സംവിധാനത്തെ തന്നെ മാറ്റിമറിക്കാൻ ഈ സഹായം പ്രാപ്തമാകുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭാവനയുടെ സ്മരണാർത്ഥം ആശുപത്രിയിലെ പ്രധാന പേഷ്യന്റ് ടവറിനും അനുബന്ധ പവിലിയനും ഇനി മുതൽ 'അഗർവാൾ ഫാമിലി പേഷ്യന്റ് ടവർ ആൻഡ് പവിലിയൻ' എന്ന പേരായിരിക്കും നൽകുക.