
സോദ്ദേശ്യകത എന്ന പാപം
ജീവിതത്തിന്റെയും പ്രകൃതിയുടെയും താളം നിർണ്ണയിക്കുന്നതിൽ സോദ്ദേശ്യകത ഒരു സുപ്രധാന ഘടകമാണ്. പ്രകൃതിയിലെ സസ്യ-ജന്തു ജാലങ്ങളിൽ പ്രകടമാകുന്ന പെരുമാറ്റങ്ങൾക്കു പിന്നിൽ ചില ഉദ്ദേ ശ്യങ്ങൾ ഉള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കട തുടങ്ങുന്ന ആളുകളും പള്ളിക്കൂടത്തിൽ പോകുന്ന ആളു കളും പള്ളിക്കൂടത്തിൽ തങ്ങളുടെ കുട്ടിയെ വിടുന്ന ആളുകളും കൃഷി ചെയ്യുന്നവരും ഭാഗ്യക്കുറി എടുക്കുന്നവരും വിൽക്കുന്നവരും എന്നുവേണ്ട ജീവിതത്തിലെ ഏതേത് വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവരും അവരവരുടെ വ്യവഹാരങ്ങൾക്ക് നിശ്ചിതമായ ഒരു ഉദ്ദേശ്യത്തെ ഗണിച്ചുകൊണ്ടുതന്നെയാണ് അവയിൽ ഏർപ്പെടുന്നത്. നമ്മുടെ കാലത്തെ സർവ്വശക്തനായ ദൈവത്തിന്, മൂലധനശക്തിക്ക്, ലാഭമെന്ന പരമ പാവനമായ ഉദ്ദേശ്യമുള്ളത് നമുക്കറിയാവുന്ന കാര്യമാണല്ലോ. ലാഭം എന്ന ഉദ്ദേശ്യത്തെ ഗണിക്കാതെയല്ല മുതലാളിമാർ മൂലധനമിറക്കുന്നതെന്നു സാരം. ഉദ്ദേശ്യങ്ങൾ സാദ്ധ്യമാകാതെ വരുന്നതോ സാദ്ധ്യതകൾക്ക് മങ്ങലേൽക്കു ന്നതോ അവരെയൊക്കെ സംബന്ധിച്ചിടത്തോളം ദുസ്സഹമായിരിക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും അത്തരം സാഹചര്യങ്ങൾ അവരിൽ സംഘർഷങ്ങൾ പോലും സൃഷ്ടിക്കുകയും ചെയ്യും.
സോദ്ദേശ്യകതക്ക് അവൈയക്തികമായ അർത്ഥവും നൈതികമായ വിതാനവും കൈവരുന്നത് മനു ഷ്യരിലാണ്. അവനവനുവേണ്ടിയല്ലാതെ യത്നിക്കുവാനുള്ള ത്വരയെ ഉദാത്തമായ ആദർശമായി പരിഗണി ക്കുന്നത് അതുകൊണ്ടാണ്. പരാർത്ഥമാക്കുക പകലും രാവും എന്ന പ്രാർത്ഥന ഉണ്ടാകുന്നത് അങ്ങനെയാണ്. അന്യജീവനുതകുമ്പൊഴാണ് ജീവിതം ധന്യമാകുക എന്നത് മാനവികതയുടെ ആഴമാർന്ന ബോദ്ധ്യങ്ങ ളിലൊന്നാണ്.
എന്നാൽ, സോദ്ദേശ്യകത ഒരു പാപമാണെന്ന് കുറച്ചുകാലമായി നാം കേട്ടുവരുന്നുണ്ട്. ഉദ്ദേശ്യാധി ഷ്ഠിതമാകുകയെന്നാൽ, ചില ലക്ഷ്യങ്ങൾ പരിഗണിക്കുന്നുണ്ട് എന്നാണല്ലോ അർത്ഥം. നമ്മുടെ പ്രവൃത്തികൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടെന്നു നാം അംഗീകരിക്കുമ്പോഴാണ് അവയ്ക്ക് പ്രേരകമായ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നും നാം അംഗീകരിക്കുന്നത്. ഉദ്ദേശ്യങ്ങൾ ഉള്ളവർക്ക് ചില ആദർശങ്ങളും ഉണ്ടാകും. എന്നാൽ, ജീവിതത്തിനും കലയ്ക്കും സാഹിത്യത്തിനുമൊന്നും ആദർശാത്മകമായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ആവശ്യമില്ലെന്ന് ചില കോണുകളിൽ നിന്നും വീറോടെ വാദിക്കുന്നത് കുറെക്കാലമായി കേൾക്കുന്നവരാണ് നമ്മൾ. ആ ഉദീരണങ്ങൾക്ക് ഒറ്റ അർത്ഥമേ ഉള്ളൂ. സമത്വഭാവനയില്ലാത്ത ഈ സമൂഹം അതിലെ ജീവിതങ്ങൾക്ക് ഉദാ രമായി അനുവദിച്ചുനല്കുന്ന ഉദ്ദേശ്യങ്ങൾ മാത്രമേ പാടുള്ളൂ എന്നാണത്. അതുകൊണ്ടാണ് ആദർശം, സോ ദ്ദേശ്യകത, സാമൂഹികലക്ഷ്യം, സാമൂഹ്യമാറ്റം, പ്രതിബദ്ധത തുടങ്ങിയ ആലോചനകളെ അധിക്ഷേപിക്കുന്നത് സമകാലിക ധൈഷണികതയുടെ അംഗീകൃത മുദ്രാവാക്യമാകുന്നത്. സമൂഹത്തിന്റെ അധികാരഘടനയെ അസ്വസ്ഥമാക്കുന്നതരം ഉദ്ദേശ്യങ്ങളെയും ലക്ഷ്യങ്ങളെയും നീതിപരികല്പനകളെയുമെല്ലാം രോഗ മോ ഭ്രാന്തോ ഉട്ടോപ്പിയയോ ഒക്കെയായി മുദ്രകുത്തി പരിഹസിച്ചും ആക്രോശിച്ചും ശകാരിച്ചും കഴിയുന്ന തിനാണ് ഇന്ന് വിപണിമൂല്യമുള്ളത്. സാമൂഹ്യപ്രവർത്തനമായാലും കലയായാലും സാഹിത്യമായാലും. വി പണിമൂല്യമുള്ളവയുടെ ചന്തകളെ ധൈഷണികോത്സവങ്ങളെന്നോ സാഹിത്യോത്സവങ്ങളെന്നോ ഒക്കെ നാം വിളിച്ചും തുടങ്ങിയിരിക്കുന്നു. നാലാമത്തെ എസ്റ്റേറ്റുപോലും ഈ വിപണിയുത്സവങ്ങളുടെ ഭാഗവും പ്രാണനുമായി മാറിയിരിക്കുന്നു. അവിടെയാണ് അഞ്ചാമത്തെ എസ്റ്റേറ്റിന്റെ സാംഗത്യത്തെക്കുറിച്ചുള്ള വ്യാ മോഹം വളരുന്നത്.

“ഉള്ളിന്നുള്ളിലിരിപ്പൂ പുഷ്കര, നുഗ്രൻ കലിയും....”
