Image

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി; ദേശീയ കൺവൻഷനും തിരഞ്ഞെടുപ്പും ചർച്ചകളിൽ നിറഞ്ഞു

Published on 08 June, 2026
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി; ദേശീയ കൺവൻഷനും തിരഞ്ഞെടുപ്പും ചർച്ചകളിൽ നിറഞ്ഞു

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റീജിയണൽ കൺവൻഷനും ഇലക്ഷൻ  ഡിബേറ്റും എൽമോണ്ടിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. വിവിധ ദേശീയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ടീമുകളുടെ പ്രതിനിധികൾ, ഫോമാ നേതാക്കൾ, അംഗസംഘടനാ പ്രതിനിധികൾ, പ്രവർത്തകർ എന്നിവർ   പങ്കെടുത്ത പരിപാടി സംഘടനയുടെ ഭാവി ദിശയെക്കുറിച്ചുള്ള ചർച്ചകൾക്കും വിലയിരുത്തലുകൾക്കും വേദിയായി. ഇതോടൊപ്പം കൺവൻഷൻ കിക്ക് ഓഫും നടന്നു.

മെട്രോ റീജിയൻ പ്രസിഡന്റ് മാത്യു ജോഷ്വയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം   ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ  ഉദ്ഘാടനം  ചെയ്തു. ഫോമായുടെ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദമായി അവലോകനം ചെയ്യുകയും സംഘടനയുടെ വളർച്ചയ്ക്കായി കൈക്കൊണ്ട വിവിധ നടപടികൾ അവതരിപ്പിക്കുകയും ചെയ്തു.

ഇലക്ഷൻ ഡിബേറ്റിൽ മാത്യു ജോഷ്വ മോഡറേറ്ററായിരുന്നു. സജി എബ്രഹാം സ്ഥാനാർത്ഥികളെ അവതരിപ്പിച്ചു. (റിപ്പോർട്ട് പിന്നാലെ)

മെട്രോ റീജിയൻ കഴിഞ്ഞ കാലയളവിൽ സജീവമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ  മുന്നേറ്റം കൈവരിച്ചതായി ചെയർമാൻ ഫിലിപ്പോസ് കെ.ജോസഫ് (ഷാജി), സെക്രട്ടറി ബോബി, ട്രഷറർ ബിഞ്ചു ജോൺ എന്നിവർ ചൂണ്ടിക്കാട്ടി. എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ട്രോഫി വോളിബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ള കായിക-സാമൂഹിക പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ റീജിയന് സാധിച്ചതായും, അതിന്റെ വിജയത്തിൽ ബിജുവിന്റെയും സംഘത്തിന്റെയും പങ്ക് പ്രത്യേകം അഭിനന്ദനാർഹമാണ്.

വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിൽ മെട്രോ റീജിയൻ പ്രതിനിധികളുടെ നിലപാട് നിർണായകമാകുമെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, മത്സരരംഗത്തുള്ള എല്ലാ ടീമുകളും റീജിയനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.

2008-ൽ രൂപീകൃതമായ സംഘടന   18 വർഷങ്ങൾ പിന്നിടുമ്പോൾ അമേരിക്കയിലെ ഏറ്റവും ശക്തമായ മലയാളി ഫെഡറേഷനായി വളർന്നുവെന്ന് ബേബി മണക്കുന്നേൽ  പറഞ്ഞു. തുടക്കം മുതൽ പ്രവർത്തിച്ച ദേശീയ കമ്മിറ്റികളുടെയും അംഗസംഘടനകളുടെയും സമർപ്പണമാണ് ഈ വളർച്ചയ്ക്ക് അടിസ്ഥാനം.  

ജൂലൈ 30, 31, ആഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്ന ഫോമായുടെ ഒൻപതാമത് ദേശീയ കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൺവൻഷൻ വേദിയായ വിൻഡം ഹോട്ടലിൽ 500 മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. എർളി ബേർഡ് രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ തന്നെ 380-ലധികം മുറികൾ ബുക്ക് ചെയ്യപ്പെട്ടു.  നിലവിൽ 450-ഓളം മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ശേഷിക്കുന്ന മുറികളും ഉടൻ നിറയുമെന്നും അദ്ദേഹം  ആത്മവിശ്വാസം  പ്രകടിപ്പിച്ചു.

