
" പൊട്ടുപിടിച്ച ഈ ചെക്കനേം കൊണ്ട് വർക്കി മാപ്ല ഇനി എന്നാ ചെയ്യും? അയാൾക്കടെ കമ്മ്യൂണിസവും സിന്ദാബാദ്
വിളിയും പോലല്ല പത്തിരുപത്തഞ്ച് വയസ്സായ ചെറുക്കന്റെ കാര്യങ്ങളാ" ... മരണ വീടിന്റെ ഓരം ചേർന്ന് നിന്ന് പലരും ഇക്കാര്യം സ്വയം ചോദിക്കുകയും ചിലരെങ്കിലും ഈ ആശങ്ക മറ്റുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്തു .വർക്കിടെ ഭാര്യ ഏലമ്മ തനിക്കായി മാത്രം തയ്യാർ ചെയ്ത പന്തലിൽ പ്രിയപ്പെട്ടവർക്ക് നടുവിലായി കണ്ണുകൾ എന്നെന്നേക്കുമായി അടച്ചു കിടന്നു.
മാർക്സും ലെനിനും സ്റ്റാലിനും ഒക്കെയായിരുന്നു അയാളുടെ ദൈവങ്ങൾ. വർക്കി എങ്ങനെയാണ് കമ്മ്യൂണിസ്റ്റായതെന്ന് ചോദിച്ചാൽ അതിന് പറയത്തക്ക കാര്യകാരണങ്ങൾ ഒന്നുമില്ല .ഒരിക്കൽ കവലയിലൂടെ കടന്നുപോയ ഒരു ജാഥയിൽ ചേർന്നുകൊണ്ട് വർക്കി ഇഎംഎസിനും എകെജിക്കും ഗൗരിയമ്മയ്ക്കും സിന്ദാബാദ് വിളിച്ചു .ജാഥ കഴിഞ്ഞ് ഒരു ചായ കുടിക്കാൻ ചെന്നപ്പോൾ ചായക്കടയിൽ ഇതാണ് ചർച്ച .
"ചങ്ങാതീ ...ഗൗരിയമ്മ ഇപ്പോൾ നിങ്ങളുടെ പാർട്ടിയിൽ ഇല്ലല്ലോ, പിന്നെന്തിനാ അവർക്ക് സിന്ദാബാദ് വിളിക്കുന്നെ?"
വർക്കി ഒന്നും മിണ്ടാതെ ചായകുടി വേണ്ടെന്നുവച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു .ഇ.എം.എസ് സിന്ദാബാദ് ,എ.കെ.ജി
സിന്ദാബാദ് ,ഗൗരിയമ്മ സിന്ദാബാദ് ..... അറുപത്തിനാലിലെ പിളർപ്പ് ഇതുവരെ സഹിക്കാൻ പറ്റിയിട്ടില്ല അന്നേരമാ.. '
മഴ മേഘങ്ങൾ നേർത്ത ജലകണങ്ങളായി മണ്ണിനെ കുതിർത്തു.വർക്കി കറുത്ത മാനത്തേക്ക് മിഴികളയച്ച് ഭിത്തിയോട് ചേർന്നിരുന്നു.
വർക്കിയുടെയും ഏലമ്മയുടെയും മക്കളിൽ പന്ത്രണ്ടാമനാണ് ജോസുകുട്ടി,ജന്മനാ ബുദ്ധിമാന്ദ്യം.ബാക്കി പതിനൊന്ന് മക്കൾ കുടുംബമായി പല സ്ഥലങ്ങളിലായി വല്യ കുഴപ്പമില്ലാതെ കഴിഞ്ഞു കൂടുന്നു.ആവുന്ന കാലമെല്ലാം കഷ്ടപ്പെട്ട് പണിയെടുത്ത് പട്ടിണിയില്ലാതെ പിള്ളേരെ വളർത്തി. പഠിപ്പിച്ചു. കല്യാണങ്ങളും നടത്തി .എല്ലാവർക്കും കൊടുക്കാനുള്ളതൊക്കെ കൊടുത്തു. കുറേയേറെ ബാദ്ധ്യതയുണ്ടെങ്കിലും ഇനിയുള്ള മണ്ണും വീടും ജോസുകുട്ടിക്കുള്ളതാണ്.
ജോസൂട്ടി ഒന്നും മനസ്സിലാകാതെ ആൾക്കൂട്ടത്തിന് നേരെ തുറിച്ചുനോക്കി .അവന്റെ കണ്ണുകൾ ഏലമ്മയുടെ മുഖത്ത് കുറച്ചു സമയം തങ്ങിനിന്നു.പിന്നെ ,മെല്ലെ ഒരു ചിരി അവന്റെ മുഖത്ത് വിടർന്നു .അമ്മച്ചിയുടെ കിടപ്പിൽ കളിയാക്കും പോലെ !
വർക്കിയിലെ കമ്മ്യൂണിസ്റ്റ് പ്രാർത്ഥനകളിൽ ലയിക്കാതെ നിന്നു. ഒന്നിനും വേണ്ടിയല്ലാത്ത ഒരു രാഷ്ട്രീയം. മുൻകാലങ്ങളിൽ അതിൻ്റെ പേരിൽ പലതും കേൾക്കേണ്ടി വന്നിട്ടുണ്ട്.പലതും നഷ്ടപ്പെട്ടിട്ടുണ്ട്.ബന്ധങ്ങൾ അകന്നുപോയിട്ടുണ്ട്.,,
" നിങ്ങടെ ജീവിതം തെമ്മാടിക്കുഴിയിൽ ഒടുങ്ങത്തേയൊള്ളൂ" പലരും അയാളെ ശുണ്ഢി പിടിപ്പിക്കും
"അതെന്നാന്നാ ചത്തു കഴീമ്പം ചീയുന്നേന് മുൻപ് പിള്ളേര് ചെയ്തോളും " വർക്കി തിരിച്ചടിക്കും.
പെൺമക്കളിൽ മൂത്തവളെ സഭയ്ക്ക് കൊടുക്കണമെന്ന നിർബന്ധം ഏലമ്മക്കായിരുന്നു.ആലീസിനും സമ്മതമായിരുന്നു. അമ്മയും മകളും ചേർന്ന് നിർബന്ധിച്ചപ്പോൾ വർക്കിയിലെ കമ്മ്യൂണിസ്റ്റ് പ്രഖ്യാപിച്ചു .
"ഞാൻ ഒരു വിശ്വാസത്തിനും എതിരല്ല "
പക്ഷെ,മഠത്തിൽ പോയ ആലീസിനെ കുറച്ചു നാൾ കഴിഞ്ഞ് മഠത്തിൽ നിന്ന് പറഞ്ഞു വിട്ടു. അപ്പൻ്റെ കമ്മ്യൂണിസവും മകളുടെ സന്യാസവുo ഒരുമിച്ചു പോകില്ലെന്ന്! നിറകണ്ണുകളോടെ മുന്നിൽ വന്നു നിന്ന മകളെ ചേർത്തുപിടിച്ച് വർക്കി ഇങ്ങനെ പറഞ്ഞു
" അപ്പച്ചന്റെ സുന്ദരിക്കുട്ടി അങ്ങനെ മഠത്തിൽ പോയി ജീവിതം കളയേണ്ടവളല്ല ." ഇത് പറയുമ്പോൾ വർക്കിയുടെ മുഖം സന്തോഷം നിറഞ്ഞതായിരുന്നു. കൂട്ടം തെറ്റിയ ആട്ടിൻകുട്ടിയെ തിരിച്ചു കിട്ടിയ ഇടയൻ്റെ മനസ്സ് .
ഇ.എം.എസ്സ്, എ.കെ.ജി.ഗൗരിയമ്മ സിന്ദാബാദ് ..
കൂട്ടിലുണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ പൂവൻകോഴിയെ കൊന്ന് കറി വച്ച് അയാൾ തന്നെ സദ്യയൊരുക്കി ഭാര്യക്കും മക്കൾക്കും വിളമ്പി. ഏലമ്മക്കപ്പോൾ കർത്താവിനോട് മൗനമായി വിലപിക്കാനേ കഴിഞ്ഞിരുന്നുള്ളു.
സന്ധ്യ കറുത്തതോടുകൂടി ഓരോരുത്തരായി പിരിഞ്ഞു പോയിത്തുടങ്ങി. അയൽപക്കത്തു നിന്നും കൊണ്ടുവന്ന കട്ടൻകാപ്പി ഒരു ഗ്ലാസ് കൊടുത്തിട്ടും വർക്കി വാങ്ങാൻ കൂട്ടാക്കിയില്ല .
"ചേച്ചീ.,,വിശക്കുവാ.... വിശക്കുവാ..." ജോസുകുട്ടി കാപ്പിയുമായി വന്നവർക്കൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു. വർക്കി അവൻ പോയ വഴിയിലേക്ക് നോക്കിയിരുന്നു .
മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു . പന്തലിന്മേൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം.മഴയിൽ കറുത്ത രാത്രിയിലെ, ഇടയ്ക്കിടെ വീശുന്ന കാറ്റിൽ വൃക്ഷത്തലപ്പുകൾ ആടിയുലഞ്ഞു. കുറച്ചകലെ ,റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വണ്ടിവെളിച്ചം അൽപ്പായുസ്സുകളായ നനഞ്ഞ നിഴൽ ചിത്രങ്ങൾ വരച്ചു.
വർക്കി നേതാവൊന്നുമല്ല, പാർട്ടി കൂറുള്ളൊരു കറ തീർന്ന സഖാവ്. മറ്റ് പാർട്ടിയിലെ കുറെയേറെ സുഹൃത്തുക്കളുണ്ട് അയാൾക്ക്.അവർ വർക്കിയെ ചൂടാക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അയാളുടെ വിശുദ്ധ നാടായിരുന്ന സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റു തകർച്ചയും, പിന്നെ കാലങ്ങൾക്ക് ശേഷം പശ്ചിമബംഗാളിലെ തോൽവിയുമൊക്കെ പറഞ്ഞ് അവർ വിമർശിക്കുമ്പോൾ വർക്കിക്ക് കൃത്യവും ത്വാതികവുമായ മറുപടിയുണ്ട് .
"തിരിച്ചടികൾ താൽക്കാലികമാണ്. കമ്മ്യൂണിസത്തിന്റേതല്ല കുഴപ്പം .അതിൻ്റെ പ്രയോഗത്തിലുണ്ടായ പാളിച്ചയാണ്.മനുഷ്യർക്കിടയിൽ അസമത്വം ഉള്ളടത്തോളം കമ്മ്യൂണിസം ഉണ്ടാകും."
രാത്രിയിൽ ഏലമ്മയ്ക്കൊപ്പം മക്കളും മരുമക്കളും അടുത്ത ബന്ധുക്കളും മാത്രമായി. അവർ വരാന്തയിലും പന്തലിലും ഒക്കെയായി ഇരുന്നു. ഇടയ്ക്കിടെ ചിലരെല്ലാം ഉറങ്ങുന്നതിനായി പോകുന്നുണ്ടായിരുന്നു. വിശപ്പ് തീർത്ത് തിരികെയെത്തിയ ജോസുകുട്ടി വർക്കിക്കരികിലായി ശാന്തമായി ഉറങ്ങി. മഴ നനഞ്ഞാണ് അവൻ തിരികെ വന്നത് .മഴയൊടുങ്ങിയ രാത്രിയുടെ നിശബ്ദതയിലേക്ക് സ്പീക്കറിൽ നിന്നുള്ള പതിഞ്ഞ ശബ്ദത്തിലുള്ള ഒപ്പീസ് ഒഴുകി പരന്നു .

വര : പി ആര്‍ രാജന്‍
നേരം വെളുത്തുതോടെ വീടിനു ചുറ്റും ഒരാൾക്കൂട്ടം രൂപപ്പെട്ടുവന്നു .വികാരിയച്ചനും കപ്യാരുo എത്തി. അന്ത്യ ശുശ്രൂഷകൾ ആരംഭിച്ചു .വർക്കിയെ ചിലർ കയ്യിൽ പിടിച്ച് ഏലമ്മയ്ക്ക് അരികിലേക്ക് കൊണ്ടുവന്നു .ജോസുകുട്ടി നിസ്സംഗനായി പിന്നിലുണ്ട്. അന്ത്യ ചുംബനം നൽകിയപ്പോൾ വർക്കി വാവിട്ട് നിലവിളിച്ചു . വിലാപയാത്ര ആരംഭിക്കുകയാണ്. അടുത്തുള്ള പള്ളിയിലേക്ക് വർക്കിച്ചനും മക്കളും ചേർന്ന് ഏലമ്മയെ കിടത്തിയ പെട്ടി ചുമലിലേറ്റി.
അയാൾ ചുറ്റും നോക്കി. കാറ്റ് നിലച്ചത് പോലെ! സസ്യലതാദികളും വൃക്ഷത്തലപ്പുകളുമെല്ലാം ചലനമറ്റു നിൽക്കുന്നു . മുറ്റം വിട്ടിറങ്ങിയ അയാൾ ഒന്ന് തിരിഞ്ഞു നോക്കി .വീട് നിലവിളിക്കും പോലെ! ഇരുവരും ഒരുമിച്ചുള്ള പള്ളിയിൽ പോക്ക് അവൾക്ക് വലിയ ആഗ്രഹമായിരുന്നു. സാധിച്ചു കൊടുത്തിട്ടില്ല. അവളുടെ അന്ത്യയാത്രയിലെങ്കിലും ....
ഏറെ കാലങ്ങൾക്ക് ശേഷം പള്ളിയിലേക്ക് കയറിയ വർക്കിച്ചൻ്റെ കണ്ണുകൾ അൾത്താരയിലെ ക്രൂശിത രൂപത്തിൽ തറച്ചു. അയാൾ അറിയാതെ മിഴികളടച്ചു.ഏലമ്മയ്ക്ക് വർക്കി കമ്യൂണിസ്റ്റ് ആയതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു .അതിൻ്റെ പേരിൽ ഒരിക്കൽ മാത്രമേ അവൾ ഇത്തിരി നേരം പിണങ്ങിയിരുന്നിട്ടുള്ളു. അത് കർത്താവിൻറെ പേരിലാണ് .
ഒരു വൈകുന്നേരം പുറകുവശത്തെ ചായ്പ്പിൽ ഇളം കാറ്റേറ്റിരിക്കുമ്പോളാണ് ഏലമ്മ കർത്താവിനെ പറ്റിയും പള്ളിയിൽ പോകേണ്ടതിൻ്റെ ആവശ്യത്തെപ്പറ്റിയും വീണ്ടും ഓർമിപ്പിച്ചത്.അത് സ്ഥിരം പല്ലവിയാണ് . അന്ന് പക്ഷേ, പതിവിന് വിപരീതമായി വർക്കിച്ചൻ ഇത്രയും പറഞ്ഞു പോയി .
"കർത്താവ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റ് ആയിരുന്നേനേ, അങ്ങേരെപ്പോലെ കറ തീർന്ന വിപ്ലവകാരി വേറെ ആരാ?"
" ആഹാ... കർത്താവിനെ കമ്മ്യൂണിസ്റ്റ് ആക്കാൻ മാത്രം നിങ്ങളായോ? ദൈവദോഷം വരുത്തി വയ്ക്കരുത് " എലമ്മയുടെ മുഖം നിലാവില്ലാത്ത രാത്രി പോലെ കറുത്തു.
പള്ളിയിൽ നിന്നിറങ്ങുകയാണ്. പല വലിപ്പമുള്ള കല്ലറകൾക്കിടയിലൂടെ മെല്ലെ നടക്കുമ്പോൾ വർക്കിച്ചൻ ചുറ്റും നോക്കി.
എവിടെയാണ് തെമ്മാടികുഴി ? സെമിത്തേരിയുടെ പടിഞ്ഞാറു ഭാഗത്തെ പൊന്തക്കാടുകൾ ശ്രദ്ധിച്ചു.
അതിനിടയിൽ കമ്മ്യൂണിസ്റ്റ് പള്ളകളുണ്ടാകുമോ???
തൻ്റെ സ്വപ്നമായ സമത്വ സുന്ദര ലോകം സെമിത്തേരിയിൽ പോലും കാണാനില്ലല്ലോ എന്ന് അയാൾ ചിന്തിച്ചു .കല്ലറ കണ്ടാൽ അറിയാം വർഗ്ഗവ്യത്യാസം .മക്കൾ ചേർന്ന് മരണാനന്തരം വലിയ കല്ലറക്കുള്ളിലാക്കി ഏലമ്മയെ ഒരു ബൂർഷ്വാസി ആക്കിയേക്കുമെന്ന ചിന്ത വർക്കിയുടെ മുഖത്ത് ഒരു പരിഹാസ ഭാവം പടർത്തി. മാർബിൾ കൊട്ടാരം പോലുള്ളത് മുതൽ പുല്ലു പടർന്ന മൺകൂനകൾ വരെ അസമത്വം വിളിച്ചോതി അയാളുടെ കാഴ്ചകളെ അസ്വസ്ഥമാക്കി.
ഏലമ്മ എന്നെന്നേക്കുമായി കണ്ണിൽ നിന്ന് മറയുകയാണ്. കുഴിയിലേക്ക് ഒരു പിടി മണ്ണിട്ട് തിരികെ നടക്കുമ്പോൾ അയാളിൽ കൊടിയ ശൂന്യത വന്നു നിറഞ്ഞു.
അമ്മച്ചിയെ കൂട്ടാതെ മടങ്ങി പോകുന്നതെന്താണെന്ന് മനസ്സിലാകാതെ ജോസുകുട്ടി കുഴിമാടത്തിലേക്ക് കൈ ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ ചിണുങ്ങി.
തിരികെയെത്തിയിട്ടും ഏറെ നേരം വർക്കിച്ചൻ മുറ്റത്തുതന്നെ നിന്നു. ഏലമ്മയില്ലാത്ത വീട്!മെല്ലെ കിടപ്പുമുറിയിൽ എത്തി കട്ടിലിലേക്ക് ചാഞ്ഞു. അയൽക്കാരിൽ ആരോ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കിയിരുന്നു. ഒരു വലിയ പാത്രത്തിൽ ചോറും കറികളും ചൂടുവെള്ളവുമെല്ലാം നടുവിലത്തെ മുറിയിൽ കൊണ്ടുവന്ന് വച്ചിട്ടുണ്ട്.
"ആർത്തിപ്പണ്ടാരം .... കൈ കഴുകുക പോലും ചെയ്യാതെയാ എല്ലാത്തിലും കൈയ്യിട്ടുവാരുന്നത് "ആരുടെയൊക്കെയോ ശബ്ദമുയരുന്നു . ജോസൂട്ടിയുടെ വിശപ്പിനെയാണ് ശകാരിക്കുന്നതെന്ന് വർക്കിച്ചന് മനസിലായി . ഏലമ്മയുടെ വേർപാടുണ്ടാക്കിയ ശൂന്യത പ്രകടമായിക്കഴിഞ്ഞു.
ഒരുമാത്ര പ്രിയപ്പെട്ടവളെ ഒരു നോക്ക് വീണ്ടും കാണാൻ കണ്ണുകൾ കൊതിച്ചു. അവളുടെ ഗന്ധം അപ്പോഴും വിട്ടു പോകാതെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത് അയാൾ അനുഭവിച്ചറിഞ്ഞു.
ഭക്ഷണം കഴിക്കുന്നതിൻ്റെ ബഹളങ്ങൾക്കിടയിൽ നിന്ന് ഇളയ മകൾ അയാളെ ആഹാരം കഴിക്കാൻ വിളിച്ചു.
ഇപ്പോൾ വേണ്ടത് ഒരു ഗ്ലാസ് കട്ടൻ ചായയാണ്, അയാളുടെ ശരീരം ഒന്നാകെ ഒരു കട്ടൻ ചായ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ വർക്കിക്ക് കട്ടൻ ചായയുണ്ടാക്കാൻ അടുക്കളയിൽ കയറിയതാണ്.അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വർക്കിക്ക് ഇടയ്ക്കിടയ്ക്ക് കട്ടൻ ചായ വേണം. ദിനേശ് ബീഡിയും.
" സഖാവിന് ഒരു പരിപ്പുവട കൂടി കിട്ടിയാൽ സന്തോഷമാകും..ല്ലേ.. " സ്നേഹം പൊതിഞ്ഞ ഒരു പരിഹാസം അയാൾ ഓർത്തു.
കട്ടൻചായ
പരിപ്പുവട
ദിനേശ് ബീഡി .

വര : പി ആര്‍ രാജന്‍
എന്തൊക്കൊയോ ഓർമ്മകൾ ചുമന്നുകൊണ്ടയാൾ അടുക്കളയോട് ചേർന്നുള്ള ചായ്പ്പിലേക്ക് നടന്നു .ഏലമ്മയുടെ മുഷിഞ്ഞ ചട്ടയും മുണ്ടും അയയിൽ കിടക്കുന്നു. അയാൾ അത് കയ്യിലെടുത്തു .അതിലേക്ക് നോക്കിനിൽക്കവേ കണ്ണുകൾ നിറഞ്ഞു. മൂലയോട് ചേർന്ന് ഏലമ്മയുടെ സന്തതസചാരിയായ ചൂരൽവടി ചാരി വച്ചിരിക്കുന്നു .വർക്കിച്ചൻ ചൂരൽ വടി കയ്യിലെടുത്ത് അതിൻമേൽ അമർത്തി ചുംബിച്ചു.
" ഇഴജന്തുക്കൾ ധാരാളമുള്ള പറമ്പാന്നേ ചുറ്റും... ഒരു വടി കയ്യിലുള്ളത് എന്തിനുo നല്ലതാ…ഏലമ്മ മുറ്റത്തും തൊടിയിലുമെല്ലാം നടക്കുമ്പോൾ എപ്പോഴും കൂടെ കരുതാറുള്ള ആ ചൂരൽ വടിയും എടുത്ത് വർക്കിച്ചൻ മുൻവശത്തെ വരാന്തയിലേക്ക് നടന്നു.
വടി അരികിൽ വച്ച് തറയിലിരുന്ന് ,മടിയിൽ നിന്ന് ഒരു ബീഡിയെടുത്ത് കൊളുത്തി വലിച്ചു. പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ അവ്യക്ത ചിത്രങ്ങൾ വരച്ചു.”
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴുന്നു.പതിനൊന്നിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഓരോരുത്തരായി പോകാൻ ഒരുങ്ങുന്നത് വർക്കിച്ചൻ ശ്രദ്ധിച്ചു. അയാൾ എല്ലാവരോടുമായി പറഞ്ഞു .
''അമ്മച്ചി ഉണ്ടായിരുന്നപ്പം ആരും ഒന്നും അറിഞ്ഞിട്ടില്ല. ഇനിയിപ്പോൾ ഞാനും ജോസൂട്ടിയും മാത്രം. എനിക്കും വയ്യാണ്ടായിരിക്കുന്നു. അവൻ്റെ കാര്യം എല്ലാവരും കൂടി ചേർന്ന് ഒന്ന് തീരുമാനിച്ചിട്ട് പോകണം.
" അപ്പച്ചനെ ഞങ്ങൾ കൊണ്ടുപോയി കൊള്ളാം. പക്ഷേ അവനെ എങ്ങനെയാ... നമുക്ക് ഏതെങ്കിലും അഗതി മന്ദിരത്തിൽ ആക്കിയാലോ ?മൂത്ത മകനാണത് തുടങ്ങിവച്ചത് .
"ഞങ്ങളും കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കുകയല്ലേ? അവനെപ്പോലെ ഒരുത്തനെ കൊണ്ടുപോയാൽ ഞങ്ങളുടെ കുടുംബത്തെ ബാധിക്കും" പെൺമക്കളിൽ മൂത്തവൾ .
പിന്നെ അവിടെ പറഞ്ഞതൊന്നും വർക്കി കേട്ടില്ല.
"മക്കളേ... അവനും നിങ്ങളുടെ ചോര തന്നെയാണ് .എന്നെ മാത്രമായി ആരും ഏറ്റെടുക്കേണ്ട. ഞാൻ ഉള്ള കാലം ഞങ്ങൾ എങ്ങനെയെങ്കിലും കഴിയും.അത് കഴിയുമ്പോൾ അവനെ കൊന്നു കളയാതെയും വഴിയിൽ കളയാതെയും എവിടേലും ആക്കിയേക്കണേ.." വർക്കിടെ അപേക്ഷ പിടി ഇല്ലാത്ത അരിവാൾ തല പോലെ അന്തരീക്ഷത്തിൽ തൂങ്ങി നിന്നു.
വർക്കിച്ചൻ ഏലമ്മയുടെ മരണത്തോടെ ശാരീരികവും മാനസികവുമായി തളർന്നിരുന്നു .ഏലമ്മയുടെ വടി താങ്ങായി എപ്പോഴും കൈയിൽ കാണും . മുൻപൊക്കെ രണ്ടുനേരം കവലയിലെ ചായക്കടയിൽ ചെന്നിരുന്ന്ചായയും കുടിച്ച് രാഷ്ട്രീയവും പറഞ്ഞ് തിരികെ പോരുക പതിവായിരുന്നു. അത് ഇപ്പോൾ വൈകിട്ട് മാത്രമായി ചുരുങ്ങി .സംസാരവും തീരെ കുറഞ്ഞു .
പറമ്പിലൊന്നും ഇറങ്ങിനടക്കാൻ വയ്യ. വരുമാനങ്ങൾ നിലച്ചു. വർക്കിച്ചന് ചില പുതിയ ശീലങ്ങൾ ഉണ്ടായി. കമ്മ്യൂണിസ്റ്റ് ചെടിയുടെ തൈകൾ എവിടെയെങ്കിലും കിട്ടിയാൽ പറിച്ചു കൊണ്ടുവന്ന് പറമ്പിലും മുറ്റത്തും നട്ടുവളർത്തും ഇടവഴികളിലോ പറമ്പുകളിലോ ചാണകം കണ്ടാൽ എടുത്തുകൊണ്ടുവന്ന് കലക്കി കമ്മ്യൂണിസ്റ്റ് ചെടികൾക്ക് ചുവട്ടിലൊഴിക്കും.മുറിവ് ഉണക്കാൻ ഇതിലും നല്ല മരുന്നില്ല, അയാൾ സ്വയം പറയും.മനസ്സ് പിടി വിടുമ്പോൾ പറമ്പിലും വഴിയരികിലുമെല്ലാമുള്ള കാടുകൾ അയാൾ വടികൊണ്ട് തല്ലിചതക്കും. അറിയാതെ പോലും ഒരു കമ്മ്യൂണിസ്റ്റ് തലപ്പിൽ ആ വടി കൊള്ളാറില്ല.
വടി സന്തത സഹചാരിയായതോടെ വർക്കിച്ചന് അത് സ്വന്തം ശരീരത്തിലെ ഒരു അവയവം പോലെയായി.
വർക്കിച്ചൻ മനസ്സിൻമേൽ നിയന്ത്രണം വിട്ടയാളെപ്പോലെ വടി ചുഴറ്റി നടക്കുന്ന ശീലം ആരംഭിച്ചു.ചിലപ്പോഴെല്ലാം തന്റെ കൈയിലിരിക്കുന്ന വടി ഒരു വാരി കുന്തം ആണെന്നയാൾക്ക് തോന്നും. അപ്പോഴെല്ലാം വർക്കിച്ചന്റെ പഴയ മനസ്സിൽ ഒരു പുതിയ പുന്നപ്ര വയലാർ ഇരമ്പും.
കാലി ചായ കുടിച്ച് ജോസുട്ടിക്കുള്ള ബോണ്ടയോ, പരിപ്പുവടയോ പൊതിഞ്ഞു വാങ്ങി ചായക്കടയിൽ നിന്നിറങ്ങുമ്പോൾ അയാളിലെ അഭിമാനി പറ്റു ബുക്കിനോടായി പറയും എല്ലാം കുറിച്ചു വച്ചോ, ഇന്ന് കടം…. നാളെ????"ഒരുകാലത്ത് നാടിൻ്റെ തെരുവുകളിൽ ഇടിമുഴക്കം പോലെ ഇങ്കിലാബ് മുഴക്കിയിരുന്ന ശബ്ദം അപ്പോൾ നേർത്ത് ദൈന്യം നിറഞ്ഞതാകുo.
ഘോരമായ ഒറ്റപ്പെടലിൻ്റെ മരുപ്പറമ്പിൽപ്പെട്ട് വല്ലാതെ പൊള്ളുമ്പോൾ അയാൾക്ക് പഴയ സഖാക്കളേയൊക്കെ കാണണമെന്ന് തോന്നാറുണ്ട് .മിക്കവാറും പേർ സമത്വസുന്ദര ലോകം എന്ന സ്വപ്നം ബാക്കി വച്ച് കാലത്തിൻ്റെ അതിർവരമ്പുകൾ കടന്ന് പോയി കഴിഞ്ഞിരുന്നു. സ്വർഗ്ഗവും നരകവും എല്ലാം ഭൂമിയിൽ മാത്രമെന്ന് വിശ്വസിച്ചിരുന്നവർ !സ്വർഗം പണിയാൻ വിയർപ്പൊഴുക്കിയിരുന്നവർ! ജീവിച്ചിരിക്കുന്നവരിൽ ചിലരെല്ലാം പാർട്ടിയെ തള്ളിപ്പറഞ്ഞ് മറ്റു പാർട്ടികളിൽ ചേക്കേറിയിരിക്കുന്നു. അവരെക്കുറിച്ച് ഓർക്കുമ്പോൾ അയാൾക്ക് ശരീരം ചൂടാവും .വടികുത്തി ഇടറിയ പാദങ്ങളിൽ നടക്കുമ്പോഴും വർക്കിയുടെ ചുണ്ടിൽ മുദ്രാവാക്യങ്ങൾ പുനർജനിക്കും
ഇ എം എസ് ,എകെജി, ഗൗരിയമ്മ സിന്ദാബാദ്...
വാരിക്കുന്തം കൈയ്യിലേന്തി തോക്കിന് മുന്നിലേക്ക് മാർച്ച് ചെയ്തവരുടെ ചോരമണക്കുന്ന ചുവന്ന ഓർമ്മയിൽ അയാൾ ആവേശഭരിതനാകും.
രണ്ടു പേരുടെ ആഹാര കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടായി.മക്കൾ ഇടയ്ക്കൊക്കെ വിളിക്കും, കാര്യങ്ങൾ തിരക്കും എന്നൊക്കെയാണ് കരുതിയിരുന്നത്. അങ്ങനെയുണ്ടായില്ല. ജോസുകുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമോ
എന്ന ഭയമായിരിക്കും.
ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും സഖാവും ആയിരുന്ന ജോണിന്റെ മകളുടെ കല്യാണമാണ്. സഖാവ് നേരത്തെ മരിച്ചുപോയി .പാർട്ടിക്കുവേണ്ടി രാപ്പകൽ പണിയെടുത്തയാൾ .ജീവിതത്തിൽ ഒന്നും നേടാത്ത, മരിക്കും വരെ പ്രത്യയശാസ്ത്രം കൈവിടാത്ത സഖാവ് . അമ്മയും മകളും കൂടിയാണ് കല്യാണം വിളിക്കാൻ വന്നത്. അവൻ്റെ കൊച്ചിൻ്റെ കല്യാണത്തിന് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ ? വർക്കി ധർമ്മസങ്കടത്തിലായി.
കല്യാണത്തലേന്ന്,തിളയ്ക്കുന്ന മീന ചൂടിനെ വകഞ്ഞു മാറ്റി വെളുത്ത മുണ്ടും ഷർട്ടും ധരിച്ച് വർക്കി കല്യാണ വീട്ടിലേക്ക് വടിയും കുത്തിആവുന്നത്ര വേഗത്തിൽ നടന്നു. നിശ്ചയദാർഢ്യത്തോടെയുള്ള നടപ്പ് നാട്ടുകാർക്ക് ഒരു പുതിയ കാഴ്ചയായിരുന്നു. വീട്ടിലെത്തിയശേഷം ആരെയും കൂസാതെ വീടിനകത്തേക്ക് കയറി.
മോളെ..... വർക്കിയെ കിതയ്ക്കുന്നുണ്ടായിരുന്നു. വർക്കി അവളെ ചേർത്ത് നിർത്തി മുടിയിൽ തലോടി. അയാൾ കയ്യിലിരുന്ന ഒരു പഴയ പൗഡർ ടിന്ന് അവളുടെ കൈകളിൽ പിടിപ്പിച്ചു. അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. കൈകളുടെ ചലനത്തിനനുസരിച്ച് ടിന്നിൽ നിന്നും കിലുക്കം കേൾക്കാം .അതിനുള്ളിൽ ഏലാമ്മയുടെ സമ്പാദ്യമായ നാണയത്തുട്ടുകളായിരുന്നു. ജോണും താനുമൊരുമിച്ച് താണ്ടിയ ദൂരങ്ങൾ അയാൾക്കോർമ്മവന്നു. മധ്യാഹ്നത്തിൻ്റെ ചൂടിൽ വിയർത്തു നനഞ്ഞ് വീടിനോടടുത്തപ്പോൾ വീട്ടുമുറ്റത്ത് അപരിചിതരായ ചിലർ!
വീടിനെടുത്ത വായ്പയുടെ അടവ് മുടങ്ങിയിട്ട് ഏറെക്കാലമായി .പല നോട്ടീസുകൾ വന്നിട്ടും കാശില്ലാത്തതിനാൽ വർക്കി കാര്യമാക്കിയില്ല. ജപ്തിക്ക് വന്ന ബാങ്ക് ഉദ്യോഗസ്ഥന്മാരാണ്. പണമടച്ചില്ലെങ്കിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തി. അവർക്ക് നേരെ അന്നാദ്യമായി വർക്കിച്ചൻ വടി ചുഴറ്റി . അവർ ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രമാണ് തല്ലു കിട്ടാതിരുന്നത്.
" ഇപ്പം താൻ തല്ലിക്കോ.. വൈകാതെ ഒരു ദിവസം പോലീസിനെയും കൂട്ടി വരാം ... വാടോ... വല്ല മണ്ണെണ്ണേമൊഴിച്ച് തീവച്ചാ പിന്നെ അതിനും സമാധാനം നമ്മൾ പറയണം..." മാനേജർ വേഗം മുന്നിൽ നടന്നു .
അവർ നടന്നു നീങ്ങുന്നതു നോക്കി വർക്കി നിശബ്ദനായി നിന്നു . എന്ത് ചെയ്‌യുo…. ഒരെത്തും പിടി കിട്ടുന്നില്ലല്ലോ???? അയാൾക്ക് ഒരു കാലി ചായ കുടിക്കാൻ തോന്നി. വർക്കിച്ചൻ ചായക്കടയിൽ എത്തി ഒരു ചായ മാത്രം കുടിച്ച് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു .ചായക്കടക്കാരൻ പുറകിൽ നിന്ന് വിളിച്ചു ജോസുകുട്ടിക്കുള്ള പലഹാരം പൊതിഞ്ഞു കയ്യിൽ കൊണ്ട് ചെന്നു കൊടുത്തു .യാതൊരു ഭാവഭേദവുമില്ലാതെ വർക്കി അയാളെ കുറച്ചുനേരം നോക്കി നിന്നു. തിരിച്ചയാൾ കടയിൽ കയറും വരെ ആ നോട്ടം നീണ്ടു നിന്നു.
ജോസൂട്ടി വീട്ടിൽ വർക്കിച്ചൻ വരുന്നതും കാത്തിരിപ്പുണ്ടായിരുന്നു. പലഹാര പൊതി ഏൽപ്പിച്ച് വീട്ടിലേക്ക് കയറിയ വർക്കിച്ചൻ മക്കളെയെല്ലാം മാറിമാറി പഴയ ലാൻഡ് ഫോണിൽ വിളിച്ചു ."കിടപ്പാടം കൂടി ഇല്ലാതായാൽ ഞാൻ അവനെയും കൊണ്ട് എവിടെ പോകും?"
" അപ്പച്ചാ ഇച്ചായന്റെ കച്ചവടം ഒക്കെ ഇപ്പോൾ പൊളിവാണ് "
''റാണി മോൾക്ക് കല്യാണാലോചനകൾ വരുന്ന കാര്യം അപ്പച്ചന് അറിയാല്ലോ"
" ആ സ്ഥലം വിറ്റ് കിട്ടുന്നതുകൊണ്ട് ബാങ്കിൽ അടക്ക് ' എന്നിട്ട് അവനെ എവിടെയെങ്കിലും കൊണ്ടാക്ക് ."
" അപ്പച്ചന്റെ പാർട്ടിക്കാർ നോക്കിയാൽ ജപ്തി ഒഴിവാക്കിക്കിട്ടില്ലേ?"
മക്കൾ പറഞ്ഞ മറുപടികൾ അയാളുടെ തലച്ചോറിനുള്ളിലൂടെ മൂളിപ്പറന്നു. അസഹനീയമായ അസ്വസ്ഥതയോടെ അയാൾ പുറത്തേക്കിറങ്ങി. പകൽ മെല്ലെ ഇരുളിനെ പെറ്റു തുടങ്ങുന്നു.മഴ ചാറുന്നുണ്ട് .അവിടെ കണ്ട കാഴ്ചയാളെ ഒരു ഭ്രാന്തനാക്കി മാറ്റി. തൻ്റെ പ്രിയപ്പെട്ട വടിയെടുത്ത് മുറ്റത്തും തൊടിയിലുമുള്ള കമ്മ്യൂണിസ്റ്റ് ചെടികൾ ജോസുകുട്ടി അടിച്ചുതകർത്തിരിക്കുന്നു. വർക്കിച്ചൻ ഓടിച്ചെന്ന് അവൻ്റെ കയ്യിൽ നിന്നും വടി ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി .അപ്പച്ചൻ തന്നെ തല്ലുമെന്ന ഭയത്താൽ അവൻ കുറച്ചു ദൂരത്തേക്ക് ഓടി മാറിനിന്നു. അവൻ ഉറക്കെ ചിരിച്ചു .
വർക്കിച്ചൻ പൊട്ടിക്കരഞ്ഞു .കറുത്ത മാനം മണ്ണിലേക്ക് പെയ്തിറങ്ങി .അപ്പച്ചൻ്റെ കരച്ചിൽ കണ്ട് ജോസൂട്ടി പൊട്ടിച്ചിരിച്ചു. അതു കണ്ട് അയാളും ചിരിക്കാൻ തുടങ്ങി. ജോസുകുട്ടി ഒരു പ്രത്യേക താളത്തിൽ കൈകൊട്ടി ചുവടുകൾ വച്ചു .വർക്കിയുടെ കാലുകളും മഴവെള്ളത്തിൽ മെല്ലെ ചുവടു വെച്ച് തുടങ്ങി.വടി കൊണ്ട് അയാൾ സ്വന്തം തലയിൽ താളമടിച്ചു. അതുകണ്ട് അവൻ്റെ ഉത്സാഹം കൂടി .അവൻ ആഞ്ഞാഞ്ഞ് കൈകൊട്ടി. വർക്കിച്ചന്റെ ചൂവടുകൾക്ക് അതനുസരിച്ച് വേഗം കൂടി. ഒരു പഞ്ചാരിമേളം കൊട്ടിക്കയറുന്ന താളം അയാളുടെ കാതുകളിൽ ഇരമ്പി .അയാൾ തന്റെ ശരീരമാസകലം വടികൊണ്ട് മേളം മുറുക്കി. ഇടിമിന്നലിൻ്റെ വെളിച്ചത്തിൽ ചോരയിൽ കുളിച്ച് വാരിക്കുന്തമേന്തി നിൽക്കുന്ന അയാളുടെ കാഴ്ച ,ചരിത്ര പുസ്തകത്തിൽ നിന്നിറങ്ങി വന്ന പേരില്ലാത്ത ഒരാളുടേത് പോലെ തോന്നിച്ചു .
ജോസൂട്ടിയെ ഇത്ര സന്തോഷവാനായി ഇതിനു മുൻപ് അയാൾ കണ്ടിട്ടില്ല.
പുരുഷാരത്തെ ആവേശത്തേരിലേറ്റി പഞ്ചാരിമേളം ഉച്ചസ്ഥായിയിലായി .പിന്നെ മെല്ലെ താഴ്ന്നു നിലച്ചു. വർക്കിച്ചൻ മണ്ണിനെ ചുംബിച്ച് കമിഴ്ന്നു കിടന്നു. ശക്തമായ കാറ്റിൽ കമ്മ്യൂണിസ്റ്റു പച്ചകൾ അപ്പോഴും അവിടേക്ക് പതിക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ചെടികളുടെ പച്ച നിറവും രക്തത്തിൻറെ ചുവപ്പുനിറവും മഴവെള്ളവുമായി ചേർന്ന് മണ്ണിൽ ലയിച്ചു.ഒരു ഒറ്റ ചെണ്ടമേളം അപ്പോഴും തുടരുന്നുണ്ടായിരുന്നു.