
കണ്ണടച്ചാണ് പിറന്നുവീഴുന്നത്. മരിച്ചു പോകുന്നതും കണ്ണടച്ചു തന്നെ. ഉറക്കത്തിലും കണ്ണടക്കും. ധ്യാനത്തിലും കണ്ണടക്കും. സ്നേഹത്തോടെ കെട്ടിപ്പുണരുമ്പോഴും കണ്ണടച്ചു പിടിക്കും. കണ്ണടക്കുമ്പോൾ ഇരുട്ടാകുകയല്ല. പുറത്തെ വെളിച്ചം കെടുത്തി അകത്തെ പ്രകാശം തെളിക്കുകയാണ്. കൺപോളകൾ ചേർത്തുവെക്കുമ്പോൾ പ്രപഞ്ചത്തിലെ കാഴ്ചകളേയും ചുറ്റുപാടിലുള്ള മനുഷ്യരേയും അപ്രസക്തമാക്കി നമ്മൾ നമ്മളിലെ തെളിച്ചത്തെ തൊടും.
കണ്ണടച്ചാൽ ഇരുട്ടാകുകയല്ല; വെളിച്ചം മറച്ചുവെച്ചതിനെ വെളിപ്പെടുത്തുകയാണ്. കണ്ണു തുറന്നിരുന്നാൽ എല്ലാം കാണുമെന്നത് മിഥ്യയാണ്. നമ്മൾ കാണാത്തതാണ് കൺമുന്നിലുള്ള ഏറെയും. കാതുകൾ കേൾക്കാത്ത ശബ്ദങ്ങൾ പോലെ. നിശബ്ദതയിൽ ഉയരുന്ന നാദങ്ങൾ പോലെ. ഇരുട്ടിനെ തൊട്ടറിഞ്ഞവർക്കെ വെളിച്ചത്തിന്റെ മൂല്യത്തെ അളക്കാനാകൂ. ഗർഭപാത്രത്തിന്റെ അന്ധകാരത്തിൽ നിന്നാണ് നമ്മൾ വെളിച്ചത്തിലേക്ക് വന്നത്. നമ്മളെ രൂപപ്പെടുത്തിയത് ആ ഇരുട്ടായിരുന്നു. ആ ഇരുട്ടിൽ നമ്മൾ ഭയപ്പെട്ടില്ല. വെളിച്ചത്തിലെ ഭയങ്ങൾക്കും സങ്കടങ്ങൾക്കും നമ്മൾ ചാർത്തി നൽകിയ പേരാണ് ഇരുട്ട്. ഇരുളിൽ നിന്നാണ് വെളിച്ചമുണ്ടാകുന്നത്. കണ്ണ് തുറന്നിരിക്കുമ്പോൾ അനുഭവപ്പെടുന്ന ഇരുട്ടിനെയാണ് ഭയക്കേണ്ടത്. വെളിച്ചത്തെ മലിനമാക്കുന്നതാണത്.