
ഇത്തവണത്തെ ഫിഫ വേള്‍ഡ് കപ്പ് ആവേശത്തിന്റെ അമരത്തിലേക്ക് കടക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ജര്‍മ്മന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റിന്റെ പ്രവചനം. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും വിജയികളെ കൃത്യമായി പ്രവചിച്ച ചരിത്രമുള്ള അദ്ദേഹത്തിന്റെ 'സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍' ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് ഓറഞ്ച് പടയെയാണ്. അതേ, അട്ടിമറി വീരന്മാരായ നെതര്‍ലന്‍ഡ്‌സിനെ തന്നെ. ഡച്ച് ഫുട്‌ബോളിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു സമയത്താണ് ഈ പ്രവചനം പുറത്തുവരുന്നത്. റൊണാള്‍ഡ് കൂമാന്റെ പരിശീലനത്തിന് കീഴില്‍, കടുത്ത പോരാട്ടവീര്യമുള്ള ഒരു കൂട്ടം കളിക്കാരുമായി ലോകകപ്പിന്റെ പ്രധാന വേദിയിലേക്ക് ഗംഭീരമായി തിരിച്ചെത്താനാണ് ഫിഫ റാങ്കിംഗില്‍ എഴാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സ് ലക്ഷ്യമിടുന്നത്.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി 48 ടീമുകള്‍ 39 ദിവസങ്ങളില്‍ മാറ്റുരയ്ക്കുന്ന 104 മല്‍സരങ്ങളുള്ള 2026 ലോകകപ്പ്, കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാമാങ്കങ്ങളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ക്ലെമന്റിന്റെ പ്രവചനം ഈ നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫുട്‌ബോള്‍ ഉത്സവത്തിന്റെ ആവേശവും ആകാംഷയും ഇരട്ടിയാക്കിയിരിക്കുകയാണ്. ക്ലെമന്റിന്റെ വിശകലനം അനുസരിച്ച്, ഫൈനലില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് ലോക ചാമ്പ്യന്മാരാകും. സെമിഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് സ്‌പെയിനിനെയും, മറുഭാഗത്ത് പോര്‍ച്ചുഗല്‍ ഇംണ്ടിനെയും നേരിടുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ശ്രദ്ധേയമായ കാര്യം, ഡച്ച് പട ഇതിന് മുന്‍പ് മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ്. ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ജി.ഡി.പി, ജനസംഖ്യ, അന്താരാഷ്ട്ര റാങ്കിംഗ്, ആ രാജ്യത്ത് ഫുട്‌ബോളിനുള്ള സാംസ്‌കാരിക പ്രാധാന്യം, ഒപ്പം ഭാഗ്യത്തിന്റെ ഘടകം എന്നിവയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഒരു രീതിയാണ് ക്ലെമന്റ് തന്റെ പ്രവചനത്തില്‍ അവലംബിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാജ്യങ്ങള്‍ എങ്ങനെ പ്രകടനം നടത്തുമെന്ന് പ്രവചിക്കാന്‍ ഈ വിശകലന മോഡല്‍ സഹായിക്കുന്നു.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും തന്റെ പ്രവചനങ്ങള്‍ കൃത്യമായിരുന്നിട്ടുകൂടി, ഇതിനെ അത്ര ഗൗരവമായി എടുക്കരുതെന്ന് ക്ലെമന്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തന്റെ പ്രവചനത്തെ വിശ്വസിച്ച് ആരെങ്കിലും പന്തയം വെക്കാന്‍ മുതിര്‍ന്നാല്‍ ''അവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല...'' എന്നാണ് അദ്ദേഹം പറയുന്നത്, കാരണം ഇത് പൂര്‍ണ്ണമായും യുക്തിരഹിതമാണത്രേ. ''ഇത് ഒരു നാണയം മുകളിലേക്ക് ഇട്ടു നോക്കുന്നത് പോലെയാണ്. നാണയം താഴെ വീഴുമ്പോള്‍ തുടര്‍ച്ചയായി നാല് തവണയും ഹെഡ്‌സ് തന്നെ വരുമെന്ന് നിങ്ങള്‍ പ്രവചിച്ചേക്കാം, ചിലപ്പോള്‍ അത് അങ്ങനെ തന്നെ സംഭവിച്ചെന്നും വരാം. എന്നാല്‍ അടുത്ത തവണയും അത് തന്നെ സംഭവിക്കുമെന്ന് അതിനര്‍ത്ഥമില്ല...'' ക്ലെമന്റ് പറയുന്നു. വരുന്ന 15-ാം തീയതി തിങ്കളാഴ്ച, ടെക്‌സാസിലെ ആര്‍ലിംഗ്ടണിലുള്ള എറ്റി ആന്‍ഡ് റ്റി സ്റ്റേഡിയത്തില്‍ ജപ്പാനെതിരെയുള്ള മത്സരത്തോടെയാണ് നെതര്‍ലന്‍ഡ്‌സ് തങ്ങളുടെ ലോകകപ്പ് ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നെതര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ഒരു പേക്കിനാവായിരുന്നു.മല്‍സരത്തില്‍ ഗംഭീരമായ ഒരു തിരിച്ചുവരവിന്റെ തൊട്ടരികിലെത്തിയ ആ രാത്രി, ലയണല്‍ മെസ്സിയും സംഘവും ചേര്‍ന്ന് ഓറഞ്ച് പടയെ നാണംകെടുത്തിയാണ് മൈതാനത്തുനിന്ന് പറഞ്ഞുവിട്ടത്. കൂടാതെ, 1974, 1978, 2010 വര്‍ഷങ്ങളില്‍ ഫൈനലില്‍ എത്തിയിട്ടും ഒരിക്കല്‍ പോലും കിരീടം ഉയര്‍ത്താന്‍ കഴിയാത്തതിന്റെ വേദനയും ഡച്ചുകാര്‍ക്കുണ്ട്. എന്നാല്‍ ജോഹാന്‍ ക്രൈഫിന്റെയും ലോകത്തെ അത്ഭുതപ്പെടുത്തിയ ടോട്ടല്‍ ഫുട്‌ബോളിന്റെയും ആ പഴയ സുവര്‍ണ്ണകാലം ഒക്കെ കഴിഞ്ഞുപോയി. ഇപ്പോള്‍ ഹെഡ് കോച്ച് റൊണാള്‍ഡ് കൂമാന്‍ തന്റെ രണ്ടാം വട്ട വരവില്‍, കയ്യിലുള്ള സമര്‍ത്ഥരായ ഒരു കൂട്ടം കളിക്കാരെ വെച്ച് നെതര്‍ലന്‍ഡ്‌സിനെ വീണ്ടുമൊരു ഫുട്‌ബോള്‍ മഹാശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
യൂറോ 2024-ല്‍ സെമിഫൈനല്‍ വരെയുള്ള അവരുടെ ശാന്തമായ മുന്നേറ്റം കൂമാന് തീര്‍ച്ചയായും ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. പഴയ പ്രധാന കളിക്കാരെ തന്നെയാണ് അദ്ദേഹം ഇത്തവണയും നിലനിര്‍ത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് യൂറോ കപ്പ് നഷ്ടമായ ഫ്രെങ്കി ഡി യോങ് ആണ് ടീമിലെ ഏറ്റവും ശ്രദ്ധേയനായ താരം. ബാഴ്‌സലോണയ്‌ക്കൊപ്പം ഇരട്ട കിരീട നേട്ടത്തിന് ശേഷം എത്തുന്ന 29 കാരനായ ഡി യോങ്, റയാന്‍ ഗ്രാവന്‍ബെര്‍ച്ച്, ടിജാനി റെയ്ന്‍ഡേഴ്‌സ് എന്നിവര്‍ക്കൊപ്പം മധ്യനിര നിയന്ത്രിക്കാന്‍ പൂര്‍ണ്ണ സജ്ജനാണ്. എന്നിരുന്നാലും, നെതര്‍ലന്‍ഡ്‌സിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ പ്രതിരോധനിര തന്നെയാണ്. വിര്‍ജില്‍ വാന്‍ ഡൈക്, നാഥന്‍ ആകെ, ഡെന്‍സല്‍ ഡംഫ്രീസ് എന്നീ പരിചയസമ്പന്നരായ കളിക്കാരാണ് പ്രതിരോധ കോട്ട കാക്കുന്നത്. പരിക്കേറ്റ മത്തായിസ് ഡി ലിറ്റിന്റെ അഭാവം അവര്‍ക്ക് വലിയൊരു തിരിച്ചടിയാണ്.
മുന്നേറ്റനിരയില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാര്‍ ഡച്ച് നിരയിലുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ മെംഫിസ് ഡിപെ, കോഡി ഗാക്‌പോ, ഒപ്പം നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന്റെ ആ അവിശ്വസനീയ തിരിച്ചുവരവിന് വഴിയൊരുക്കിയ വൗട്ട് വെഗ്‌ഹോര്‍സ്റ്റ് എന്നിവരാണിവര്‍. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളാണ് വിര്‍ജില്‍ വാന്‍ ഡൈക് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഡ്രിബിള്‍ ചെയ്ത് മറികടക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു കളിക്കാരന്‍ എന്നതിലുപരി, സെറ്റ് പീസുകളില്‍ വാന്‍ ഡൈക് ഉയര്‍ത്തുന്ന വ്യോമാക്രമണ ഭീഷണി നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ ടീമിന് പൊന്നുപോലെ വിലപ്പെട്ടതാണ്. നെതര്‍ലന്‍ഡ്‌സിനെ യൂറോ 2020-ലേക്ക് യോഗ്യത നേടാന്‍ സഹായിച്ചതിലൂടെ, ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് റൊണാള്‍ഡ് കൂമാന്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്.
2014-ലെ ലോകകപ്പിന് ശേഷം ഡച്ച് ടീം കളിക്കുന്ന ആദ്യത്തെ പ്രധാന ടൂര്‍ണമെന്റായിരുന്നു അത്. ഇപ്പോള്‍ ഡച്ച് പരിശീലകനായുള്ള തന്റെ രണ്ടാം ഊഴത്തില്‍, 63-കാരനായ കൂമാന്‍ യൂറോ 2024-ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അവരുടെ പ്രശസ്തമായ ടോട്ടല്‍ ഫുട്‌ബോള്‍ ശൈലി ഉപേക്ഷിച്ചുവെന്ന ആക്ഷേപം നേരിടുന്ന ടീമിന് കൃത്യമായ ഒരു ആക്രമണ ശൈലി തിരികെ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഏതായാലും ഇതുവരെ കപ്പടിക്കാനാകാത്ത നെതര്‍ലന്‍ഡ്‌സ് ജോക്കിം ക്ലെമന്റിന്റെ പ്രവചനം ഫലിപ്പിച്ച് തങ്ങളുടെ കന്നി കിരീടം നേടുമോ എന്ന് കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.