
ന്യൂയോര്‍ക്ക്: ഒളിയമ്പുകൾ എയ്‌തും വാക്കുകളിൽ വ്യംഗ്യാർത്ഥം ഒളിപ്പിച്ചും ഫോമായിലെ രണ്ടു പാനലുകൾ ഏറ്റുമുട്ടിയ മുഖാമുഖം 2026-28 കാലത്ത് സംഘടന ഏതു ദിശയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി. പൊതുവിൽ സൗഹൃദപരമായ ചർച്ച ആയിരുന്നുവെങ്കിലും വരികൾക്കിടയിൽ വ്യത്യസ്തമായ അർത്ഥതലങ്ങൾ ഒളിപ്പിക്കാൻ ഇരു കൂട്ടരും വിരുത് കാട്ടി.
ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇലക്ഷൻ ഡിബേറ്റ് സംഘടനയുടെ ഭാവി, നേതൃത്വത്തിന്റെ ദിശ, അംഗസംഘടനകളുടെ പങ്കാളിത്തം, യുവജന-വനിതാ ശാക്തീകരണം, സാമ്പത്തിക സുതാര്യത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കേരള കണ്‍വെന്‍ഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സജീവ ചര്‍ച്ചക്ക് വേദിയായി. മത്സരരംഗത്തുള്ള ടീം പ്രോമിസിന്റെയും ടീം വോയിസ് ഓഫ് ഫോമായുടെയും സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിച്ചു.
ഡിബേറ്റിന് തുടക്കം കുറിച്ച് ആർ.വി.പി. കൂടിയായ മോഡറേറ്റര്‍ മാത്യു ജോഷ്വ, നിലവിലുള്ള നേതൃത്വത്തെയോ മുന്‍ ഭരണസമിതികളെയോ വിമര്‍ശിക്കാനല്ല പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും കാലത്തിനനുസരിച്ച് സംഘടനകളില്‍ മാറ്റങ്ങളും നവീകരണങ്ങളും അനിവാര്യമാണെന്നും വ്യക്തമാക്കി. ഫോമാ ഇതുവരെ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുകയല്ല ലക്ഷ്യം, മറിച്ച് പുതിയ കാലഘട്ടത്തില്‍ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് ഡിബേറ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ചോദ്യത്തിന് മറുപടി നല്‍കിയ ടീം പ്രോമിസ് പ്രസിഡൻറ് സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ്, 2026-28 കാലയളവിലേക്കുള്ള ടീമിന്റെ ദര്‍ശനം, വിശ്വാസം, സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നീ നാല് അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് പറഞ്ഞു. യുവജനങ്ങള്‍, സ്ത്രീകള്‍, അംഗസംഘടനകള്‍ എന്നിവയെ കൂടുതല്‍ ഉള്‍പ്പെടുത്തി ഫോമയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. റീജിയണല്‍, ദേശീയ തലങ്ങളില്‍ യൂത്ത് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് ഫോമ കണ്‍വെന്‍ഷനില്‍ പ്രകടനാവസരം ഒരുക്കുമെന്നും, കണ്‍വെന്‍ഷനുകളില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക നെറ്റ്‌വര്‍ക്കിംഗ്, സൗഹൃദ വേദികള്‍, ബാൻക്വേറ്റ് എന്നിവ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഫോറത്തിന് റീജിയണല്‍, ദേശീയ സമ്മേളനങ്ങള്‍, കുടുംബസംഗമങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കായികമത്സരങ്ങള്‍ എന്നിവ നടത്തും. മയാമിയില്‍ ഫോമയുടെ പേരില്‍ വള്ളംകളി സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. അംഗസംഘടനകളും ഫോമയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ‘വിദ്യാജ്യോതി’ സ്കോളര്‍ഷിപ്പ് പദ്ധതി വരും. അംഗസംഘടനകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് ഫോമ തുല്യ തുക നല്‍കുന്ന മാതൃകയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോമ ആപ്പ്, ന്യൂസ്‌ലെറ്റര്‍, സൂം മീറ്റിംഗുകള്‍ എന്നിവ വഴി എല്ലാ അംഗസംഘടനകളുമായും സ്ഥിരം ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടീം വോയിസ് ഓഫ് ഫോമായുടെ പ്രസിഡൻറ് സ്ഥാനാര്‍ഥി ബിജു തോണിക്കടവില്‍ ഫോമായുടെ ഭാവി സത്യസന്ധത, സുതാര്യത, ധാര്‍മിക മൂല്യങ്ങള്‍, ഉത്തരവാദിത്വബോധം എന്നിവയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു . വിവിധ കമ്മിറ്റികളിലും ദേശീയ നേതൃത്വത്തിലും പ്രവര്‍ത്തിച്ച അനുഭവസമ്പന്നരായവരുടെ സംഘമാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോമ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് പദ്ധതി കൂടുതല്‍ വിപുലീകരിച്ച് ആയിരം അംഗങ്ങളെ ഉള്‍പ്പെടുത്തി അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കയിലെയും കേരളത്തിലെയും മലയാളികളെ സഹായിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കും. വനിതകള്‍, യുവജനങ്ങള്‍, കുടുംബങ്ങള്‍, സീനിയര്‍ സിറ്റിസണ്‍സ് എന്നിവരെ ഫോമയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് പ്രധാന ലക്‌ഷ്യം. സീനിയര്‍ സിറ്റിസണ്‍സിന് ആരോഗ്യ ബോധവത്കരണ ക്ലാസുകളും വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ബിസിനസുകാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സഹായ ശൃംഖല രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികളായ പോള്‍ പി. ജോസും അനു സ്കറിയയും തങ്ങളുടെ ടീമുകളുടെ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫോമായുടെ ദേശീയ നേതൃത്വത്തിലും വിവിധ കമ്മിറ്റികളിലും പ്രവര്‍ത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് ടീം വോയിസ് ഓഫ് ഫോമായിലുള്ളതെന്നും, സംഘടനയുടെ ഹൃദയസ്പന്ദനങ്ങള്‍ മനസിലാക്കിയ ശേഷമാണ് തങ്ങള്‍ മത്സരരംഗത്തിറങ്ങിയതെന്നും പോള്‍ പി. ജോസ് പറഞ്ഞു. അതേസമയം, ടെക്ക് രംഗത്തെ തന്റെ പരിചയത്തിൽ നിന്ന് ഫോമായുടെ ഏറ്റവും വലിയ വെല്ലുവിളി ആശയവിനിമയത്തിലെ പോരായ്മയാണെന്ന് അനു സ്കറിയ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് അംഗസംഘടനകളുമായും ആര്‍.വി.പി.മാരുമായും ദേശീയ നേതൃത്വവുമായും ശക്തമായ ആശയവിനിമയ ശൃംഖല സൃഷ്ടിക്കുമെന്നും, കൂടുതല്‍ അംഗങ്ങളെ വിവിധ കമ്മിറ്റികളിലേക്ക് ഉള്‍പ്പെടുത്തി അവരെ ഫോമായുടെ പ്രവര്‍ത്തനങ്ങളുടെ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സുതാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ടീം പ്രോമിസിന്റെ ട്രഷറര്‍ സ്ഥാനാര്‍ഥി ബിനോയ് തോമസ്, അംഗങ്ങള്‍ നല്‍കുന്ന ഓരോ ഡോളറിന്റെയും കണക്കുകള്‍ ഓരോ മൂന്നു മാസവും ദേശീയ കമ്മിറ്റിക്കും റീജിയനുകള്‍ക്കും അംഗസംഘടനകള്‍ക്കും ലഭ്യമാക്കുമെന്നും, സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ സുതാര്യതയോടെ നടത്തുമെന്നും ഉറപ്പുനല്‍കി. ടീം വോയിസിന്റെ പ്രദീപ് നായര്‍ ഫോമായുടെ വിവിധ കമ്മിറ്റികളില്‍ 2008 മുതല്‍ പ്രവര്‍ത്തിച്ച അനുഭവം ചൂണ്ടിക്കാട്ടി. 2020-22 കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് ട്രഷറര്‍മാര്‍ കൈകാര്യം ചെയ്ത ബജറ്റുകളിലും സാമ്പത്തിക അച്ചടക്കം പാലിക്കപ്പെട്ടിരുന്നുവെന്നും, അംഗങ്ങളുടെ പണം ഏറ്റവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാനല്‍ രാഷ്ട്രീയം സംഘടനയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്നുണ്ടോ എന്ന ചോദ്യത്തിന് ടീം വോയിസിന്റെ സാമുവൽ മത്തായി, തങ്ങളുടെ ടീമിലെ അംഗങ്ങള്‍ പൊതുപ്രവര്‍ത്തനത്തിലും ജീവകാരുണ്യ രംഗത്തും കാഴ്വ് തെളിയിച്ചവരാണെന്നും പ്രവര്‍ത്തനരേഖയാണ് നേതൃസ്ഥാനങ്ങള്‍ക്കുള്ള യോഗ്യതയെന്നും പറഞ്ഞു. ടീം പ്രോമിസിന്റെ ജോണ്‍സണ്‍ ജോസഫ്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാ പാനലുകളും അവസാനിച്ച് ‘ടീം ഫോമാ’ മാത്രമേ ഉണ്ടാകൂ എന്നും വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാവരും ഫോമായുടെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. ആർ.വി.പി എന്ന നിലയിൽ വെസ്റ്റേണ്‍ റീജിയനില്‍ നടത്തിയ ബിസിനസ് മീറ്റിന്റെയും വിവിധ സംഘടനകളുമായുള്ള ആശയവിനിമയത്തിന്റെയും വിജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവജനങ്ങളെയും കുടുംബങ്ങളെയും സ്ത്രീകളെയും ഫോമയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ എന്താണ് പദ്ധതിയെന്ന ചോദ്യത്തിന് ടീം പ്രോമിസിന്റെ രേഷ്മ രഞ്ജന്‍, യുവജനങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്താതെ ഫോമായുടെ വളര്‍ച്ച സാധ്യമല്ലെന്ന് വ്യക്തമാക്കി. വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് പദ്ധതി, കാന്‍സര്‍ ബോധവത്കരണ പദ്ധതി, ടെക്‌സസ് സര്‍വകലാശാലയുമായും കേരള സര്‍വകലാശാലയുമായും മലയാളം, കേരള പഠന വിഷയങ്ങളില്‍ സഹകരണ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. ടീം വോയിസിന്റെ ഡോ. മഞ്ജു പിള്ള ആരോഗ്യരംഗത്തെ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ആരോഗ്യ ഉപദേശ വേദി, മാനസികാരോഗ്യ ബോധവത്കരണം, ഓണ്‍ലൈന്‍ ക്ലാസുകള്‍, മെഡിക്കല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് മെന്ററിംഗ്, കാന്‍സര്‍ രോഗികള്‍ക്ക് പിന്തുണ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവർ അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല അമേരിക്കയിലും ശക്തിപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ടീം വോയിസിന്റെ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്റെ ദീര്‍ഘകാല ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കയിലും കേരളത്തിലുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ ഫണ്ട് ശേഖരിക്കുമെന്നും അവബോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം പ്രോമിസിന്റെ ടിറ്റോ ജോണ്‍, രണ്ടാം തലമുറ മലയാളികളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് കായികമേളകള്‍, വള്ളംകളി, വോളിബോള്‍, ക്രിക്കറ്റ്, കരിയര്‍ ഗൈഡന്‍സ് ഫോറങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് പറഞ്ഞു. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പ്രൊഫഷണലുകളെ യുവജനങ്ങള്‍ക്കായി മെന്റര്‍മാരായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചോദ്യത്തിന് ബിനോയ് തോമസ്, നിലവിലെ മാതൃകയില്‍ മാറ്റങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കളെ കേന്ദ്രീകരിചുള്ള പരിപാടികളില്‍ നിന്ന് മാറി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കേരളത്തിന്റെ സംസ്കാരവും ഗ്രാമീണ ജീവിതവും അടുത്തറിയാന്‍ കഴിയുന്ന തരത്തിലുള്ള കണ്‍വെന്‍ഷനുകളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രദീപ് നായര്‍ കേരളവുമായി ബന്ധം നിലനിര്‍ത്തുന്നതിന് കേരള കണ്‍വെന്‍ഷന്‍ വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരുമായും നാട്ടിലുള്ള കുടുംബങ്ങളുമായും ബന്ധം ശക്തിപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇത്തരം കണ്‍വെന്‍ഷനുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങളും ഐക്യമില്ലായ്മയും സംബന്ധിച്ച ചോദ്യത്തിന് പോള്‍ പി. ജോസ്, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എല്ലാ അഭിപ്രായങ്ങളും കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് നേതൃത്വത്തിന്റെ കടമയെന്നും പറഞ്ഞു. അനു സ്കറിയ, അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബ പ്രശ്നം പോലെ സംഘടനയ്ക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റി ഒരുമിച്ച് തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും വ്യക്തമാക്കി.

ഡിബേറ്റിലെ അവസാന ചോദ്യത്തിന് മറുപടി നല്‍കിയ മാത്യു വര്‍ഗീസ്, ഫോമായുടെ പല പ്രശ്നങ്ങളുടെയും അടിസ്ഥാനം ആശയവിനിമയത്തിലെ പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടി. ഫോമാ ആപ്പ്, ന്യൂസ്‌ലെറ്റര്‍, സൂം കണക്ട് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദേശീയ കമ്മിറ്റിയില്‍ നിന്ന് അംഗസംഘടനകളിലേക്കും റീജിയനുകളിലേക്കും വിവരങ്ങള്‍ സമയബന്ധിതമായി എത്തിക്കുമെന്നും, വ്യക്തിപരമായ അജണ്ടകളില്ലാതെ അംഗസംഘടനകളെ ചേര്‍ത്തുപിടിച്ച് ഫോമയെ മുന്നോട്ട് നയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ പ്രവർത്തനവും സഹകരണവുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബിജു തോണിക്കടവിൽ പറഞ്ഞു. പത്രമാധ്യമങ്ങളിലൂടെയല്ല ഫോമായുടെ കാര്യങ്ങൾ ഭാരവാഹികൾ അറിയേണ്ടത്. ഫോമായുടെ ബൈലോക്ക് അനുസൃതമായി മൂന്നു കൗണ്സിലുകളുമായി സഹകരിച്ചായിരിക്കും തങ്ങൾ പ്രവർത്തിക്കുക. പരസ്പരമുള്ള സ്നേഹവും വിട്ടുവീഴ്ചക്കുള്ള സന്നദ്ധതയുമാണ് സംഘടനയെ ശക്തിപ്പെടുത്തുന്നത്. അതിനു ഈഗോ മാറ്റി വയ്ക്കണം. ഇല്ലാത്ത കഥകൾ പറയുമ്പോൾ പുതുതായി വരുന്ന ചിലരെങ്കിലും ഇതെന്താണ് സംഭവം എന്ന് ചിന്തിക്കും. ഫോമായുടെ കണക്കുകൾ തികച്ചും സുതാര്യമാണ്. അത് മൂന്ന് സി.പി.എ ക്കാർ ഓഡിറ്റ് ചെയ്തതാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിബേറ്റില്‍ ഇരു പാനലുകളും തങ്ങളുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനരേഖകളും അവതരിപ്പിച്ചപ്പോള്‍, ഫോമായുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടനയുടെ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അംഗസംഘടനകള്‍ക്ക് വിലയിരുത്തലിന് പുതിയ മാനദണ്ഡങ്ങള്‍ സമ്മാനിച്ചതായി നിരീക്ഷിക്കപ്പെട്ടു.
ആർ വി പി മാത്യു ജോഷ്വ, സെക്രട്ടറി മാത്യു കെ ജോഷ്വ, നാഷണൽ കമ്മിറ്റി മെമ്പർ ജോസ് വർഗീസ്, സീനിയർ ഫോമാ ലീഡർ സജി എബ്രഹാം, ഹെൽപ്പിംഗ് ഹാൻഡ്സിന്റെ കൺവീനറായ ബിജു ചാക്കോ എന്നീ അഞ്ചുപേരുടെ ഒരു സബ്കമ്മിറ്റി ചേർന്നാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. നാഷണൽ കമ്മിറ്റി മെമ്പർ ജോസ് വർഗീസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.