Image

പുതിയ കെ.പി.സി.സി പ്രസിഡന്റ് സതീശന്റെ നിലപാട് നിര്‍ണായകം; കെ.സി പക്ഷവും വിട്ടുകൊടുക്കില്ല

എ.എസ് ശ്രീകുമാര്‍ Published on 07 June, 2026
പുതിയ കെ.പി.സി.സി പ്രസിഡന്റ് സതീശന്റെ നിലപാട് നിര്‍ണായകം; കെ.സി പക്ഷവും വിട്ടുകൊടുക്കില്ല

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടന അതിവേഗത്തില്‍ ഉണ്ടാകുമെന്ന് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കെ.പി.സി.സി യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പലരും അവകാശവാദങ്ങളുടെ മൂര്‍ഛ കൂട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാരണമാണ് പുനസംഘടന വൈകിയതെന്നും മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും  കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉടലെടുത്തത്. കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് തലം മുതല്‍ ഡി.സി.സി പ്രസിഡന്റ് തലം വരെ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്.

കെ.പി.സി.സി പ്രസിഡന്റ് കടുത്ത മത്സരം ഉണ്ടാവുമെന്നുറപ്പാണ്. ആറോളം നേതാക്കള്‍ പരിഗണനയിലുണ്ട്. യു.ഡി.എഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബഹനാന്‍, ലോക്‌സഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി എം.പി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍ എം.കെ. രാഘവന്‍ എന്നിവരുടെ പേരുകളും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പുനഃസംഘടനയില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. മന്ത്രിമാരെയും എം.എല്‍.എമാരെയും കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളില്‍ നിയമിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്.  യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തവരെ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും വിവിധ പദവികളിലേക്ക് പരിഗണിക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു.

വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍ കുമാര്‍, പി. സി വിഷ്ണുനാഥ് എന്നിവരും മന്ത്രിസഭയില്‍ ചേര്‍ന്നതോടെ, മൂന്നാമത്തെ വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പിലിന് അധിക ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. ഇതിനുപുറമെ നിരവധി കെ.പി.സി.സി ഭാരവാഹികളും നിലവില്‍ മന്ത്രിമാരും എം.എല്‍.എമാരുമായിട്ടുണ്ട്. 14 ഡി.സി.സി പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്നത് എഐസിസി നേതൃത്വം ആവിഷ്‌കരിച്ച 'സംഘതന്‍ സൃജന്‍ അഭിയാന്‍' എന്ന പ്രത്യേക കാംപെയ്‌നിലൂടെയായിരിക്കും. പാര്‍ട്ടിയുടെ അടിത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായാണ് എ.ഐ.സി.സി 'സംഘതന്‍ സൃജന്‍ അഭിയാന്‍' ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ, കെ.പി.സി.സി അധ്യക്ഷപദം ഒഴിയാന്‍ സണ്ണി ജോസഫഫും സ്ഥാനമൊഴിയാമെന്ന് എം.എല്‍.എമാരായ 5 ഡി.സി.സി പ്രസിഡന്റുമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

വി. ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം രൂപപ്പെട്ട പുതിയ അധികാര സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍, പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടാകും. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സതീശന്റെ പിന്തുണയുള്ള ഒരാളെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ശക്തരായ എതിരാളികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. പഴയ ഗ്രൂപ്പ് ഫോര്‍മുലകള്‍ പ്രസക്തമല്ലെങ്കിലും കെ.സി വേണുഗോപാലിന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കേണ്ടിവരും. മന്ത്രിസഭയില്‍ ചില സമുദായങ്ങള്‍ക്ക് പ്രതിനിധികള്‍ കുറഞ്ഞുവെന്ന് മാത്രമല്ല, പ്രധാന വകുപ്പുകളില്‍നിന്ന് അകറ്റിനിര്‍ത്തിയെന്ന വിമര്ഡശനം കെ സി വേണുഗോപാല്‍ അനുകൂലികള്‍ക്കുണ്ട്.

പുതിയ ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കേന്ദ്ര നിരീക്ഷകരെ നിയമിക്കാന്‍ എ.ഐ.സി.സി ഒരുങ്ങുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നി നാല് സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു, അടുത്തത് കേരളമാണ്. നിരീക്ഷകരെ നിയമിച്ചുകഴിഞ്ഞാല്‍, ഡി.സി.സി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിനായി അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും. വിവിധ ബോര്‍ഡ്/കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനവും ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നതോടെ കൂടുതല്‍ വ്യക്തമായ ചിത്രം പുറത്തുവരും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക