
“ നിങ്ങളില്ലേ ടി വി ൽ കാണുന്ന കറുത്ത് തടിച്ച ആ ട്രാൻസ് ജൻഡർ സ്ത്രീയെ പോലുണ്ട് “
ദിയയുടെ ആ കമന്റിൽ ഒന്ന് പകച്ചെങ്കിലും ദുർഗ അത് പുറത്ത് കാട്ടിയില്ല.
അതിനുള്ള പ്രതികരണമെന്ന പോലെ ഉടൽ വണ്ണം കുറയ്ക്കാൻ അവൾ കുപ്പായം ശരീരത്തോട് ചേർത്തു പിടിച്ചു .
കമെന്റ് കുറിക്ക് കൊണ്ട സന്തോഷത്തിൽ ദിയ വർത്തമാനം തുടർന്നു.
“ അമ്മാ. നിങ്ങള് മുഖത്തു തേക്കുന്ന ഫൌണ്ടേഷൻ ലേശം ഓവർ ആണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്. ഡോണ്ട് ഡൂ ഇറ്റ് എഗൈൻ പ്ലീസ് “
ദുർഗ ‘ശരി’എന്ന് തല കുലുക്കി. ടീനേജ് പെൺകുട്ടികൾ സുന്ദരിയായ അമ്മമാരെ ആഗ്രഹിക്കുന്നു. അതിലവരെ തെറ്റ് പറയാനും ആവില്ല.
വളരെ ചെറുപ്പത്തിൽ തന്നെ ദിയക്ക് നിറ വ്യത്യാസങ്ങൾ മനസിലായി തുടങ്ങി എന്ന് ദുർഗക്ക് തോന്നിയിട്ടുണ്ട്. സ്കൂളിലെ പി ടി എ മീറ്റിംഗിൽ അച്ഛൻ വരണം അമ്മ വേണ്ട എന്ന് വാശി പിടിക്കുമ്പോൾ മുതൽ അത് കൃത്യമായി തോന്നിയതാണ്.
തിരുത്തണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതിലും മുതിർന്നവരുടെ പെരുമാറ്റങ്ങൾ ദിയയെ സ്വാധീനിച്ചു എന്ന കാരണം കൊണ്ട് മാത്രം.
ദിയ പരിഹാസം നിർത്തി ഫോണിൽ സംസാരിച്ചു തുടങ്ങിയിരുന്നു. അവൾ ക്രോസ് ടോപ്പിന്റെ നിറവ്യത്യാസത്തെക്കുറിച്ച്, അതിന് യോജിച്ച ബോയ് ഫ്രന്റ്ലി ജീനിനെ പറ്റിയും കൂട്ടുകാരിയോട് സംസാരിച്ചു കൊണ്ടിരുന്നു. ഇനിയത് മണിക്കൂറുകൾ നീണ്ട് പോകും.
ആവട്ടെ. അവളുടെ ആ ലോകത്ത് അവൾ നിറഞ്ഞു സന്തോഷിക്കട്ടെ.
ഒരു നദിയുടെ പേര് ആയിരുന്നു ആദ്യം അവൾക്ക്. മൺമറഞ്ഞു പോയ ഒരു നദി. ഒഴുകി പോകാൻ ഒരു സാധ്യതയും ഇല്ലാത്തതു കൊണ്ടാവണം ആ പേരിട്ടത്. പിന്നെയത് ഇട്ടവർ തന്നെ വേണ്ടെന്നു വെച്ചു.
ആ പേര് തന്നെയായിരുന്നു ചേർച്ച എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എല്ലാ മാലിന്യങ്ങളും അവസാനം വന്നു ചേരുന്നത് നദിയിലാണല്ലോ.
നേരം കൂടുതലാണ്. എപ്പോഴും.ഇരുപത്തി നാല് മണിക്കൂർ ഒരു ദിവസത്തിന് വളരെ അധികമാണെന്ന് തോന്നും. ദിയക്ക് കോളേജും സുഹൃത്തുക്കളും ഉണ്ട്. അവളുടെ അച്ഛൻ ഇടയ്ക്കിടെ വരുന്ന ഗസ്റ്റിനെ പോലെയും.

വര :പി ആര്‍ രാജന്‍
പ്രതേകിച്ചു ഒരു കഴിവുമില്ല. പാടുക, ചിത്രം വരയ്ക്കുക എന്നതിലെ തമാശകൾ പണ്ടേ നിർത്തിയതാണ്.
മൊബൈൽ ഫോണിൽ മിന്നി മറഞ്ഞ ഒരു പരസ്യത്തിന് പിന്നാലെ വെറുതെ പോയി നോക്കി. ഡേറ്റിംഗ് ആപ്പ്. അധോലോകം പോലെ ഒരിടം. ആകാംക്ഷയും ആശങ്കകളുടെ കനപ്പും പിന്നീട് ഉത്സാഹമായി മാറുന്ന ഒരു വേദി.
ഒരു നേരം പോക്കിന് ഇൻസ്റ്റാൾ ചെയ്തു. അപ്രത്യക്ഷയായ നദിയുടെ, പണ്ട് ഉപേക്ഷിച്ചു കളഞ്ഞ ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന പേര് കൊടുത്ത് രെജിസ്ട്രേഷൻ. സുവർണ്ണമുഖി, നാട് ഗുജറാത്ത്.
പേരിലെ വൈചിത്ര്യം കൊണ്ടാവണം അതിന് പിന്നാലെ നിറയെ മെസ്സേജുകൾ. ആണുങ്ങളുടെ ലോകം. ചൂണ്ടയിൽ ഒരു പെൺ പേര് കൊരുത്ത് നദിയിലേക്കിട്ടാൽ ഉടൻ ചാടി കടിക്കുന്ന അനേകം ആൺ മീനുകൾ.
ഒന്നിനോടും താല്പര്യം തോന്നിയില്ല. നദിയിൽ മുങ്ങി ചാവാൻ കൊതിക്കുന്ന ഒരു മെസേജിനോട് ഒഴികെ.
തുരുമ്പിച്ച ഒരു പേരാണ് അയാളുടെ. പഴയ സിനിമാ നടൻ സോമൻ. കൺപീലികളില്ലാത്ത തുറിച്ച ചെമ്പൻ കണ്ണുകൾ ഓർത്ത് ചിരി വന്നു.
കൂടുതൽ വിശദമായ പരിചയപെടലുകൾ വേണ്ടെന്ന് അവളാണ് പറഞ്ഞത്. സിഗ്നലുകൾ കണക്ട് ചെയ്യുന്നിടത്ത് സംസാരിക്കാൻ ഒരു ശബ്ദം മാത്രമാണ് താൻ എന്ന് തുടക്കത്തിലേ പറഞ്ഞു വെച്ചു.
സോമൻ, അങ്ങനെ വിളിക്കാനാണ് അവൾക്ക് തോന്നിയത്. ചുമ്മാ ഒരു രസത്തിന് പെണ്ണുങ്ങളോട് സംസാരിക്കുകയാണ് എന്ന് പറഞ്ഞതിൽ സത്യസന്ധത തോന്നിയത് കൊണ്ട് അയാളിൽ തന്നെ തുടരാൻ തോന്നി.
അല്ലെങ്കിൽ തന്നെ ഇതിലൊക്കെ എന്ത്. ഇടയ്ക്ക് കാണുന്ന മുഖങ്ങളിൽ ചിലപ്പോ അയാൾ ഉണ്ടായേക്കാം. ഏത് രാജ്യത്ത് എന്നറിയാതെ വെറുതെ വർത്തമാനങ്ങൾ പറയാൻ, അവിടെത്തെ പോലെ തന്നെയാണോ ഇവിടെ എന്ന് തിരക്കാൻ ഉള്ള കൌതുകം.
മധ്യവയസ്സ് കഴിഞ്ഞവർക്കുള്ളതാണ് ഈ ഡേറ്റിംഗ് ആപ്പുകൾ. കഴിഞ്ഞു പോയ
പ്രായങ്ങളിലെ നടന്നിട്ടില്ലാത്ത ആഗ്രഹങ്ങൾ എല്ലാവർക്കും ഏകദേശം ഒരു പോലെയാവും.
ദുർഗയ്ക്ക് ചിരി വന്നു.വഷളത്തരം അല്ലാണ്ട് വേറെന്ത്?
ദിയ ഫോണിലെ സംസാരം നിർത്തി അമ്മയെ നോക്കി. ഇടക്കിങ്ങനെ ഒറ്റക്ക് ഓർത്ത് ചിരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ഈ ചിരിയിലെന്തോ അസാധാരണത്തമുണ്ട്. കണ്ണുകളിലെ തിളക്കത്തിൽ ഒരു കളളത്തരം പോലെ.
പതിവില്ലാത്ത വിധം അമ്മ ഫോൺ കൈവിടാതിരിക്കുന്നതിൽ ദിയയ്ക് പ്രശ്നം തോന്നി തുടങ്ങിയിട്ട് കുറച്ച് ദിവസമായി.
ക്യാന്റിനിൽ കോഫി വെന്റിന് മെഷീനിൽ രണ്ട് കപ്പ് കാപ്പി ഫിൽ ചെയ്തു കൊണ്ടിരിക്കെ, ആദിൽ മുഹമ്മദിനോട് ദിയക്ക് പറയാൻ ഉണ്ടായിരുന്നതും അതായിരുന്നു.

വര :പി ആര്‍ രാജന്‍
ചെറിയ കണ്ണുകൾ ഒന്നു കൂടി ഇറുക്കി അടച്ച് അയാൾ ചിരിക്കാൻ തുടങ്ങിയത് ഇഷ്ടപ്പെടാതെ ദിയയുടെ മുഖം ചുവന്നു. പണിപ്പെട്ട് ചിരിയടക്കി ആദിൽ ഊരി വെച്ച കണ്ണടയെടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് ഗൗരവം ഭാവിച്ചു.
“ ഇഡിയറ്റ് പെണ്ണേ, ഡിക്ടറ്റീവ് കളിക്കാതെ നീ അവരെ വെറുതെ വിട്. നിനക്ക് സുഹൃത്തുക്കൾ ഉള്ളത് പോലെ, ബന്ധങ്ങൾ ഉള്ളത് പോലെ എന്ത് കൊണ്ട് അവർക്കായിക്കൂടാ?”
“യു നോ ഷി ഈസ് എ മദർ. ഹൌ ക്യാൻ ഷി? “
ദിയയെ തിരുത്താൻ കഴിയില്ല. അവൾ പറയുന്നത് അവളുടെ ശരികളാണ്. ബന്ധങ്ങളുടെ വിചിത്രമായ കണ്ണികൾ അവൾക്കറിയില്ല. അച്ഛൻ പഠിപ്പിച്ചതിന്റെ തുടർച്ചകളിൽ മാത്രമാണ് അവളിപ്പോഴും.
ഉപ്പ രണ്ടാമത് നിക്കാഹ് കഴിക്കാൻ പോകുന്നു എന്നറിഞ്ഞ്, ഭക്ഷണമുപേക്ഷിച്ചു കരഞ്ഞ ഒരു എട്ടാം ക്ലാസ്സുകാരനോട് ഉമ്മ പറഞ്ഞതാണ് അവനോർത്തത്.
“ മുഹമ്മദ് റസൂൽ തമ്പുരാൻ കല്പിച്ചത് നമ്മള് അനുസരിക്കാണ്ട് പറ്റോ എന്റെ ആദി. എത്ര കെട്ട്യാലും ഇന്നോടുള്ള ബാപ്പാന്റെ ബന്ധം അത് അങ്ങനെ ന്നെ ണ്ടാവും. തെയ്ച്ചാലും മായ്ച്ചാലും പോകാത്ത ഒര് കല പോലെ അങ്ങനെ കെടക്കും അത്.”
എന്നിട്ടും, അന്നത്തെ ദിവസം താഴെ മിറ്റത്ത് നിന്ന് കേട്ട കല്യാണബഹളത്തിൽ,
വലിയ വട്ട ചെമ്പിലെ ബിരിയാണി ഒര് പ്ലേറ്റിൽ കൊടുത്ത് വിട്ടത് വയറു നിറയെ കഴിക്കാൻ ആവാതെ പിന്നെയും അവൻ കരഞ്ഞു.
ഉപ്പയും പുതുതായി വന്ന ഉമ്മയും പുതിയ വീട്ടിലേക്ക് മാറിയപ്പോഴും ഉമ്മയ്ക്ക് ഒന്നും തോന്നിയില്ലെന്ന് അവൻ മനസിലാക്കി.
അവന്റെ പഠനം, വീട്ടു ചിലവുകൾ ബാപ്പ ചെയ്തു കൊണ്ടിരുന്നു എന്നതിലാണ് കാര്യം എന്ന വളരെ ലഘുവായ ജീവിതമാണ് ഉമ്മ കണ്ടിരുന്നതെന്ന് തോന്നി.
വിഷമ വൃത്തങ്ങൾ ചുരുങ്ങി ചുരുങ്ങി മറികടക്കാൻ കഴിയുന്നവയിലേക്ക് എളുപ്പം കൊണ്ടെത്തിക്കാൻ പറ്റുമെന്ന് ഉമ്മയാണ് പഠിപ്പിച്ചത്. ദിയയ്ക്ക് അത് മനസിലാക്കാൻ കാലങ്ങൾ വേണ്ടി വരും. ഒരു പക്ഷേ ഒരു കുടുംബ ജീവിതം താണ്ടും വരേയ്ക്കെങ്കിലും.
ദിയയ്ക്ക് കരച്ചിൽ വന്നു. അച്ഛൻ വരും വരേയ്ക്ക് അവൾ ഒറ്റക്കാണ്. അമ്മയോട് വെറുപ്പ് നിറഞ്ഞു വന്ന് അത് പുറത്തേക്ക് പലപ്പോഴും ഒഴുക്കി കളയുന്നത് അച്ഛനും അവളും ചേർന്നുള്ള ചെറിയ ഔട്ടിങകളിൽ ആണ്.
അത്തരം യാത്രകളിൽ അമ്മ പിൻസീറ്റിൽ മുഖം കുനിച്ചു കൊണ്ടിരിക്കും. അവർക്ക് ചേരാത്ത നെയിൽ പോളിഷ് നഖങ്ങളിൽ തേച്ചത് മറ്റേ വിരൽ കൊണ്ട് അടർത്തി മാറ്റാൻ ശ്രമിക്കും. അത് കാണുമ്പോൾ ദിയക്ക് ദേഷ്യം വരും.
അമ്മയുടെ അവർക്ക് ചേരാത്ത ചുരിദാറിനെ പറ്റിയും, ലിപ്സ്റ്റിക് ഇടാൻ അറിയാതെ ചുണ്ടിൽ തേച്ച് പരിഹാസ്യയായതിനെ പറ്റിയും മുൻസീറ്റിൽ ഇരുന്ന് അച്ഛനോട് ഉറക്കെ ചിരിക്കുമ്പോൾ ആണ് ആണ് ദേഷ്യം ഒന്ന് തണുക്കുന്നത്.
ആദിലിനോട് പറയുമ്പോഴൊക്കെ അവൻ വലിയ തത്വങ്ങൾ പറയും. അവൾക്ക് മനസിലാകാത്തത് അവൻ എന്തു കൊണ്ട് തന്നെപോലെ ചിന്തിക്കുന്നില്ല എന്നാണ്. അവൻ ചെറുപ്പത്തിലേ വയസ്സനായത് പോലെ തോന്നും അപ്പോൾ.
“ ഡീ. അഥവാ അമ്മയ്ക്ക് നീ ഉദ്ദേശിച്ചത് പോലെ ഒരു സുഹൃത്ത് ഉണ്ടെങ്കിൽ തന്നെ, അത് കണ്ടെത്തിയാൽ നീ എന്താണ് ചെയ്യുക. അവരോട് ചോദിച്ചാൽ അങ്ങനെ ഒരാൾ ഉണ്ടെന്ന് സമ്മതിച്ചാൽ തന്നെ നീ എന്ത് ചെയ്യാനാണ്? “
ആ ചോദ്യത്തിൽ ദിയ ഞെട്ടിയത് പോലെ തോന്നി. അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ അവർ എങ്ങോട്ട് പോകാനാണ്. പാതി നരച്ചു വെളുത്ത മുടിയിൽ അവർ ഒന്നു കൂടി വൃദ്ധയാണ്. പക്ഷെ, എന്നിട്ടും എന്തെ ഇങ്ങനെ ഒരു തോന്നൽ.
ആദിൽ പറഞ്ഞത് ശരിയാണ്. ഇനി അവരത് സമ്മതിച്ചാൽ തന്നെ താൻ എന്തു ചെയ്യാനാണ്.
അവൾക്കുള്ളിൽ ഒരു കരച്ചിൽ മുട്ടി മുട്ടി നിന്നു.
“ ഡീ. ദിയാ. ലീവ് ദി ടോപ്പിക്ക്. അതിന് പിന്നാലെ നടക്കാതെ നിന്റെ സ്റ്റഡീസ് കംപ്ലീറ്റ് ചെയ്യാൻ നോക്ക്. ഒന്നും ഉണ്ടാവില്ല. ജീവിതം അത്രക്ക് കഠിനമായതല്ല. വളരെ സിമ്പിൾ. വളരെ വളരെ…”
സമ്മതിക്കാൻ പ്രയാസം തോന്നിയിട്ട് ഇപ്രാവശ്യം അവൾ അവനെ നോക്കി പതിവ് പോലെ ചിരിച്ചു.
“ ആദിൽ അഹമ്മദ്. നീയ് വേറെ വൈബാണ്. യു ആർ യൂണിക്ക് “
ഒന്നുകൂടി വിടർന്ന നുണക്കുഴിയിൽ ആദിൽ അവളുടെ സേന്ദേഹങ്ങൾ ഒക്കെ ഒഴിഞ്ഞു പോകുന്നതായി കണ്ടു
…………..
ദുർഗ മറുപടികൾക്കായ് കാത്തു. പരിചയങ്ങൾക്ക് അപ്പുറത്ത്, പറഞ്ഞു പറഞ്ഞു, കേട്ട് കേട്ട് ഇനിയിപ്പോ മറ്റെയാൾ ഇന്നതാവും പറയുക എന്ന അറിവുകളിലേക്ക് വളർന്ന ഒന്നായി ചെറിയ സമയത്തിനുള്ളിൽ അനുഭവിച്ചു കഴിഞ്ഞിരുന്നു
മുറിവുകൾക്കുള്ള ഉത്തരങ്ങൾ. സ്വപ്നം കാണണം എന്നുള്ള പറച്ചിൽ. ഇഷ്ടമുള്ള തമാശകൾ, മറുപടികൾ.
താൻ പറയുന്ന ഒരു വാചകത്തിനു പോലും ദിയയൊ അവളുടെ അച്ഛനോ ചിരിച്ചിട്ടില്ലെന്ന് അപ്പോഴാണ് ദുർഗയ്ക്ക് ഓർമ വരിക.
അയാളാണെങ്കിൽ, ‘ എന്തൊരു ഹ്യൂമർ സെൻസ് ആണെടോ തനിക്ക് “ എന്ന് ഉറക്കെ ചിരിക്കും.
“ ആണോ “ എന്ന് അവൾ അത്ഭുതപ്പെടും.
“ അല്ല പെണ്ണ് “ എന്ന് അപ്പുറത്തുന്നുള്ള മറുപടിയിൽ അവൾക്ക് ദേഷ്യം വരും.
മുഷിഞ്ഞ വിരിപ്പുകൾ കഴുകി ഉണക്കാൻ ഇടും മുൻപ് അവൾ ഒന്നു കൂടി മറുപടി നോക്കി. തെളിയാത്ത അക്ഷരങ്ങൾക്ക് വിറയൽ പോലെ. അല്ല. മറുപടി ഇല്ലാത്തത് തന്നെയാണ്.
ഇന്നലെ അയാളോട് പറഞ്ഞത് ദിയയെ പറ്റിയാണ്. അവളുടെ ദേഷ്യം നിറഞ്ഞ വർത്തമാനങ്ങളെ പറ്റി. മെസ്സേജുകൾ ഫോണിൽ നിന്ന് ആരോ പെട്ടന്ന് ഡിലീറ്റ് ആക്കിയത് പോലെ തോന്നിയിരുന്നു. ഫോൺ ലോക്ക് ചെയ്യാൻ ഉള്ള സാങ്കേതിക വിദ്യ പഠിക്കേണ്ടതായിരുന്നുവെന്ന് അയാൾ സങ്കടത്തോടെ ഒരു സ്മൈലിയിൽ മറുപടി ഇട്ടു.
അവർ തമ്മിലുള്ള സംസാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട പലതും സൂക്ഷിച്ചു വെച്ചത് നഷ്ടപെട്ടപ്പോൾ ഇനി ഒന്നും ബാക്കിയില്ലെന്ന ചിന്തയിലേക്കാണ് പെട്ടന്ന് മനസ്സ് പോയത്.
‘ പരീക്ഷ കഴിഞ്ഞ് എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. പലതും.’ എന്ന് ദിയ പറഞ്ഞ കാര്യം ടൈപ്പ് ചെയ്തു അയച്ചത് ബ്ലൂ ടിക് വന്നു കിടന്നതിൽ, “ ഹ്മ്മ് “ എന്ന മറുപടി ആയിരുന്നു അവസാനത്തെ മെസ്സേജ്.
അയാൾക്ക് കുട്ടികൾ ഇല്ലായിരുന്നു. എന്നെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാവുമെങ്കിൽ പെൺകുഞ്ഞുങ്ങളെയാണ് വേണ്ടതെന്നും അവൾക്ക് നിറയെ ഉടുപ്പുകൾ തുന്നാൻ ഉള്ള പുതിയ ഡിസൈനുകൾ കൈയിൽ ഉണ്ടെന്നും ഒരു വർത്തമാനത്തിൽ അയാൾ ആവേശത്തോടെ പറഞ്ഞു.
“ പെൺകുഞ്ഞുങ്ങൾ ഭൂമിയിലെ പൂമ്പാറ്റകൾ ആണ്. എന്തു രസമാണ് അവരുടെ ലോകം. നിറങ്ങൾ, പുഞ്ചിരികൾ “
‘ പക്ഷെ, എനിക്കതില്ലല്ലോ.’
അയാളുടെ സംസാരം മുറിച്ചു കൊണ്ട് ദുർഗ പറഞ്ഞു.
“ ഓഹ്.നീ. നീയതിനു ദേവിയല്ലേ. നരകാസുരനെ ഒറ്റ കുത്തിൽ കൊന്ന ശക്തിയുടെ ദേവി “
അവൾ ഉറക്കെ ചിരിച്ചു.
ദിയയുടെ ഓടിയുള്ള വരവിൽ ആ ചിരിയും പകുതിയിൽ നിന്നു.
‘ദേവി എന്തെ പെണ്ണല്ലേ ‘ എന്ന ചോദ്യം വിഴുങ്ങി ചുവന്ന ബട്ടൺ അമർത്തി കാൾ ഇല്ലാതെയാക്കി.
ഉറങ്ങുമ്പോഴും ചിരി വന്നു.
‘ ദേവി ആണത്രേ ദേവി. കൊള്ളാം. എപ്പോഴും കരയുന്ന ദേവി ഉണ്ടായിരുന്നോ പുരാണത്തിൽ?’
അറിയില്ല.ചിലപ്പോൾ അയാൾക്ക് അതിന് ഉത്തരം ഉണ്ടാവുമായിരിക്കും.
അന്ന് രാത്രി മുടിയഴിച്ചിട്ട് ചുവന്ന സിന്ദൂരം നെറ്റിയില്ലിട്ട് ശൂലമുയർത്തി നൃത്തം ചെയ്യുന്ന തന്റെ ദേവിയെ സ്വപനം കണ്ടു, ദുർഗ വിയർത്തു.
‘ എനിക്ക് ആരെയും കൊല്ലണ്ട ‘ ഉണർവിൽ ദുർഗ പിറുപിറുത്തു.
“ നോക്കൂ. വിഷമങ്ങളുടെ വൃത്തം ചുരുങ്ങി വന്ന്, നമുക്ക് ചാടി കടക്കാൻ മാത്രം ചെറുതാവുന്ന ഒരു ദിവസം വരും. കാത്തിരിക്കൂ “
മറുപടികളിൽ ഒന്നിൽ അയാൾ പറഞ്ഞതോർത്ത് ദുർഗ എഴുനേറ്റു. ഇനി ആണ് ഓർമകളുടെ മാത്രമായുള്ള അയവിറക്കലുകളിൽ കൈപേസി യന്ത്രത്തിനെ മേശക്ക് മേലെ എറിഞ്ഞു. മെസ്സേജുകളുടെ ഭാരം തലയിൽ നിന്ന് ഇറക്കി വെച്ച് ദുർഗ പതുക്കെ അടുത്ത മുറിയിലേക്ക് ചെന്നു.
ദിയ ഉറക്കത്തിൽ നുണക്കുഴിയിലെ ചിരിയിലൂടെ ഞാനും ഒരു സ്വപ്നം കാണുന്നുവെന്ന് വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നു. അവളുടെ സ്വപ്നങ്ങളിൽ വലിയ വൃത്തങ്ങൾ ചുരുങ്ങി ചെറുതായി കൊണ്ടിരുന്നു.