ഇത്തരം ഒരു കാലത്താണ് പ്രൊഫ. ഡോ ശിവദാസമേനോന് ജീവിക്കേണ്ടിവന്നിരിക്കുന്നത്. അയാൾ സോദ്ദേശ്യകമായി, എന്നല്ല സദുദ്ദേശ്യകമായി, ജീവിക്കണമെന്ന് ഇച്ഛിക്കുന്ന ആളാണ്. നിശിതമായ ആലോ ചനായുക്തികളും നീതിവിചാരവുമുള്ള ആൾ. അയാളുടെ ജീവിതത്തിലെ സവിശേഷമായ ഒരു സംഘർഷ നിമിഷത്തെയും അതിന്റെ പരിണതിയെയും വിവരിക്കുന്ന കഥയാണ് ‘അഞ്ചാമത്തെ എസ്റ്റേറ്റ്.’ നീതി സ്ഥാ പിക്കുവാനായി തെളിവുരേഖയെന്ന നിലയിൽ നിർമ്മിച്ച ഒരു വീഡിയോ എത്ര അനായാസമായാണ് ലൈം ഗികഭോഗവാസന തൃപ്തിപ്പെടുത്താനുള്ള ഉപാധിയായി മാറുന്നതെന്നു നാം ഇതിൽ കാണും. രേഖകളും തെ ളിവുകളും സാക്ഷികളുമെല്ലാം വാസ്തവത്തെ സ്ഥാപിച്ചുറപ്പിക്കുവാൻ പര്യാപ്തമാകാതെപോകുന്ന സങ്കടകരമായ അവസ്ഥയിൽ നീതിയും നീതിബോധവും അകപ്പെട്ടിരിക്കുന്നു എന്ന നിലവിളി ഈ കഥയിൽ നിന്നും ഉയരുന്നുണ്ട്. ആ അശരണമായ നിലവിളി ഉറക്കം കെടുത്തുമ്പൊഴാണ് ഇതിനൊക്കെ കാരണമെന്തെന്ന അ ന്വേഷണത്തിലേക്ക് നാം എടുത്തെറിയപ്പെട്ടു പോകുന്നത്. അത്തരം അന്വേഷണങ്ങളെ പ്രകോപിപ്പിച്ചുണർ ത്തുമ്പൊഴാണല്ലോ കല സാർത്ഥകമാകുന്നതും.
അങ്ങനെയൊരു ആലോചനയിലേക്കു കടക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്തുകൊണ്ടായിരിക്കാം ഇത്ര പഠിപ്പും മാന്യതയും ഒരളവുവരെ നൈതികമായ ആഭിമുഖ്യവും ഉണ്ടായിട്ടും ശിവദാസമേനോൻ ഇടറി പ്പോകുന്നത്? അതാണല്ലോ നമ്മെ അലോസരപ്പെടുത്തുന്ന കാര്യം. ഉത്തരം അത്ര ലളിതമല്ല. സത്യസന്ധത യെപ്പറ്റി വാചാലമാകുമ്പൊഴും കൈക്കൂലി വാങ്ങുന്നത്, എല്ലാ ഭാരതീയരും സഹോദരീ-സഹോദരന്മാരാണെന്നു പ്രതിജ്ഞയെടുത്തുകൊണ്ട് ജാതിസ്പർദ്ധയും മതസ്പർദ്ധയും പ്രചരിപ്പിക്കുന്നത്, ജനാധിപത്യം എന്ന് ഉച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ട് എതിരഭിപ്രായമുള്ളവരെ വകവരുത്തുന്നത്... അങ്ങനെയങ്ങനെ സ്വന്തം വാക്കിൽനിന്നും ആദർശങ്ങളിൽനിന്നും ദൂരംപാലിച്ചു നിലകൊള്ളാൻ മനുഷ്യർക്ക് മനഃസാക്ഷിക്കുത്തില്ലാ തെയാക്കുന്നതെങ്ങനെയാണ്? ഏതു ശക്തികളാണ്? ഈ ആലോചനയും അതിന്റെ പരിഹാരവുമെല്ലാം സാമൂഹ്യപ്രസ്ഥാനങ്ങളുടെ അജണ്ടയിൽ വരുന്ന കാര്യങ്ങളാണ്. അത്തരം ആലോചനകളിലേക്കു നയിക്കുന്ന ചോദ്യങ്ങൾ വായനക്കാരുടെ മനസ്സിലേക്കു വിളിച്ചുണർത്തി വിടുകയെന്നതേ സാഹിത്യത്തിനും കലയ്ക്കു മെല്ലാം ചെയ്യാനാവൂ.
പ്രൊഫ. ഡോ ശിവദാസമേനോൻ തികഞ്ഞ മാന്യനാണ്. ഊണും ഉറക്കവും മറ്റു പതിവുകളുമെല്ലാം നി ഷ്ഠയോടെ പാലിക്കുന്നവൻ, നടക്കാൻ പോകുംമുൻപ് ഗ്രീൻ റ്റീ കുടിക്കുന്നവൻ, പാതയോരത്തുകൂടി നടക്കു മ്പോൾപോലും ആരെയും അലോസരപ്പെടുത്തരുതെന്ന് നിഷ്കർഷയുള്ളവൻ, മദ്യം വീട്ടിൽവച്ചു മാത്രം അള വുതെറ്റിക്കാതെ കുടിക്കുന്നവൻ, എണ്ണം തെറ്റിക്കാതെ വിദേശസിഗററ്റു വലിക്കുന്നവൻ. സമ്പൂർണ്ണമായും മാ ന്യനായവൻ. ആധുനികതയെ പുല്കുമ്പോഴും പാരമ്പര്യത്തെ അവഗണിക്കാത്തയാൾ. ‘പൂരങ്ങൾക്കു തലയാ ട്ടുന്നവൻ, സാംസ്‌കാരിക സഭയിൽ കൈ കൊട്ടുന്നവൻ’.
ഈ മാന്യനെ അവതരിപ്പിക്കുമ്പോൾ, അയാളിൽ ലീനമായ, എന്നാൽ അബോധത്തിൽ നിദ്രകൊള്ളുന്ന, ചില അഭിരുചികൾ സന്ദർഭാനുസാരിയായി ഉണരുന്നതും കഥാകൃത്ത് കാട്ടിത്തരുന്നുണ്ട്. അയാളിലെ മടു പ്പുളവാക്കാത്ത അനുഭവങ്ങളിലൊന്നാണ് വൈകുന്നേര നടത്തത്തിനിടയിൽ കണ്ടുമുട്ടാറുള്ള, ചന്ദനമിട്ടു കാ ച്ചിയ എണ്ണമണവുമായി കടന്നുപോകുന്ന യുവതി. അവളെ താൻ ശ്രദ്ധിക്കുന്നുണ്ടെന്ന വിവരം അവൾ അറി യരുതെന്ന് അയാൾ ആഗ്രഹിക്കുന്നുമുണ്ട്. അയാളുടെ അനുധ്യാനങ്ങളെപ്പോലും ഭഞ്ജിക്കാൻ പോന്ന മറ്റൊ രു ആകർഷണമാണ് വേറൊരു യുവതിയുടെ ലക്ഷണമൊത്ത ശരീരഭാഗങ്ങളും മറയൂർ ശർക്കരയുടെ ദേഹ നിറവും. ആധുനികതയെ പുല്കുമ്പോഴും പാരമ്പര്യത്തെ അവഗണിക്കാത്ത ആ മനോഭാവനിർമ്മിതിയിലെ ഘടകങ്ങളാണ് ഇവയും. സാർത്ഥകമായി ജനാധിപത്യവല്ക്കരിക്കപ്പെടാത്ത ഒരു സമൂഹത്തിലെ ലക്ഷണ മൊത്ത മാന്യതാമനോഭാവമാണിത്.
അംഗീകൃത പൊതുബോധവുമായി വളരെ എളുപ്പത്തിൽ ഇണങ്ങിപ്പോകുവാൻ കഴിയും ഈ മനോഭാവ ത്തിന്. അതുകൊണ്ടാണ് ഈ മാന്യപൗരന് തന്റെ നിലപാടിൽനിന്നും വഴുതിമാറാനുള്ള യുക്തികൾ തിരയു വാൻ തോന്നുന്നത്. കണ്മുന്നിൽ നടന്ന കൂട്ടബലാൽസംഗം എന്ന ക്രിമിനൽ കുറ്റം തെളിയിക്കുവാനും കുറ്റ വാളികളെ ശിക്ഷിക്കുവാനുള്ള തെളിവുണ്ടാക്കുവാനുമാണ് ആദ്യം പ്രൊഫ. ഡോ ശിവദാസമേനോന് തോ ന്നുന്നത്. സഹജവും സ്വാഭാവികവുമായ നീതിബോധത്തിന്റെ പ്രവർത്തനമാണിത്. ഒന്നുരണ്ടു ദിവസത്തേയ്ക്ക് അയാൾ വല്ലാത്ത ആത്മസംഘർഷത്തിലാകുന്നതും നാം വായിക്കും. എന്നാൽ, ക്രമേണ അയാൾ തന്റെ മദ്ധ്യവർഗ്ഗ മാന്യതയും ആ മാന്യതയുടെ ഭാഗമായ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ഓർമ്മിക്കുകയാണ്. അപ്പോഴാണ് പുതിയ യുക്തികളിൽ അഭയം തേടാൻ അയാൾ ശ്രമിച്ചുതുടങ്ങുന്നത്. ‘ഇക്കാലത്ത് നിത്യേന എന്നവണ്ണം നടക്കുന്ന കാര്യമാണല്ലോ ഇത്’ എന്ന മട്ടിൽ ആരംഭിക്കുന്ന ചിന്തകൾ ‘താനായി ഇതൊക്കെ കു ത്തിപ്പൊക്കുന്നതെന്തിന്’ എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്. പ്രതിഭാഗത്ത് ആരൊക്കെയെന്നത് അ യാളുടെ തീർപ്പിന് ന്യായീകരണത്തിന്റെ അധികബലവും നൽകി. തന്റെ കൂട്ടുകാരായ പോലീസ് കമ്മീഷ ണറുടെയും ജില്ലാ ജഡ്ജിയുടെയും മക്കൾ, തന്റെ ആരാധകനും തനിക്കായി പത്മശ്രീ പുരസ്‌കാരത്തിനു കിണഞ്ഞു ശ്രമിക്കുന്നവനുമായ രാഷ്ട്രീയ നേതാവിന്റെ മകൻ. മദ്ധ്യവർഗ്ഗനീതിബോധത്തിനു താങ്ങാനാവാ ത്തതാണ് ഇത്തരം സന്ദർഭങ്ങളുടെ പ്രകോപനങ്ങൾ. സഹജമായി ഉള്ളിൽ ജ്വലിച്ച നീതിബോധത്തിന്റെ അ വസാനനാളവും അയാൾ ഊതിക്കെടുത്തിക്കഴിയുന്ന ആ നിമിഷത്തിലാണ് അയാളുടെ പതനം ദാരുണമാം വിധം പൂർത്തിയാകുന്നത്. തെളിവുരേഖയായ വീഡിയോ അയാളുടെ സ്വകാര്യമുറിയിൽ ഒരു നീലച്ചിത്രമാ യി മാറുകയാണ്. അയാൾ മറയുടുപ്പുകളിൽ ഒളിപ്പിച്ചിരുന്ന കൊതികളുടെ നഗ്നതാണ്ഡവം തുടങ്ങുകയാണവിടെ. പദവികളോടും അധികാരത്തോടും സന്ധിചെയ്യാൻ ഒരുമ്പെടുന്നവർ അകപ്പെട്ടുപോകുന്ന പരിഹാരമില്ലാത്ത പതനത്തിന്റെ ദുരന്തമുഖമാണ് ബാബു കുഴിമറ്റം കാട്ടിത്തരുന്നത്.
പാപത്തിന്റെ ശമ്പളം
ഇങ്ങനെ ഒരു മന്യപൗരൻ എത്തിപ്പെടുന്ന നൈതികമായ തകർച്ചയാണല്ലോ ‘അഞ്ചാമത്തെ എസ്റ്റേറ്റ്’ പ റയാൻ ശ്രമിക്കുന്നത്. മാന്യത എന്നത് നന്മയാണോ എന്ന ചോദ്യം മനസ്സിൽ ഉയരുന്നില്ലേ? മാന്യത ഒരു കു റ്റമാണെന്നു പറയാനല്ല, ഞാൻ ശ്രമിക്കുന്നത്. എന്നാൽ, മാന്യതയെന്നത് അന്യൂനമായ, കീഴടങ്ങാത്ത, ഒരു സാംസ്കാരിക നിലയുടെ മറുവാക്കുമല്ല. ഏതു നിസ്സാരമായ പ്രലോഭനത്തിനോ പ്രകോപനത്തിനോ ഭീഷണി ക്കോ കീറിക്കളയാൻ കഴിയുന്നത്ര ലോലമായ ഒരു മറയുടുപ്പാണ് വാസ്തവത്തിൽ ഈ മാന്യത. പദവികളും പുരസ്കാരങ്ങളുമെല്ലാം ഈ മാന്യതയ്ക്ക് പൊലിമയേകുന്ന തിളക്കങ്ങളുമാണ്. എന്നാൽ, തോൽക്കാൻ തയാറാ കാത്ത, കീഴടങ്ങാത്ത സാംസ്‌കാരികത അതല്ല. അത് ഒരാളുടെ ആന്തരികമായ സത്യസന്ധതയുടെ പ്രകാ ശനസാക്ഷ്യമാണ്. സാമൂഹ്യനന്മയുമായും സാമൂഹികനീതിയുമായും താദാത്മ്യപ്പെടുന്നതിലൂടെ ഒരാൾക്കു കൈവരുന്ന അജയ്യമായ മാനവമഹിമയാണത്. ഇത്തരം മാന്യതകൾക്കു നേരിടുന്ന തകർച്ച, അതു കൊണ്ടു തന്നെ, നമ്മുടെ സാംസ്‌കാരിക ജീവിതത്തിനു നേരിടുന്ന തകർച്ചയാണെന്നു കരുതേണ്ടതുമില്ല. ഇക്കാര്യം ബോധപൂർവ്വമായോ അബോധപൂർവ്വമായോ ഓർമ്മിപ്പിക്കുന്നുവെന്നതാണ് ‘അഞ്ചാമത്തെ എസ്റ്റേറ്റ്’ എന്ന കഥയെ സോദ്ദേശ്യകമാക്കുന്നത്.
സോദ്ദേശ്യകത ഒരു അപകടം പിടിച്ച വാക്കാണെന്ന കാര്യവും സന്ദർഭവശാൽ ഓർത്തുപോകുകയാണ്. സാഹിത്യത്തിൽ ഇരുണ്ട ജീവിതാവസ്ഥകൾ അവതരിപ്പിക്കുന്നതും ലൈംഗികത വരുന്നതും ഇടർച്ചയുള്ള കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്നതുമൊക്കെ കണ്ടാലുടൻ ഉത്തരവാദിത്വമില്ലാത്ത എഴുത്തെന്ന് എഴുതിത്തള്ളി ബ്രാൻഡ് ചെയ്യുന്ന യാന്ത്രികമായ സമ്പ്രദായം സാഹിത്യത്തിലെ അനാശാസ്യതകളിലൊന്നാണല്ലോ. ‘ബാൻഡിറ്റ് ക്വീൻ’ സിനിമ അതിലെ നഗ്‌നതാരംഗങ്ങളെപ്രതി നിരോധിക്കണമെന്ന അഭിപ്രായം ഉയർന്നു വന്നിരുന്നത് പലരും ഓർമ്മിക്കുന്നുണ്ടാകാം.
ഈ കഥയിൽ ബാബു കുഴിമറ്റം ചെയ്യുന്നതെന്താണ്? ശിവദാസമേനോൻ എന്ന മനുഷ്യന്റെ അകവും പു റവും തമ്മിലുള്ള വൈരുദ്ധ്യത്തെ, അകത്തൊളിഞ്ഞിരിക്കുന്ന അഭിരുചി പരിഗണനകളെ, ആ പരിഗണനകൾ ആരും അറിയരുതെന്ന അയാളുടെ വിചാരത്തെ ഒക്കെ കാണിച്ചുതന്നുകൊണ്ട് നമ്മെ അലോസരപ്പെടു ത്തുകയാണ് അദ്ദേഹം. ആന്തരികമായ സത്യസന്ധതയെന്ന ഒരു വശത്തെപ്പറ്റി നാം അറിയാതെ ഓർത്തു പോകും. അകത്തെ മനുഷ്യനെ പുറത്തുകാണാൻ കഴിയണം. അധികാരവുമായി കൂട്ടിക്കൊടുപ്പിലേർപ്പെടു മ്പോൾ മനുഷ്യരുടെ ബൗദ്ധിക സത്യസന്ധത ചോർന്നുപോകുമെന്ന് ദാക്ഷിണ്യമില്ലാത്ത ഭാഷയിൽ അവത രിപ്പിക്കുകയാണ് കഥാകൃത്ത്. ഈ ‘മാന്യ’ന്മാരുടെ, രാജാക്കന്മാരുടെ, നഗ്നത കണ്ടു കൂവിയാർക്കുവാൻ പോലും കഴിയാതെ മനുഷ്യർ അവരവരുടെ മനസ്സുകൾ നഷ്ടപ്പെട്ട് ശരീരങ്ങൾക്കുള്ളിൽ അകപ്പെട്ടിരിക്കുന്ന കാലമാണിത്. ഈ ‘മാന്യ’ന്മാരുടെ ഇമേജ് തകർന്നുവീഴുമ്പോൾ, അവരെ മാതൃകയായി കരുതിപ്പോയ പാ വപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളും ആത്മവിശ്വാസവും കൂടിയാണ് തകർന്നുവീഴുന്നതെന്നും കഥാകൃത്തിന് നന്നായി അറിയാം. അതുകൊണ്ടാണ്, ‘ഋണ-ധന ഗണിത’ ലീലയിൽ മുഴുകി റീലുകളും സ്റ്റാറ്റസുകളും തി ന്നു കഴിയുന്ന മനുഷ്യരുടെ അസ്വസ്ഥമാകില്ലെന്ന ശഠമൂകതകളെ തകർക്കാൻ ഈ കഥാകൃത്ത് വാശിപിടി ക്കുന്നത്. അത്രയുമൊക്കെ മതി ഒരു എഴുത്ത് സോദ്ദേശ്യകമാകാൻ. ജനാധിപത്യവല്ക്കരിക്കപ്പെടേണ്ട ആ ന്തരികജീവിതത്തെ പ്രതിയുള്ള ഉൽക്കടമായ ഉത്കണ്ഠകളാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്നത്.
നമ്മുടെ കാലത്തെ നീതിബോധത്തിനു കൈവരേണ്ട നിലവാരത്തെക്കുറിച്ചും ഈ കഥ പരോക്ഷമായി ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു അനീതിക്കു സാക്ഷിയാകേണ്ടിവരുന്ന ഒരാൾ തന്റെ മൊബൈൽ ഫോൺ ഉപയോ ഗിച്ച് തെളിവുണ്ടാക്കുകയാണ്. നാലാമത്തെ എസ്റ്റേറ്റിലുള്ള പ്രതീക്ഷ ക്ഷയിക്കുമ്പോൾ, ഉണരുന്ന അഞ്ചാമത്തെ എസ്റ്റേറ്റിനെ ചൂഴ്ന്നു വളരുന്ന വ്യാമോഹം! വ്യവസ്ഥിതിയെ നൈതികമായി നിലനിർത്താനുള്ള അട ങ്ങാത്ത വെമ്പലുകളെ വഴിതെറ്റിക്കുന്ന വ്യാമോഹമാണിത്. വ്യവസ്ഥിതിയുടെ നിയാമകമായ സമ്പ്രദായങ്ങളെ തരിമ്പും സ്വാധീനിക്കാൻ ഈ അഞ്ചാമത്തെ എസ്റ്റേറ്റിനും ആവില്ലെന്ന ദാരുണമായ വാസ്തവത്തെ ഓർമ്മിപ്പിച്ച് നമ്മെ നടുക്കുകയാണ് ഈ കഥ.
അപ്പോൾപ്പിന്നെ, ധാർമ്മികതയെയും നൈതികതയെയും സാമൂഹ്യനന്മയെയും സംബന്ധിച്ച നമ്മുടെ സ്വപ്നവും പ്രതീക്ഷയുമെല്ലാം രോഗവും ഭ്രാന്തും ഉട്ടോപ്പിയയുമാണെന്നാണോ കരുതേണ്ടത്? ഞാൻ കരുതു ന്നത് അങ്ങനെയല്ലെന്നാണ്. ആ നടുക്കം നമ്മെ നിസ്സഹായരും ഒളിച്ചോട്ടക്കാരും ആക്കേണ്ടതില്ലെന്ന് സമ കാല രാഷ്ട്രീയദിശ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുന്നവർക്ക് അറിയാം. സർവ്വാശ്ലേഷിയായ ഒരു സമരോത്സുക ജനാധിപത്യ സാഹോദര്യം വളർന്നുവരുന്നത് അവർ കാണുന്നുണ്ട്. ആ അന്തരീക്ഷം ഒരു തുറന്ന പാഠശാല യുമാണ്. നീതിയ്ക്കും സാമൂഹ്യനന്മയ്ക്കും വേണ്ടി സമർപ്പിക്കുവാനുള്ള അനധീനമായ പ്രജ്ഞയും ആന്തരിക മായ സത്യസന്ധതയും സൃഷ്ടിക്കുന്ന പാഠശാല. അവിടെനിന്നു മാത്രമേ അന്യൂനമായ, കീഴടങ്ങാത്ത, വിട്ടു വീഴ്ചയില്ലാത്ത സാംസ്കാരികനില പിറവികൊള്ളുകയുള്ളൂ. അധികാരത്തിന്റെ പ്രലോഭനങ്ങൾക്കോ, പ്രകോ പനങ്ങൾക്കോ, കാർക്കശ്യങ്ങൾക്കോ, മർദ്ദനങ്ങൾക്കോ തകർക്കാൻ കഴിയാത്ത സാംസ്‌കാരിക ജീവിതം സാദ്ധ്യമാണെന്ന ആത്മവിശ്വാസം അവിടെയാണ് ഉയിർക്കുക. അപ്പോഴാണ് പ്രജ്ഞയുടെ സർവ്വസിദ്ധികളും ഫലപ്രാപ്തിയിലെത്തുന്നതും. ആ അന്തരീക്ഷത്തിൽ നിന്നാണ് ഭാവിയിലേക്കു വെളിച്ചം വീശുന്ന ദീപശിഖകൾ ജ്വലിച്ചുണരുന്നത്.
ഇത്തരം ആലോചനകൾ വിളിച്ചുണർത്തുന്നുവെന്നതാണ് ‘അഞ്ചാമത്തെ എസ്റ്റേറ്റ്’ സോദ്ദേശ്യകമാണെന്ന നിരീക്ഷണത്തെ സാധൂകരിക്കുന്നത്. കാലഘട്ടത്തിന്റെ സാഹിത്യസ്വർഗ്ഗങ്ങൾ വിലക്കിയ സോദ്ദേശ്യക തയെന്ന പാപക്കനി തിന്നുന്നുവെന്നതുകൊണ്ടാണ് ബാബു കുഴിമറ്റം പാപിയാകുന്നത്. മറ്റൊരു പാപം ഈ കഥ ‘സാഹിത്യഹീന’മായ ഒരു ഭാഷയിലാണ് ഈ മനുഷ്യൻ എഴുതിയിരിക്കുന്നത് എന്നതാണ്. അങ്ങനെ ഈ പാപധാരയെ പരമാവധി മനസ്സുകളിലേക്ക് ഒഴുക്കിവിടുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ! എല്ലാ പാപികളായ കഥാകൃത്തുക്കളും ഇങ്ങനെ നിരന്തരം മരണം വരിക്കുന്നതും അവരുടെ കഥകൾ ആന്തരിക കാപട്യമെന്ന പാപത്തിനെതിരെ നിരന്തരം കലഹിക്കുന്നതും സാഹിത്യലോകത്തിലെ അത്ഭുതങ്ങളുമല്ല.