കൺവൻഷൻ ലാൻഡ്-ബേസ്ഡ് മോഡലിൽ സംഘടിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ചും  വിശദീകരിച്ചു. ക്രൂസ് അല്ലെങ്കിൽ ഡെസ്റ്റിനേഷൻ കൺവൻഷൻ എന്ന ആശയം മുമ്പ് പരിഗണിച്ചിരുന്നുവെങ്കിലും, അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കാനും ലാൻഡ് കൺവൻഷനാണ് കൂടുതൽ അനുയോജ്യമെന്ന് വിലയിരുത്തിയാതായി ബേബി മണക്കുന്നേൽ പറഞ്ഞു..

സംഘടനയുടെ ബൈലോ ഭേദഗതികൾ ജനറൽ ബോഡിയുടെ അംഗീകാരത്തോടെ നടപ്പാക്കിയതായും ഫോമയുടെ ഭരണഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയതായും  അദ്ദേഹം അറിയിച്ചു. സംഘടനയുടെ അംഗത്വ വ്യാപനം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി അംഗസംഘടനകളുടെ എണ്ണം 84ൽ നിന്ന് 100 കടന്നു . ഈ നേട്ടത്തിന് നേതൃത്വം നൽകിയ വിജി എബ്രഹാമിനെ   അഭിനന്ദിച്ചു.

ഫോമയുടെ പ്രവർത്തന വികേന്ദ്രീകരണത്തിന്റെ ഭാഗമായി റീജിയനുകളുടെ എണ്ണം 13ൽ നിന്ന് 15 ആക്കി.   വിശാലമായ പ്രദേശങ്ങലടങ്ങിയ റീജിയനുകളെ  ചെറു റീജിയനുകളായി വിഭജിച്ചതിലൂടെ കൂടുതൽ അംഗങ്ങൾക്ക് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.

കേരള കൺവൻഷൻ, മെഡിക്കൽ ക്യാമ്പുകൾ, 'അമ്മയോടൊപ്പം' പദ്ധതി തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലയളവിൽ വിജയകരമായി നടപ്പാക്കി. കേരളത്തിൽ മാത്രം ഏകദേശം 65 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിവിധ പദ്ധതികളിലൂടെ വിതരണം ചെയ്യാൻ സാധിച്ചതായും ബേബി മണക്കുന്നേൽ  അറിയിച്ചു.

ഫോമാ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായി വളർന്ന സാഹചര്യത്തിൽ, ഐക്യത്തോടെയും കൂട്ടായ്മയോടെയും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം  ഓർമ്മിപ്പിച്ചു.

സ്ഥാനാർത്ഥികളെ സ്വീകരിക്കുന്ന പരിപാടികളും വാശിയേറിയ ഇലക്ഷൻ ഡിബേറ്റും  ഒരു മണിക്കൂർ നീണ്ടുനിന്നു.  തുടർന്ന് വിവിധ കലാപരിപാടികളും ചാരിറ്റി റിപ്പോർട്ട് അവതരണവും നടന്നു . ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് ആശംസകൾ നേർന്നു . നവോമിക ജൂബി അവതരിപ്പിച്ച വയലിൻ റിസെറ്റൽ, തൻസിം സാജിബ് ആലപിച്ച ഗാനം, GLIMMR  ഗ്രൂപ്പ് ഒരുക്കിയ ഡാൻസ്, ലോങ്ങ് ഐലൻഡ് താളലയം അവതരിപ്പിച്ച നാടകം 'ദയാവധം' എന്നിവ പരിപാടികൾക്ക് നിറം പകർന്നു.

ന്യൂയോർക്ക് മെട്രോ റീജിയൻ ട്രഷറർ ബിഞ്ചു ജോൺ, ചാരിറ്റി കോർഡിനേറ്റർ രാജേഷ് പുഷ്പരാജൻ എന്നിവർ 'ചാരിറ്റി ബഡീസ്' (Charity Buddies) പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു.

പരിപാടിയുടെ സമാപനത്തിൽ മെട്രോ റീജിയൻ നേതൃത്വം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ദേശീയ നേതാക്കൾ, മെട്രോ റീജിയൻ കൺവൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ദേശീയ കൺവൻഷനും തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സംഘടിപ്പിച്ച ഈ സമ്മേളനം ഫോമായുടെ ഭാവി പ്രവർത്തനങ്ങൾക്കും നേതൃത്വ തെരഞ്ഞെടുപ്പിനും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയതായി വിലയിരുത്തപ്പെട്ടു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക