Image

'ഈശ്വരാ, വഴക്കിട്ടുവോ? (ആർ . ഗോപാലകൃഷ്ണൻ)

Published on 07 June, 2026
'ഈശ്വരാ, വഴക്കിട്ടുവോ? (ആർ . ഗോപാലകൃഷ്ണൻ)

സലീം കുമാർ തൻ്റെ 56-ാം ജന്മദിനം ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് ആഘോഷിച്ചതേ ഉള്ളു; ഈ പ്രായത്തിൽ ഈ കലാകാരൻ്റെ ജീവൻ തട്ടിയെടുത്തത് എന്തിനായിരുന്നു! തൻ്റെ സ്മരണകൾക്ക് അദ്ദേഹം നല്കിയ ശീർഷകം  'ഈശ്വരാ വഴക്കില്ലല്ലോ' എന്നണാല്ലോ: അതേ, ഈശ്വരൻ പരിഭവത്തിലാണോ?

നമ്മുടെ പ്രിയനടൻ, സലിം കുമാർ ഇന്നലെ രാത്രി വിട പറഞ്ഞു; ഏതാനും വർഷം മുമ്പ് കരളൾ മാറ്റൽ ശസ്ത്രക്രിയ നടത്തി ആരോഗ്യത്തിലേക്കും അഭിനയത്തിലേക്കും മടങ്ങിവന്നതായിരുന്നു; ഇത്തവണ വൃക്കയാണ് പണിമുടക്കിയത്! ഇന്നലെ രാത്രി പത്തരയോടെ എറണാകുളം അമൃതാ ആശുപത്രിയാലെ ഐസിയു വച്ച് ഡയലിസിസ് നടക്കുന്നതിനിടയിൽ ഉണ്ടായ ഹൃദയാഘാതം ആ ജീവനെടുത്തു.

മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ നേടിയ മികച്ച അഭിനേതാവ്, മികച്ച ഹാസ്യ നടൻ, മിമീക്രി കലാകാരൻ എന്നെല്ലാം പറയുന്നതിനോടൊപ്പം 'ട്രോളുകളുടെ രാജാവ്' എന്ന പദവിയും കൂടി സോഷ്യൽ മീഡിയ സലീം കുമാറിനു ചാർത്തിക്കൊടുത്തിട്ടുണ്ട്...

വാട്ട്‌സ്ആപ്പില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉണ്ടാക്കിയ ട്രോളുകളാണെ ന്നാണ് സലിം കുമാര്‍ തന്നെ പറഞ്ഞിരുന്നത്.

ട്രോളുകൾക്ക് ആസ്പദമായ 'പഞ്ചു ഡയലോഗുകൾ' ധാരാളമായി പറയുന്നുണ്ട് എന്ന് മാത്രമല്ല; അവ ശരിക്കും 'പഞ്ചും വിധം' അവതരിപ്പിക്കാൻ സലീം കുമാറിനറിയാം!

"എനിയ്ക്ക് വിശപ്പിന്‍റെ അസുഖം ഉണ്ടേ!"/ "സ്വന്തം പണം കണ്ടു സ്വന്തം കണ്ണു തള്ളിയ അൽ കമലാസനാണ് ഞാൻ!"/ "അയാം ദി സോറി അളിയാ, അയാം ദി സോറി..."/ "ഈശ്വരാ ഇവിടെ ആരും ഇല്ലാലോ, ഇതൊന്നു പറഞ്ഞു ചിരിക്കാന്‍…"/ "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!"/ "ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..." / "ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ!"/ " കാണാനത്ര ലുക്കില്ലന്നേ ഉള്ളു; തലനിറച്ചും ബുദ്ധിയാ!"/ "നന്ദി മാത്രമേ ഉള്ളു അല്ലെ?" ഇങ്ങനെ എത്രയെത്ര പഞ്ച് ഡയലോഗുകൾ സലിം കുമാർ അവതരിപ്പിച്ചിരിക്കുന്നു! 
അദ്ദേഹത്തിൻ്റെ 'ഓർമ്മപ്പുസ്തക'ത്തിൻ്റെ ശീർഷകം തന്നെ, 'ഈശ്വരാ വഴക്കില്ലല്ലോ', ഒരു സുന്ദരൻ ട്രോൾ വാക്യമാണല്ലോ!

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ചിറ്റാറ്റുകരയിൽ 1969 ഒക്ടോബർ 10-ന് സലിം കുമാർ ജനിച്ചു. കൗസല്യയും ഗംഗാധരനുമാണ് മാതാപിതാക്കൾ. ചിറ്റാറ്റുകര ഗവണ്മെന്റ് എൽ പി സ്കൂൾ, ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. സലിംകുമാർ പ്രീഡിഗ്രി പഠിച്ചത് ശ്രീ നാരായണമംഗലം കോളേജിലായിരുന്നു. തുടർന്ന് എറണാകുളം മഹാരാജാസിലും.

കുട്ടിയായിരിയ്ക്കു മ്പോൾ ഒരു ഗായകനാകാനായിരുന്നു സലിമിന് ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം എത്തിപ്പെട്ടത് മിമിക്രി കലാ രംഗത്തായിരുന്നു....

"മഹാരാജാസിൽ സലിം കുമാർ മൂന്നുവർഷ ബി.എയ്ക്ക് അഞ്ചു വർഷം പഠിച്ചു. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ സ്ഥിരം മിമിക്രി വിന്നർ. മിമിക്രിയിൽ മാത്രമല്ല, മൈമിങ്ങിലും മോണോ ആക്ടിലുമൊക്കെ സലിംകുമാർ സമ്മാനവും ധാരാളം പോയിന്റും വാരിക്കൊണ്ടു വരും. അയൽവക്കത്തെ സുന്ദരികളും 'അഹങ്കാരി പെൺപിള്ളേരുടെ' കോളേജായ സെയിൻ്റ് തേരേസാസിനെ തറപറ്റിക്കുവാൻ സലിം അനിവാര്യ ഘടകമായിരുന്നു. അങ്ങനെ 'സലിമേട്ടന്റെ' മികവിൽ മഹാരാജാസ് തുടർച്ചയായി കലാകിരീടം നേടി. സലിംകുമാറില്ലെങ്കിൽ മഹാരാജാസില്ലെന്നായി. പക്ഷേ, അദ്ദേഹം ഒരു മഹാകൃത്യം ചെയ്തു: മൂന്നുവർഷം കഴിഞ്ഞപ്പോഴും നാലുവർഷം കഴിഞ്ഞപ്പോഴും ഫൈനൽ പരീക്ഷ എഴുതി കോഴ്സ് മുഴുമിപ്പിച്ചില്ല. ആ കാരണത്താൽ 'സലിമേട്ടന്' വീണ്ടും ബിഎ കോഴ്സിനു ചേർന്നു പഠിക്കാനായി. (സർവകലാശാലയിൽ അങ്ങനെ ഒരു  നിയമമുണ്ടത്രെ: ഫൈനൽ 'പരൂക്ഷ' എഴുതാതിരുന്നാൽ മതി. നമ്മളാരും  അറിഞ്ഞില്ല ആ രഹസ്യം) മലയാള വിഭാഗത്തിലെ അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന സി.ആർ. ഓമനക്കുട്ടൻ മാഷിനൊപ്പം മഹാരാജാസിലെ അന്നത്തെ പ്രിൻസിപ്പലായിരുന്ന ഭരതൻ മാഷുടെ കൈയും ഈ സദ്-കൃത്യത്തിനു പിന്നിൽ ഉണ്ടായിരുന്നു. മലയാളമായിരുന്നു സലിമിൻ്റെ ബി.എ.-യുടെ മെയിൻ...." T B ലാൽ ('മനോരമ') എഴുതിയിട്ടുണ്ട്.

മൂന്നു വർഷം (2023) മുമ്പ് എറണാകുളത്തു നടന്ന സി.ആർ. ഓമനക്കുട്ടന്റെ പുസ്തക പ്രകാശന ചടങ്ങിൽ മമ്മൂട്ടിയോടൊപ്പം സലിം കുമാറും പങ്കെടുത്തിരുന്നു: തന്റെ പ്രീയപ്പെട്ട മാഷായ  പ്രകാശന കർമ്മ യായിരുന്നു അത്. മൂന്നാഴ്ച കഴിഞ്ഞ് മാഷ് മൃതിയടയുകയും ചെയ്തു.

പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. താമസിയാതെ കലാഭവനിലെ പ്രധാന മിമിക്രിതാരമായി സലിംകുമാർ മാറി.

സലിംകുമാർ നാല് വർഷത്തോളം 'ഏഷ്യാനെറ്റി'ൽ 'കോമിക്കോള' എന്ന കോമഡി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. പ്രൊഫഷണൽ നാടക ട്രൂപ്പായ 'ആരതി തിയ്യേറ്റേഴ്സിലും സലിംകുമാർ നാലു വർഷത്തോളം നാടക അഭിനയം നടത്തിയിരുന്നു.

'ഇഷ്ടമാണു നൂറുവട്ടം' (റിലീസ് തീയതി: 1996-ൽ ഏപ്രിൽ 20)  എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. വിവാഹ ദിനത്തിലാണ് ആദ്യ സിനിമയിൽ അഭിനയിക്കാൻ പോയത് എന്ന് സലീംകുമാറുതന്നെ പറഞ്ഞട്ടുണ്ട്.  

ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. 'തെങ്കാശിപ്പട്ടണം', 'ഈ പറക്കും തളിക', 'സി ഐ ഡി മൂസ', 'കല്യാണരാമൻ', 'പുലിവാൽ കല്യാണം', 'മീശ മാധവൻ' എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. 2004-ൽ 'പെരുമഴക്കാലം' എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 'പത്തേമാരി', 'കുഞ്ഞനന്ദൻ്റെ കട' എന്നിവയിലെ ഇദ്ദേഹത്തിൻ്റെ അഭിനയവും വളരെ മികച്ചതാണ്!

2005-ൽ 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സലിം കുമാർ അതുവരെ ചെയ്തിരുന്ന സ്ഥിരം തമാശ വേഷത്തിൽനിന്നും വ്യത്യസ്ഥമായ സീരിയസ്സ് വേഷമായിരുന്നു 'അച്ഛനുറങ്ങാത്ത വീട്ടിൽ' അദ്ദേഹം ചെയ്തത്. ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അദ്ദേഹം സ്വന്തമാക്കി.

മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ 2010-ൽ സലിംകുമാർ സ്വന്തമാക്കി. സലിംകുമാർ എന്ന നടൻ്റെ സ്വന്തം ജീവിതത്തിൽ മാത്രമല്ല, 'ഹാസ്യ നടൻ' എന്ന നിലയിൽ അറിയപ്പെടുന്ന ജഗതി ശ്രീകുമാറിനേപ്പോലുള്ള അനേകം മികച്ച നടന്മാരുടെ ഒരു അവകാശ പ്രഖ്യാപനം കൂടിയായിരുന്നു അത്.

'Coffee @ MG Road' - എന്ന ഹിപ്പ് ഹോപ്പ് ആൽബത്തിലെ "പലവട്ടം കാത്തു നിന്നു ഞാൻ...." എന്ന ഗാനത്തിൽ സലിം കുമാർ അഭിനയിയ്ക്കുകയും ആ ആൽബം വലിയ വിജയമാവുകയും ചെയ്തു.

അഭിനയം കൂടാതെ സംവിധായകനായും സലിം കുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ 'കംപാർട്ട്മെൻ്റ്' എന്ന സിനിമയാണ് സലിം കുമാർ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് 'ദൈവമേ കൈതൊഴാം കെ കുമാറാകണം'. 'കറുത്ത ജൂതൻ' എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. താൻ സംവിധാനം ചെയ്ത രണ്ട് സിനിമകളടക്കം മൂന്ന് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സലിം കുമാർ.

മലയാളം കൂടാതെ ചില തമിഴ് സിനിമകളിലും സലിംകുമാർ അഭിനയിച്ചിട്ടുണ്ട്.  സലിംകുമാർ അദ്ദേഹത്തിന്റെ ഓർമ്മകൾ 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പേരിൽ പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്.

സലിം കുമാറിന് സ്വന്തമായി രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നു; പക്ഷേ, അതു മറ്റു നിലപാടുള്ളവരുമായി അകന്നു നില്ക്കാനോ വഴക്കടിക്കാനോ അദ്ദേഹത്തിനൊരു കാരണമായിരുന്നില്ല; തികഞ്ഞ ജനാധിപത്യ ബോദ്ധ്യമുള്ള വ്യക്തിയായിരുന്നു സലിം കുമാർ.

സലിംകുമാറിന്റെ ഭാര്യ സുനിത. രണ്ട് ആൺ മക്കളാണ് അവർക്കുള്ളത്: ചന്തു, ആരോമൽ. എറണാംകുളം ജില്ലയിലെ വടക്കൻ പറവൂരിൽ 'ലാഫിംഗ് വില്ല' എന്ന പേരിട്ട വീട്ടിലാണ് സലിംകുമാറും കുടുംബവും താമസിച്ചു വന്നിരുന്നത്.

ആദര പ്രണാമം ..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക