Image

മഴയേ... : പി. സീമ

Published on 11 June, 2026
മഴയേ... : പി. സീമ

മഴക്കിപ്പോൾ പഴയ ഭംഗി ഒന്നുമില്ല. ബാല്യത്തിന്റെ ഉമ്മറത്തെ ചിത്രത്തൂണിൽ ചാരിയിരുന്നു കാതോർത്താൽ അങ്ങ് വടക്കു നിന്ന് പെയ്തു പാടം കടന്നെത്തുന്ന മഴയുടെ ഇരമ്പൽ കേൾക്കാമായിരുന്നു. മരങ്ങൾക്കിടയിലൂടെ ആർത്തലച്ചു വന്നു ഓടിന്റെ പുറത്ത്  താളാത്മകമായി പെയ്യുന്ന മഴ ഇന്നില്ല. റൂഫിങ്ങ് നു പുറത്ത് ചരൽ വാരി എറിയുന്നത് പോലെ മഴ പെയ്തു പോകുന്നു. ഇടയ്ക്ക് വെയിൽ ഒന്ന് വന്നെത്തി നോക്കി പോകുന്നു.  പൊള്ളുന്ന ചൂടിൽ നിന്നും മഴത്തണുപ്പിലേക്കു  മാറിയപ്പോൾ ഉണരാൻ വൈകുന്നു.  ഉണർന്നാലും എണീക്കാൻ മടി. ഇടവം മിഥുനം മാസങ്ങൾ മടിയുടെതാണ്.. എന്നാൽ കർക്കിടകം പിറന്നോട്ടെ.. അഞ്ചരയ്ക്ക് അലാറം ശബ്ദിക്കും ഉണർന്നാൽ അപ്പോൾ തന്നെ എണീക്കും. കുളിക്കും. എന്തിനെന്നു ഏവർക്കും പറയാതെ അറിയാമല്ലോ. കത്തിച്ചു വെച്ച നിലവിളക്കിന് പിന്നിൽ കാത്തു നിൽക്കുന്നുണ്ടൊരാൾ.. അവിടെയ്ക്ക് നിത്യവും ഓടിയെത്താ ൻ ഈ മഴപ്പെണ്ണിനെ മെരുക്കി എടുക്കണം. തോൽപ്പിക്കണം. 

ചരൽ പാകിയ മുറ്റത്തു കളിവഞ്ചി ഇറക്കണം, ഇറവെള്ളം തലയിൽ കോരി ഒഴിച്ചു മുറ്റത്തു കൂടി വെള്ളം തെറിപ്പിച്ചു ഓടണം.. പിന്നാലെ  വടിയുമായി വരുന്ന അമ്മയെ ഓടി തോൽപ്പിക്കണം മഴ ത്തണുപ്പിൽ പനിച്ചു പുതച്ചു കിടക്കണം എന്നൊക്കെ ഉള്ളിൽ നിന്ന് ഒരു കുട്ടി വാശി പിടിക്കുന്നുണ്ട്. നടപ്പില്ലാത്ത കാര്യം എന്ന് പറഞ്ഞു വേണമെങ്കിൽ മഴയോടൊപ്പം മനം മറന്നങ്ങനെ പുഴയായി ഒഴുകാം..ആർക്കും ശല്യമാകാതെ,  ആരിൽ നിന്നും ഒന്നും കവർന്നെടുക്കാതെ ..


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക