
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വര്‍ധിച്ചുവരുന്ന ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകള്‍ക്കുമെതിരെ കേരള സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രശസ്ത നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കേരള പോലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി കുറ്റകൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാറും നിയമപാലകരും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശ്‌നം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലുകള്‍ക്കും ഉണ്ണി പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് കേരള പോലീസിനെ ടാഗ് ചെയ്ത് ഉണ്ണി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് കണ്ടതിന് പിന്നാലെ തന്നെ കേരള പോലീസ് ഐ.ടി. സെല്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ നടത്തിയ അതിവേഗ ഇടപെടല്‍ ശ്രദ്ധേയമാണെന്നും ആദ്യഘട്ട നടപടികളില്‍ മാത്രം ഒതുങ്ങാതെ തുടര്‍ച്ചയായ പരിശോധനകളും നടപടികളും തുടരുന്നതാണ് കൂടുതല്‍ അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ പരാതികള്‍ക്ക് സര്‍ക്കാറും പോലീസും നല്‍കുന്ന പ്രാധാന്യം ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കുക എന്നത് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും കടമയാണെന്നും സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച യുവാക്കള്‍ സമൂഹത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് സേനയ്ക്കും വിഷയത്തില്‍ ഇടപെട്ട ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ച ഉണ്ണി,പൗരന്മാരും സര്‍ക്കാരും നിയമപാലകരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.