Image

ധ്യാനത്തിന്റെ അനുഭവ തീരങ്ങൾ (അഭിമുഖം: ജെനി ആൻഡ്രൂസ്/ പ്രദീപ് പനങ്ങാട്)

Published on 08 June, 2026
ധ്യാനത്തിന്റെ  അനുഭവ തീരങ്ങൾ  (അഭിമുഖം: ജെനി ആൻഡ്രൂസ്/  പ്രദീപ് പനങ്ങാട്)

ജെനി ആൻഡ്രൂസിന്റെ എഴുത്തുകൾ ഭാവനയുടെ മഞ്ഞു പാതകളാണ്. അത് അകത്തേക്ക് അകത്തേക്ക് പടരുന്നതാണ്.പ്രകൃതിയും മനുഷ്യനും ജീവിതവും ഋതുഭേദങ്ങളും ഓരോ വാക്കിലും വരിയിലും പതിഞ്ഞിട്ടുണ്ട്. കവിത കാലത്തിന്റെ പ്രകാശരേഖകളിൽ സഞ്ചരിക്കുന്നു. അത് നിശബ്ദവും സാന്ദ്രവുമാണ്. കവി, വിവർത്തക എന്നീ നിലകളിൽ ജെനി സജീവമാണ്.ഏഴാം നാൾ, കോടമഞ്ഞ് ഇറുത്തു താ എന്നീ കവിതാ സമാഹാരങ്ങൾ, തേനിലെത്തുവോളം എന്ന ഉപന്യാസ സമാഹാരം. പതിനഞ്ചോളം വിവർത്തന കൃതികൾ പ്രസിദ്ധീകരിച്ചു.ജെനി ആൻഡ്രൂസ് പ്രദീപ് പനങ്ങാടുമായി സംസാരിക്കുന്നു :

അടിസ്ഥാനപരമായി താങ്കൾ ഒരു കവിയാണ് .ഗദ്യ രചനകൾ പോലും കാവ്യപ്രഭ പതിഞ്ഞതാണ് .കവിതയുടെ രസതന്ത്രം എന്താണ്?

കവിത വരിക പെട്ടെന്നാണ് .ഒരു ചിന്തയോ അനുഭവമോ വ്യക്തിയോ ഒരു ചെറു പ്രാണിയോ മരമോ ഒരു പൊരി കൊണ്ടുവന്നിടും .അത് പിന്നെ തനിയെ കൊളുത്തപ്പെടുകയാണ് .സങ്കടത്തിലല്ല കവിതയുടെ വരവ്. ഒഴിവിന്റെ നേരത്തിലാണ്.ഒഴിവിലെ നിറവിന്റെ നേരത്തിൽ, സ്വാസ്ഥ്യത്തിൻ്റെ ഒരനുഭവത്തിൽ. സങ്കടമോ വിരസതയോ  സംഘർഷമോ ഉള്ളപ്പോൾ കവിതയില്ല .എന്നെ കുറച്ചു ഞെരുക്കി അവ കടന്നുപോവുക മാത്രം .ഒരുപക്ഷേ ഒരു വിപരീതം തന്നെ എന്ന് തോന്നിയേക്കാം.

കവിതയിലേക്കുള്ള ശ്രദ്ധയൊന്നുമില്ല. ഇമേജറികൾ കുറവാണ് എന്നിൽ. ഒരു ചിന്തയെത്തിയതിന്റെ ചില വിപുലീകരണങ്ങളാവാം വാക്കുകളും വരികളും. ഒന്നും പ്രത്യേകിച്ച് തയ്യാറെടുക്കുന്നതല്ല ശ്രദ്ധിക്കുന്നതുമല്ല .ഒരു "വരവ്"എന്നല്ലാതെ മറ്റെന്താണു പറയേണ്ടതെന്ന് അറിയില്ല . പേന ഉപയോഗിച്ച് അക്ഷരങ്ങളെ വരയ്ക്കുമ്പോൾ ഒരു ആഹ്ലാദാനുഭവമാണ് കിട്ടുക. പൂവ് വിരിയും പോലെ വാക്കുകൾ വിരിയുന്നതായി തോന്നും. ടാബിലേയ്ക്ക് എഴുത്ത്  മാറ്റേണ്ടി വന്നപ്പോൾ ഇപ്പോൾ വിരൽത്തുമ്പാണ് ഉപയോഗിക്കുന്നത് .handwriting എന്ന പഴയകാല ഉപാധി പുതിയ കാലത്തിലേക്ക് പരിഗണമിച്ച വിധം. സ്ക്രീനിൽ ചൂണ്ടുവിരൽത്തുമ്പ് കൊണ്ട് കോറുമ്പോൾ, അക്ഷരങ്ങൾ വിടരുന്നു.പുതിയ ഒരാവിഷ്കാരം.

കവിതയ്ക്കുള്ളിൽ എപ്പോഴും ഒരു ധ്യാനസ്ഥലി സൂക്ഷിക്കുന്നുണ്ടല്ലോ. അത് ദാർശനികമായ സമീപനം ആണോ?

നിശബ്ദതയിലേക്ക് കിനിഞ്ഞിറങ്ങാൻ പ്രിയമാണ് .കുറേ ഒഴിവു നേരങ്ങൾ കിട്ടുന്നു , അഥവാ മറ്റു പലതും വേണ്ടെന്ന് വെച്ചിട്ട് ഒഴിവുനേരങ്ങളെ കൂടെ ചേർക്കുന്നു .അപ്പോഴാണ് സാധിക്കുക, ഈ നൂഴ്ന്നു പോകൽ. അത്തരം വായനകളും കൂടെയുണ്ട് .അവയിൽ നിന്നുള്ള കാഴ്ചയും രാകിമിനുക്കലുകളും ആണ് ഇപ്പോൾ ഏറ്റവും പ്രിയം. ഒരു സ്ഥലം .സ്വന്തം സ്ഥലം. വല്ലപ്പോഴും അവിടെ എന്തോ ചലനം സംഭവിക്കുമ്പോഴാവാം ഒരു പക്ഷേ, ഒരു കുറിയ്ക്കലിലേയ്ക്ക് പ്രേരണ എത്തുന്നത്.കൂടുതലും ,അപ്പോൾ മാത്രമാണത്.

പരമ്പരാഗത കാവ്യരീതികളെ നിരാകരിക്കുന്നു .എന്നാൽ കാല്പനികത നിലനിർത്തുകയും ചെയ്യുന്നു. ഇത് തിരിച്ചറിയുന്നുണ്ടോ?

" വൃത്ത"ത്തെ എൻറെ വൃത്തത്തിലാക്കാൻ സാധിച്ചിട്ടില്ല .എന്തോ, ചട്ടക്കൂടിന്റെ ഉള്ളിൽ അടങ്ങിയിരിക്കാത്ത ഒരു തെന്നിമാറൽ. നിരാകരിച്ചതോ നിലനിർത്തുന്നതോ അല്ല. അങ്ങനെയാണ് വരുന്നത് എന്നേയുള്ളൂ. ഇത് തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെ പറയാം."വല്ലാതെ ഫിലോസഫിക്കലാകുന്നു "എന്നൊരു ഓർമ്മപ്പെടുത്തൽ കെ. ബി. പ്രസന്നകുമാറിന്റെ ഭാഗത്തുനിന്ന് വന്നപ്പോഴും , "കവിതയാവശ്യപ്പെടുന്ന മിനുസങ്ങൾ കുറവാണ് ജെനിയിൽ " എന്ന് കൽപ്പറ്റ മാഷ് സൂചിപ്പിച്ചപ്പോഴും അതിൽ അല്പം ആലോചന ലഭിച്ചു. ഒരു സമയത്ത് ആ ഒരു സമീപനമായിരുന്നു. ഇപ്പോൾ തെല്ല് അയഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.

നിശബ്ദതയുടെ സാധ്യതകളും ഗാംഭീര്യവും അറിയിച്ചു തരും വിധമായിരുന്നു കുട്ടിക്കാലം .അയൽപക്കങ്ങൾ അത്രയില്ലാതെ, കൃഷിയിടത്തിന് നടുവിലെ വീട് .കൂട്ടുചേരലുകളോ ഒന്നും ഉണ്ടായിരുന്നില്ല .ആ ഇടം തൃപ്തികരമായിരുന്നു, ഇഷ്ടമായിരുന്നു.  മറ്റു സാധ്യതകൾ തേടിയില്ല. അജ്ഞാതമായ എന്തിന്റെയോ ആകർഷണം അറിഞ്ഞും ആസ്വദിച്ചുമായിരുന്നു ആ കാലം.എന്നാൽ അതൊന്നും അത്ര തീക്ഷ്ണം  എന്നു പറയാവുന്ന അളവിലൊന്നും ആയിരുന്നില്ല. ചിലപ്പോൾ ആ ചുറ്റുപാടുകൾ നൽകിയ എന്തോ ഒന്ന് ഉള്ളിൽ നിലനിൽക്കുകയാവാം. ഒരു കാല്പനികതയിലേക്ക് എന്നെയത് ഒഴുക്കിവിട്ടിട്ടുണ്ടാവാം. അനുദിന കാര്യങ്ങൾ അവയുടെ ചേരുവയിൽ നടന്നുകൊണ്ടിരിക്കുന്നു .ശരി, അവയങ്ങനെ നടക്കട്ടെ, എന്നാൽ സമാന്തരമായി ഒന്ന് അതിനൊപ്പം ഉണ്ട് .അതല്ലേ 'കാല്പനികത'? അതൊരു ഔഷധമാണ് .ഒഴിഞ്ഞുമാറൽ എന്ന നിർവചനം ചേരില്ല .കാലത്തോടൊപ്പം സഞ്ചരിക്കുമ്പോൾ, വഴിയരികിൽ നിന്ന് ചില ഔഷധയിലകൾ നുള്ളിയെടുത്ത് അതുകൂടി ചവച്ചിറക്കി അങ്ങനെ നടക്കുന്നു. ചിലപ്പോൾ വഴിക്കാഴ്ചയിൽ തെല്ലു തട്ടിനിൽക്കും, ചിലപ്പോൾ മഞ്ഞിലെന്നോണം തെന്നിപ്പായും , ചിലപ്പോൾ കല്ലും മുള്ളും വേദനിപ്പിക്കും .എന്നാലെന്താ, കാലത്തോടൊപ്പമല്ലേ ....രസകരം.അരങ്ങ്  അങ്ങനെ കിടക്കുന്നു , ഈ നാമരൂപം അതിന് ആടേണ്ടതായ രംഗങ്ങൾ ആടുന്നു.

കവിതയിൽ നിന്ന് യാത്രയിലേക്കും യാത്രയിൽ നിന്ന് കവിതയിലേക്കും സഞ്ചരിക്കുന്നു .ഇതിൻറെ ആന്തരിക സംഘർഷം എങ്ങനെ കണ്ടെത്തുന്നു?

യാത്ര കൂടുതലും ഇരിക്കുന്നിടത്തിരുന്നുള്ള യാത്രയാണ്. എവിടേക്കാണ് ,ആരാണ് അപ്പോൾ വഴികാട്ടി ,എന്ന് ചോദിച്ചാൽ പുസ്തകങ്ങളിലൂടെയുള്ള വിചാരങ്ങൾ തന്നെ യാത്രയും വഴികാട്ടിയും. പുറമേയുള്ള യാത്രകളും സാധിക്കാറുണ്ട് .സാധിക്കുമ്പോൾ വളരെ സന്തോഷം. ഇടയ്ക്കിടെ ഒന്നു കുതറാൻ,ചലിക്കാൻ -ലോകം കാണാൻ പുറപ്പെടുക തന്നെ. തിരിച്ചെത്താൻ വീടുണ്ടല്ലോ .യാത്രകൾക്കുള്ളിലെ യാത്രയിലായിരിക്കുമ്പോൾ (inner journey)വീട്ടിലായിരിക്കുകയാണ് .ദൂരമൊന്നും ഇല്ല . അരികെ അരികെ എല്ലാം .താദാത്മ്യം.ഒരു സ്വതന്ത്രതയുടെ തൂവലടുക്ക് ലഭിക്കുന്നു .പണികൾ, തിരക്ക്, സംഘർഷം ,എല്ലാമുണ്ട് .എന്നാലോ അല്ലാതെയുമുണ്ടല്ലോ മുഹൂർത്തങ്ങൾ.കവിത ചിലപ്പോൾ നമ്മെ റാഞ്ചിയെടുത്ത് ഒറ്റ കുതിപ്പാണ് .നാം വെറുതെ 'പേന '. പിന്നെ ആ കുതിക്കൽയാത്ര കഴിയുമ്പോൾ, "എന്താണിത് ?ഈ വാക്ക് യുക്തമോ? ഇതിൽ ശാസ്ത്രഭദ്രതയുണ്ടോ?" എന്നൊക്കെ ചികഞ്ഞു പോകേണ്ടിവരുന്നു. വീണ്ടും  പറയട്ടെ ,ഉപമകൾ രൂപകങ്ങൾ കുത്തിയൊഴുകുന്ന എഴുത്തല്ല എൻ്റേത്.ഉപമകളുടെ സമൃദ്ധമായ ഒഴുക്കുള്ള കവികളെ വായിക്കുമ്പോൾ ഞാൻ വിസ്മയിക്കാറുണ്ട് .ഒരു ഉറവയിലെത്തി നിന്ന് അവർ എഴുതുകയാണല്ലോ എന്ന് കൃത്യമായി കാണാനാവുന്നു

എഴുത്തിൽ സംഘർഷം തോന്നിയിട്ടുള്ളത് ചിലപ്പോൾ ഒന്നോ രണ്ടോ വാക്കിൽ ആയിരിക്കും! അവയുടെ കിട്ടായ്കയിൽ അങ്ങനെ തടഞ്ഞുനിന്നു പോകും .ചിലപ്പോൾ അങ്ങനെയങ്ങനെ ഇരുന്ന് ,ഒരു തൃപ്തികരമായ വരി/വാക്ക് വന്നേക്കും ! ആഹ്ലാദത്തോടെ ഒരു സുഹൃത്തിനെയെന്നപോലെ ഞാൻ സ്വീകരിച്ചാനയിക്കും.

സ്വയം രൂപപ്പെടുത്തുന്ന ദർശനങ്ങളുടെയും സമീപനങ്ങളുടെയും അടിസ്ഥാനം എന്താണ്?
 

"വാസ്തവം" എന്നതിലേക്ക് ഒരു ചായ്‌വ് ഉണ്ട് .പുറമേയുള്ള ബഹളങ്ങളിൽ നഷ്ടപ്പെടുന്ന ഒന്നിനെക്കുറിച്ച് ബോധ്യവും വിശ്വാസവും ലഭിച്ചപ്പോൾ ആ  ആരവങ്ങളിൽ നിന്ന് കുറെയൊക്കെ മാറിനിൽക്കാനാണ് താത്പര്യം .വേണ്ടപ്പോൾ മാത്രം ആയിടങ്ങളിൽ കാൽ വയ്ക്കുകയും ഉൾപ്പെടുകയും ചെയ്യുന്നുമുണ്ട് .എല്ലാത്തിലും അഭിപ്രായം നടത്തിയും എല്ലാ ലോകകാര്യങ്ങളും വീക്ഷിച്ചും വ്യാപരിക്കുവാൻ ഏറെയേറെപ്പേർ ."അല്ലാതെയും ജീവിക്കാമെന്ന് തെളിയിക്കുവാൻ "എന്നൊക്കെ ഞാൻ കളിയായി പറയുന്നത് കാര്യമായി തന്നെയാണ് .ഈ വാഹനം ഇങ്ങനെ പൊയ്ക്കൊള്ളട്ടെ , തിരക്കുള്ള പാതകളിൽ കുതിക്കാതെ മെല്ലെ ,എന്നാൽ ഇഴയാതെ, ഒരു ഗതി . കൃത്യമായ ബോധ്യമുണ്ട്.

വിവർത്തനങ്ങൾക്ക് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?

ആദ്യം തന്നെ നല്ല പുസ്തകങ്ങൾ ലഭിക്കുകയായിരുന്നു. ഡി.സി.ബുക്സിൽ നിന്ന് ആദ്യം ലഭിച്ചത് റോബിൻ ശർമയുടെ The Monk who Sold His Ferrari ആണ്.അന്ന് അത് വശ്യമായിരുന്നു .പുസ്തകങ്ങൾ ഓരോന്ന് ലഭിച്ചുകൊണ്ടിരുന്നു. സ്വന്തം ഭാഷയിലേക്ക് അവയെ പകർത്തിക്കൊണ്ടിരുന്നു .അതൊരു ശ്രദ്ധയുടെയും സാധനയുടെയും അനുഭവമായി .അങ്ങനെ എനിക്കുകൂടി ഉപകരിക്കുന്നവ എഴുതുവാനായി ആഭിമുഖ്യം .ഒഴിവു നേരങ്ങളെ വിവർത്തനത്താൽ‍ പൂരിപ്പിക്കുമ്പോൾ അല്പം തെളിച്ചവും പ്രതിഫലമായി ലഭിക്കുമ്പോൾ കൂടുതൽ ഔചിത്യം . ചില പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തവ തന്നെയാണ് .'മിർദാദിന്റെ ഗ്രന്ഥം' അടിവരയ്ക്കുന്ന നിശബ്ദത വളരെ സ്വാധീനശക്തിയുള്ളത്. അതിനെ എൻ്റെ ഭാഷയിലേക്ക് പകർത്താതെ വയ്യ എന്ന തോന്നൽ. കാഴ്ചപ്പാടുകളെയെല്ലാം ഇളക്കിമറിക്കുന്ന, തിങ്ങിക്കൂടലുകളെയെല്ലാം ചിതറിച്ചൊഴിപ്പിക്കുന്ന, മന്ത്രണങ്ങളാണവ.

 സെൻ  ഗുരുവിനെ എഴുതുമ്പോൾ ആ ഒരു പശ്ചാത്തല പ്രവേശനവും ഉള്ളാലെ നടത്തുന്നു. ചുറ്റുമിരിക്കുന്ന ശിഷ്യവൃന്ദത്തെയും ആശ്രമത്തെയും തെളിഞ്ഞു കണ്ടുകൊണ്ട് ,ഗുരുവിൻറെ ഗംഭീര സ്വരം കേട്ടുകൊണ്ട് ,അങ്ങനെ പകർത്തിക്കൊണ്ടിരിക്കും. 'മഞ്ഞുപുലി'യിൽ ഹിമശൈലങ്ങളുടെയും കാൽനടയാത്രകളുടെയും  ആന്തരിക സഞ്ചാരത്തിന്റെയും അനുഭവങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഞാനങ്ങനെ പീറ്റർ മാത്തീസന് പിന്നാലെ നടന്നു. ശക്തമായ പ്രകൃതി സാന്നിധ്യങ്ങൾ , തിരിച്ചറിവുകൾ .ഞാനും ഹിമക്കാറ്റേറ്റു, തളർച്ച തീർക്കാനുള്ള ഇരിപ്പുകൾ ഏറ്റെടുത്തു, കൂടാരരാത്രികൾ അറിഞ്ഞു.  ഈ എഴുത്തുകളെല്ലാം കൂട്ടിക്കൊണ്ടുപോകുന്നത് വാക്കുകളുടെ തലത്തിൽ നിന്ന് അർഥങ്ങളുടെ തലത്തിലേക്കാണ് .

വായനയ്ക്കും  ചിന്തയ്ക്കുമുള്ള ആ സമയക്കളം വിവർത്തനം എന്ന ക്രിയയാൽ കൂടുതൽ സംഗതമാകുന്നു. "നീ എന്തെടുക്കുന്നു?" എന്ന ചോദ്യമില്ലാതെ ഒരു വീട്ടമ്മയുടെ ഒഴിവു നേരങ്ങൾ പൂരിപ്പിക്കപ്പെടുന്നു.

വിവർത്തനം സ്വന്തം സർഗ്ഗാത്മക രചനകളെ സ്വാധീനിക്കാറുണ്ടോ?

വിവർത്തനത്തിന്റെ സ്വാധീനം തീർച്ചയായും എഴുത്തിലും ജീവിതത്തിലുമുണ്ട് .ചില മേഖലകളുടെ പരിചയങ്ങളിലേക്ക് അത് എന്നെ കൂട്ടുന്നു .പദസംയോജനം എന്ന ആ കല പരിശീലിക്കുവാൻ വിവർത്തനം സഹായിക്കുന്നു .രണ്ടു പദങ്ങളെ ചേർത്തുതുന്നി പുതിയതൊന്നിനെ സൃഷ്ടിച്ച് സന്തുഷ്ടിയോടെ കണ്ടുനോക്കുക എന്നത് വിവർത്തനത്തിനിടയിലെ ഒരു ആസ്വാദനമായിരുന്നു .'മഞ്ഞുപുലി'യിലൊക്കെ ആ സാധ്യതകൾ സന്തുഷ്ടമായി ഉപയോഗിക്കാനായി. ഒരു അടയിരിപ്പിന്റെ ക്ഷമയും അനുഭൂതിയും ഏറെ അറിയാൻ സാധിക്കുന്ന പുസ്തകങ്ങളാണ് കൂടുതലും.

ഇപ്പോൾ ,സൗമ്യതയ്ക്കൊപ്പം കാർക്കശ്യവുമുള്ള സൂഫിഗുരുവിനെയാണ് പകർത്തുന്നത് .അതിനാൽ കാവ്യാത്മക പരീക്ഷണങ്ങൾ ഒക്കെ നീക്കിവെച്ച് ഞാൻ ഗൗരവമണിഞ്ഞിരിക്കുന്നു .പക്ഷേ ആശയങ്ങളുടെ ആഴമോ ,അത്യപൂർവ്വം ,അതിഗംഭീരം. ഗുരുവിൻറെ കാർക്കശ്യവും സൗമ്യതയും ഒന്നിച്ചറിഞ്ഞുകൊണ്ട് .ആഴത്തെ അടയാളപ്പെടുത്തുമ്പോൾ അല്പം കർശനത ഭാഷയിലുണ്ടാകും. ഭാവനകളുടെയും സങ്കല്പങ്ങളുടെയും  കളങ്ങൾക്കപ്പുറമാണ് അവിടം. അതിനാൽ ആ വഴിക്കായി  സഞ്ചാരം.

അങ്ങനെ എഴുതിയെഴുതി വരുമ്പോൾ ഏതെങ്കിലുമൊരു ആശയത്തിന്റെ തുഞ്ചിൽ പിടിച്ച് ചിലപ്പോൾ ഒരു കവിതയിലേക്ക് കുതിച്ചിട്ടുണ്ട് .പുസ്തകവുമായി അത്ര ബന്ധമുണ്ടാകാറില്ല അതിന് . എന്നാൽ കുതിക്കാനുള്ള Spring board , അത് (ഈ ആശയത്തിന് ശ്രീ ആഷാമേനോനോട് കടപ്പാട്) അതിൽ നിന്നാണ് കിട്ടിയിരിക്കുന്നത്. അങ്ങനെ ഏതാനും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ,മുമ്പ്.

എന്നാൽ എഴുത്തിനേക്കാൾ ഈ പുസ്തകങ്ങൾ സഹായിച്ചിട്ടുള്ളത് ജീവിതച്ചുവടുകളെത്തന്നെയാണ്. ചൂണ്ടുപലകകളായി ലഭിക്കുന്ന പല വെളിപ്പെടലുകൾ .നടപ്പിന്റെ താളക്രമത്തിലേക്ക് അവയും ഈണങ്ങൾ തരുന്നു.

ബൈബിളിന്റെ സ്വാധീനം എഴുത്തിലേക്ക് പടരുന്നത് എങ്ങനെയാണ്?

ബൈബിൾ ഞാൻ ആദ്യം പരിചയിച്ചിട്ടുള്ളത് ശിക്ഷിക്കുന്ന ഒരു ദൈവത്തിൻറെ കൽപ്പനകളുടെ പുസ്തകം എന്ന നിലയിലാണ് .ഓ, കാർക്കശ്യങ്ങളുടെയും മധ്യസ്ഥതകളുടെയും ശിക്ഷയുടെയും ഒരു ലോകം .എനിക്ക് അത്ര ആകർഷണീയത തോന്നിയിരുന്നില്ല, ആ ലോകത്തോട് .ആകെപ്പാടെ ഒരു പാരുഷ്യം. ഒരു നിർബന്ധിത ഏർപ്പാട്. പിന്നെ അതിൽനിന്ന്  തേടിയപ്പോൾ  കണ്ടെടുത്ത ദർശനപ്രഭകളും ആന്തരിക നിഗൂഢതകളും ഒക്കെയാണ് സ്വാധീനിച്ചത് .യേശുവിനെ സ്നേഹിതൻ എന്നു കൂടിയാക്കി കാണുവാൻ സാധിച്ചപ്പോൾ നല്ലയൊരു സ്വാസ്ഥ്യം ലഭിച്ചു .എല്ലാ രഹസ്യങ്ങളുടെയും താക്കോൽ കയ്യിലുള്ള ഗുരു ,ക്ഷമാശീലൻ.എല്ലാം പറയാൻ ഒരാൾ .പിണക്കം ,ഇണക്കം , പ്രാർത്ഥന, sharing  ഒക്കെ നേരെയങ്ങ് പ്രകടമാക്കാം.  ബൈബിളിലെ മിന്നലൊളികൾ വളരെ അപൂർവമായി  കവിതയിലേക്ക് വന്ന് ഇടം പിടിച്ചിട്ടുണ്ട് .ഒരു വരിക്ക് മിഴിവ് തരാനും ,മറ്റൊരു വരിക്ക് ധൈര്യം പകരാനും ,വേറെ ഒന്നിന് ചങ്ങാത്തം തരാനും  ചിലപ്പോൾ ആ സുവിശേഷച്ചീന്തുകൾ തയ്യാറായി.

കവിതകൾ കാഴ്ചകളുടെ നിരയാണ് .ഇത് ബോധപൂർവ്വമായ തെരഞ്ഞെടുപ്പാണോ?

കവിതകളൊക്കെ വന്നിട്ടുള്ളത് വെറുതെയൊരു വരവിലൂടെയാണ് ."ഞാൻ നേരെ ഇങ്ങു പോന്നു ", എന്നൊക്കെ നമ്മൾ പറയാറുള്ളത് പോലെ. അതിൽ പരിഷ്കാരങ്ങൾ വരുത്തുവാൻ ശ്രമിച്ചാൽ അതിൻറെ തനിമയൊക്കെ പോകുമെന്ന് കണ്ടതിനാൽ അത്ര ശ്രമത്തിനൊന്നും മുതിരാറില്ല. എന്നാൽ ചില വാക്കുകളെ പെറുക്കി മാറ്റി അർത്ഥത്തിനോ വ്യക്തതക്കോ മറ്റു വാക്കുകളെ പകരം വയ്ക്കാറുണ്ട് ."ഓ കവിത ഇങ്ങനെ എഴുതണം - ഒരു ആശയത്തെ കേന്ദ്രമാക്കി വച്ച് ,സൂര്യനാക്കിവച്ച് ,അതിൽ നിന്നുള്ള അനേകം രശ്മികളെന്നപോലെ മറ്റ് ആശയങ്ങളെ പല ദിശയിൽ നിന്ന് ചേർത്ത് അടുക്കണം" , എന്നെങ്ങാൻ പരിശീലന ക്ലാസ്സ് ലഭിച്ചാൽ ഞാൻ തോറ്റത് തന്നെ .

ഒരു നിരയായി കാഴ്ചകൾ അല്ലെങ്കിൽ ദൃശ്യങ്ങൾ ഓടിക്കയറിയെങ്ങാൻ വന്നാൽ, അങ്ങനെ കുറെ വരികൾ ചേർന്ന് ഒരു കവിതയാകും .അങ്ങനെ വന്നിട്ടുണ്ട് .ഒന്നിനെ കണ്ട് മറ്റ് ഒന്നു രണ്ടിനെക്കൂടി ഓർമ്മിക്കുന്നു .ഒരു ഓർമ്മ അച്ചടക്കത്തോടെ വന്ന് നിന്നുതരുന്നു ,അപ്പോൾ അതിൻറെ ചർച്ചക്കാരെന്നപോലെ ഒന്നു രണ്ടു പേർ കൂടി ഓടി വരുന്നു. അങ്ങനെ ചിലപ്പോൾ .എന്നാൽ അതിലേക്ക് മറ്റൊരു ഗംഭീരനെക്കൂടി ചേർക്കണം എന്നെനിക്ക് തോന്നിയാൽ - സാധിക്കില്ല .എല്ലാം വിറങ്ങലിച്ചു നിൽക്കും .വരുന്നവരേ വരൂ, വരാത്തവരേ നിങ്ങൾ വരണമെന്നില്ല, എന്നേ ഞാൻ പറയൂ.

എഴുത്തും ജീവിതവും തമ്മിലുള്ള അടുപ്പം/അകൽച്ച എങ്ങനെയാണ്?

മുമ്പ് ,ഒരു മുഴുകിപ്പോകലിൽ നിന്ന് എഴുന്നേൽക്കുകയെന്നത് അല്പം ഉലച്ചിലാകുമായിരുന്നു. കറങ്ങുന്ന ഒരു ഫാൻ പെട്ടെന്ന് നിർത്തുമ്പോൾ ദലങ്ങൾ കുറച്ചുനേരം കൂടി മെല്ലെ കറങ്ങിത്തീർക്കും പോലെ, ആ അലകൾ അങ്ങനെ മനസ്സിൽ തുടരും. എന്നാൽ അനുദിനപരിസരത്തിലേക്ക് എത്തൽ എന്നതിനെ ഉടനെ തന്നെ ബാലൻസ് ചെയ്ത് എടുക്കും. "സാസെനിൽ ഇരിക്കുമ്പോൾ സദാ ആ ഇരിപ്പിൽ തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു ,എന്നാൽ വീണ്ടുമെനിക്ക് എൻറെ കർമ്മത്തെ മാറ്റേണ്ടതുണ്ട് ",എന്ന് സ്വന്തം ഉദാഹരണം തന്നെ വെച്ചുകൊണ്ട് സെൻ ഗുരു പറഞ്ഞത് പകർത്തിയപ്പോൾ, മനസ്സിൽ പതിഞ്ഞപ്പോൾ , ഇക്കാര്യത്തിൽ തീർച്ച കിട്ടി .ആ വ്യക്തത വഴി ആ വിഷമം ഇല്ലാതായി. ലഭിക്കാതെ പോയ ചില വാക്കുകളെയോ ആശയത്തെയോ ഉള്ളിലിട്ട് ചിന്ത ചെയ്തുകൊണ്ടിരിക്കുക എന്നത് സ്വാഭാവികമായും തുടരുന്നുണ്ട് എന്ന് മാത്രം. ജീവിതവുമായി ഇതൊന്നും കലമ്പുന്നില്ല.പ്രദീപിന്റെ ഈ ചോദ്യം ഒരു അമ്പരപ്പിലേക്കാണ് കൊണ്ടുപോയത് .എഴുത്തും ജീവിതവുമോ? -അവ തമ്മിൽ അടുത്താണല്ലോ, അല്ല അകന്നാണല്ലോ  എന്ന് മാറിമാറിക്കളിക്കുന്നു മനസ്സ്. രണ്ടും എൻ്റെ രണ്ടു വശത്തുമായി നീങ്ങുന്നു. അപ്പോൾ ഞാനോ?  ഇങ്ങനെ നടുവിൽ നിൽക്കുന്നു. ഒരു വശത്ത് ജീവിതവും, ഒരു വശത്ത് എഴുത്തും. രണ്ടും എന്നിൽ ഒരു കേന്ദ്രം ചമച്ച് അവയുടെ ഗതി തുടരുന്നു .അരികിലായി, അല്ല തെല്ലകലെയായി .ജീവിതമേ ,എഴുത്തേ,നിങ്ങൾ നിങ്ങളുടെ നിശ്ചിതവഴിയേ പൊയ്ക്കൊള്ളുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക