
മിസൈലുകളും ഡ്രോണുകളും തീര്‍ക്കുന്ന കാതടപ്പിക്കുന്ന സ്‌ഫോടനങ്ങള്‍ക്കിടയില്‍...അശാന്തിയുടെ കാര്‍മേഘക്കൂട്ടങ്ങള്‍ക്ക് താഴെ...ലോകത്തിന്റെ ആവേശമായി ഒരു പന്ത് ഉരുളാന്‍ തുടങ്ങുകയാണ്. നെറ്റിന്റെ ഇഴകള്‍ ഭേദിച്ച് മൈതാനം കടന്ന് മാനവരാശിയുടെ ഹൃദയങ്ങളിലേയ്‌ക്കെത്തുന്ന ആ പന്തിന് ചുറ്റുമാണ് വരുന്ന ദിവസങ്ങളില്‍ ഫുട്‌ബോള്‍ ലോകം കറങ്ങുക. അതേ, ചരിത്രത്തിലാദ്യമായി അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ഫുട്‌ബോള്‍, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റാണ്. ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പ്രസിദ്ധമായ ആസ്‌ടെക് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചങ്കിടിപ്പോടെ ലോകം കാത്തിരിക്കുന്നു ആ ആദ്യ ടച്ചിന് വേണ്ടി.
ആസ്റ്റെക് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് 12 ഗ്രൂപ്പുകളില്‍, 39 ദിവസങ്ങളിലായി, 16 ആതിഥേയ നഗരങ്ങളിലൂടെ, 104 മത്സരങ്ങളുമായി, തെക്ക് മെക്‌സിക്കോ സിറ്റി മുതല്‍ വടക്ക് വാന്‍കൂവര്‍ വരെയും കിഴക്ക് ബോസ്റ്റണ്‍ വരെയും നീളുന്ന 6,000 മൈല്‍ ചുറ്റളവില്‍ ഈ ടൂര്‍ണമെന്റ് പടര്‍ന്ന് പന്തലിക്കും. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്... ഒരു സീസണില്‍ തന്നെ നൂറിലധികം മത്സരങ്ങള്‍ നടക്കുന്ന ആദ്യ ലോകകപ്പ്... മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ്... ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോകകപ്പ്... ഓരോ ആതിഥേയ രാജ്യത്തെയും പ്രതിനിധീകരിച്ച് മൂന്ന് ഔദ്യോഗിക മാസ്‌കോട്ടുകള്‍ ഉള്ള ആദ്യ ലോകകപ്പ്... ഹാഫ് ടൈം ഷോ ഉണ്ടായിരിക്കുന്ന ആദ്യ ലോകകപ്പ് ഫൈനല്‍... ഉസ്‌ബെക്കിസ്ഥാനും ജോര്‍ദാനും കുറകാവോയും കേപ് വെര്‍ദെയും ആദ്യമായി യോഗ്യത നേടുന്ന ലോകകപ്പ്... എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഈ ലോകകപ്പിനുണ്ട്. ജൂലൈ 19-ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് കപ്പുയര്‍ത്തുന്ന മാസ്മരിക കലാശപ്പോര്.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ഒപ്പം പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും കന്നി ലോകകപ്പ് സ്വപ്നവുമായി എത്തുമ്പോള്‍, അട്ടിമറി വീര്യവുമായി മൊറോക്കോയും ജപ്പാനും അണിനിരക്കുന്നു. ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, ലൂക്ക മോഡ്രിച്ച് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പാകാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റാണിത്. അതേസമയം ലാമിന്‍ യമാല്‍, നിക്കോ പാസ് തുടങ്ങിയ യുവതാരങ്ങളുടെയും മികച്ച പ്രകടനങ്ങള്‍ക്ക് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കും. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷിക വേളയിലാണ് അവിടെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഉദ്ഘാടന ചടങ്ങുകളില്‍ പ്രശസ്ത ഗായിക ഷക്കീറ ആയിരിക്കും മുഖ്യ ആകര്‍ഷണം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനവും ഷക്കീറ ചടങ്ങില്‍ അവതരിപ്പിക്കും. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കൂടുതല്‍ തവണ വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോര്‍ഡും ഇതോടെ ആസ്‌ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും മുന്‍പ് നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മെക്‌സിക്കോ രണ്ട് കളികളിലും, ദക്ഷിണാഫ്രിക്ക ഒരു കളിയിലും വിജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.
അതേസമയം, യുദ്ധത്തിന്റെ നീറ്റലിലാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ഇറാന്‍-അമേരിക്ക സംഘര്‍ഷങ്ങള്‍ ടൂര്‍ണമെന്റിലും കടുത്ത പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ മികച്ച റഫറിയായ ഒമര്‍ അര്‍ട്ടാന്‍ ഉള്‍പ്പെടെയുള്ള നിരവധി ഇറാനിയന്‍ ജീവനക്കാര്‍ക്കും റഫറിമാര്‍ക്കും വിസ നിഷേധിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ആതിഥേയ രാജ്യത്തിന്റെ അതിര്‍ത്തി നയങ്ങളെ പരസ്യമായി ന്യായീകരിക്കേണ്ടി വന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, വിമര്‍ശകരോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ മുന്നോടിയായുള്ള ദിവസങ്ങളില്‍ പലയിടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി. മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക് സ്റ്റേഡിയത്തിന് സമീപം പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ഇറാനിയന്‍ പതാകകള്‍ വിലക്കിയ ഫിഫയുടെ നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തു.
ഇതിനിടെ ആരാധകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് യു.എസിലെയും കാനഡയിലെയും സ്റ്റേഡിയങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാട്ടര്‍ ബോട്ടില്‍ വിലക്ക് ഫിഫ പിന്‍വലിച്ചു. പുതിയ തീരുമാനപ്രകാരം ഒരു ടിക്കറ്റ് ഉടമയ്ക്ക് റീസൈക്കിള്‍ ചെവുന്ന ഒരു വാട്ടര്‍ ബോട്ടില്‍ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാം. ഈ ലോകകപ്പ് കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്ന് മാത്രമല്ല, മറിച്ച് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ചൂതാട്ടം കൂടിയാണ്. ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തിയതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി വര്‍ദ്ധിച്ചു. ഇത് 2022-ലെ ഖത്തര്‍ ലോകകപ്പിനേക്കാള്‍ 40 മത്സരങ്ങള്‍ കൂടുതലാണ്.
ഭൂരിഭാഗം മത്സരങ്ങളും അമേരിക്കയില്‍ നടക്കുന്നതിനാല്‍, ടൂര്‍ണമെന്റിന്റെ വിജയം ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനവും മാറിക്കൊണ്ടിരിക്കുന്നതുമായ കുടിയേറ്റ-വിസ നയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ നയങ്ങള്‍ കളി കാണാന്‍ എത്തുന്ന ആരാധകരെയും ടീം പ്രതിനിധികളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും, ലോകമെമ്പാടുനിന്നുമായി 12 ബില്യണ്‍ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്നതും 2 ദശലക്ഷത്തോളം അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ ഈ ടൂര്‍ണമെന്റിലേക്ക് തന്നെയാണ് ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഉടക്കുന്നത്.
ഭൂമിശാസ്ത്രപരമായ അതിരുകളും രാഷ്ട്രീയ വൈരങ്ങളും ഭാഷാഭേദങ്ങളും മറന്ന് ലോകം ഒന്നായി മാറുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണ് ഫിഫ ലോകകപ്പ്. പന്ത് ഉരുളാന്‍ തുടങ്ങുമ്പോള്‍ ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയമിടിപ്പ് ഒരേ താളത്തിലാകുന്നു. കേവലം ഒരു കായിക വിനോദം എന്നതിനപ്പുറം, മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന വികാരമായും ആഗോള കൂട്ടായ്മയുടെ പ്രതീകമായും ഫുട്‌ബോള്‍ മാറുന്ന കാഴ്ചയാണ് ഓരോ ലോകകപ്പും നമുക്ക് സമ്മാനിക്കുന്നത്.
ലോകകപ്പ് എങ്ങനെ മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ കൊച്ചു കേരളം. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമൊക്കെ സ്വന്തം നാട്ടിലെ കളിക്കാരെപ്പോലെയാണ് മലയാളികള്‍ക്ക്. ബ്രസീല്‍ ആരാധകനും അര്‍ജന്റീന ആരാധകനും തമ്മില്‍ മൈതാനത്തിന് പുറത്ത് വലിയ വാദപ്രതിവാദങ്ങള്‍ നടക്കുമെങ്കിലും, കളി കഴിയുമ്പോള്‍ അവര്‍ ഒരുമിച്ച് ചായ കുടിക്കാനും കളി വിശകലനം ചെയ്യാനും ഒത്തുചേരുന്നു. ഈ കൂട്ടായ്മയും സ്‌നേഹവും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആളുകള്‍ക്കിടയില്‍ വലിയ സൗഹൃദങ്ങളാണ് കെട്ടിപ്പടുക്കുന്നത്.