Image

ഊമകളെപ്പോലെ (കവിത: ഷീജ അരീക്കൽ)

Published on 10 June, 2026
ഊമകളെപ്പോലെ (കവിത: ഷീജ അരീക്കൽ)

ശബ്ദമുള്ളവരുടെ 
നാടായിട്ടും
ഊമകളെപ്പോലെയുള്ള 
മനുഷ്യർ..

ആശയവിനിമയത്തിനായി
അവർ
കവിതകളുപയോഗിച്ചു..

അവിടത്തെ സ്ത്രീകൾ
ആനന്ദത്തിലും 
വേദനയിലുമെല്ലാം
അവരുടെ
കവിതകൾ 
വീടുകൾ പോലെ
അലങ്കരിച്ചു...

സ്നേഹത്തിന്റെ 
ആകാശങ്ങളെ
മാറോടമർത്തിപ്പിടിച്ചു
കവിതകൾ കൊണ്ട് 
വാത്സല്യപ്പെട്ടു...

അവിടത്തെ പുരുഷൻമാർ
നിറവേറ്റാത്ത 
കാര്യങ്ങളെക്കുറിച്ചോർത്ത്
കവിതകൾ കൊണ്ട് 
സ്വപ്നം കണ്ടു..

നേടിയെടുക്കാൻ പറ്റാത്ത
കാര്യങ്ങളോർത്ത്
കവിതകൾ കൊണ്ട്
നെടുവീർപ്പിട്ടു..

വിദ്വേഷമോ
അനുകമ്പയോ ദയയോ
പ്രകടിപ്പിയ്ക്കാനവർ
കവിതകൾ
കഴുത്തിൽ കയറു പോലെ
കെട്ടിനടന്നു...

കവിതകൾ
വെള്ളപ്പൊക്കത്തിലും
വരൾച്ചയിലും
ദുരിതപ്പെടാൻ
തുടങ്ങിയപ്പോളവർ
അവിടമുപേക്ഷിച്ച്
ശബ്ദമുള്ളവരുടെ
നാട്ടിലേക്ക്
തിരിച്ചു പോയി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക