Image

ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് മകുടമായി രണ്ടു ഡീക്കൻമ്മാർ ഒരേദിവസം പൗരോഹിത്യം സ്വീകരിക്കുന്നു

ഷോളി കുമ്പിളുവേലി Published on 08 June, 2026
ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് മകുടമായി രണ്ടു ഡീക്കൻമ്മാർ ഒരേദിവസം പൗരോഹിത്യം സ്വീകരിക്കുന്നു

ഇതോടെ രൂപതയിലെ തദ്ദേശ്യരായ വൈദികരുടെയെണ്ണം പത്തായി ഉയരും.

ന്യൂയോർക്ക് :  രജത ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സെയിന്റ് തോമസ് സീറോ മലബാർ കാത്തലിക്കാ  രൂപതക്കു മകുടമായി ഒരേഇടവകയിൽ നിന്നുമുള്ള രണ്ടു ഡീക്കൻമാർ, ഒരേദിവസം  പൗരോഹിത്യം സ്വീകരിച്ചു സാർവത്രിക സഭയുടെ  ശുശ്രൂഷകരാകുന്നു.

ജൂൺ 13-)0 തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക്  പാറ്റേഴ്സൺ സെയിന്റ് ജോർജ് ദേവാലയത്തിൽ നടക്കുന്ന ഭക്തിനിർഭരവും , ആഘോഷപൂർവ്വവുമായ ചടങ്ങിൽ,  പാറ്റേഴ്സൺ  ഇടവകയിനിന്നുമുള്ള ഡീക്കൻ മൈക്കിൾ ജെയിംസും, ഡീക്കൻ സാം കുട്ടാപ്പശ്ശേരിയും, രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കുമ്പോൾ, വളർച്ചയുടെ പാതയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന രൂപതയുടെ ചരിത്രത്തിലും പുതിയൊരു അദ്ധ്യായമാകും. ഇതോടെ രൂപതയിലെ തദ്ദേശ്യരായ വൈദികരുടെയെണ്ണം പത്തായി ഉയരും.!

തിരുക്കർമ്മങ്ങളിൽ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനെ കൂടാതെ രൂപതയുടെ പ്രഥമ ബിഷപ്പ്‌ മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാളൻമ്മാരായ   വെരി. റവ. ഫാ. ജോൺ മേലേപ്പുറം, വെരി. റവ. ഫ. തോമസ് മുളവനാൽ,  വെരി. റവ. ഫാ. തോമസ് കടുകപ്പള്ളി,  രൂപതാ  ചാൻസലർ   റവ. ഫാ. ജോൺസൻ കോവൂർപുത്തൻപുരക്കൽ, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ തുടങ്ങി അമ്പതിൽപ്പരം  വൈദികരും, സന്യസ്തരും, കൂടാതെ വലിയൊരു വിശ്വാസസമൂഹവും അനുഗ്രഹീതമായ ചടങ്ങുകൾക്ക് സാക്ഷികളാകാൻ എത്തും. ഇവരെ സ്വീകരിക്കുന്നതിന് പാറ്റേഴ്സൺ സെയിന്റ് ജോർജ് ദേവാലയ വികാരി റവ. ഫാ. സിമ്മി തോമസിന്റെയും കൈക്കാരൻമാരുടേയും, പാരിഷ് കൗസിലിന്റേയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
ജൂൺ 14-)0 തീയതി ഞായറാഴ്ച രാവിലെ 9:30ന്   നവ വൈദികൻ   സാം കുട്ടാപ്പശ്ശേരിയും, 11:30ന്  മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി ഇടവക ദേവാലയമായ പാറ്റേഴ്സൺ സെയിന്റ് ജോർജ് ദേവാലയത്തിൽ അർപ്പിക്കും.

കോട്ടയം പാറമ്പുഴ സ്വദേശിയായ ജെയിംസ് - ഷേർളി ദമ്പതികളുടെ മകനാണ് ഡീക്കൻ മൈക്കിൾ ജെയിംസ്. ബെറ്റ്സി ഏക സഹോദരിയാണ്. തൃശൂർ  മാള സ്വദേശിയായ റോബി - സിസി ദമ്പതികളുടെ മകനാണ് ഡീക്കൻ സാം കുട്ടാപ്പശ്ശേരി. രേഷ്മ അലക്സ് സഹോദരിയാണ്.

പൗരോഹിത്യസ്വീകരണ തിരുക്കർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത വിശ്വാസികൾ തങ്ങളുടെ പള്ളികളിലും വീടുകളിലും നവവൈദികർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്നു മാർ ജോയ് ആലപ്പാട്ട്‌ ആഹ്വാനം ചെയ്തു. ഷിക്കാഗോ കത്തീഡ്രൽ ഇടവകയുടെ വികാരിയായി സ്‌ഥലം മാറിപോകുന്നതിനു മുമ്പ് ഏതാണ്ട് പത്തു വർഷത്തോളും മാർ ജോയ് ആലപ്പാട്ട്‌, ഡീക്കമാരായ മൈക്കിൾ ജെയിംസിന്റേയും , സാം കുട്ടാപ്പശ്ശേരിയുടെയും മാതൃഇടവകയായ  സെയിന്റ് ജോർജ് പള്ളിയുടെ വികാരിയായിരുന്നു. തൻ്റെ കീഴിൽ വിശ്വാസപരിശീലനം നടത്തിയ,  കൂദാശകൾ  സ്വീകരിച്ച, തന്നോടൊപ്പം അൾത്താര ശുശ്രൂഷികളായി പ്രവർത്തിച്ച കുട്ടികൾക്ക്, തിരുപ്പട്ടം നൽകുന്നത് മാർ ജോയ് ആലപ്പാട്ടിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഇരട്ടിമധുരം നൽകുന്ന തിരുക്കർമ്മം കൂടിയാണ്.

അടിയുറച്ച വിശ്വാസത്തിന്റേയും,  ചിട്ടയായ മതബോധനത്തിന്റേയും ഫലമായി രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികൾ ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.
ദൈവകൃപയാൽ, കഴിഞ്ഞ ഇരുപത്തഞ്ചു  വർഷങ്ങൾ കൊണ്ട് തദ്ദേശ്യരായ പത്തു  വൈദികർക്ക് ജൻമം നൽകുവാൻ ഷിക്കാഗോ  രൂപതയ്ക്ക് സാധിച്ചു. 2018 മെയ് അഞ്ചാം തീയതി ന്യൂയോർക്കിലെ ബ്രോങ്ക്സ് ഇടവകയിൽ നിന്നും ഫാ. കെവിൻ മുണ്ടക്കലും,ജൂൺ രണ്ടാം തീയതി ഫ്ലോറിഡയിലെ റ്റാമ്പാ സെയിന്റ് ജോസഫ് ഇടവകാംഗമായ ഫാ. രാജീവ് വലിയവീട്ടിലും തിരുപ്പട്ടം സ്വീകരിച്ചു രൂപതയിലെ പ്രഥമ തദ്ദേശ്യ വൈദികരായി. തുടർന്ന്, 2020 മെയ് 16-)0 തീയതി ബാൾട്ടിമോർ സെയിന്റ് അൽഫോൻസാ ഇടവകാംഗമായ ഫാ. മെൽവിൻ പോൾ മംഗലത്ത്, ജൂൺ 6-)0 തീയതി ടെക്സസ് - എഡിൻബർഗ് ഡിവൈൻ മേഴ്‌സി ഇടവകയിൽ നിന്നും ഫാ. തോമസ് പുളിക്കൽ, 2021 മെയ് 22-)0 തീയതി കാലിഫോർണിയയിലെ ഓറഞ്ച് സെയിന്റ് തോമസ് ഇടവകാംഗമായ ഫാ. ജോബി ജോസഫ്, 2022 മെയ് 28-)0 തീയതി അറ്റ്ലാന്റാ സെയിന്റ് അൽഫോൻസാ ഇടവക അംഗമായ ഫാ. ജോയൽ പയസ്, 2023 ജൂൺ 3-)0 തീയതി ചിക്കാഗോ മാർ തോമ ശ്ലീഹ കത്തിഡ്രൽ ഇടവകയിൽ നിന്നുള്ള ഫാ. ജോർജ് പാറയിൽ എന്നിവരും തിരുപ്പട്ടം സ്വീകരിച്ചു.
രൂപത സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം മെയ് 23-)0 തീയതി, ഫ്ലോറിഡയിലെ കോറൾ സ്പ്രിംഗ് "ഔർ ലേഡി ഓഫ് ഹെൽത്ത്" ഇടവകയിൽനിന്നും ഡീക്കൻ മാത്യു ജേക്കബ്,   മാർ ജോയ് ആലപ്പാട്ടിൽ നിന്നും പൗരോഹിത്യം  സ്വീകരിച്ചു. ഈ ശനിയാഴ്ച  ന്യൂജേഴ്‌സിയിലെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയിൽനിന്നുമുള്ള ഡീക്കൻ മൈക്കിൾ ജെയിംസും, ഡീക്കൻ സാം കുട്ടാപ്പശ്ശേരിയും തിരുപ്പട്ടം സ്വീകരിക്കുന്നതോടെ ഷിക്കാഗോ രൂപതയിലെ തദ്ദേശ്യരായ വൈദികരുടെ എണ്ണം പത്താകും.  
കൂടാതെ,  നിലവിൽ എഴിൽപ്പരം വൈദിക വിദ്യാർത്ഥികൾ വിവിധ സെമിനാരികളിൽ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഈ രൂപതയിലെ ഇടവകകളിൽ നിന്നുമുള്ള അഞ്ചിലധികം യുവജനങ്ങൾ മറ്റു കോൺഗ്രിഗേഷനുകൾക്കായും സെമിനാരികളിൽ പഠിക്കുന്നുമുണ്ട്.  

 
അമേരിക്കയിൽ സ്‌ഥിരതാമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളിൽ നിന്നും, എല്ലാവിധ പ്രലോഭനങ്ങളേയും, വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്, അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾക്ക് , വിശ്വാസസമൂഹത്തിന്റെ പ്രാർത്ഥനാഞ്ജലികൾ !!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക