Image

ഹൃദയം ദ്രവീകരിക്കുന്ന സത്യസന്ധത ( പുസ്തക ലോകം : പി എസ് ജോസഫ്‌)

Published on 11 June, 2026
ഹൃദയം ദ്രവീകരിക്കുന്ന സത്യസന്ധത ( പുസ്തക ലോകം : പി എസ് ജോസഫ്‌)

അഖില്‍ പി ധര്‍മജന്റെ റാം ℅ ആനന്ദി എന്ന  നോവല്‍  നമ്മുടെ കാലത്തോട് ചേർന്ന് നിൽക്കുന്നതും സത്യസന്ധവും ആണ് . .ഹൃദയത്തോട് സംവദിക്കുന്ന നോവല്‍ 

 

എഴുത്തിന്റെ വഴികൾ സങ്കീർണ്ണവും വിചിത്രവുമാണ് .ഒരു കാലത്തു ആർ കെ നാരായണന്റെ നോവലുകളും കഥകളും പൈങ്കിളി എന്ന്  വിശേഷിപ്പിക്കപ്പെടുമായിരുന്നു .വിദേശത്തു കിട്ടിയ അംഗീകാരം കൊണ്ട് മാത്രമാണ് മലയാളത്തിൽ പലരും അദ്ദേഹത്തെ പ്രാധാന്യത്തോടെ  കാണാൻ തുടങ്ങിയത് .എന്നാൽ അവ മാൽഗുഡി ഡേയ്സ് എന്ന പേരിൽ ടി വി സീരിയൽ ആയപ്പോൾ ആ വിമര്ശനക്കണ്ണുകൾ  എങ്ങും ഉണ്ടായിരുന്നില്ല .അത് പോലെ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ എന്നാനോവലിനെ ബൂക്കര്‍   സമ്മാനിതമായതിനു ശേഷവും പോരാ എന്ന് പറയാൻ ടിപത്മനാഭൻ തയാറായി .പക്ഷെ അവരൊക്കെ വിസ്മരിക്കുന്ന പ്രധാന കാര്യം എഴുത്തിനു ഒരു സവിശേഷമായ  ഗോൾഡ് സ്റ്റാൻഡേഡ് ഇല്ല എന്നതാണ് .ഇരുപതാം നൂറ്റാണ്ടിലെ അത്ഭുത നോവൽ ആയി പരാമർശിക്കപ്പെടുന്ന യുലിസസ് അത്ര സുഗമമായി വായിക്കാൻ കഴിയുന്ന ഒന്നല്ല .  ടി എസ് ഏലിയട്ടിന്റെ  കവിതകളെ അകവിത എന്ന് അന്നത്തെ പ്രഗത്ഭ നിരൂപകന്മാർ  വിമര്‍ശിച്ചിരുന്നു  .എങ്കിലും ചിലർക്ക് ചില കാലങ്ങളിൽ ചിലതിനോട് കൗതുകം തോന്നും .ചിലപ്പോൾ അതിനു നാടൊട്ടുക്ക് ആരാധകർ ഉണ്ടാകും .അത് കൊണ്ട് അത് അമൂല്യമോ ഉത്തമമോ ആകണമെന്നില്ല .നിലവിലുള്ള രീതികളെ മറികടക്കുന്നത് കൊണ്ട് അത് മോശം ആകണമെന്നും ഇല്ല .ട്രൂഫോ പറഞ്ഞത് പോലെ വാനില ഐസ് ക്രീമിനെ വിമര്ശിച്ചിട്ടു എന്ത് കാര്യം! .ഒരു പക്ഷെ  വില്പന വെച്ചു നോക്കിയാല്‍ സമീപ കാലത്തു ഏറ്റവും ജനപ്രിയമായ രണ്ട് നോവലുകൾ, നിമ്ന വിജയൻറെ  എനിക്ക് ഏറ്റവും  പ്രിയപ്പെട്ട ഞാൻ  എന്ന കൃതിയും അഖിൽ പി  ധര്മജന്റെ റാം c/o ആനന്ദി  എന്ന കൃതിയുമാണ് .കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്‌കാറിനു അഖിൽ പി ധർമ്മജൻ അർഹനായി എന്നത് പക്ഷെ പലരെയും ചൊടിപ്പിക്കുന്നു  .താരതമ്യേനെ അപ്രധാനമായ ഒരു അവാർഡ് ആണ് ഇത് എന്നതും അതിനെതിരെയുള്ള  വിമർശനം ഫലത്തിൽ എഴുത്തുകാരനെ കൂടുതൽ പ്രശസ്തനാക്കുകയേ ഉള്ളൂ എന്നതും അതിന്റെ വിമർശകർ മറന്നു പോകുന്നു .മാത്രമല്ല പ്രധാനപ്പെട്ട പല അവാർഡുകളും സത്യസന്ധതയോ കലാമേന്മയോ ഇല്ലാത്ത സ്വയം സൃഷ്ടിച്ച മൂഢസ്വർഗങ്ങളിൽ കഴിയുന്ന എഴുത്തുകാർക്ക് നൽകുമ്പോൾ ആരും പ്രതിഷേധിക്കാറില്ല എന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ് . ചില കൃതികള്‍ ശുദ്ധ മോഷണം ആണെന്ന് തെളിവുകള്‍ നിരത്തി പറഞ്ഞിട്ടും ആരും കണ്ട ഭാവം നടിക്കുന്നുമില്ല . .

  വില കുറഞ്ഞ പൈങ്കിളി ജനപ്രിയ സാഹിത്യം ആകും എന്ന ധാരണയിൽ അഖിലിന്റെ പുസ്തകം വാങ്ങാൻ ഞാൻ തുടക്കത്തില്‍ മടിച്ചിരുന്നു .എങ്കിലും മൂന്നു ലക്ഷം വായനക്കാരെ ആകർഷിച്ച ഒരു പുസ്തകം വാങ്ങാതിരിക്കുന്നത്  മൗഢ്യമാണ് എന്ന്  കരുതിയിരിക്കുമ്പോഴാണ് കോഴിക്കോട് ഒരു ബുക്ക്‌ സ്ടാളില്‍  നിന്ന് അതിന്റെ സെക്കന്റ് ഹാൻഡ് പുസ്തകം നാൽപതു ശതമാനം വിലക്കിഴിവിൽ കിട്ടിയത് . .വേണ്ടി വന്നാൽ അവിടെ തിരിച്ചു വിൽക്കാമെന്നത് കൊണ്ട് അത് ലാഭകരമായ ഒരു വാങ്ങൽ ആയി . ഞാൻ അത് പൂർണമായി വിലകൊടുത്തു വാങ്ങേണ്ടതായിരുന്നു എന്നതാണ് ഇപ്പോഴത്തെ  വിഷമം.എഴുത്തുകാരന്റെ വിഹിതത്തിൽ ഒരു കുറവ് വന്നുവല്ലോഎന്നതില്‍ എനിക്ക്   പശ്ചാത്താപമുണ്ട് .

  മലയാള സാഹിത്യ ശാഖയിലെ അമൂല്യ രചന അല്ല അഖിലിന്റെ നോവല്‍ . .അസാധാരണമായ രചനാരീതിയോ  പുതിയ പ്രവണതയുടെ തുടക്കമോ അല്ല ഈ കൃതി .അസാധാരണമായ അടരുകളോ മൂല്യമോ ഉള്ള രചനയും അല്ലിത്. സിനിമാറ്റിക് നോവൽ എന്ന് പേരിട്ടിരിക്കുന്ന ഈ കൃതിയിൽ ഭാഷയുടെയും പിശകുകളുടെയും ഒരു നിര തന്നെയുണ്ട് .പക്ഷെ എന്നിട്ടും മറ്റു ആയിരക്കണക്കിന് വായനക്കാരെപ്പോലെ  പോലെ എന്നെ ആകര്ഷിച്ചത് എന്താണ്?.ഈ നോവല്‍  നമ്മുടെ കാലത്തോട് ചേർന്ന് നിൽക്കുന്നതും സത്യസന്ധവും ആണെന്നതാണ് .ഹൃദയത്തോട് സംവദിക്കുന്ന നോവല്‍ .നല്ല കെട്ടുറപ്പുള്ള കഥയും പരിണാമഗുപ്തിയും കഥാപാത്ര സൃഷ്ടിയും ഇതിനെ സവിശേഷമാക്കുന്നു .പുതിയ മദ്രാസിനെ  നമുക്ക് ഈ നോവലിൽ അനുഭവിക്കാം .ആകെ ഒരു വിഷമം നായകൻ  ചൂളമേട്ടില്‍ നിന്ന്  ബസ് കയറാതെ അയ്യപ്പൻതാങ്കളിലേക്ക് പോകാൻ ഗിണ്ടിയിലേക്കു ട്രെയിൻ കയറുന്നതാണ് .ഒരു പക്ഷെ ബാംഗ്ലൂരിലെ ഐ ടി ലോകത്തെ കേന്ദ്രമാക്കി നിമ്ന  വിജയൻ രചിച്ച നോവലിലും ഇതേ  കാലിക പ്രസക്തി  കാണാം .

   .ഒരു സിനിമ സംവിധാന വിദ്യാര്‍ഥി താന്‍ സ്വപ്നഭൂമിയായി  കണ്ടിരുന്ന തമിഴ്നാട്ടില്‍ ചെന്ന് പെടുന്നതും അവിടെ കണ്ടു മുട്ടുന്ന കഥാപാത്രങ്ങളും ഒരു കുട്ടിയുടെ നൈസര്‍ഗീകമായ കാഴ്ചപ്പാടിലൂടെ വിവരിക്കുന്ന നോവല്‍ ആണിത് .അയാളെ സംബന്ധിച്ചു മദ്രാസില്‍ എല്ലാം  പുതുമയാണ് .അയ്യപ്പന്‍ താങ്കളിലെ ഫ്ലാറ്റും ചുറ്റുമുള്ള ഫ്ലാറ്റ് നിവാസികളും ഫ്ലാറ്റിനുള്ളിലെ ബന്ധുവും സുഹൃത്തും എല്ലാം അയാളുടെ കൌതുകമാണ് . തിരക്കു  പിടിച്ച വലിയ നഗരത്തില്‍ കൂടിയുള്ള യാത്രയും അവിടെ കണ്ടു മുട്ടുന്ന ജനങ്ങളും അവരുടെ നിഷ്ക്കളങ്കതയും കൊച്ചു കൊച്ചു കുസൃതികളും വലിയ തട്ടിപ്പുകളും  അഖില്‍ നമ്മുടെ മുന്‍പില്‍ വരച്ചു വെയ്ക്കുന്നു .ഒരു കൂട്ടുകാരനോടു കഥ പറയുന്ന പോലെ .വളരെ സാധാരനക്കാരാണ്  അയാള്‍ കണ്ടു മുട്ടുന്ന ഓരോരുത്തരും .അവര്‍ വലിയൊരു കഥയുടെ തുടക്കമാണെന്ന് മുഖ്യ കഥാപാത്രമായ  റാം  തിരിച്ചറിയുന്നു.കോളേജിലെ റിസപ്ഷനിസ്റ്റും ക്ലാസ്സിലെ രണ്ടു അമ്മമാരുടെ  മക്കളായ ആങ്ങള പെങ്ങളായ സഹപാഠികളും റാമിന് അതിശയമാണ് സമ്മാനിക്കുന്നത് . കോളെജിലേക്ക് യാത്ര തിരിക്കുന്ന ഗിണ്ടി റെയില്‍വേ സ്റെഷനില്‍  മൂന്നാം ലിംഗക്കാരില്‍ ഒരാളുമായി ഉണ്ടാകുന്ന റാമിന്റെ അടുപ്പം ഏറെ കൌതുകകരമാണ് .മനുഷ്യരെപറ്റി അറിയാനുള്ള ഒരു യുവാവിന്റെ ആദ്യപാഠങ്ങള്‍ എന്നതിനെ വിശേഷിപ്പിക്കാം .അയാളുടെ ആദ്യ ചിത്രത്തിന്‍റെ കഥയും അതാകുന്നത് സ്വാഭാവികം .ക്ലാസ്സിലെ തന്‍റെ സുഹൃത്തുക്കളായ ബദ്ധ ശത്രുക്കളായ ആങ്ങള പെങ്ങള്‍മ്മാരും ആനന്ദി എന്ന പ്രഹേളികയും സൃഷ്ടിക്കുന്ന കൌതുകരമായ പുകമറകള്‍ ഈ നോവലിന് ചടുലത നല്‍കുന്നു .

 വളരെ സ്വാഭാവികമായ  അവരുടെ പിണക്കങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ആണ് കഥയില്‍ ശക്തമായി വികസിക്കുന്നത് .ഇതിനിടെ റാമിന്‍റെ സുഹൃത്ത്‌ പോലിസ് കയ്യേറ്റത്തില്‍ കൊല്ലപ്പെടുന്നു  ആനന്ദി വലിയൊരു യാത്രക്കും തിരിക്കുന്നു .

   വളരെ കയ്യടക്കത്തോടെ  കഥ പറയുകയും വ്യത്യസ്തമായ വികാസപരിണാമങ്ങളില്‍ കടന്നു പോകുകയും ചെയ്യുന്ന  വിവരണ  രീതി വായനക്കാരെ ഹഠാദാകര്‍ഷിച്ചതില്‍ അതിശയമില്ല. .ഒരു കുറ്റാന്വേഷണ നോവല്‍ പോലെ ഒറ്റയിരുപ്പിനു വായിക്കാവുന്ന വിധമാണ് രചന .ഇതിഹാസ മുഹൂര്‍ത്തങ്ങളോ  രാജകീയ  കഥാപാത്രങ്ങളോ ഇല്ലാതെ തന്നെ അഖില്‍  കഥ പറയുന്നു .അതില്‍ മൂന്നാം ലിംഗക്കാരുടെ  വേദനയും അഭയാര്‍ഥികളുടെ ആശങ്കകളും  പ്രണയത്തിന്റെ  ഹൃദയത്തുടിപ്പുകളും കാണാം .

 ഏറ്റവും മനോഹരമായത് അനുദിനം മാറികൊണ്ടിരിക്കുന്ന ചെന്നെയുടെ  കാഴ്ചകളാണ് .

കഥയില്ലായ്മയില്‍ അഖില്‍ കഥ കാണുന്നു സാധാരണക്കാരില്‍ നിന്ന് പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു .

വെറുതെ ക്ലീഷേകളാല്‍ തുന്നിക്കെട്ടിയ  കഥയല്ല ഇത് .വായനക്കാരെ ആദ്യാവസാനം  ആകര്‍ഷിക്കുന്ന കഥയാണിത് .ഇത് വായനക്കാരുടെ ഇഷ്ടപുസ്തകം  ആയതില്‍ അതിശയമില്ല .

    ഒരര്‍ഥത്തില്‍, ഒരു ചെറിയ പുരസ്കാരം ഇത്ര വലിയ കൊടുങ്കാറ്റു ഉയര്‍ത്തിയത്‌ ഗുണകരമായി കാണണം .ഈ പുസ്തകം ഉയര്‍ത്തിയ വിമര്‍ശന കൊടുങ്കാറ്റു നമ്മുടെ സാഹിത്യത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയാനുള്ള എളിയ തുടക്കമാകട്ടെ വിമര്‍ശനം എന്നേ മരിച്ചിരിക്കുന്ന ഈ നാട്ടില്‍  പക്ഷേ ,അത് ഒരാളില്‍ തട്ടിത്തകരാനാണ്  ഇട - പി എസ് ജോസഫ്‌ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക