Image

ചമതി (നോവല്‍- ഭാഗം-20: ഉഷാ ചന്ദ്രന്‍)

Published on 10 June, 2026
ചമതി (നോവല്‍-  ഭാഗം-20: ഉഷാ ചന്ദ്രന്‍)

താന്‍ നടക്കുന്ന അതേ താളഭംഗിയില്ലേ?. എന്താണ് തനിക്കും ഇവര്‍ക്കുമിടയില്‍? അവള്‍ തലയറഞ്ഞു ചിന്തിച്ചു. മുജ്ജന്മബന്ധംപോലെ എന്തോ ഒന്നുണ്ട്. ചിലപ്പോള്‍ അത് തന്‍റെ മനസ്സിന്‍റെ തോന്നലുമാവാം.

കലുഷമായ മനസ്സുമായി ആകെ തളര്‍ന്ന മട്ടില്‍ സീത വീട്ടിലേയ്ക്ക് നടന്നു. മനസ്സിന്‍റെ സ്വസ്ഥതയാകെ നഷ്ടപ്പെട്ടിരിക്കുന്നു. ഉമയുടെ സാന്നിധ്യം സീത കൊതിച്ചു. അപ്പോള്‍ത്തന്നെ അവളെ ഒന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് തോന്നി. പരീക്ഷയടുത്തു വരുന്നതുകൊണ്ട് പഠിപ്പിന്റെ തിരക്കിലാവും ദേവു. അതോര്‍ത്തപ്പോള്‍ അങ്ങോട്ടുള്ള നടപ്പാതയില്യ്ക്കിറങ്ങിയ സീത പിന്നെയത് വേണ്ടെന്നു വച്ച് തിരിച്ചു വീട്ടിലേയ്ക്ക്തന്നെ നടന്നു.

നീ എവിടെയായിരുന്നു? അമ്മാളു കോപിച്ചു. സീത മിണ്ടിയില്ല. മിണ്ടിയാല്‍ തന്‍റെ ഉള്ളില്‍ക്കിടന്ന് ശ്വാസംമുട്ടി ഊര്‍ദ്ധ്വന്‍വലിക്കുന്ന തൊലിയുരിഞ്ഞ സത്യങ്ങള്‍ പുറത്തു ചാടിയാലോ എന്നവള്‍ ഭയന്നു. പക്ഷെ അറിയണം, അപ്പ പറഞ്ഞതിന്‍റെ പൊരുള്‍. ആര്, ആരാണയാള്‍? ചോദ്യം നെഞ്ചില്‍ നീറിപ്പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതറിയാതെ മനസ്സിന് ശാന്തി കിട്ടില്ല. ഏതോ വലിയിടത്തെ കുട്ടി. കാഴ്ചയ്ക്ക് എന്തൊരാഢൃത്വമാണെന്ന് തന്നെ നോക്കി പലരും പറയുന്നത് കേട്ടിട്ടുണ്ട്. വാസ്തവമറിയണം. തമ്പുരാട്ടിയ്ക്ക് തീര്‍ച്ചയായും അറിയും എന്നെങ്കിലും താനത് ചോര്‍ത്തും. സീത ഉറപ്പിച്ചു..

“ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ പോകുന്നു. കുറച്ചു ടൈപ്പ് പഠിക്കണം” സീത അമ്മയോട് പറഞ്ഞു  തന്‍റെ പഠിപ്പോ ഭാവിയോ അമ്മയ്ക്ക് ഒരു വിഷയമല്ല. അതിനുള്ള വിവരമോ ലോകപരിചയമോ അവര്‍ക്കില്ല  എന്നറിയാമെങ്കിലും പറയേണ്ടത് തന്‍റെ കടമയാണെന്ന് സീത കരുതി.

“പൊയ്ക്കോ! ചെറിയ കാശല്ലേ വേണ്ടു” അവര്‍ പറഞ്ഞത് സീത പക്ഷേ മുഖവിലയ്ക്കെടുത്തില്ല.. തമ്പുരാട്ടിയോട് അനുഗ്രഹം വാങ്ങി സീത ക്ലാസ്സില്‍ ചേരാനായി പുറത്തെയ്ക്കിറങ്ങിയതും വഴിയരികില്‍ നില്‍ക്കുന്നു, മുണ്ടി. കൈ വിരിച്ചുപിടിച്ചവള്‍ സീതയുടെ വഴി തടഞ്ഞു നില്‍ക്കുകയാണ്. ഏതോ ഉള്‍പ്രേരണയാല്‍ സീതയവളെ ആദ്യമായി സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു.

നിന്നെയാണല്ലോ മുണ്ടീ ഞാന്‍ ഇന്ന് ശകുനം കണ്ടത്.? സീതയവളോടു ചിരിച്ചു കാട്ടി. മുണ്ടിയ്ക്കും സന്തോഷമായി. സന്തോഷം കലര്‍ന്ന അവളുടെ വികൃതമായ ചിരിയില്‍ ലോകം കീഴടക്കിയ സംതൃപ്തി. അസ്പഷ്ടമായി അവള്‍ എന്തൊക്കെയോ അപശബ്ദം പുറപ്പെടുവിച്ചു. പോകുന്ന വഴി സീത  ഉമയുടെ വീട്ടിലും കയറി വിവരം പറഞ്ഞു.

“പരീക്ഷ കഴിഞ്ഞ് ഞാനും വരാമെടീ” ഉമ പറഞ്ഞു.

‘മുന്നോട്ടു നടക്കവേ പിറകില്‍നിന്ന് ചമ്മുവിന്‍റെ പാട്ടു കേട്ടു.

തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ!.. സീതയത് കേട്ടതായിപ്പോലും  നടിച്ചില്ല. തനിക്കിപ്പോള്‍ ഒന്നിനോടും പ്രതികരിക്കാന്‍ തോന്നാറില്ലെന്ന കാര്യം അവള്‍ തിരിച്ചറിയുകയായിരുന്നു. പക്ഷെ, ആ പാട്ടിലെ വരികളുടെ അന്തരാര്‍ത്ഥം ആകെപ്പാടെ സ്വയമൊന്നു വിലയിരുത്താന്‍ അവളെ പ്രേരിപ്പിച്ചു. തന്നെത്തന്നെ അടിമുടി നിരീക്ഷിക്കുന്നതിനിടയില്‍ അവള്‍ തന്‍റെ മാറിലേയ്ക്ക് ഒന്ന് പാളിനോക്കി. നാളെ മുതല്‍ പുറത്തിറങ്ങുമ്പോള്‍ ഹാഫ് സാരി ചുറ്റണം. അതിന് ഒരു കീറ് തുണിമതിയാവും. അമ്മ സമ്മതിക്കുമോ എന്നറിയില്ല. സമ്മതിച്ചില്ലേല്‍ വേണ്ട. തമ്പുരാട്ടിയുടെ പഴയ സാരി ചോദിച്ചു വാങ്ങാം. ബ്ലൗസ് ചെറുതാക്കി തയ്പ്പിക്കണം അത്രയേ വേണ്ടു.

സാധിക്കില്ല എന്ന് അറിയാവുന്ന ആഗ്രഹങ്ങള്‍ക്കെല്ലാം തടയിടുകയായിരുന്നു ഇതുവരെ താന്‍. സീത ഓരോന്നോര്‍ത്തുകൊണ്ട് നടന്നു. നൃത്തം എന്നും തനിക്കു ഭ്രാന്തായിരുന്നു. പഠിക്കണമെന്ന് വീട്ടില്‍ സൂചിപ്പിച്ചതേയുള്ളൂ. അതിന്‍റെ ഫീസ്‌, അലങ്കാരങ്ങള്‍ വേഷഭൂഷാദികള്‍ ഒക്കെ വലിയ പണച്ചിലവാണെന്നു പറഞ്ഞ് ആ മോഹം അമ്മ കടയ്ക്കല്‍ വച്ചേ നുള്ളിക്കളഞ്ഞു. മോഹങ്ങളൊന്നും തങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ദേവുവിന്‍റെ അവസ്ഥയും അതൊക്കെത്തന്നെ. കുട്ടിക്കാലത്ത് വെള്ളക്കൊലുസിടാന്‍ കരഞ്ഞു ബഹളംവച്ചത് സീത ഓര്‍ത്തു. സ്വര്‍ണ്ണം ചോദിച്ചില്ല, വെള്ളിയുടെ മതിയായിരുന്നു തനിക്ക്. വെള്ളയോടായിരുന്നു അന്നൊക്കെ ഇഷ്ടം. വാങ്ങിത്തരാന്‍ പാങ്ങില്ല എന്നുപറഞ്ഞ് അപ്പ ഒഴിഞ്ഞുമാറി സ്ക്കൂളില്‍ നിന്ന് വിനോദയാത്രയ്ക്കുപോകാനുള്ള അനുവാദത്തിനായി പിന്നാലെ നടന്നതാണ് അവസാനത്തെ ഓര്‍മ്മ. പണമില്ല എന്ന ഒറ്റ വാക്കില്‍ തകര്‍ത്തുകളഞ്ഞു തന്‍റെയാ കുഞ്ഞു മോഹം പോലും. അവിടെ കുഴിച്ചു മൂടി സര്‍വ്വ അഭിലാഷങ്ങളും.. സഫലമാവാന്‍ പോകുന്നില്ല എന്നറിയാവുന്നതു കൊണ്ടുതന്നെ പിന്നീട് ഒരാഗ്രഹവും അപ്പനോടോ അമ്മയോടോ പറയാന്‍ തുനിഞ്ഞിട്ടില്ല. കുഞ്ഞുന്നാളില്‍ ആകെ രണ്ടോ മൂന്നോ ഉടുപ്പുകളാണുണ്ടായിരുന്നതെന്ന് സീത ഓര്‍ത്തു. കഴുകിക്കഴുകി അതിന്‍റെ നിറവും പകിട്ടും എല്ലാം പോയതു കണ്ട് ഭദ്രത്തമ്പുരാട്ടിയാണ് നല്ല രണ്ടുടുപ്പ് പിന്നെ വാങ്ങിത്തന്നത്. കൂട്ടത്തില്‍ കാലിലിടാന്‍ ഒരു ജോഡി ചെരുപ്പും.. ആഗ്രഹങ്ങളൊന്നും പൂര്‍ത്തീകരിക്കാനാവാത്ത ചില അഭിശപ്തജന്മങ്ങള്‍ ഉണ്ട്. താനും ദേവുവുമൊക്കെ അതാണ്‌. അതവരുടെ വിധിയാണ്. ജന്മനാ എഴുതപ്പെട്ടിട്ടുള്ള  ശിരോലിഖിതമാണ്. സീതയ്ക്ക് ഓര്‍ക്കെയോര്‍ക്കെ സങ്കടം വന്നു.

              ***
ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാരുമൊത്തുള്ള ദിവസങ്ങള്‍ ഉല്ലാസപ്രദമായിരുന്നു..ആദ്യമായിട്ടാണ് സീത വിശാലമായൊരു പുറംലോകം കാണുന്നത്‌. ഷോപ്പിംഗ്‌ എന്നാല്‍ എന്തെന്നുപോലും അറിവില്ലായിരുന്ന സീതയിപ്പോള്‍  കൂട്ടുകാരൊത്തു ഷോപ്പിങ്ങിനും സിനിമയ്ക്കും ഒക്കെ പോകാന്‍തുടങ്ങിയപ്പോള്‍ അവളുടെ മനസ്സിന്‍റെ ഭാരം കുറെയൊക്കെ ഒഴിവായിക്കിട്ടി.. ടൗണില്‍ത്തന്നെയുള്ള സിനിമാകൊട്ടകയില്‍ പോയി “ഹൃദയം ഒരു ക്ഷേത്രം” എന്ന സിനിമാപ്പടം കണ്ടവള്‍ അവിടെയിരുന്നൊത്തിരി കരഞ്ഞു. അന്നന്നുള്ള വിശേഷങ്ങള്‍ ഉമയോട് പങ്കുവയ്ക്കാന്‍ സീത എന്നും അല്‍പ്പസമയം കണ്ടെത്തും. അന്നും പോയി, കരഞ്ഞു കലങ്ങിയ കണ്ണുമായി കഥപറയാന്‍. പിന്നീട് ഇടയ്ക്കൊക്കെ ഉമയെയും കൂട്ടിയായി സിനിമ കാണല്‍ . ആകെയുള്ള വിനോദം അവര്‍ക്കതു മാത്രമായിരുന്നു.

വീട്ടില്‍ വന്നുകഴിഞ്ഞാല്‍ തമ്പുരാട്ടിയെ സഹായിക്കാന്‍ സീത കൊട്ടരത്തിലേയ്ക്കോടും ബാക്കിയുള്ള സമയം അമ്മയെ സഹായിക്കാനായി നീക്കിവയ്ക്കും. എങ്കിലും അമ്മയ്ക്കവള്‍ മുഖം കൊടുക്കാറില്ല. ആ മുഖത്തേയ്ക്ക് നോക്കുമ്പോളൊക്കെ അവളുടെ ഉള്ളു കലങ്ങും. മനസ്സ് അസ്വാസ്ഥ്യപ്പെടും.  

                ****
“റിസള്‍ട്ട്‌ വന്നു!!. ഉമയത് പറയുമ്പോള്‍ ആ മുഖത്തെ നിരാശയും അസന്തുഷ്ടിയും വളരെ വ്യക്തമായിരുന്നു. ഉമ എന്നും കണക്കെന്ന വിഷയത്തിന്‍റെ ശത്രുവായിരുന്നു. അടിത്തറ ഉറപ്പായി കെട്ടിയെങ്കിലല്ലേ അതിന്മേല്‍ നല്ല സൗധം പണിയാന്‍ പറ്റൂ? കണക്കിനിപ്പോഴും കഷ്ടിയാണ്‌ മാര്‍ക്ക്‌.

എഴുതിയവരെല്ലാം കണക്കിന് പിന്നെയും തോറ്റു സീതേ! അവള്‍ പറഞ്ഞു.

ഈ കുട്ടികള്‍ക്കൊന്നും പഠിക്കാന്‍ ബുദ്ധിയില്ലേ? സീതയുടെ ആ ചോദ്യം ഉമയ്ക്ക്‌ തീരെ പിടിച്ചില്ല.

നീയെന്താ സീതേ ഇപ്പറയുന്നത്‌? മുപ്പതോളം കുട്ടികളുടെ ബുദ്ധി ഒന്നുപോലെ കെട്ടതാവാന്‍ അവരെന്താ ഒരേ അച്ഛനമ്മമാര്‍ക്ക് പിറന്നവരാണോ? അല്ലേല്‍ അപ്പനുമമ്മയ്ക്കും ബുദ്ധിയില്ലാഞ്ഞിട്ടാണെന്ന് പറഞ്ഞു നീ അതും ന്യായീകരിച്ചേനെ. പല വീടുകളില്‍ നിന്നും, പല ചുറ്റുപാടുകളില്‍ നിന്നും, വ്യത്യസ്തമായ  ജീവിത സാഹചര്യങ്ങളില്‍ നിന്നുമൊക്കെ വരുന്നവരല്ലേ? എല്ലാവരും ഒന്നുപോലെ തോല്‍ക്കാന്‍ കാരണമെന്താ, എന്തുകൊണ്ടാ,  എന്തുകൊണ്ടാണത്? നീ പറ! ഉമ സീതയെ പിടിച്ചുലച്ചു. കുട്ടികളുടെ ഭാവി നശിപ്പിക്കാനിറങ്ങിത്തിരിച്ച,  ഗുരു എന്ന പവിത്രമായ വാക്കില്‍ കളങ്കം ചേര്‍ത്ത് ആ പദം തന്നെ വികൃതമാക്കിയ ഒരു കൂട്ടം അധ്യാപകരാണ് കാരണക്കാര്‍. അവര്‍ക്ക് കുട്ടികളുടെ ഭാവി ഒരു പ്രശ്നമേയല്ല. നിര്‍ദ്ധനരും നിരക്ഷരരുമായ രക്ഷിതാക്കളാണ് പലരുടെയും ഇര. അല്ലെങ്കില്‍പ്പിന്നെ ആരെങ്കിലും  ഈവക  സര്‍ക്കാര്‍ സ്കൂളില്‍ മക്കളെ കൊണ്ടുപോയി തള്ളുമോ? എട്ടാം ക്ലാസില്‍ അവിടെ കൊണ്ടുപോയി തട്ടുമ്പോള്‍ എനിക്ക് കാര്യവിവരം തീരെ ഉണ്ടായിരുന്നില്ല. അതെങ്ങനെ? 4 വയസ്സുള്ള ബുദ്ധി വളര്‍ച്ചയില്ലാത്ത കുഞ്ഞിനെ 2 വയസ്സ് കൂട്ടിവച്ച് സ്കൂളില്‍ ചേര്‍ത്ത് തൊല്ലയൊഴിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് വല്ല ബോധവുമുണ്ടോ?

ഉമയ്ക്ക്‌ ധാര്‍മ്മികരോക്ഷം ആളിക്കത്തുകയായിരുന്നു. തന്നോടെന്നല്ല, ലോകത്തോട്‌ തന്നെ അവള്‍ക്കു വെറുപ്പ്‌ തോന്നി...

നിനക്കറിയാമല്ലോ ഞാനെങ്ങനെ നന്നായി പഠിക്കുമായിരുന്നവളാണെന്ന്! നിന്നെ പഠിപ്പിച്ച ടീച്ചര്‍ ഞങ്ങളെയും പഠിപ്പിച്ചിരുന്നെങ്കില്‍! നിനക്കറിയോ? ഈ വര്‍ഷം എല്ലാ പാഠപുസ്തകങ്ങളും മാറ്റമാണ്. തോറ്റുപോയവരുടെ ജീവിതം തകര്‍ന്നില്ലേ? ഇനിയവരെന്തു ചെയ്യും? നശിക്കാനായിട്ട് ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മൊത്തം, എട്ടിലെയും ഒമ്പതിലെയും സിലബസ് പോലും മാറിയിരിക്കുന്നു. കഷ്ടകാലത്തിന് അതിലെ ചോദ്യങ്ങളും പബ്ലിക്‌ പരീക്ഷയ്ക്ക് വരും. അന്യായം കണ്ടാല്‍ ഒരിക്കലും സഹിക്കുന്നവളല്ല ഉമ.  ഉമയ്ക്ക്‌ അവരുടെ അലംഭാവം വരുത്തിവച്ച ഈ തകര്‍ച്ചയോട് പ്രതികരിക്കാതെ വയ്യ. അവള്‍ ഭ്രാന്തിയെപ്പോലെ പുലമ്പി. വിദ്യാഭ്യാസ സമ്പ്രദായത്തെപ്പോലും അപലപിക്കാന്‍ തോന്നി.. “ഒക്കെ തോന്ന്യാസം. എത്ര ആഞ്ഞു തുഴഞ്ഞാലാ ഇനി അവരൊക്കെ ഒന്ന് അക്കരെയെത്തുക?” ഉമ സങ്കടം സഹിയ്ക്കാന്‍ വയ്യാതെ കരയുകയായിരുന്നു.

ദേവൂ ആ മൂന്നാല് കുട്ടികള്‍ എങ്ങനെയാണ് പാസ്സായത്‌? അതൊരത്ഭുതം തന്നെ . സീത വീണ്ടും പറഞ്ഞു.

അതെ! അതത്ഭുതമാണ്. ഇത്തിരി വിവരമുണ്ടായിപ്പോയി അവരുടെ അച്ഛനമ്മമാര്‍ക്ക്. ചെറുതെങ്കിലും ഉദ്യോഗമുള്ള അച്ഛന്മാരാണ് അവരുടേത്. മക്കള്‍ അഗാധ ഗര്‍ത്തത്തിലേയ്ക്ക് തലകുത്തി വീഴാന്‍ പോകുന്നു എന്നറിഞ്ഞയുടന്‍ രക്ഷാമാര്‍ഗ്ഗം തേടി, അവരെല്ലാം. മക്കള്‍ക്ക്‌ നല്ല ട്യൂഷന്‍ ഏര്‍പ്പാടാക്കി. പോരാത്തതിന്  കുട്ടികളെ കൂടെയിരുത്തി അവര്‍തന്നെ  പഠിപ്പിച്ചു. ഇക്കഴിഞ്ഞ 6 മാസം ട്യൂഷന് പോയിട്ടല്ലേ ഞാന്‍ കടന്നുകൂടിയത്? ഈ മാര്‍ക്കും കൊണ്ട് ചെന്നാല്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ കിട്ടുമെന്ന് നീ വിചാരിക്കുന്നുണ്ടോ. ഇനി വല്ല പാരലല്‍ കോളേജിലും പോകേണ്ടിവരും. ങാ, എല്ലാം വിധിപോലെ വരട്ടെ. തലേലെഴുത്ത് അമര്‍ത്തിത്തൂത്താല്‍ പോകുമോ? അവള്‍ ഹൃദയവേദന താങ്ങാനാവാതെ തേങ്ങുകയായിരുന്നു .

ശരിയാ. വിഷമിക്കാതെ ദേവൂ! നീ എന്നെ നോക്ക്! ജയിച്ചിട്ടെന്താ? ആരുണ്ട്‌ തുടര്‍ന്ന് പഠിപ്പിക്കാന്‍? വീട്ടില്‍ അതിനുള്ള വകയുണ്ടോ? ഇല്ല.! ഇനി ആരുടെയെങ്കിലും സഹായം സ്വീകരിക്കാമെന്നുവച്ചാല്‍ അതിനുമെനിക്കാവില്ല. അപ്പോള്‍ എല്ലാം വരുന്നതുപോലെ വരട്ടെ എന്ന് സമാധാനിക്കാം. നമ്മുടെയൊന്നും ഭാവി നമ്മുടെ കയ്യിലല്ലെടീ. സീത കുറേക്കൂടി വിശാലമായി ചിന്തിച്ചു. നിന്നെപ്പോലെ ഞാനുമിപ്പോള്‍ വിധിയില്‍ വിശ്വസിക്കുകയാണ്.  

“ഇപ്പോഴേ കെട്ടിച്ചു വിടുന്നതിനെപ്പറ്റിയാണ് വീട്ടുകാരുടെ ചിന്ത. ഉമ തുടര്‍ന്നു.. നമ്മളൊക്കെ കാണാന്‍ മോശമല്ലാത്തതുകൊണ്ടാവാം, അവിടെയുമിവിടെയുമിരുന്നു ഓരോരുത്തര്‍ പെണ്ണ് ചോദിക്കാന്‍ തുടങ്ങീട്ടുണ്ട്. പെണ്ണിന് സൗന്ദര്യം ശാപമാണെന്ന് പറയുന്നത് വെറുതെയല്ല സീതേ, പ്രത്യേകിച്ചു പാവങ്ങള്‍ക്ക്. ഏതെങ്കിലും അണ്ടനോ അഴകോടനൊ സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞു വരരുതേ എന്നാ എന്‍റെ പ്രാര്‍ത്ഥന. വന്നാല്‍ ഒന്നും നോക്കില്ല വീട്ടുകാര്‍ കയ്യോടെ പിടിച്ചു കൊടുക്കും.” ഉമയുടെ മുഖത്ത് ആരോടൊക്കെയോ ഉള്ള വെറുപ്പും തികഞ്ഞ പരിഹാസവുമായിരുന്നു.

നിരാശയുടെ പടുകുഴിയില്‍ നിന്നുകൊണ്ട് തുല്യദുഖിതരായ രണ്ടു കൂട്ടുകാരികളും തങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിത സാഹചര്യങ്ങളിലുള്ള അന്തരവും അനുഭവസാമ്യവും പങ്കുവച്ചു. തങ്ങള്‍ എത്ര നിസ്സഹായരാണ്?. ചുറ്റുപാടുകള്‍ വ്യത്യസ്ഥമെങ്കിലും ഫലത്തില്‍ രണ്ടാളും നേരിടുന്ന പ്രശ്നങ്ങള്‍ ഏറെ സമാനതയുള്ളവയാണെന്നവര്‍ തിരിച്ചറിയുകയായിരുന്നു. .  

തുടരും......

Read more: https://www.emalayalee.com/writer/318

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക