
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി 96-ാം ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജിതമാക്കിയ സ്ഥാനാർഥി പി.റ്റി. തോമസ് തന്നെ പിന്തുണക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കുമായി പ്രത്യേക സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. റോക്ക് ലാൻഡ് ക്നാനായ സെന്ററിൽ നടന്ന സമ്മേളനത്തിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.
യോഗത്തിൽ സംസാരിച്ച പി.റ്റി. തോമസ്, രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളും അതിജീവനത്തിന്റെ കഥയും പങ്കുവെച്ചു. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഒരു ന്യൂനപക്ഷ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരുമ്പോൾ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വരുന്നുവെങ്കിലും ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ രാഷ്ട്രീയത്തിനല്ല, ജനങ്ങൾക്കുവേണ്ടിയാണ് മത്സരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവ പരിഹരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന യഥാർഥ ജനപ്രതിനിധിയാകാനാണ് എന്റെ ശ്രമം,” അദ്ദേഹം പറഞ്ഞു.
വോട്ടർമാരുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന നേതൃത്വമാണ് ഇന്ന് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ, നികുതി ഭാരം കുറയ്ക്കൽ, വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും കൂടുതൽ പിന്തുണ എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന താൻ നിരവധി കുടുംബങ്ങളുടെ ജീവിത പുരോഗതിക്കായി ഇടപെട്ടിട്ടുണ്ടെന്നും, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഉടനടി ഇടപെടുന്ന ജനപ്രതിനിധിയായിരിക്കും താനെന്നും പി.റ്റി. തോമസ് പറഞ്ഞു.
“ഈ പ്രചാരണം ഒരു വ്യക്തിയുടെ വിജയത്തിനുവേണ്ടിയുള്ളതല്ല; സമൂഹത്തിന്റെ ഐക്യത്തിനും ശക്തമായ പ്രാതിനിധിത്വത്തിനും വേണ്ടിയുള്ളതാണ്. വിവിധ വംശീയ-സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒരുമിച്ച് നിൽക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 23-ന് നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ വൻ വിജയം നേടാൻ എല്ലാവരുടെയും പിന്തുണയും വോട്ടും അഭ്യർഥിച്ച അദ്ദേഹം, ഏർളി വോട്ടിംഗും ആബ്സന്റി ബാലറ്റും ഉൾപ്പെടെയുള്ള എല്ലാ വോട്ടിംഗ് സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു .
പരിപാടിയിൽ പങ്കെടുത്തവർ പി.റ്റി. തോമസിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

പി.ടി. തോമസിന്റെ പുത്രിമാർ ആയിരുന്നു എംസിമാർ. ശബരിനാഥിന്റെയും പുത്രിയുടെയും ഗാനങ്ങൾ, ഇന്ദ്ര രാജശേഖറിന്റെ വിദ്യാര്ഥികൾ അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവയും ഉണ്ടായിരുന്നു.