
ഇത് ദേശചരിത്രമാണ്. നാട്ടുജനതയുടെ ഓർമ്മകളിലൂടെ വീണ്ടെടുക്കുന്ന മണർകാടിന്റെ ചരിത്രം.
(മണർകാട്ടെ പുഴകളുടെ കഥ… സ്വച്ഛമായ കാർഷിക അനുബന്ധ ജീവിത താളങ്ങളിൽനിന്ന് ചടുലമായ പുത്തൻ യാന്ത്രിക വേഗത്തിലേക്കുള്ള ചുവടുമാറ്റത്തിനിടയിൽ പുഴകൾ തീർക്കുന്ന നാട്ടുചിത്രങ്ങൾ…)
ഇത് മണർകാട്ടെ പുഴകളുടെയും പുഴവഴികളുടെയും കഥയാണ്.
കോട്ടയം പ്രദേശത്തെ പ്രധാന നദിയായ മീനച്ചിലാർ മണർകാടിനു തൊട്ടുള്ള നട്ടാശ്ശേരി, പാറമ്പുഴ കരകളിലൂടെയാണ് ഒഴുകുന്നത്. മീനന്തറയാർ ആറുമാനൂരിൽ തുടങ്ങി ഏതാണ്ട് അഞ്ചു കിലോമീറ്ററോളം നീളത്തിലൊഴുകി നാഗമ്പടത്തു മീനച്ചിലാറിൽതന്നെ ചേരുന്ന കൈവഴിയാണ്. അതിന്റെ അസംഖ്യം കൈവഴികൾ മണർകാട്, തിരുവഞ്ചൂർ, പറമ്പുകര, വടവാതൂർ പ്രദേശങ്ങളുടെ നാഡീഞരമ്പുകളും. മറ്റൊരു നദിയായ കൊടൂരാർ മണർകാടിനുതൊട്ടുള്ള മാങ്ങാനം, പുതുപ്പള്ളി പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു.
പണ്ടുപണ്ടെങ്ങോ ഒരു വെള്ളപ്പൊക്ക കാലത്താണ് കോട്ടയത്തിന്റെ വടക്കുകിഴക്കു ഭാഗത്ത് മീനച്ചിലാറിനോടു ചേർന്ന ചതുപ്പുകളും നെട്ടായവുമായ വിശാലമായ വെള്ളക്കെട്ട് മീനച്ചിലാറും സമാന്തരമായി മീനന്തറയാറുമായി ഭൂമിശാസ്ത്രപരമായ ഘടന രൂപംകൊണ്ടത്. ഇരുനദികൾക്കും ഉപനദികൾക്കും ഇടയിൽ തുരുത്തുകൾ രൂപംകൊണ്ടു. എക്കലടിഞ്ഞ താഴ്ന്ന ചതുപ്പുകൾ വയലുകളായി. നദികൾക്കിടയിൽ രൂപംകൊണ്ട ഉയർന്ന പ്രദേശങ്ങൾ കരഭൂമിയും കാലക്രമത്തിൽ ജനവാസ ഇടങ്ങളുമായി. നട്ടാശ്ശേരി, പാറമ്പുഴ, തിരുവഞ്ചൂർ, വടവാതൂർ, മണർകാട് പ്രദേശങ്ങളിൽ 18, 19 നൂറ്റാണ്ടുകളിൽ നടന്ന കുടിയേറ്റങ്ങളുടെ സാമൂഹിക ചരിത്രം ഈ ഭൂമിശാസ്ത്ര പശ്‌ചാത്തലത്തിൽ കൂടിവേണം വിലയിരുത്താൻ.

മാർത്താണ്ഡവർമ്മയുടെ പടയോട്ടങ്ങൾക്കും തെക്കുംകൂറിന്റെ തകർച്ചയ്ക്കും മുമ്പുതന്നെ വാണിജ്യകേന്ദ്രങ്ങളായ താഴത്തങ്ങാടി, പുത്തനങ്ങാടി പഴയചന്ത പ്രദേശങ്ങളിൽനിന്നും ആളുകൾ കിഴക്കൻ ദിക്കുകളിലേക്ക് കുടിയേറി തുടങ്ങിയിരുന്നു. മണ്ണും പുഴയും മഴയും തുണച്ച മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പരിസരപ്രദേശങ്ങൾ ആവാസത്തിനു അനുയോജ്യമെന്നു കുടിയേറ്റക്കാർ കണ്ടെത്തി. ആദ്യം കുടിവെച്ചവർ നദീതീരങ്ങളെ ആവാസകേന്ദ്രങ്ങളും നീരൊഴുക്കുള്ള താഴ്ന്ന പ്രദേശങ്ങളെ പാടങ്ങളും ആക്കി. അവർ പാടങ്ങളിൽ നെല്ലും കരിമ്പും കൃഷിയിറക്കുകയും വെള്ളം കയറാത്ത ഉയർന്ന പറമ്പുകളുടെ ലക്ഷണമൊത്ത ഇടങ്ങളിൽ വീടുകൾ പണിയുകയും ചുറ്റുമുള്ള തൊടികളിൽ ഫലവൃക്ഷങ്ങളായ തെങ്ങും കവുങ്ങും മാവും പ്ലാവും നട്ടുവളർത്തുകയും മരങ്ങളിൽ കുരുമുളകു വള്ളികൾ പടർത്തുകയും ചെയ്തു. പറമ്പുകളിൽ ഫലവൃക്ഷങ്ങൾക്കൊപ്പം ആഞ്ഞിലിയും മരുതും പഞ്ഞിയും വട്ടയും പാലയും മറ്റു മരങ്ങളും യഥേഷ്ടം വളരാൻ അവർ അനുവദിച്ചു.
2
മണർകാടിനെ ജലസമൃദ്ധമാക്കിയിരുന്ന തോടുകളും പുഴകളും നദികളും തന്നെയായിരുന്നു പണ്ട് നാടിനു നടപ്പാതകളല്ലാതെ ഗതാഗതത്തിനുണ്ടായിരുന്ന ഏക മാർഗ്ഗവും. മീനച്ചിലാറിൽനിന്നും ആറുമാനൂരിൽ തുടങ്ങി ചെറുപുഴകളായി പലപേരുകളിൽ വഴക്കു കിഴക്കൻ പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോട്. തെക്കു കിഴക്കൻ പ്രദേശങ്ങളിൽ ഉറവയെടുത്ത് ഓലികളായി, ചെറുകൈവഴികളായി, തോടുകളായി ഒഴുകി മേത്താപറമ്പിൽ വടക്കുകിഴുക്കു പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുമായി ചേരുന്ന വെള്ളൂർ തോടും അതിന്റെ കൈവഴിയായ കാകാരിവേലി തോടും. നാടിന്റെ നടുവിലൂടൊഴുകുന്ന നടുതോടും കിഴക്കു പടിഞ്ഞാറൂടൊഴുകുന്ന ഐരാറ്റുനട തോടും. മീനന്തറയാറിലേക്കാണ് ഈ തോടുകളെല്ലാം ഒഴുകിയെത്തുക. തുടക്കത്തിലും ഒടുക്കത്തിലുമല്ലാതെ ഇടയ്ക്കും വടവാതൂർ കടത്തിനടുത്ത് മീനന്തറയാറിനെ മീനച്ചിലാറുമായി ബന്ധിപ്പിച്ച്, ഏറ്റമിറക്കങ്ങൾക്കൊപ്പം ജലമൊഴുക്കു നിയന്ത്രിച്ച് കൃഷിക്കും നാട്ടിൽ കുടിവെള്ളത്തിനും ഉപയോഗിക്കാവുന്ന കൈതേക്കെട്ടിലെ പരപ്പിന്റെ തുടർച്ചയായ ചെട്ടിത്തോട് ഭാഗികമായി അടഞ്ഞ നിലയിലാണ്. എം ആർ എഫിനു പടിഞ്ഞാറാരംഭിക്കുന്ന രണ്ടു കൈതോടുകൾ പറപ്പുഴ തോടെന്ന പേരിൽ കാരാണി പ്രദേശങ്ങൾ കടന്നു ഞാറക്കൽ കലുങ്കിനടിയിലൂടെ പൊൻപള്ളിഭാഗത്ത് മീനന്തറയാറിൽ ചേരുന്നു.

മീനച്ചിലാറിൽ ആറുമാനൂർ ടാപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കായി പുഴയ്ക്ക് "ട"ആകൃതിയായ ഭാഗത്ത് വടക്കുനിന്ന് തെക്കോട്ട് ഒഴുകി പടിഞ്ഞാറോട്ട് തിരിയുംമുമ്പു അടുത്തടുത്തായി ഉണ്ടായിരുന്ന ചൊറിച്ചിത്തോടും രണ്ടു കൈവഴികളായ മുണ്ടിത്തോടും ഒരു കിലോമീറ്ററിനുള്ളിൽ ഒന്നായിച്ചേർന്നു നീറിക്കാട് പാടത്തു പൂവത്തുമൂട്ടിൽ നിന്നെത്തുന്ന കാക്കത്തോടുമായി ചേർന്ന് തെക്കുകിഴക്ക് ദിശയിലൊഴുകി അയർക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി പൊയ്ക എന്ന പേരിൽ നെടുനീളത്തിൽ വളവില്ലാതെ വിശാലമായ നെട്ടായമായി തെക്കോട്ടൊഴുകി ഉരുളിത്തോടായി ചുറ്റിടങ്ങളെ ജലസമൃദ്ധമാക്കി തിരുവഞ്ചൂർ അയർക്കുന്നം റോഡിലെ ചപ്പാത്തും കടന്ന് അമയന്നൂർ മഹാദേവ ക്ഷേത്രത്തിനു പടിഞ്ഞാറ് ആറാട്ടുകടവിലെത്തി സ്പിന്നിംഗ് മില്ലിനോടു ചേർന്നു വാലുങ്കൽ തോടായി വയലുകൾക്കിടയിലൂടെ ഒഴുകി മേത്താപറമ്പിൽ കുന്നുകണ്ടത്തിൽ എത്തുന്നു.
വെള്ളൂർ തോടിന്റെ പ്രധാനശാഖ നാടിന്റെ കിഴക്കു വെന്നിമലയുടെ വടക്കുപടിഞ്ഞാറു ഉറവയെടുക്കുന്ന ഓലികൾ കൈത്തോടായി വടക്കോട്ടൊഴുകി വെള്ളൂരിന്റെ പടിഞ്ഞാറു കെ കെ റോഡിൽ എട്ടാം മൈലിനു പടിഞ്ഞാറുള്ള കലുങ്കിനടിയിലൂടെ വടക്കോട്ട് ഒഴുകുന്നു. പങ്ങടനിന്നും ഒഴുകിയെത്തുന്ന പാറാമറ്റം തോട് പുറകുളം ഭാഗത്തുവച്ച് വെള്ളൂർ തോടിനോട് ചേരും. പാറാമറ്റം, തെക്കു പടിഞ്ഞാറൻ അരീപ്പറമ്പ് പ്രദേശങ്ങളിലൂടെ ഒഴുകി മാലം പാലത്തിനടിയിലൂടെ മണർകാട് സെന്റ് മേരീസ് കോളജ് സ്ഥിതി ചെയ്യുന്ന കുന്നിന്റെ പടിഞ്ഞാറു മേത്താപറമ്പ് ഭാഗത്ത് വയലിലെത്തും. വെള്ളൂർ തോട്ടിൽനിന്നും വേർപെട്ടു മാലം രണ്ടാം പാലത്തിനടിയിലൂടെ ഒഴുകുന്ന മാലം തോടും മേത്താപറമ്പു ഭാഗത്തു കുന്നുകണ്ടത്തിൽ ഗുരുതിക്കളത്തിനു തൊട്ടുമുമ്പു വീണ്ടും വെള്ളൂർ തോട്ടിൽചേരും. അമയന്നൂർ മെത്രാഞ്ചേരി ഭാഗത്തുനിന്നും അരീപ്പറമ്പിലൂടെ ഒഴുകിയെത്തുന്ന ചിറപ്പാലം തോട് ഗുരുതിക്കളത്തിനിപ്പുറം കുറിച്ചിപ്പടിക്കൽ വെള്ളൂർ തോട്ടിൽ ലയിക്കും. ഒന്നായി മേത്താഭാഗത്ത് ഊന്നുകല്ലിൽനിന്നും പാലമുറി ഭാഗത്തേക്ക് ഒഴുകുന്ന വെള്ളൂർ തോട്ടിൽ പാലമുറി പാലത്തിനു മുമ്പായി തിരുവഞ്ചൂർ നരിമറ്റം അമ്പലം ഭാഗത്തുനിന്ന് തുടങ്ങി പറമ്പുകരയ്ക്ക് പടിഞ്ഞാറുള്ള വയലിലൂടെ ഒഴുകുന്ന അരിപ്പനച്ചിറ വാച്ചാൽ തോടും ലയിക്കും.

കിഴക്കു കുറ്റിയക്കുന്നു ഭാഗത്തുനിന്നും ആരംഭിച്ചു പള്ളിക്കവലക്കു തെക്ക് പ്രകാശ് ടവറിനുമുന്നിൽ മണർകാട്-അയർക്കുന്നം റോഡുമുറിച്ചു മണർകാട് പള്ളിക്ക് തെക്കു വശത്തൂടെ ആദ്യം പടിഞ്ഞാട്ടും പിന്നെ വടക്കോട്ടുമൊഴുകി പള്ളിക്കുളത്തിനു ഓരത്തൂടെ ഒഴുകുന്ന കാകാരിവേലി തോട്. തേക്കുംകുന്നിൽനിന്നും പടിഞ്ഞാറോട്ടൊഴുകി കാകാരിവേലി തോട്ടിൽ എത്തുന്ന അധികജലം കിഴക്കടത്തുപറമ്പിന്റെ ഓരത്തു തോടിനു വീതി നൽകിയപ്പോൾ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന യാചകരുടെ നനകുളിയിടമായി എന്നത് പഴമക്കഥകൾ പറയുന്നവരിലൂടെ പകർന്നു കിട്ടിയത്. കാകാരിവേലിത്തോടും പള്ളിക്കടവിൽനിന്നും താഴോട്ടൊഴുകിയിരുന്ന പഴയ പള്ളിത്തോടും ഒന്നായൊഴുകി വണ്ടാനത്തുപടിയിൽ വച്ചായിരുന്നു വെള്ളൂർ തോട്ടിൽ ചേരുക.
തലപ്പാടി കുറ്റിക്കാട്ടുപറമ്പിനും അപ്പുറം കുന്നിൽനിന്നും തുടങ്ങി തലപ്പാടി എൽ പി സ്കൂളിനരികിൽ വഴിമുറിച്ച് സെന്റ് ജൂഡ് സ്കൂൾ, ചെറിയാൻ ആശ്രമംപോലെ സ്ഥാപനങ്ങളുടെയും ഒട്ടനവധി പുരയിടങ്ങളുടെയും സമീപത്തൂടെ ഒഴുകി കെ കെ റോഡിൽ ഐരാറ്റുനടയിലെ കിഴക്കേ പാലത്തിനടിയിലെത്തുന്ന ഐരാറ്റുനട തോടിനു മറ്റൊരു കൈവഴി കൂടിയുണ്ട്. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന കോതാപറയിൽ ആരംഭിച്ചു കൈതമറ്റം ഭാഗത്തുകൂടെയും പറപ്പള്ളിച്ചിറ പുരയിടങ്ങളുടെ ഓരത്തൂടെയും മരങ്ങാട്ടുചിറ കലുങ്കിന്റെ അടിയിലൂടെയും ഒഴുകുന്ന പറപ്പള്ളിച്ചിറ തോടെന്ന ആ കൈവഴി ഐരാറ്റുനടയിൽ പാലത്തിനു തെക്കു പണ്ടുണ്ടായിരുന്ന പാടത്തിന്റെ തെക്കുകിഴക്കേ മൂലയിൽ ഐരാറ്റുനട തോട്ടിൽ ചേരും.
ഐരാറ്റുനടയിൽ കെ കെ റോഡിനു കുറുകെയുള്ള രണ്ടു പാലങ്ങളിൽ പടിഞ്ഞാറു മാധവൻപടിക്കു തൊട്ടുമുമ്പ് അപകടവളവിലുള്ള പാലത്തിനടിയിൽ ഇന്ന് നീരൊഴുക്കില്ല. അവിടെ എത്തിച്ചേരുമായിരുന്ന തൊട്ടിത്തോടും ഇന്നില്ല. വടവാതൂർ സെമിനാരിക്കുന്നിലെങ്ങോ തുടങ്ങി മിൽമയുടെ പിന്നിലൂടെ മാധവൻപടിയിൽനിന്നും തെക്കോട്ടുള്ളവഴിയിൽ കല്ലുകാട് ജംഗ്ഷനുമുമ്പുള്ള കലുങ്കിനടിയിലൂടെ കിഴക്കോട്ടൊഴുകി ഐരാറ്റുനട പാലങ്ങൾക്കിടയിൽ കെ കെ റോഡിനു തെക്കു പണ്ടുണ്ടായിരുന്ന പാടത്തിനും തൊട്ടിക്കാരുടെ പുരയിടത്തിനും ഇടയിലൂടെയായിരുന്നു തൊട്ടിതോട് വടക്കോട്ട് ഒഴുകിയിരുന്നത്. ഈ തോട് ഐരാറ്റുനടയിലെ പടിഞ്ഞാറെ പാലത്തിനടിയിലൂടെ കെ കെ റോഡിന്റെ വടക്കു റോഡിനു ഓരംചേർന്ന് കിഴക്കോട്ട് ഒഴുകി ഇരുപാലങ്ങൾക്കും ഇടയിലുള്ള ചിറയുടെ നടുവിൽവെച്ച് കിഴക്കേ പാലത്തിനടിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകിയെത്തുന്ന ഐരാറ്റുനട തോട്ടിൽ ലയിച്ചിരുന്നു. ഇപ്പോൾ ഈ തോട് മരങ്ങാട്ടുചിറ കലുങ്കിനടിയിലൂടെ ഒഴുകിയെത്തുന്ന പറപ്പള്ളിച്ചിറ തോടിനോടോപ്പം ഐരാറ്റുനട തോട്ടിൽ ചേരുന്നു.

നടുതോട് വല്യഴം ഭാഗത്തു തുടങ്ങി കവലയിൽ കണ്ണാമ്പടത്ത് മാളികക്കും പുതിയ ബൈപ്പാസ് റോഡിനും ഇടയിയിൽ കണ്ണാമ്പടത്ത് തോടായി താഴോട്ടൊഴുകുന്നു. മെലിഞ്ഞു മെലിഞ്ഞു കാലുകടവിലൂടെ ഐരാറ്റുനട-മൂലേപ്പടി റോഡിൽ മൂലേപ്പടിക്കു തൊട്ടു തെക്കുള്ള ഇടുങ്ങിയ കലുങ്കിനടിയിലൂടെ ഞെരുങ്ങി വീണ്ടും താഴോട്ടൊഴുകുന്നു. പാറമ്പടം പാടത്ത് നടുതോട് പാറമ്പടം തോടായി ഐരാറ്റുനട തോട്ടിൽ ചേർന്നു വടക്കു പടിഞ്ഞാട്ടൊഴുകി മീനന്തറയാറിൽ ചേരും. ബൈപ്പാസ് റോഡിന്റെ തുടക്കത്തിൽ നടുതോടിൽനിന്നും തുടങ്ങി മുണ്ടാനിക്കൽ, തെങ്ങുംതുരുത്തേൽ, വാലേൽ, കരിമ്പനത്തറ, ചെറുകുന്നേൽ, പറമ്പുകളുടെ തെക്കൂടെ പടിഞ്ഞാറോട്ടൊഴുകി വാലേമറ്റത്ത് പാടത്തിൽ പതിക്കുന്ന കൈത്തോടും ഒത്തിരി മെലിഞ്ഞു.
3
ഇന്നത്തെപ്പോലെ കരഗതാഗതമോ വേണ്ടത്ര വഴികളോ ഇല്ലാതിരുന്ന അക്കാലത്ത് കൊതുമ്പുവള്ളങ്ങളും കെട്ടുവള്ളങ്ങളും കേവുവള്ളങ്ങളും ആയിരുന്നു യാത്രകൾക്കും ചരക്കുകൈമാറ്റത്തിനും പ്രധാന ആശ്രയം. പ്രൗഢപാരമ്പര്യ പ്രതീകങ്ങളായ സവാരിവള്ളങ്ങൾ, നാട്ടുകാരുടെ കടത്തുവള്ളങ്ങൾ, ചരക്കുവള്ളങ്ങൾ, പെരുന്നാൾ സാധനങ്ങളുമായെത്തുന്ന കച്ചവടവള്ളങ്ങൾ, ആളുകളെ കൂവിയുണർത്തുന്ന മീൻവള്ളങ്ങൾ, വിറകടുപ്പിൽ കത്തിയ കട്ടിവിറകിന്റെ ചാരവുമായി പോകുന്ന ചാരവള്ളങ്ങൾ... ഇങ്ങനെ അക്കാലത്തെ വള്ളക്കാഴ്ചകൾ. ജലയാത്രകൾക്ക് കാലാവസ്ഥ അനുകൂലമായിരിക്കണം. വെള്ളത്തിൻറെ ഒഴുക്കും പ്രധാനം. എറണാകുളം കായലിൽ തുടങ്ങി അനന്തപുരിയിലേക്ക് അഷ്ടമുടി, വേമ്പനാടൻ അടക്കം കായലുകൾ താണ്ടിയും അമ്പലപ്പുഴ, തൃക്കുന്നപ്പുഴ പോലെ താവളങ്ങളിൽ തങ്ങിയും രസകരവും സുഖപ്രദവുമായ ജലയാത്രയെക്കുറിച്ച് വി ടി ഭട്ടതിരിപ്പാടിന്റെ 'കർമ്മവിപാകം' എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

കിഴക്കൻ മലകളിലെ മലഞ്ചരക്കുകൾ മീനച്ചിലാറിലൂടെ കെട്ടുവളങ്ങളിലായിരുന്നു കോട്ടയത്തെ അങ്ങാടികളിൽ എത്തിയിരുന്നത്. മീനച്ചിലാറിന്റെ തീരത്തെ ചുങ്കവും കൊടൂരാറിന്റെ തീരത്തെ കച്ചേരിക്കടവും കോടിമതക്കടവും ചന്തക്കടവും ആയിരുന്നു കോട്ടയം പ്രദേശത്തെ പ്രധാന കടവുകൾ. മറ്റിടങ്ങളിലെന്നപോലെ കടവുകൾ മണർകാട്, വിജയപുരം നിവാസികളുടെയും ജീവിതത്തിന്റെയും ഭാഗമായി. തോണിയടുക്കുന്ന തോണിക്കടവ്, കുളിക്കാൻ കുളിക്കടവ്, മണ്ണാത്തി പെണ്ണുങ്ങൾക്ക് തുണി നനയ്ക്കാൻ മണ്ണാത്തി കടവ്, ആറാട്ടിറങ്ങുന്ന ആറാട്ടുകടവ്, മൃഗങ്ങളെ കുളിപ്പിക്കാൻ മാത്രമുള്ള കടവുകൾ പോലെ നിർവഹിക്കപ്പെടുന്ന സേവനങ്ങളുടെ പേരിലുള്ള നിരവധി കടവുകൾ നാട്ടിലും ഉണ്ടായി. മീനന്തറയാറിൽ പടിഞ്ഞാറേ അറ്റത്തുനിന്നും എടാട്ടു കടവ്, എലിപ്പുലിക്കാട്ടു കടവ്, ഇറഞ്ഞാൽ കടവ്, കറുകണ്ണി കടവ്, പൊൻപള്ളിക്കടവ്, വടവാതൂർ കടവ്, പുതുവ കടവ്, കരിപ്പാ കടവ്, വെള്ളാപ്പള്ളി കടവ്, തേമ്പ്രവാൽ കടവ് പോലെ സ്ഥലനാമങ്ങളായും കുടുംബപേരിലും കടത്തുകടവുകളായും ഒട്ടനവധി കടവുകൾ.
മീനന്തറയാറിലെ വടവാതൂർ കടത്തുകടവായിരുന്നു വിജയപുരത്തെ പ്രധാനകടവ്. കേവുവള്ളങ്ങളിൽ പാടങ്ങളിൽ വിളഞ്ഞ നെല്ലും കരിമ്പാട്ടിയ ശർക്കരയും അട്ടികളിലെ തേങ്ങയും തൊണ്ടും പുരയിടങ്ങളിലെ കുരുമുളകും വാട്ടുകപ്പയും കൊണ്ടുപോയിരുന്നു. ക്വാറികളിൽനിന്നും വള്ളങ്ങളിൽ കരിങ്കല്ലുകയറ്റി ആലപ്പുഴയിലേക്കും മറ്റും കൊണ്ടുപോയിരുന്ന കഴിഞ്ഞകാലങ്ങൾ ക്വാറികളുമായി അന്നും ഇന്നും ബന്ധമുള്ള എൺപതു പിന്നിട്ട ചിത്രന്റെയും അവിടെ താമസമാക്കിയ രാമനാമൂലയിലെ എഴുപത്തി മൂന്നു കഴിഞ്ഞ മാർക്കോച്ചന്റെയുമൊക്കെ ഓർമ്മകളിൽ ഇന്നുമുണ്ട്. ഒരു കേവുവള്ളത്തിൽ രണ്ടു ലോറിയിൽ കയറ്റുന്നതിലേറെ കരിങ്കല്ല് കയറ്റുമായിരുന്നത്രേ.
വെള്ളൂർ തോട്ടിലെ പാലമുറിയായിരുന്നു മണർകാട്ടെ അക്കാലത്തെ മറ്റൊരു പ്രധാന കടത്തുകടവും വ്യാപാരകേന്ദ്രവും. തേങ്ങയും തൊണ്ടും മറ്റു നാട്ടുകാർഷിക വിഭവങ്ങൾക്കുമൊപ്പം കക്കയും കുമ്മായവും ഇവിടെ വിനിമയം ചെയ്യപ്പെട്ടു. തെങ്ങിനു ചുവട്ടിലിടാനും പാടത്തു വിതറാനും വീടുകൾ വെള്ളയടിക്കാനുമായിരുന്നു കുമ്മായം. പാലമുറിക്കടവിൽ എത്തിക്കുന്ന തൊണ്ടും തേങ്ങയും മറ്റു കാർഷിക ഉൽപ്പന്നങ്ങളും മീനന്തലയാറിലൂടെ കെട്ടുവള്ളങ്ങളിലാവും താഴത്തങ്ങാടിയടക്കം കോട്ടയത്തെയും ആലപ്പുഴയിലെയും കായംകുളത്തെയും അങ്ങാടികളിൽ എത്തിക്കുക.
പള്ളിക്കു വടക്കു ഇപ്പോഴുള്ള സ്ത്രീകളുടെ പള്ളിക്കുളത്തിനു തൊട്ടായിരുന്നു പണ്ടുണ്ടായിരുന്ന പള്ളിക്കടവ്. മീനച്ചിലാറിൽനിന്നും മീനന്തറയാറിലൂടെ വെള്ളൂർ തോട്ടിലെത്തി വണ്ടാനത്തുപടിയിൽനിന്നും തോട്ടിലൂടെ തെക്കോട്ടു തുഴഞ്ഞു എട്ടുനോമ്പു പെരുന്നാളിനുംമറ്റും ചട്ടിയും കലവും മറ്റു കച്ചവടസാധനങ്ങളുമായി പള്ളിക്കടവിൽ എത്തുമായിരുന്ന വലിയ കെട്ടുവള്ളങ്ങൾ പഴമക്കർ പറഞ്ഞു പകർന്ന മണർകാടിന്റെ ഒളിമങ്ങാത്ത ഓർമ്മച്ചിത്രം. വീടുതോറും നടന്നു വാങ്ങുന്ന നെല്ല്, ശർക്കര, തേങ്ങാ, വേനൽക്കപ്പ, ചാരം ഇവയൊക്കെ വള്ളങ്ങളിൽ ആലപ്പുഴയ്ക്ക് കൊണ്ടുപോയിരുന്നു.
നടുതോട്ടിൽ കാലുകടവിൽ വള്ളങ്ങൾ എത്തുന്ന പഴയകാലങ്ങൾ പുതിയ തലമുറയിലെ ചിലർക്കെങ്കിലും പഴമക്കാരിലൂടെ പകർന്നുകിട്ടിയ കേട്ടറിവാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ചെറിയപള്ളി പരിസരത്തുനിന്നും നട്ടാശ്ശേരിയിലെത്തിയ തേറത്താനത്ത് കുര്യന്റെ കൊച്ചുമകൻ കുര്യന്റെ വൈഭവക്കാരിയായ ഭാര്യ വെള്ളപ്പൊക്കശല്യത്തെ തുടർന്ന് മക്കളെയുംകൊണ്ട് നട്ടാശ്ശേരി കരിമ്പനത്തറ വീട്ടിൽനിന്നും കെട്ടുവള്ളത്തിൽ മണർകാട് കാലുകടവിൽ വന്നിറങ്ങിയ കഥ കുടുംബ ചരിത്രരചനക്കായ അന്വേഷങ്ങൾക്കിടയിൽ നടുവത്ത് തെക്കേപറമ്പിലെ താടിക്കാരൻ കൊച്ചായനെ പോലുള്ളവർ പലതവണ പറഞ്ഞുകേട്ടു മനസ്സിൽ പതിഞ്ഞതാണ്.
4
പഴയ പൊൻപള്ളി പാലത്തിൽ ഒഴുക്കിൽപ്പെട്ട ഒരാൾ മരണമടഞ്ഞത് എല്ലാ വർഷവും ചില്ലറ ദുരിതങ്ങൾ നാടിനുനല്കി കടന്നുപോകുമായിരുന്ന പഴയൊരു പ്രളയത്തിലായിരുന്നു. 1924ൽ കേരളത്തെ വലിയ ദുരിതത്തിലാക്കിയ' ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക'മെന്ന ‘നൂറ്റാണ്ടിലെ പ്രളയ'ത്തിനുശേഷം കേരളം കണ്ട 2018-ലെ മഹാപ്രളയം മണർകാട് വിജയപുരം പ്രദേശങ്ങളെയും സാരമായി ബാധിച്ചു. മെയ് 29 ന് തുടങ്ങിയ കാലവർഷം ഒന്നാം ഘട്ടത്തിൽ മിക്ക ജില്ലകളിലും സാധാരണയേക്കാൾ ശക്തമായിരുന്നു. ജൂലൈ 7 നു തുടങ്ങിയ രണ്ടാം ഘട്ടത്തിലെ മഴയിൽ മീനച്ചിലാറും മീനന്തറയാറുമൊക്കെ കരകവിഞ്ഞൊഴുകി. ഓഗസ്റ്റ് 8 നും 17 നും ഇടയിൽ പെയ്ത അതിതീവ്ര മഴയിൽ കേരളത്തിന്റെ മറ്റുപ്രദേശങ്ങൾപോലെ ഈ നാട്ടിലെ നട്ടാശ്ശേരി, പാറമ്പുഴ,തിരുവഞ്ചൂർ പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായി. 2020 ആഗസ്റ്റിലെ പ്രളയത്തിലാണ് പാലമുറിഷാപ്പിനു മുന്നിൽ കുത്തൊഴുക്കിൽ കാർ അടുത്ത പാടശേഖരത്തിലേക്ക് മറിഞ്ഞു യുവാവ് മരിച്ചത്.
2017 ഓഗസ്റ്റ് 18ന് ആരംഭംകുറിച്ച് ഇന്നും തുടരുന്ന മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയില്ലാതെ മണർകാട്, നാട്ടാശ്ശേരി, തിരുവഞ്ചൂർ, പാറമ്പുഴ പ്രദേശങ്ങളിലെ പുഴകളുടെയും നദികളുടെയും ചരിത്രം പൂർണമാവില്ല. ഗ്രീൻ ഫ്രറ്റേണിറ്റി എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എലിപ്പുലിക്കാട്ടുക്കടവിൽനിന്നുംമീനന്തറയാറിലെ ജലശുദ്ധീകരണത്തിനു ചെറിയതോതിൽ ആരംഭിച്ച പരിസ്ഥിതി മുന്നേറ്റം വളർന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ, നിസ്വാർത്ഥ പരിസ്ഥിതി പ്രവർത്തകർ, സാമൂഹ്യമാധ്യമ പ്രചാരകർ, പ്രാദേശിക ഭരണകൂടങ്ങൾ, തദ്ദേശവാസികൾ ഇവരൊക്കെ ചേർന്ന ബഹുജന കൂട്ടായ്മയായി മീനച്ചിലാറും മീനന്തറയാറും കൊടൂരാറും അവയുടെയെല്ലാം നൂറുകണക്കിന് കൈത്തോടുകളും ഉൾപ്പെടുന്ന വിപുലവും ക്രമീകൃതവുമായ സമ്പൂർണ്ണ നദീ പുനർസംയോജന പദ്ധതിയായി മുന്നേറുന്നു. ഈ പരിസ്ഥിതി മുന്നേറ്റത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവസാക്ഷ്യമാണ് നദീ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ രചിച്ച 'പുഴകൾക്കൊരിടം തേടി’ (2021) എന്ന പുസ്തകം.
അരപ്പതിറ്റാണ്ടു പിന്നിട്ട പദ്ധതി നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ശുദ്ധമായ നീരൊഴുക്കുകളുടെ വീണ്ടെടുപ്പിനെയും പരിപാലനത്തെയുംകുറിച്ച് നാട്ടിലുണ്ടായ പൊതുബോധമാണ് പ്രഥമവും പ്രധാനവും. നദികളുടെയും തോടുകളുടെയും ആഴംകൂട്ടുകയും നിരവധി ഇടങ്ങളിലെ മാലിന്യവും തടസവും നീക്കപ്പെടുകയും ചെയ്തതുകൊണ്ട് നീരൊഴുക്കു വർദ്ധിച്ചു. പ്രളയനിരക്ക് കുറയ്ക്കാനുമായി. മണർകാട്, വിജയപുരം പ്രദേശങ്ങളിൽമാത്രം ആയിരത്തോളം ഏക്കർ പാടത്തു കൃഷി ഇറക്കി. പാടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൃഷി ആവശ്യത്തിനായി വറ്റിക്കുന്നതോടെ മലിനജലം തീർക്കുന്ന മലിനീകരണങ്ങൾ ഒട്ടൊക്കെ ഒഴിവാക്കാനുമായി. പാലമുറി പ്രദേശങ്ങളിൽ പമ്പിങ് പുരരാരംഭിച്ചതോടെ കൃഷി പുനരാംഭിക്കാനും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമുള്ള ശ്രമങ്ങൾക്ക് തുടക്കമായി.
കൃഷിയുടെ തിരിച്ചുവരവ്, ഉൾനാടൻ ജലടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തിക്കൊണ്ടുള്ള ജലഗതാഗതത്തിന്റെ വീണ്ടെടുപ്പ്, പ്രളയദുരിതങ്ങൾ ഒഴിവാക്കാനുള്ള ഫലപ്രദമായ പ്രായോഗിക നടപടികളിലേക്കുള്ള ദിശാസൂചി... ഇങ്ങനെ നീളുന്നു ഈ നദീ പുനർസംയോജനപദ്ധതി നാടിനു നൽകിയ അനവധിയായ അനുഭവപാഠങ്ങൾ.

5
നാട്ടിലെ വെള്ളപ്പൊക്കത്തിന്റെയും നദീശോഷണത്തിന്റെയും പ്രശ്നങ്ങൾ ഇന്നും അവശേഷിക്കുന്നു. മേത്താപറമ്പുഭാഗത്തും നട്ടാശേരി കടത്തുകടവിന്റെ മാലിയിലും പുറംപോക്കടക്കമുള്ള സ്വകാര്യകയ്യേറ്റം കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണശ്രമങ്ങൾക്കും പ്രതിബന്ധമാണ്.
പാടങ്ങൾ കൃഷിക്കായി വിട്ടുതരാൻ വിമുഖത കാട്ടുന്ന സ്വകാര്യവ്യക്തികൾ ഭൂമി തരിശിടാനും കാലക്രമേണ കരഭൂമിയായി പരിവർത്തനം ചെയ്യാനും ഉള്ള പ്രവണതയാണ് കാട്ടുക. നിലം തരിശിടാൻ ആഗ്രഹിക്കുന്നവർ തങ്ങൾ സ്വയം കൃഷിയിറക്കുമെന്ന് പറയുകയും വെള്ളം വറ്റിച്ചുകഴിയുമ്പോൾ കൃഷി ഇറക്കാതിരിക്കുകയോ കൃഷി അനുവദിക്കാതിരിക്കുകയോ ചെയ്യും. പ്രാദേശികതലത്തിൽ പരിസ്ഥിതിബന്ധുവായ പ്രായോഗിക നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ വോട്ടുരാഷ്ട്രീയവുമായി ബന്ധപ്പെട്ട താല്പര്യകുറവാണ് മറ്റൊരു പ്രതിബന്ധം.
നാഡീഞരമ്പുകൾപോലെ നാട്ടിൽ പടർന്നു ബന്ധപ്പെട്ടു കിടക്കുന്ന ജലശ്രോതസ്സുകളുടെ കണ്ണികളെയെല്ലാം കൂട്ടിയിണക്കണം. പ്രളയകാലത്ത് ആണ്ടുതോറും ആവർത്തിക്കപ്പെടുന്ന പുനരധിവാസ ചിലവുകൾ കുറയ്ക്കാൻ തോടുകളുടെയും പുഴകളുടെയും തീരങ്ങളിൽ വാസസ്ഥലമാക്കിയ ഭൂരഹിതർക്ക് സുസ്ഥിരമായ പുനരധിവാസ പദ്ധതികൾ കണ്ടെത്തേണ്ടതുണ്ട്.
വടവാതൂർ കടത്തുകടവുകിൽനിന്നും ആലപ്പുഴയിലേക്കും മറ്റും കരിങ്കല്ലു കയറ്റി കൊണ്ടുപോയിരുന്ന ജലപാതകൾ വീണ്ടെടുക്കണമെങ്കിൽ പൊൻപള്ളി പാലംപോലെ അശാസ്ത്രീയ നിർമ്മിതികൾ തീർക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കപ്പെടുകതന്നെ വേണം. ഇവ പരിഹരിക്കാനുള്ള ഭീമമായ വൺ ടൈം മുടൽമുടക്കു കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനു നിശ്ചയദാർഢ്യത്തോടെയുള്ള രാഷ്ട്രീയ ഇടപെടലുകളാണ് വേണ്ടത്. ഉൾനാടൻ ജലഗതാഗതത്തിന്റെയും അതുവഴി പുതിയ കാലത്തെ ടൂറിസത്തിൻറെയും വലിയ സാധ്യതകൾ വീണ്ടെടുക്കണമെങ്കിൽ ‘വികസന പ്രവർത്തന’ങ്ങളുടെപേരിൽ നിർമ്മിക്കപ്പെട്ട ഇടുങ്ങിയ പാലങ്ങളും കലുങ്കുകളും പുനർനിർമ്മിക്കാനും സ്വകാര്യ കയ്യേറ്റങ്ങൾ വീണ്ടെടുക്കാനും ഫലപ്രദമായി ചെറുക്കാനുമുള്ള രാഷ്ട്രീയ ഭരണപരമായ ഇടപെടലുകളും ഉണ്ടാവണം. വരുംകാല വികസന നിർമ്മാണങ്ങളെല്ലാം നീരൊഴുക്കിനെയും ജലഗതാഗതത്തെയും തടസപ്പെതെയെ നടപ്പാക്കൂ എന്ന ഹരിത കേരളം പദ്ധതിയിലെ വിഭാവന പ്രതീക്ഷ നൽകുന്ന പിടിവള്ളിയാണ്.
6
കാലപ്പെരുമഴപ്പാച്ചിലിൽ മണർകാടും മാറിയിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പാതിയോളം ഏതാണ്ട് പുഴകളെമാത്രം ആശ്രയിച്ചു പുഴകൾ വഴികളാക്കി കൃഷിയും അനുബന്ധ തൊഴിലുകളുമായിമാത്രം കഴിഞ്ഞ ഈ നാട് വീതികൂടിയ വീഥികളും ബൈപ്പാസുകളും ദേശീയപാതകളും പാർപ്പിടസമുച്ചയങ്ങളും വൻ വില്പനശാലകളുമടങ്ങുന്ന നഗരഗ്രാമമായി മാറി. പണ്ടത്തെ പ്രഭാതങ്ങളിൽ പാടത്തും പറമ്പിലും പണിയെടുക്കാൻ കന്നുകളെയും തെളിച്ചു പോകുന്ന പണിക്കാരും കൊയ്ത്തരിവാളും തൂക്കുപാത്രത്തിൽ പൊതിച്ചോറുമായി നടവരമ്പിലൂടെ പോകുന്ന പെണ്ണാളും ചേർന്ന പുലരിക്കാഴ്ചകൾ വഴിയേ ഓർമ്മക്കാഴ്ചകളായി.
ഇന്ന് പ്രഭാത നടത്തത്തിനിടെ ബൈപ്പാസ് റോഡിലൂടെ അതിവേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന വാഹനവ്യൂഹങ്ങളിൽനിന്നും ശ്രദ്ധാപൂർവ്വം അകന്നു പാലമുറി പാലത്തിൽ എത്തുമ്പോൾ കള്ളിന്റെയും മല്ലിയിലചേർത്ത താറാവുകറിയുടെയും മലിനജലത്തിന്റെയും മണമുള്ള ഒരു കാഴ്ച്ചയുണ്ട്. താഴെ വെള്ളൂർ തോട് വലിയ ഒഴുക്കില്ലാതെ കിടക്കുന്നു. വടക്കും വടക്കുകിഴക്കും പരന്നുപടർന്ന പാടങ്ങളിൽ ചിലതും തെക്കുനിന്നു പടിഞ്ഞാറോട്ട് തോണ്ടൽ പാടങ്ങളിൽ പലതും കൃഷിയിറക്കാതെ കളകയറി കിടക്കുന്നു. ദുർമേദസകറ്റാനും അത്യാവശ്യ കായികാധ്വാനത്തിനുമായി പ്രഭാതസവാരിക്കിറങ്ങുന്നവർ പാലമുറിപ്പാലത്തിന്റെ ഇരുമ്പു കൈവരിക്കരികിൽനിന്നു കസർത്ത് നടത്തുന്നു. അവർക്കിടയിൽ തൊണ്ടും തോട്ടിറമ്പും കയ്യേറുകയും പാടങ്ങൾ തരിശിടുകയും ചെയ്തിട്ട് സാമൂഹ്യമാധ്യമങ്ങളിലെത്തി പരിസ്ഥിതി സ്നേഹം തോണ്ടിക്കളിക്കുന്നവരുമുണ്ട്. ഇത് സ്വച്ഛമായ കാർഷിക അനുബന്ധ ജീവിതതാളങ്ങളിൽനിന്ന് ചടുലമായ പുത്തൻ യാന്ത്രിക വേഗത്തിലേക്കുള്ള ചുവടുമാറ്റത്തിനിടയിലെ നാട്ടുചിത്രങ്ങളുടെയും നാട്യങ്ങളുടെയും കൊളാഷ്.
വാൽക്കഷ്ണം
"...പാടത്തിന്റെ ചിറകുകൾ നോക്കി ഒരു യാത്രക്കാരൻ പറഞ്ഞു. ഒരുപാടാണ്ടുകൾ പണിക്കാർ തിരക്കുകൂട്ടി നടന്ന സ്ഥലം. ഉഴവുകാരുടെ കൂക്കുവിളികളും പെണ്ണുങ്ങളുടെ വിശേഷങ്ങളും നിറഞ്ഞ സ്ഥലം. കൊയ്ത്തുകാലത്ത് കിഴക്കന്മാർ ഇവിടെ വന്ന് പന്തകെട്ടി താമസിച്ചു. താറാമുട്ടയും കാപ്പിയും വിൽക്കുന്ന താൽക്കാലിക ചായക്കടകളുയർന്നു. ഇന്നാകട്ടെ ഒത്തിരി പാടങ്ങൾ പുല്ലുവളർന്ന് തരിശായി കിടക്കുകയാണ്. നൂറ്റാണ്ടുകൾ മുൻപ് ചതുപ്പ് തെളിച്ച് കൃഷിയിടമാക്കിയ സ്ഥലങ്ങൾ വീണ്ടും തിരികെ ചതുപ്പാകുകയാണെന്ന് തോന്നുന്നു. സർക്കാർ സബ്സിഡിയിൽ നോട്ടമുള്ള അപൂർവ്വം ബുദ്ധിമാന്മാരെ ഇന്ന് കൃഷിയിറക്കാറുള്ളൂ. നെല്ല് അമൂല്യവസ്തു അല്ലാതായതുകൊണ്ട് പണിക്കാർ പാടത്തേക്കെത്താറില്ല. അതിനാൽതന്നെ വരമ്പുവാരലും കവടപറിക്കലും പറിച്ചുനടീലുമില്ല. യന്ത്രം കൊയ്യുന്നതുകൊണ്ട് കളമുണ്ടാക്കലോ മെതിയോ, ഒഴുക്കോ, പതമോ ഇല്ല. തീർത്ത് അടിഞ്ഞുപോയി കൊയ്യാൻ പറ്റാത്ത നെല്ല് ഭായിമാരെ ഇറക്കി കൂലിക്ക് കൊയ്യിക്കും..."
എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിൽനിന്ന്, പുറം : 314-315.
(വിവരങ്ങൾക്കും സേവനങ്ങൾക്കും മുൻകാല പഠനങ്ങൾക്കും നന്ദി...
മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ കെ അനിൽകുമാർ, ഗ്രീൻ ഫ്രറ്റേണിറ്റി അമരക്കാരൻ ഡോ ജോർജ് ജേക്കബ്, ബെന്നി നമ്പേട്ട് വടവാതൂർ, ഗോപു നാട്ടശ്ശേരി, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, പഞ്ചായത്ത് അംഗങ്ങളായ സക്കറിയ കുര്യൻ, സുരേഖ രഘുകുമാർ, രജിത അനീഷ്, ജോമോൾ ജിനേഷ്, പഞ്ചായത്ത് മുൻപ്രസിഡണ്ടുമാർ ബാബു കരിമ്പന്നൂർ, എൻ ജീവകുമാർ, ലിവിങ് ലീഫ് പബ്ലിക്കേഷൻസ് ഡയറക്ടർ ഏബ്രഹാം കുര്യൻ, പ്രാദേശിക ചരിത്ര ഗവേഷകൻ രാജീവ് പള്ളിക്കോണം, ടൈസ് ഡയറക്ടർ, ഡോ പുന്നൻ കുര്യൻ വേങ്കടത്ത്, അഡ്വ സന്തോഷ് കണ്ടഞ്ചിറ, വി ആർ സുരേന്ദ്രൻ, രാജൻ വട്ടപ്പറമ്പിൽ, സാബു ഉമ്മൻ പള്ളത്തറ, സാബു ഐപ്പ് മണ്ണൂപ്പറമ്പിൽ, നീറിക്കാട് രാജഗോപാൽ, എം എൻ ഗോപകുമാർ, മനോജ് കുറിച്ചിയിൽ, പി ഇ ചെറിയാൻ അരീപ്പറമ്പ്, സോമശേഖരൻ നായർ ഓളോപ്പറമ്പിൽ, ബിജു കന്നുകുഴി, സത്യനേശൻ മാലം, കെ പി എബ്രഹാം കരിമ്പനത്തറയിൽ, മോൻസി തെങ്ങുംതുരുത്തേൽ, ഡോ ഗീവറുഗീസ് മാത്യൂസ് കരിമ്പനത്തറയിൽ, സി എം ജേക്കബ് ചെമ്മാത്ത്,പി ഉദയകുമാർ അരീപ്പറമ്പ്, എബി പൂപ്പട, വടവാതൂർ പുത്തൻപുരക്കൽ അച്ചൻകുഞ്ഞ്, ജേക്കബ് ടി മോസസ് തെങ്ങുംതുരുത്തേൽ, കെ എം സിറാജ്, മുഹമ്മദ് സാജിത്, അനു രമേശ് മഠത്തിപ്പറമ്പിൽ, വടവാതൂർ കടത്തുകടവിലെ കർഷകത്തൊഴിലാളി അപ്പായി, .... ചെറുതും വലുതുമായ വിവരങ്ങൾ നൽകിയ മറ്റെല്ലാവർക്കും....)