
സലിം കുമാറിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ ദിലീപ്. ശനിയാഴ്ച രാത്രിയിലേ നടനും സംവിധായകനുമായ നാദിർഷായ്ക്കൊപ്പം ദിലീപ് ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പറവൂരിലെ ടൗൺഹാളിലും താരമെത്തി.
സിനിമയിലും ജീവിതത്തിലും ദിലീപിന് പിന്തുണയേകിയിരുന്ന താരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒറ്റപ്പെട്ടപ്പോൾ പോലും സലീം കുമാർ അദ്ദേഹത്തിനൊപ്പം നിന്നു. അതു പോലെ തന്നെ ദിലീപ്-സലിം കുമാർ കോംബോയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.
മലയാളിക്ക് ദിലീപ്-സലിം കുമാർ ജോഡി സമ്മാനിച്ച നർമ്മമുഹൂർത്തങ്ങൾ വേറിട്ടതായിരുന്നു. രാമൻകുട്ടിയും പ്യാരിയും, മാധവനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും, ശത്രുഘ്നനും മുത്തുരാമനും, ഉണ്ണിയും അളിയനും എന്നിങ്ങനെ ഒരുപിടി രസകരമായ കഥാപത്രങ്ങൾ.
ദിലീപിന്‍റെ ഭൂരിഭാഗം ഹിറ്റ് സിനിമകളും സലിം കുമാർ ഇല്ലായിരുന്നുവെങ്കിൽ അപൂർണമാകുമായിരുന്നു. ചെറുത് ആണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായിരുന്നു അവയിൽ പലതും.
മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, കല്യാണരാമനിലെ പ്യാരി, തിളക്കത്തിലെ അളിയൻ തുടങ്ങി അനവധി കഥാപാത്രങ്ങളാണ് സലിം കുമാർ അവതരിപ്പിച്ച് അനശ്വരമാക്കിയിട്ടുള്ളത്.
സലിം കുമാറിന്റെ വിയോഗത്തിൽ ആഴമായ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സലിം കുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്ന് രാഹുൽ ഗാന്ധി തന്റെ എക്സിൽ കുറിച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമാ മേഖലയിലെ അതികായനാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
പ്രിയതാരത്തിന് വിടചൊല്ലാൻ അദ്ദേഹത്തിന്റെ ജന്മനാടായ പറവൂരിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്.